സുഗതകുമാരി: കവിതയും സമരവും

Reading Time: < 1 minutes

ഞാന്‍ ഇനിയും വരും വേദനിക്കാനും പാട്ടുപാടാനും എന്നു പാടിയ മലയാളത്തിന്റെ പ്രിയ കവയത്രി സുഗത കുമാരി ടീച്ചര്‍ വിട പറഞ്ഞു. പ്രഥമ കൃതിയായ മുത്തുച്ചിപ്പി കൊണ്ടുതന്നെ സഹൃദയ ഹൃദയങ്ങളില്‍ ഇടം നേടാന്‍ അവര്‍ക്കു കഴിഞ്ഞു. കാല്പനികതയും മോഹങ്ങളും വിഷാദങ്ങളും സരളമായി പകരുന്നതാണ് അവരുടെ കവിതകള്‍. കവിത ചൊല്ലി സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്ത വാനമ്പാടി മാത്രമായിരുന്നില്ല അവര്‍, സൈലന്റ് വാലി പ്രക്ഷോഭം, അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുള്ള പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് ഉറച്ചു നിന്ന കവയത്രി കൂടിയാണ്.
‘മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്ന് ഒടിയാ ചിറകു ചെറുതായിളക്കി മനുഷ്യരുടെ ആര്‍ത്തിക്കു മുന്‍പില്‍ നിലം ചായുന്ന മരങ്ങള്‍ക്കും മാമലകള്‍ക്കും പ്രകൃതിക്കും കൂട്ടിരുന്നു അവര്‍. ഒടിഞ്ഞ ചിറകുമായി താരുകളെയും താരങ്ങളെയും പാടി ഉണര്‍ത്തി ആ നോവുഹൃദയം. പുതിയ കാലത്തെ നോക്കി ഇനി എന്റെ ഹൃദയത്തില്‍ കവിതയില്ല എന്ന് പാടുമ്പോഴും ആധുനികതയുടെ അഭിശപ്തതയോടു പോരാടാനുറച്ചൊരു പോരാളിയെ ആ കവി ഹൃദയത്തില്‍ തെളിഞ്ഞു കാണാം. കേടുവന്ന അവയവങ്ങളെ മുറിച്ചു മാറ്റാം എന്ന് ആശുപത്രിക്കിടക്കയിലിരുന്ന് കേള്‍ക്കുമ്പോഴും കേടുവന്ന മനസിനെ എന്തുചെയ്യും എന്നോര്‍ത്ത് രാത്രിമഴയായ് പെയ്തു മനസിനെയും മണ്ണിനെയും കഴുകി വെടിപ്പാക്കുന്നൊരു ആത്മഭാവത്തെയും കവിയില്‍ ദര്‍ശിക്കാം. ‘പതിവുപോല്‍ കൊത്തി പിരിഞ്ഞുപോയ് മെയ്ച്ചൂടില്‍ അടവച്ചുണര്‍ത്തിയ കൊച്ചുമക്കള്‍’ എന്ന് പാടുമ്പോള്‍ മക്കള്‍ക്കു വേണ്ടി എല്ലാം ത്യജിച്ച ഒരമ്മയുടെ നോവിനോടൊപ്പം പ്രകൃതി നിയമങ്ങളോടു പൊരുത്തപ്പെടാനുള്ള ഒരു ജ്ഞാനിയുടെ ആത്മധൈര്യവും കൈവരിക്കുന്നു കവിതകള്‍.
ഒരു നിത്യ സത്യാന്വേഷിയുടെ ഭീതികളും ആശങ്കകളും വ്യാമോഹങ്ങളും വിസ്മൃതിയും വിരഹവുമെല്ലാം അവരുടെ കവിതകളില്‍ മുറ്റിനില്‍ക്കുന്നു.
മുത്തുച്ചിപ്പി, സ്വപ്‌നഭൂമി, പാവം മാനവ ഹൃദയം, ഇരുള്‍ച്ചിറകുകള്‍, പാതിരാപ്പൂക്കള്‍, പ്രണാമം, അമ്പലമണി, രാധയെവിടെ, തുലാവര്‍ഷപ്പച്ച, കുറിഞ്ഞിപ്പൂക്കള്‍, രാത്രിമഴ, വാഴത്തേന്‍, അയലത്തു പറയുന്ന കഥകള്‍, കുട്ടികളുടെ പഞ്ചതന്ത്രം, സോനയുടെ ധീരകൃത്യങ്ങള്‍, കാവുതീണ്ടല്ലേ എന്നിവയാണ് പ്രധാന കൃതികള്‍.
പത്രാധിപ, പ്രിന്‍സിപ്പല്‍, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള-കേന്ദ്ര സാഹിത്യ അവാര്‍ഡുകള്‍, സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ് എന്നീ ബഹുമതികള്‍ അവരെ തേടിയെത്തി. ആകുലതകളെയും സ്വപ്‌നങ്ങളെയും ഉള്‍വഹിക്കുന്ന കവയത്രിയായി, അമ്മയായി കാണാനാണ് അനുവാചക ലോകം ഇഷ്ടപ്പെട്ടത്.

Share this article

About മുസ്തഫ മുക്കൂട്

musthafaapmkd@yahoo.com

View all posts by മുസ്തഫ മുക്കൂട് →

Leave a Reply

Your email address will not be published. Required fields are marked *