യു.എ. ഖാദര്‍: മലയാള സാഹിത്യത്തിലെ വിശുദ്ധന്‍

Reading Time: 2 minutes

2017 അവസാനത്തിലാണ് വിടപറഞ്ഞ യു.എ. ഖാദറുമായി വിശദമായി സംസാരിക്കാന്‍ അവസരം ലഭിച്ചത്. ഓരോ സംഭാഷണത്തിലും അദ്ദേഹം കാത്തുസൂക്ഷിച്ച ലാളിത്യം അദ്ഭുതകരമായിരുന്നു. ഔപചാരികത അദ്ദേഹം ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതേസമയം, ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച കുലീനതയും സൂക്ഷ്മതയും അദ്ദേഹത്തെ സമീപിക്കുന്ന ഏതൊരാള്‍ക്കും അനുഭവവേദ്യമായിരുന്നു. ജീവിതത്തിലെ ആ ഗ്രാമവിശുദ്ധി തന്റെ എഴുത്തിലും കൃത്യമായി അടയാളപ്പെടുത്തിയാണ് അദ്ദേഹം വിടപറഞ്ഞത്. അടുക്കുംതോറും ആഴം കൂടിവരുന്ന പ്രതിഭയായിരുന്നു യു.എ. ഖാദര്‍. അദ്ദേഹവുമായി ചെലവഴിച്ച വൈകുന്നേരങ്ങള്‍ ജീവിതത്തിലെ ഏറ്റവും മൂല്യമുള്ള നിമിഷങ്ങളായിരുന്നുവെന്ന് തിരിച്ചറിയുന്നത് വിടപറഞ്ഞ ശേഷം അദ്ദേഹം ബാക്കിവെച്ച ശൂന്യതയുടെ ആഴം അറിഞ്ഞപ്പോഴാണ്.
എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം പ്രശസ്തി ആഗ്രഹിച്ചില്ലെന്ന് മാത്രമല്ല, ഏറ്റവും ലളിതമായി ജീവിതത്തെ കാണാന്‍ ശ്രദ്ധപുലര്‍ത്തുകയും ചെയ്തു. മലയാള സാഹിത്യത്തിലെ വിശുദ്ധനാണ് യു.എ. ഖാദര്‍. പാരമ്പര്യത്തെയും പൈതൃകത്തെയും ഉള്‍ക്കൊള്ളുകയും അവ എഴുത്തിന്റെ മൂലധനമായി കാണുകയും ചെയ്തു അദ്ദേഹം. മൂല്യങ്ങളെയും ധാര്‍മികബോധത്തെയും ഉള്‍വഹിച്ച ആ എഴുത്തുകള്‍ മലയാള സാഹിത്യത്തിലെ വ്യതിരിക്തമായ ഏടുകളായി നിലനിന്നു. ഗ്രാമങ്ങളെ അതിമനോഹരമായി അവതരിപ്പിക്കുകയും മനുഷ്യജീവിതത്തെ ആഴത്തില്‍ തിരിച്ചറിയുകയും ചെയ്ത ആ സര്‍ഗാത്മകത ലോകത്തുടനീളമുള്ള മലയാളികളെ തലോടിയാണ് കടന്നുപോയത്. ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാള സാഹിത്യത്തില്‍ നിറഞ്ഞുനിന്ന ഖാദറിനെ തേടി, കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ അടക്കം നിരവധി അവാര്‍ഡുകളെത്തി. അപ്പോഴും താന്‍ ജീവിതത്തില്‍ പുലര്‍ത്തിവന്ന ലാളിത്യം കൈവിടാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല.
കേരളീയനായ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച യു.എ. ഖാദര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തി. പുരോഗമനകലാ സാഹിത്യസംഘം മുന്‍ സംസ്ഥാന പ്രസിഡന്റും കേരളസാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു. കൊയിലാണ്ടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളജ് ഓഫ് ആര്‍ട്‌സില്‍ ചിത്ര കലാപഠനം നടത്തി. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്ത ഖാദര്‍ 1990ലാണ് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവായ ഖാദറിന്റെ ‘തൃക്കോട്ടൂര്‍ പെരുമ’ മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. അഘോരശിവം, ഒരുപിടി വറ്റ്, ചങ്ങല, അടിയാധാരം, തൃക്കോട്ടൂര്‍ പെരുമ, കളിമുറ്റം, കഥപോലെ ജീവിതം, കൃഷ്ണമണിയിലെ തീനാളം, ഖാദറിന്റെ പത്തു ലഘു നോവലുകള്‍, ഖാദറിന്റെ പെണ്ണുങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
സ്‌നേഹമായിരുന്നു എല്ലാവരോടും. അതുകൊണ്ടുതന്നെ വിവാദങ്ങള്‍ക്കും കക്ഷിതാത്പര്യങ്ങള്‍ക്കും യു.എ. ഖാദര്‍ എന്ന പച്ചമനുഷ്യന്‍ പോയില്ല. കേരളത്തിലെ പാരമ്പര്യ മുസ്‌ലിം വിഭാഗങ്ങളെ വലിയ താല്‍പര്യത്തോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. തന്റെ സ്വകാര്യജീവിതത്തില്‍ തന്നെ പാരമ്പര്യവിശ്വാസങ്ങളോടും ആചാരങ്ങളോടും വലിയ മമതകാണിച്ചു അദ്ദേഹം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മം കൊണ്ടനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസം വന്നാല്‍, യു.എ. ഖാദര്‍ പതിവായി മൗലിദ് ചൊല്ലാറുണ്ടായിരുന്നു. അദ്ദേഹത്തിന് മാലകളും റാതീബുകളും നന്നായി വശമുണ്ടായിരുന്നു. കുട്ടിക്കാലത്ത് പഠിച്ചുപോന്ന അത്തരം മൂല്യങ്ങള്‍ കൈയൊഴിയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ജീവിതവിശുദ്ധിയുടെയും മൂല്യാധിഷ്ഠിത ബോധത്തിന്റെയും ഭാഗമായാണ് അദ്ദേഹം അത്തരം വ്യവഹാരങ്ങളെ നോക്കിക്കണ്ടിരുന്നത്. പരസ്പരം കലഹിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് അദ്ദേഹം ധാരാളം സംസാരിക്കുമായിരുന്നു. വിവിധ മുസ്‌ലിം വിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങളെ വലിയ ആശങ്കയോടെത്തന്നെ അദ്ദേഹം വിലയിരുത്തി. മനുഷ്യര്‍ പരസ്പരം മനസിലാക്കാനും സ്‌നേഹത്തോടെ കഴിയാനുമാണ് മതസങ്കല്‍പങ്ങളെന്നും അത്തരം മനോഹരമായ ഒരു സാഹചര്യമാണ് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ടാകേണ്ടതെന്നും ശുഭാപ്തിവിശ്വാസത്തോടെ അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോടും വിദ്വേഷമില്ലാതെ ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജീവിതത്തിന് എന്തര്‍ഥമാണുള്ളതെന്നും യു.എ. ഖാദര്‍ എന്ന നല്ല മനുഷ്യന്‍ ഇടക്കിടെ പറയാറുണ്ടായിരുന്നു. അദ്ദേഹം കാത്തുസൂക്ഷിച്ച ഈ സമാധാന സന്ദേശത്തിന്റെ ഫലമാണ് വിയോഗാനന്തരം നാനാമേഖലകളില്‍ നിന്നും അദ്ദേഹത്തെ ഓര്‍ക്കുന്ന നൂറുകണക്കിനാളുകള്‍ ഉണ്ടായത്. നോമ്പും പെരുന്നാളും അദ്ദേഹം ശരിക്കും ആസ്വദിക്കാറുണ്ടായിരുന്നു. വിശേഷ ദിവസങ്ങളില്‍ ‘ശീരീന്‍’ ഉണ്ടാക്കാനും അദ്ദേഹം മറന്നില്ല.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (രണ്ടു തവണ), അബുദാബി ശക്തി അവാര്‍ഡ്, എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സി എച്ച് മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചു. ദേശങ്ങളുടെ കഥയെഴുത്തുകാരനായിരുന്നു അദ്ദേഹം. ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് സാമൂഹിക യാഥാര്‍ഥ്യങ്ങളെയും വ്യക്തിഗതമായ അനുഭൂതികളെയും ഭാവനാത്മകമായി സമന്വയിപ്പിച്ച് എഴുതുന്ന അദ്ദേഹത്തിന്റെ ശൈലി മലയാള സാഹിത്യത്തില്‍ വേറിട്ടു നിന്നു. മലയാളത്തിലെ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയുടെ രീതികളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന യു.എ. ഖാദറിന്റെ രചനകള്‍ വ്യാപകമായ അംഗീകാരം നേടി.
പ്രവാസികളെക്കുറിച്ച് വലിയ ദയാവായ്‌പോടെയാണ് യു.എ. ഖാദര്‍ എപ്പോഴും സംസാരിക്കാറുണ്ടായിരുന്നത്. പ്രവാസം മലയാളികള്‍ക്ക് സമ്മാനിച്ച നല്ലനല്ല മാറ്റങ്ങളെക്കുറിച്ചും ജീവിതത്തെ കൂടുതല്‍ കരുതലോടെ സമീപിക്കാനുള്ള പ്രവാസികളുടെ ജാഗ്രതയെക്കുറിച്ചും അദ്ദേഹം സരസമായി പറയാറുണ്ടായിരുന്നു. പ്രവാസം തന്റെ കുട്ടിക്കാലത്തെ രൂപപ്പെടുത്തിയതും ജീവിതാനുഭവങ്ങള്‍ സമ്മാനിച്ചതുമെല്ലാം നന്ദിയോടെ ഓര്‍ക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ആരോടും കലഹിക്കാതെ, എല്ലവരോടും സ്‌നേഹം മാത്രം പങ്കുവെച്ച്, പതിയെ നടന്നകന്ന ആ വിശുദ്ധനെ മലയാള സാഹിത്യം എക്കാലത്തും ഓര്‍ക്കും.

Share this article

About യാസര്‍ അറഫാത്ത് നൂറാനി

yaazar.in@gmail.com

View all posts by യാസര്‍ അറഫാത്ത് നൂറാനി →

Leave a Reply

Your email address will not be published. Required fields are marked *