ആശങ്കയുണര്‍ത്തുന്നു കേരളത്തിന്റെ പൊതു കടം

Reading Time: 2 minutes

റിസര്‍വ് ബാങ്കിന്റെ ബഡ്ജറ്റ് എസ്റ്റിമേറ്റ് പ്രകാരം 2021 മാര്‍ച്ച് ആകുമ്പോഴേക്കും കേരളത്തിന്റെ പൊതുകടം 2,96,339 കോടി രൂപയില്‍ എത്തുമത്രെ. അതായത് ഓരോ കേരളീയനും 61,958 രൂപ കടം. ആളോഹരി കടത്തില്‍ കേരളത്തെക്കാള്‍ മുന്നില്‍ ഉള്ളത് പഞ്ചാബ് മാത്രമാണ്.65,195 രൂപയാണ് ഓരോ പഞ്ചാബിയുടെയും കടവിഹിതം.
കോവിഡ് മൂലം ഗള്‍ഫ് വരുമാനം കുറഞ്ഞതുകൊണ്ട് നിര്‍മാണ മേഖലയിലെയും വ്യാപാര മേഖലയിലെയും പ്രതിസന്ധി രൂക്ഷമായി. പലര്‍ക്കും വരുമാനചോര്‍ച്ച സംഭവിച്ചു. അതുകൊണ്ടു കൂടി കേരളത്തിന്റെ റവന്യൂ വരുമാനത്തില്‍ വീണ്ടും കുറവ് വന്നിരിക്കുകയാണ്. അതിനാല്‍ നിലവിലെ കടം വീണ്ടും വര്‍ധിക്കാനാണ് സാധ്യത.
കേരളത്തിലെദൈനംദിന ചെലവുകള്‍ക്ക് വേണ്ടി ധന വിഭവസമാഹരണം കണ്ടെത്താതെ കടം മാത്രം ആശ്രയിച്ചത് കൊണ്ടാണോ ഈ കടക്കെണി? ഇടതു വലതു മുന്നണികള്‍ക്ക് ഇതില്‍ തുല്യപങ്കുണ്ട്. കടം കൂടുകയാണെങ്കില്‍ കേരളത്തിലെ അടിസ്ഥാന വികസനം അവതാളത്തില്‍ ആകുകയും ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്യും. അതോടെ പട്ടിണിയും ഭക്ഷ്യപ്രതിസന്ധിയും നാം കരുതിയിരിക്കേണ്ടിവരും. സര്‍ക്കാറുകള്‍ കടബാധ്യത കുറക്കാനും പുതിയ വരുമാന മാര്‍ഗം കണ്ടെത്താനുമുള്ള നിലപാടുകള്‍ സ്വീകരിച്ചേ മതിയാകൂ.
1.15 ലക്ഷം കോടിയുടെ വരവും ഒന്നേകാല്‍ ലക്ഷം കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പായിക്കൊണ്ടിരിക്കുന്നത്. നികുതി, നികുതിയിതര വരുമാനങ്ങള്‍, കടമെടുക്കുന്ന പണം, കേന്ദ്രവിഹിതം, ലോട്ടറി വരുമാനം തുടങ്ങിയവയാണ് സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗങ്ങള്‍. ശമ്പളം, പെന്‍ഷന്‍, വായ്പകള്‍ക്കു പലിശ നല്‍കല്‍, പദ്ധതികള്‍ നടപ്പാക്കല്‍ എന്നിങ്ങനെയാണ് ചെലവുകള്‍.
ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, വാങ്ങിയ കടത്തിന്റെ പലിശ എന്നിവ റവന്യൂ വരുമാനത്തെക്കാള്‍ കൂടുതലാണ്. ഈ സാമ്പത്തിക വര്‍ഷം 55,081 കോടി രൂപയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടിയുള്ള ചെലവ്. ഇത് റവന്യൂ വരുമാനത്തിന്റെ 63 ശതമാനം വരും. കര്‍ണാടകയില്‍ റവന്യൂ വരുമാനം ഇതിന്റെ 23.49 ശതമാനം മാത്രമാണ്. വികസന പ്രവര്‍ത്തനത്തിനും ക്ഷേമ പ്രവര്‍ത്തനത്തിനും ഫണ്ട് കാണുന്നത് ലോക ബാങ്കില്‍ നിന്നും കിഫ്ബി മുഖേനയും വായ്പ എടുത്താണ്. ഒരു വര്‍ഷം 25,000 കോടി രൂപയാണു സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാന്‍ കഴിയുക. സംസ്ഥാനത്തു വികസന പദ്ധതികള്‍ നടപ്പാക്കാനാണെന്നു പറഞ്ഞാണ് ഈ കടമെടുപ്പ്. എന്നാല്‍, കടമെടുക്കുന്ന പണം ചെലവിടുന്നതാകട്ടെ, മുന്‍പു കടമെടുത്ത വായ്പയുടെ പലിശ നല്‍കാനും ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനുമാണ്.
പുതിയ ശമ്പള കമ്മീഷനെ ഗവണ്‍മെന്റ് വെച്ചിരിക്കുകയാണ്, ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് വീണ്ടും ശമ്പളം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ ആലോചന. ഇതിനെ ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. വെറും വോട്ട് ബാങ്ക് മാത്രം നോക്കിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാന്‍ തയാര്‍ ആവുന്നത്. കേരളത്തില്‍ മാത്രമാണ് അഞ്ചുവര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നടപ്പിലാകുന്നത്. ഈ നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണം. ചുരുങ്ങിയത് പത്തു വര്‍ഷത്തിലൊരിക്കല്‍ ശമ്പളം വര്‍ധന സമ്പ്രദായം നടപ്പില്‍ വരുത്തിയാല്‍ മതിയാകും.
രാഷ്ട്രീയ സ്വാധീനം കൊണ്ട് പല അനര്‍ഹരും ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നാണ് വസ്തുത. ഇതിനു മാറ്റം വരണം. 56 ലക്ഷം പേരാണ് കേരളത്തിലെ വിവിധ വിഭാഗങ്ങളിലായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നത്. അനര്‍ഹരെ പുറത്താക്കി അര്‍ഹരെ മാത്രം ഉള്‍പ്പെടുത്തിയാല്‍ 56 ലക്ഷം 30 ലക്ഷം ആകുമത്രെ. ഇത് മൂലം വലിയൊരു സംഖ്യ സര്‍ക്കാരിന് ലാഭിക്കാം. 8500 കോടി രൂപയാണ് ഒരു വര്‍ഷത്തെ ക്ഷേമപെന്‍ഷന്‍ വേണ്ടി സര്‍ക്കാര്‍ ചെലവിടുന്നത്. നൂറുകണക്കിന് ബോര്‍ഡുകളും കോര്‍പ്പറേഷനുകളിലുമായി നിരവധി പേര്‍ വെറുതെയിരുന്ന് ശമ്പളം വാങ്ങുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നു. കോര്‍പറേഷനുകളില്‍ ചെലവ് ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കണം. സര്‍ക്കാരിന്റെ തനത് വരുമാനത്തിന്റ 73% നികുതിയില്‍ നിന്നാണ്. നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങണം. കാര്‍ഷിക മേഖല ശക്തിപ്പെടുത്തേണ്ടതുണ്ട്. വ്യവസായികള്‍ക്ക് കടന്നുവരാനുള്ള അന്തരീക്ഷം ഉണ്ടാവണം. നിക്ഷേപകരെ സ്വാഗതം ചെയ്യാനുള്ള പദ്ധതികള്‍ വളര്‍ന്നുവരണം. മറ്റു സംസ്ഥാനങ്ങള്‍ സാമ്പത്തികമായി പിടിച്ചുനില്‍ക്കുന്നത് വ്യവസായം കൊണ്ടാണ്. കേരളത്തിലെ വ്യാവസായിക വളര്‍ച്ച പിന്നോട്ടാണ്. രണ്ടായിരത്തില്‍ അടച്ചുപൂട്ടിയ മാവൂര്‍ ഗോളിയോറയോന്‍സ് ഭൂമിയില്‍ പിന്നീട് ഒരു വ്യവസായം ഉയര്‍ന്നുവന്നിട്ടില്ല. 20 വര്‍ഷമായി ഭൂമി വെറുതെ കിടക്കുന്നു.
കെഎസ്ആര്‍ടിസി പോലോത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വന്‍നഷ്ടത്തിലാണ്. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് നാലായിര ത്തിലധികം കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കു നല്‍കിയത്. ഇതും കേരളത്തിലെ സാമ്പത്തിക സ്ഥിതി രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനുള്ള നൂതന മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്.
പൊതുവിഭവ സമാഹരണത്തിലൂടെ വരുമാനം വര്‍ധിപ്പിച്ചും ചെലവു ചുരുക്കിയുമായിരിക്കണം കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തേണ്ടത്.

Share this article

About ഹാദിമോന്‍ ചെറുവാടി

alicheruvadi@gmail.com

View all posts by ഹാദിമോന്‍ ചെറുവാടി →

Leave a Reply

Your email address will not be published. Required fields are marked *