മാലിന്യപ്പെരുപ്പം: സംസ്‌കാരം, സംസ്‌കരണം

Reading Time: 4 minutes

സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില ആശങ്കകളോടെ നമുക്ക് സംസാരിച്ചു തുടങ്ങാം.
$ മാലിന്യസംസ്‌കരണം ഗവണ്‍മെന്റിന്റെ ചുമതലയാണ്, എനിക്കതില്‍ വലിയ റോളൊന്നുമില്ല.
$ മാലിന്യം കത്തിക്കുന്നതോടെ അത് ഇല്ലാതായി പോവുകയാണ്,നമ്മുടെ മുന്നില്‍ നിന്നും ഒഴിവാക്കിയാല്‍ മതിയല്ലോ.
$ എന്റെ പറമ്പില്‍ മാലിന്യം കുഴിച്ചുമൂടി ഞാന്‍ പ്രശ്‌നം സോള്‍വ് ചെയ്യാറുണ്ട്. അത് കൊണ്ട് ഞാന്‍ ആര്‍ക്കും യാതൊരു പ്രശ്‌നവും ഉണ്ടാക്കാറില്ല.
$ നമ്മള്‍ ടാക്‌സ് കൊടുക്കുന്നതല്ലേ, പിന്നെന്തിനാണ് മാലിന്യസംസ്‌കരണത്തിന് വേണ്ടി വീണ്ടും പണം മുടക്കുന്നത്?
$ വേസ്റ്റില്‍ മൂല്യവത്തായ വസ്തുക്കള്‍ ഉണ്ടെന്നാണ് കേട്ടറിവ് പിന്നെ എന്തിനാണ് വേസ്റ്റ് എടുത്തു കൊണ്ടുപോകുന്നതിന് ഞാന്‍ ക്യാഷ് കൊടുക്കുന്നത്?
$ ഫുഡ് വേസ്റ്റ് അല്‍പം പോലും താഴെ വീഴാത്ത രീതിയില്‍ ടൈറ്റായ കവറിലിട്ട് വലിച്ചെറിയുന്നത് കൊണ്ട് ഞാനാര്‍ക്കും ഒരുപദ്രവവുമുണ്ടാക്കാറില്ല.
$ വേസ്റ്റ് മാനേജ്‌മെന്റ് പ്ലാന്റുകള്‍ എല്ലാം തന്നെ നമ്മുടെ നാടിനെ മാലിന്യകൂമ്പാരമാക്കിയേക്കും. അതുകൊണ്ട് ഞങ്ങള്‍ ഒരുതരത്തിലുമുള്ള മാലിന്യസംസ്‌കരണ സംവിധാനവും ഞങ്ങളുടെ നാട്ടില്‍ അനുവദിക്കില്ല.
ഇവയില്‍ ഏതെല്ലാമാണ് എന്റെ ആശങ്കകള്‍ എന്ന് സ്വയം ചോദിച്ചു നോക്കൂ.. നമുക്ക് പരിഹരിക്കാം. നമുക്ക് മാലിന്യം എന്താണെന്നു പറഞ്ഞു തുടങ്ങാം.
ഉപയോഗശൂന്യമായവ, വലിച്ചെറിഞ്ഞവ, ഒഴിവാക്കിയവ എന്നൊക്കെയാണ് പ്രധാനമായും മാലിന്യത്തിന്റെനാം പ്രയോഗിച്ചു പോരുന്നനിര്‍വചനം. എന്നാല്‍ ‘മൂല്യം തിരിച്ചറിയാന്‍ കഴിയാത്തവ’ എന്നതാണ് മാലിന്യത്തിന്റെ നിര്‍വചനം എന്നാണ് മനസിലാക്കുന്നത്. അത് എന്തെങ്കിലും വസ്തുക്കള്‍ ആകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. സമയവും ആയുസും വെള്ളവും അങ്ങനെ ഏതും മൂല്യം തിരിച്ചറിയാന്‍ കഴിയാതിരിക്കുകയോ ഉപയോഗപ്പെടുത്താതിരിക്കുകയോ ചെയ്താല്‍ അത് മാലിന്യമായി മാറും. വിശാലമായ മേഖലയായതിനാല്‍ നമുക്ക് കാണാന്‍ കഴിയുന്ന ദിനേന ഉപയോഗത്തില്‍ വരുന്ന ഖരമാലിന്യങ്ങളെക്കുറിച്ച് മാത്രം ഇവിടെ പ്രതിപാദിക്കാം.
മലിനീകരണം, മാലിന്യ സംസ്‌കരണം എന്നത് വിശാലമായ മേഖലയാണ്.നമ്മുടെ ഭൂമിയും അതിലെ പ്രവിശാലമായ മേഖലകളും എത്ര മനോഹരമായാണ് വിതാനിച്ചിരുന്നത്. ഇന്ന് നമ്മുടെ ഒക്കെയും ചുറ്റുപാടുകള്‍ എത്രമാത്രം മലീമസമാണ് എന്ന് നമുക്കേവര്‍ക്കും അറിയാം. ആരായിരിക്കും ഇതിനെല്ലാം ഉത്തരവാദി? മനുഷ്യന്‍ തന്നെ. സംശയമേതുമില്ല.
കേരളം ഉപഭോക്തൃ സംസ്ഥാനമായാണ് അറിയപ്പെടുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്നതിനെക്കാള്‍ കൂടുതലായി വാങ്ങിക്കൂട്ടുന്നവരാണ് നമ്മളൊക്കെയും. ഓരോ ദിനവും എത്രയെത്ര കവറുകളും കുപ്പികളും പാത്രങ്ങളുമാണ് നാം ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്നത്. പാര്‍സല്‍ ഫുഡ്‌സ് സംസ്‌കാരം വലിയ തോതില്‍ മാലിന്യത്തിന്റെ അളവും വര്‍ധിപ്പിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനങ്ങള്‍ നേരത്തേ തന്നെ മാലിന്യം പുറന്തള്ളുന്നതില്‍ പേരുകേട്ടവയാണ്.
മാലിന്യസംസ്‌കരണ രംഗത്ത് ഗവണ്‍മെന്റ് സംവിധാനങ്ങള്‍ എത്രമാത്രം ഫലപ്രദമാണ്. മാലിന്യം എന്ന് പറയുമ്പോഴേക്കും ചീഞ്ഞളിഞ്ഞ ഗന്ധവുമായി പായുന്ന ലോറികളും പക്ഷികള്‍ കൊത്തിപ്പറിക്കുന്ന പ്ലാസ്റ്റിക് കിറ്റുകളും ദുര്‍ഗന്ധം വമിക്കുന്ന ഡമ്പിങ്ങ് യാര്‍ഡുകളുമാണ് നമുക്ക് ഓര്‍മ വരുന്നത്. എന്തുകൊണ്ടായിരിക്കും? നാം പലപ്പോഴും കണ്ടുശീലിച്ച മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇത്തരത്തിലുള്ളവയായിരുന്നു എന്നതാണ് കാരണം. എന്നാല്‍ ഇങ്ങനെയൊന്നുമല്ലാതെ എത്രയോ മാതൃകാപരമായി മാലിന്യസംസ്‌കരണ രംഗം കൈകാര്യം ചെയ്യാമെന്നതാണ് യാഥാര്‍ഥ്യം. അത് ഗവണ്‍മെന്റ് ചുമതല മാത്രമല്ല നമുക്കേവര്‍ക്കും പങ്കാളിത്തം ഉണ്ടാകേണ്ട മേഖലയാണ്.
എന്തുകൊണ്ടാണ് മാലിന്യ സംസ്‌കരണ മേഖല ഇത്രയധികം പ്രാധാന്യം അര്‍ഹിക്കുന്നത്? മാലിന്യങ്ങള്‍ പ്രത്യേകിച്ച് പ്ലാസ്റ്റിക്, ഇലക്ട്രോണിക്‌സ് തുടങ്ങിയവ കുഴിച്ചിട്ടാലോ?
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ മണ്ണില്‍ ലയിച്ച് ചേരില്ല. അത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും വലിയ രൂപാന്തരം പ്രാപിക്കാതെ നിലനില്‍ക്കും. മാത്രവുമല്ല മണ്ണിന്റെ ഘടനയും അതിലുള്ള ജീവികളുടെയടക്കം ജീവനും ഇത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. മണ്ണിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം കെട്ടിനിന്ന് സ്വഭാവിക ഘടനയില്‍ നിന്ന് മാറ്റം വന്ന ‘ലീഷേറ്റുകള്‍’ പിറവിയെടുക്കുന്നു. ഇവ ജലസ്രോതസുകളിലും കൃഷിയിടങ്ങളിലും സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ ഭീകരമാണ്. ഇലക്ട്രോണിക് മാലിന്യങ്ങളിലൂടെ വെള്ളം കയറിയിറങ്ങി പുറത്തു വരുന്ന ലീഷേറ്റുകളിലെ ലെഡ് സംയുക്തങ്ങള്‍ ഒരു പ്രദേശത്തെ കൃഷിയിടത്തെയാകമാനം നാമാവശേഷമാക്കാന്‍ പോന്നവയാണ്. അതുകൊണ്ട്തന്നെ മാലിന്യങ്ങള്‍ കുഴിച്ചു മൂടുക, വലിച്ചെറിയുക എന്നത് പരിപൂര്‍ണമായി ഒഴിവാക്കേണ്ട ഒന്നാണ്.

കത്തിച്ചു നോക്കിയാലോ?
ഡയോക്‌സിന്‍, ഫ്യൂരാന്‍ എന്നിവരടക്കം അത്യധികം ദുരന്തങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്ന വായുസംയുക്തങ്ങളാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ പുറത്തേക്ക് വമിക്കുന്നത്. ഇത് ഉണ്ടാക്കുന്ന ക്യാന്‍സര്‍ പോലോത്ത കഠിനമായ രോഗങ്ങളെക്കുറിച്ച് ഇനിയുമേറെ പറയേണ്ടതില്ലെന്ന് കരുതുന്നു. അത്രയധികം സമൂഹം കേട്ടു തഴമ്പിച്ചവയാണ്. അപ്പോള്‍ നിരന്തരം കേള്‍ക്കുന്ന ചോദ്യമാണ്, കത്തിക്കുമ്പോള്‍ പുക മുകളിലേക്കല്ലേ പോകുന്നത് നമുക്ക് കിട്ടില്ലല്ലോ എന്ന്.
പുകയില്‍ സാധണ വായുവിനെക്കാള്‍ സാന്ദ്രത കൂടിയതും കുറഞ്ഞതുമായ ഒട്ടേറെ ഘടകങ്ങളുണ്ട്. എന്നിട്ടും മുകളിലേക്കുയര്‍ന്ന് പൊങ്ങുന്നത് കത്തിക്കുന്നത് മൂലമുണ്ടാകുന്ന ചൂടും അതിലൂടെ സാന്ദ്രത കുറയുന്നതും കൊണ്ടാണ്. എന്നാല്‍ മുകളിലേക്കുയര്‍ന്ന് സാധാ വായുവുമായി ചേര്‍ന്ന് സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതോടെ പുകയുടെ ചൂട് കുറയുകയും അതോടെ സാന്ദ്രത കൂടിയ ഘടകങ്ങള്‍ മുഴുവനും താഴേക്ക് പോരുകയും ചെയ്യും. അതായത് നാം കത്തിച്ചു പുകയാക്കി മറ്റൊരു ലോകത്തേക്കയച്ച മുഴുവന്‍ പുകയും താഴേക്ക് വന്നു നമ്മള്‍ ശ്വസിക്കുന്ന ‘ശുദ്ധവായുവായി’ നമുക്ക് ചുറ്റുമുണ്ട്.

എന്താണ് മാതൃകാ സംവിധാനം?
ഖരമാലിന്യങ്ങള്‍ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യാതെ കൃത്യമായി കളക്റ്റ് ചെയ്തു സംസ്‌കരിക്കുന്ന സംവിധാനങ്ങള്‍ക്ക് നല്‍കുകയും ഭക്ഷണ മാലിന്യങ്ങള്‍ വീടിനോട് ചേര്‍ന്നു തന്നെ സംസ്‌കരിക്കുകയുമാണ് വേണ്ടത്.
ഭക്ഷണമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ നിലവിലുണ്ട്. എയറോബിക് & അനൈറോബിക് കമ്പോസ്റ്റിങ്, മണ്ണിര കമ്പോസ്റ്റിങ്, ബി എസ് എഫ് ലാര്‍വ തുടങ്ങിയവ.

അനൈറോബിക്
കമ്പോസ്റ്റിങ്
ഭക്ഷണത്തില്‍ ഓക്‌സിജന്റെ അഭാവത്തില്‍ മെഥനോജന്‍സ് ബാക്ടീരിയയുടെ പ്രവര്‍ത്തന ഫലമായി ബയോഗ്യാസ് നിര്‍മിക്കുന്ന പ്രക്രിയയാണ് അനൈറോബിക് കമ്പോസ്റ്റിങ്.
മീഥേന്‍ വാതകമാണ് ബയോഗ്യാസില്‍ ഭൂരിഭാഗവും അടങ്ങിയിട്ടുള്ളത്. ഇത് വിഷവാതകമാണെങ്കിലും നന്നായി കത്തുന്നവയാണ്. കത്തുന്നത് വഴി പ്രശ്‌നങ്ങള്‍ ഒഴിവാകുകയും കാര്‍ബണ്‍ ഡയോക്‌സൈഡായി പുറത്തുവരികയും ചെയ്യുന്നു. ലോകത്ത് പലയിടത്തും വ്യാവസായിക അടിസ്ഥാനത്തില്‍ ബയോഗ്യാസ് നിര്‍മാണം നടക്കുന്നുണ്ട്. പല പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാണ്. എപ്പോഴും പ്രത്യേക ശ്രദ്ധ കൊടുത്തുകൊണ്ട് നടത്തേണ്ട സംവിധാനമാണ് ബയോഗ്യാസ് പ്ലാന്റുകള്‍. എല്ലുകള്‍, ആസിഡ് അംശങ്ങളുള്ള പുളി, നാരങ്ങ പോലോത്തവ, മുട്ട, മുള്ള്, അച്ചാര്‍ തുടങ്ങിയവയൊന്നും ഇതില്‍ നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചാണകം ആവശ്യാനുസരണം നിക്ഷേപിച്ചാല്‍ പ്രവര്‍ത്തനം ഭംഗിയായി നടക്കുന്നതാണ്.

എയറോബിക്
കമ്പോസ്റ്റിങ്
ഓക്‌സിജന്റെ ലഭ്യതയോടുകൂടി നടക്കുന്ന മൈക്രോബിയല്‍ ആക്ടിവിറ്റികളുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന കമ്പോസ്റ്റിങ് സംവിധാനമാണ് എയറോബിക് കമ്പോസ്റ്റിങ്. അനായാസം നടത്താവുന്ന നല്ല വളവും മറ്റും ലഭ്യമാവുന്ന കമ്പോസ്റ്റിങ് രീതിയാണത്. വെള്ളത്തിന്റെ അളവ് അധികം കൂടാതെ ക്രമീകരിക്കേണ്ടതാണ്. ഉണങ്ങിയ ഇലകള്‍, ചകിരിച്ചോറ് തുടങ്ങിയവ നിക്ഷേപിച്ചാല്‍ ഇ:ച ഞമശേീ ഉയര്‍ന്ന രീതിയില്‍ നിലനിര്‍ത്താന്‍ സാധിക്കുകയും, ഗുണനിലവാരമുള്ള കമ്പോസ്റ്റ് ഉറപ്പു വരുത്താന്‍ കഴിയുകയും ചെയ്യും.

മണ്ണിര കമ്പോസ്റ്റിങ്
മണ്ണിരകള്‍ ഭക്ഷണമാലിന്യങ്ങള്‍ കഴിച്ചു ജീവിക്കുകയും വിസര്‍ജ്യത്തിലൂടെ ഉയര്‍ന്ന നിലവാരമുള്ള കമ്പോസ്റ്റ് ഉത്പാദിപ്പിക്കുകയും ചെയ്യുന്ന കമ്പോസ്റ്റിങ് സംവിധാനമാണ് മണ്ണിര കമ്പോസ്റ്റിങ്. ഇതിലൂടെ ലഭ്യമാകുന്ന വെര്‍മി വാഷ് ഏറ്റവും ഫലപ്രദമായ വളങ്ങളിലൊന്നാണ്. ബയോഗ്യാസ് പ്ലാന്റുപോലെയോ അതിലേറെയോ കൃത്യമായ പരിചരണം ഉറപ്പുവരുത്തിയാലേ മികച്ച മണ്ണിര കമ്പോസ്റ്റിങ് സംവിധാനം നടപ്പിലാക്കാനാകൂ. ഇതിനു വേണ്ടി പ്രത്യേക തരം മണ്ണിരകളെ കൂടി വാങ്ങേണ്ടതുണ്ട്. റെഡ് വിഗ്ലേഴ്‌സ്, വൈറ്റ് വേംസ് തുടങ്ങിയവ അവയില്‍ പെട്ടവയാണ്. നമ്മുടെ നാടുകളില്‍ ലഭ്യമായ മണ്ണിരകള്‍ മതിയാകില്ല.

ഖരമാലിന്യ സംസ്‌കരണം
ഭക്ഷണ മാലിന്യം ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണ രീതിയാണ് പൊതുവേ ഡ്രൈ വേസ്റ്റ് എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്‌ളാസ്റ്റിക്, പേപ്പര്‍, തുണികള്‍, ബാഗ്, ചെരിപ്പ് തുടങ്ങിയ ഒട്ടനേകം വസ്തുക്കള്‍ ഖരമാലിന്യ ഗണത്തില്‍ പെടുന്നു. ഇവയില്‍ ഒട്ടുമുക്കാലും റീസൈക്കിള്‍ ചെയ്ത് വീണ്ടും ഉപയോഗിക്കാനാകുന്നവയാണ്. ഓരോ ക്വാളിറ്റിയില്‍ പെട്ട വസ്തുക്കളെ പ്രത്യേകം തരംതിരിച്ചു അതിന്റേതായ റീസൈക്ക്‌ളിംഗിന് വിധേയമാക്കുക വഴി വസ്തുക്കളുടെ മൂല്യം നഷ്ടപ്പെടുത്താതിരിക്കാം. മാത്രവുമല്ല ഈ പ്രക്രിയകളിലൂടെ എത്രയോ ആളുകള്‍ക്കാണ് വരുമാനവും ലഭ്യമാകുന്നത്.
സാധാരണ വീടുകളില്‍ നിന്നും വരുന്ന മാലിന്യങ്ങളെ ആദ്യ ഘട്ടത്തില്‍ (ജൃശാമൃ്യ ടലഴൃലഴമശേീി) പത്തോ പന്ത്രണ്ടോ തരത്തിലും രണ്ടാം ഘട്ടത്തില്‍ (ടലരീിറമൃ്യ ടലഴൃലഴമശേീി) മുപ്പതിലേറെ വിഭാഗങ്ങളായും മൂന്നാം ഘട്ടത്തില്‍ (ഠലൃശേമൃ്യ ടലഴൃലഴമശേീി) നൂറിലേറെ വിഭാഗങ്ങളിലേക്കും തരംതിരിച്ചു മാറ്റുന്ന വസ്തുക്കള്‍ ഓരോന്നും പ്രത്യേകം മൂല്യമുള്ളവയാണ്. ഇവയോരോന്നുമാണ് റീസൈക്ക്‌ളിംഗിന് വിധേയമാക്കാനായി കൊണ്ടുപോകുന്നത്.
എന്നാല്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കളക്റ്റ് ചെയ്യുന്ന ഇത്തരം മാലിന്യങ്ങള്‍ എല്ലാം കൂടി കലര്‍ന്നതാണെങ്കില്‍ ഭക്ഷണം ഖരമാലിന്യങ്ങളില്‍ കലര്‍ന്നാല്‍ ഒഴിവാക്കുവാന്‍ വളരെയേറെ ബുദ്ധിമുട്ടാണെന്നതില്‍ യാതൊരു സംശയവുമില്ല. അഴുകി വ്യത്യസ്ത തരത്തിലുള്ള ദുര്‍ഗന്ധമുള്ള വായു പുറത്തു വരാനും മൊത്തം ഖരവസ്തുക്കളെയും ശേഖരിക്കാനോ തരംതിരിക്കാനോ കഴിയാനാവാത്ത വിധം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
മുനിസിപ്പാലിറ്റിയുടെയും കോര്‍പ്പറേഷന്റെയുമൊക്കെ മാലിന്യം കൊണ്ടുപോവുന്ന ലോറികളോട് ചേര്‍ന്ന് പോയിട്ടുണ്ടോ. അനുഭവപ്പെടുന്ന ദുര്‍ഗന്ധത്തിന് കാരണം വീടുകളില്‍ നിന്ന് ഖരമാലിന്യങ്ങളോടൊപ്പം തന്നെ ഭക്ഷണ മാലിന്യവും കൂടിക്കലര്‍ന്ന് എത്തുന്നത് കൊണ്ടാണ്. മാലിന്യ സംസ്‌കരണ മേഖലയില്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന പ്രതിസന്ധിയും ഇത് തന്നെയാണ്.
എങ്ങനെയാണ് ഇതിന് പരിഹാരമുണ്ടാക്കുക എന്ന് നോക്കാം. മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് തന്നെ നാലോ അഞ്ചോ ആയി തരംതിരിക്കുക എന്നതാണ് ഏറ്റവും മികച്ച പോംവഴി .

  1. ഭക്ഷണ മാലിന്യം
  2. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ + പേപ്പര്‍ + മെറ്റല്‍ + etc..
  3. ചെരുപ്പ്, ബാഗ്
  4. കുപ്പിച്ചില്ലുകള്‍
  5. സാനിറ്ററി വേസ്റ്റുകള്‍ (ഡയപ്പര്‍, സാനിറ്ററി പാഡ്, etc..)
    സാനിറ്ററി വേസ്റ്റുകള്‍ പൊതുമാലിന്യ സംസ്‌കരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കാതിരിക്കുക. അവ ബയോ മെഡിക്കല്‍ വേസ്റ്റ് കാറ്റഗറിയില്‍ പെടുന്നവയാണ്. നിലവില്‍ ചുറ്റുപാടുളളവര്‍ക്ക് ഒരു വിധേനയും ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ കത്തിച്ച് ഒഴിവാക്കുക എന്നതാണ് വഴി.
    വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും തന്നെ ഇത്തരത്തില്‍ കൃത്യമായി തരംതിരിച്ചാണ് മാലിന്യങ്ങള്‍ ലഭിക്കുന്നതെങ്കില്‍ എത്രയോ ഭംഗിയായി നമുക്ക് ഈ മേഖലയെ കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നു.
    മാലിന്യം കുറക്കുക എന്നതാണ് ഏറ്റവും വലിയ പോംവഴി. തുണി സഞ്ചികള്‍, സ്റ്റീല്‍പാത്രങ്ങള്‍, കുപ്പികള്‍, റീയൂസബ്ള്‍ ഡയപ്പര്‍/നാപ്കിന്‍ മുതലായവ, ബാംബൂ ഉത്പന്നങ്ങള്‍, അങ്ങനെ എത്രയോ വസ്തുക്കള്‍. ഇവയുടെ കൃത്യമായ ഉപയോഗം മാലിന്യം കുറക്കുമെന്ന് മാത്രമല്ല വലിയ തോതില്‍ സാമ്പത്തികമായും റിലീഫ് ലഭിക്കുമെന്നതില്‍ സംശയവുമില്ല. ഇത്തരത്തിലുളള ജീവിതരീതി നല്‍കുന്ന ആനന്ദം ഒന്ന് വേറെ തന്നെയാണ്.

മാലിന്യസംസ്‌കരണത്തിന്
ഇസ്‌ലാമിലെ പ്രാധാന്യം
വിശ്വാസി എന്ന നിലയില്‍ സമൂഹത്തിലെ ഓരോ വസ്തുവിനോടും കടപ്പാടുകള്‍ ഉള്ളവനാണ് നാം. ഒരു ജീവിക്കും ദ്രോഹം ഉണ്ടാക്കുന്ന യാതൊരു പ്രവര്‍ത്തനങ്ങളിലും നമുക്കേര്‍പ്പെടാനാവില്ല. സമൂഹത്തിന് ദ്രോഹകരമാകാവുന്ന ചെറിയ കമ്പ് പോലും വഴിയില്‍ നിന്ന് എടുത്തൊഴിവാക്കണമെന്ന് കല്‍പ്പിക്കപ്പെട്ടവര്‍ക്കെങ്ങനെയാണ് ഇത്ര ലാഘവത്തോടെ വഴിയിലും പറമ്പിലും ജലസ്രോതസുകളിലും മാലിന്യം വലിച്ചെറിയാനാവുക? അതു കാരണമായി എത്രയോ ആളുകള്‍ക്കാണ് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കപ്പെടുന്നത്. മാലിന്യം കത്തിക്കല്‍ ഏറെ ജീവികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. മണ്ണിനെയും മറ്റും വിഷം നിറക്കുന്ന രീതിയില്‍ എങ്ങനെയാണ് മാലിന്യം കുഴിച്ചുമൂടാനാവുക? നിരവധി ചോദ്യങ്ങള്‍ ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു വിശ്വാസി എന്ന നിലയില്‍ പ്രത്യേകിച്ചും നമുക്ക് മുന്നിലുണ്ട് .
അത് മാത്രമല്ല, ജനലക്ഷങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുക എന്ന മഹത്തായ പ്രവര്‍ത്തനം കൂടിയാണ് മാലിന്യസംസ്‌കരണം എന്നത് ഈ മേഖലയുടെ വലിയൊരു ഒരു സാധ്യത കൂടിയാണ് ആണ്.
ഒട്ടേറെ ആളുകള്‍ക്ക് ജോലി സാധ്യതയും സംരംഭ സാധ്യതകളുമുള്ള മേഖല തന്നെയാണ് മാലിന്യസംസ്‌കരണ രംഗം. വരും കാലങ്ങളില്‍ യുവ സംരംഭകരും ജോലി അന്വേഷിക്കുന്നവരും ഈ മേഖലയിലേക്കും കൂട്ടമായെത്തുമെന്നതില്‍ സംശയമില്ല.
നമ്മുടെ മാലിന്യ സംസ്‌കരണ രംഗവും ഏറ്റവും കരുത്താര്‍ജിക്കട്ടെ. ഉയര്‍ന്ന ബോധ്യവും താത്പര്യവുമുള്ള പ്രബുദ്ധ ജനത ഈ മേഖലയിലേക്ക് കടന്നു വരട്ടെ എന്നാണ് ആഗ്രഹിക്കുന്നത് അതിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതും.
(CleanCircle Pvt.Ltdന്റെ സ്ഥാപകനാണ് എഴുത്തുകാരന്‍)

Share this article

About താജുദ്ദീന്‍ അബൂബക്കര്‍

infothajudeen@gmail.com

View all posts by താജുദ്ദീന്‍ അബൂബക്കര്‍ →

Leave a Reply

Your email address will not be published. Required fields are marked *