അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഭാവി

Reading Time: 2 minutes

ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ഡെമോക്രസി ഇന്‍ഡക്‌സ് 2017 ജനുവരിയില്‍, അമേരിക്കയിലെ ജനാധിപത്യത്തിന്റെ അവസ്ഥയെ ‘പൂര്‍ണത’യില്‍ നിന്ന് ‘നാശ’ത്തിലേക്ക് തരംതാഴ്ത്തി കാണിക്കുകയുണ്ടായി.
ഒരു ജനാധിപത്യ സംവിധാനം എന്നതിലുപരി ലോകത്തെ ജനാധിപത്യ രാഷ്ട്രങ്ങളുടെ അപ്പോസ്തലന്മാരായി സ്വയം അഭിമാനിക്കുന്ന ഒരു രാജ്യത്തിന്റെ തകര്‍ച്ച പലരെയും അന്ന് അദ്ഭുതപ്പെടുത്തി. ഈ കണ്ടെത്തലുകളെ അമേരിക്കന്‍ രാഷ്ട്രീയനിരീക്ഷകര്‍ വെല്ലുവിളിക്കുകപോലും ചെയ്തു.
എന്നാല്‍ അതിനുശേഷം നടന്ന സംഭവങ്ങള്‍ കൃത്യമായി വിലയിരുത്തുമ്പോള്‍ തീവ്ര-രാഷ്ട്രീയ, സാംസ്‌കാരിക ധ്രുവീകരണം ഉള്‍പ്പെടെ അമേരിക്കന്‍ രാഷ്ട്രീയത്തിലെ ദൈനംദിന ചുറ്റുപാടുകള്‍ ഋകഡവിന്റെ ഈ സൂചികയോട് കൃത്യത പുലര്‍ത്തുംവിധമായിരുന്നു. സായുധ സൈനികരുടെ വര്‍ധിച്ചുവരുന്ന സ്വാധീനം, പോലീസ് ആക്രമണം, കുടിയേറ്റക്കാരോടുള്ള മനോഭാവങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയത്തിലെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പാര്‍ശ്വവത്കരണം തുടങ്ങിയ മേഖലകളെല്ലാം ഇത് വ്യക്തമാണ്.
യുഎസിലെ ജനാധിപത്യത്തിന്റെ അധഃപതിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെ ഈ സൂചിക തുറന്നുകാണിക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം, ഉദാഹരണത്തിന് – ലിംഗസമത്വം, പൗരസ്വാതന്ത്ര്യം, രാഷ്ട്രീയ സംസ്‌കാരം തുടങ്ങി അറുപതോളം വ്യത്യസ്തമേഖലകളെ അടിസ്ഥാനമാക്കിയുള്ള വിശകലനങ്ങള്‍ ഈ സൂചിക മുന്നോട്ടുവെക്കുന്നുണ്ട്. ഈ സൂചകങ്ങളുടെ എണ്ണം, വൈവിധ്യം, ആഴം എന്നിവ കണക്കിലെടുക്കുമ്പോള്‍ തന്നെ ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അമേരിക്കന്‍ ജനാധിപത്യത്തിന്റെ ശോചനീയാവസ്ഥയില്‍ നിന്നുള്ള ഉടനടി മോചനം പ്രതീക്ഷിക്കാനാവില്ല എന്ന് മനസിലാക്കിത്തരുന്നു. നേരെമറിച്ച്, ഈ ഫലം ഇതിനകംതന്നെ ഭിന്നിച്ച ഒരു സമൂഹത്തെ കൂടുതല്‍ വിഘടിപ്പിക്കുകയും സുപ്രിം കോടതിയടക്കമുള്ള രാജ്യത്തിന്റെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സഖ്യങ്ങള്‍ക്കുള്ള ഇടമാക്കി മാറ്റുകയും ചെയ്യും.
രണ്ട് പ്രധാന പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം കൊണ്ടുനടന്ന തലവാചകം അമേരിക്കന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നു എന്നതാണ്. ഒരുപക്ഷേ, പുതിയ ഗവര്‍മെന്റ് പോലും വിദൂരമല്ലാത്ത ഭാവിയില്‍ യുഎസിന്റെ അവസ്ഥകളെ കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ട്. കാരണം, അമേരിക്കയിലെ ഭരണവര്‍ഗങ്ങള്‍, റിപ്പബ്ലിക്കന്‍മാരായാലും ഡെമോക്രാറ്റുകളായാലും, വര്‍ഷങ്ങളായി രാജ്യത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തെ ബാധിച്ച യഥാര്‍ഥ പ്രശ്‌നങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവരാണ്.
മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനിയായ സെനറ്റര്‍ ബെര്‍ണി സാണ്ടേഴ്‌സ് തന്റെ പ്രചാരണത്തില്‍ സര്‍ക്കാറിന്റെ എല്ലാ തലങ്ങളിലും വലിയ തോതിലുള്ള ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് വാദിച്ചപ്പോള്‍ അദ്ദേഹത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി ‘യാഥാര്‍ഥ്യബോധമില്ലാത്തതും’ മൊത്തത്തില്‍ ‘തിരഞ്ഞെടുക്കാനാവാത്തതും’ ആയി തള്ളിക്കളയുകയായിരുന്നു. സാന്‍ഡേഴ്‌സിന്റെ വാദം ശരിയായിരുന്നു. കാരണം അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതിസന്ധി കേവലം 2016ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പിലൂടെ ആരംഭിച്ചതല്ല, അതിനു ഒരുപാട് കാലത്തെ പഴക്കമുണ്ട്.
അമേരിക്കയിലെ പ്രധാന പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് ഫലങ്ങളാല്‍ അനായാസമായി പരിഹരിക്കപ്പെടാന്‍ കഴിയാത്തതാണ്. അതുകൊണ്ട് തന്നെ യുഎസിന്റെ ജനാധിപത്യ വ്യവസ്ഥയുടെ ഈ പരിതസ്ഥിതി തുടര്‍ന്നുകൊണ്ടേയിരിക്കും. അസമത്വ വിടവ് ഒരുദാഹരണമാണ്. സാമൂഹ്യ-രാഷ്ട്രീയ കലഹത്തിന്റെ ഉറവിടമായ വരുമാന അസമത്വം 50 വര്‍ഷത്തിലേറെയായി അമേരിക്കയുടെ പ്രധാന വെല്ലുവിളികളിലൊന്നാണ്. കോവിഡ്19 പാന്‍ഡെമിക് കൂടിച്ചേര്‍ന്നതോടെ ഈ അസമത്വം കൂടുതല്‍ വഷളാകുകയാണുണ്ടായത്. ഇത് ആഫ്രിക്കന്‍ അമേരിക്കക്കാരടക്കമുള്ള വംശീയവിഭാഗങ്ങളേയും സ്ത്രീകളെയും കൂടുതലായി ബാധിക്കുന്നുണ്ട്. 2020 ഫെബ്രുവരിയില്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനമനുസരിച്ച്, ജി 7 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വരുമാനഅസമത്വം യുഎസിലേതാണ്. 78 ശതമാനം ഡെമോക്രാറ്റുകള്‍ക്കും 41 ശതമാനം റിപബ്ലിക്കന്‍മാര്‍ക്കും ഇത് ഒരു പ്രധാന ആശങ്കയാണ്.
പരിഗണിക്കേണ്ട മറ്റൊരു വിഷയം രാഷ്ട്രീയ ധ്രുവീകരണമാണ്. സമ്പന്നരായ കുറച്ചുപേരും ഒരുപാട് വരുന്ന ദരിദ്രരും തമ്മിലുള്ള വലിയ അന്തരം അമേരിക്കന്‍ സമൂഹത്തിലുണ്ടാക്കുന്ന വിഭജനം സൃഷ്ടിക്കുന്ന ഭിന്നത മാത്രമല്ല അമേരിക്കയിലെ പ്രധാന പ്രശ്‌നം. മറിച്ച് യുഎസിലെ രാഷ്ട്രീയ ധ്രുവീകരണം ഒരു പ്രധാന പ്രശ്‌നമാണ്, യുക്തിഭദ്രമായ ഒരു വകഭേത്തിലൂടെയല്ല പലപ്പോഴും ഇത് പ്രകടമാകുന്നത് എന്നതാണ് രസകരമായ കാര്യം.
റിപബ്ലിക്കന്‍സും ഡെമോക്രാറ്റുകളും അമേരിക്കന്‍ സമൂഹത്തില്‍ ചില വിഭാഗങ്ങളുടെ പിന്തുണ രേഖപ്പെടുത്തുന്നതില്‍ വിജയിച്ചുവെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഈ രണ്ട് ക്യാംപുകളിലെയും ഭരണ സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങള്‍ കൂടുതലും നിറവേറ്റുന്നതില്‍ വന്‍പരാജയം തന്നെയാവും.
ഉദാഹരണത്തിന്, റിപബ്ലിക്കന്‍മാര്‍ ഒരു ജനകീയ രാഷ്ട്രീയ പ്രചാരണം നടത്തി തൊഴിലാളിവര്‍ഗത്തിലെ വെള്ളക്കാരായ അമേരിക്കക്കാരിലേക്ക് എത്തിച്ചേരുകയും അവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി വാഗ്ദാനം ചെയ്യുകയുമാണ് ചെയ്തത്. എന്നാല്‍ ട്രംപ് ഭരണത്തിന്റെ കീഴില്‍ തൊഴിലാളിവര്‍ഗ അമേരിക്കന്‍ കുടുംബങ്ങള്‍ മെച്ചപ്പെട്ടുവെന്നതിന് തെളിവുകളൊന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം. വംശീയ നീതിയുടെയും രേഖപ്പെടുത്താത്ത കുടിയേറ്റക്കാരോട് നല്ല രീതിയില്‍ പെരുമാറുന്നതിന്റെയും കാവലാളുകളായി തങ്ങളെത്തന്നെ വ്യാജമായി ഉയര്‍ത്തികാണിക്കുന്ന ഡെമോക്രാറ്റുകളുടെയും ഭാവി ഇത് തന്നെയാവും.
സമൂഹത്തിന്റെ സൈനികവത്കരണം സാമൂഹ്യ-സാമ്പത്തിക അസമത്വത്തില്‍ നിന്നും രാഷ്ട്രീയ ധ്രുവീകരണത്തിലൂടെയുമാണ് ഉണ്ടാകുന്നത്. ഇത് ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസ്യതയും ജനാധിപത്യത്തില്‍ സംഭവിച്ച പിഴവുകള്‍ പരിഹരിക്കാനുള്ള രാഷ്ട്രത്തിന്റെ കഴിവിലെ വിശ്വാസ്യതയും ജനങ്ങള്‍ക്കിടയില്‍ കുറക്കുകയും ചെയ്യുന്നു.
കേന്ദ്രസര്‍ക്കാരിലുള്ള ഈ വിശ്വാസക്കുറവ് അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യ കാലസാഹചര്യങ്ങളിലേക്ക് കൊണ്ടുപോവുകയാണ്. അതിനാല്‍ ‘ആയുധങ്ങള്‍ സൂക്ഷിക്കാനും വഹിക്കാനുമുള്ള ജനങ്ങളുടെ അവകാശം’ സംബന്ധിച്ച് യുഎസ് ഭരണഘടനയുടെ രണ്ടാം ഭേദഗതിക്ക് നിരന്തരം ഊന്നല്‍ നല്‍കുന്നു.
അമേരിക്കന്‍ സമൂഹം ലോകത്തിലെ ഏറ്റവും സൈനികവത്കരിക്കപ്പെട്ട ഒന്നാണ് എന്ന യാഥാര്‍ഥ്യം തള്ളിക്കളയാനാവില്ല. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) കണക്കനുസരിച്ച്, യുഎസിലെ ആഭ്യന്തര ഭീകരതയുടെ മൂന്നില്‍ രണ്ട് ഭാഗവും നടത്തുന്നത് വലതുപക്ഷമില്യഷ്യകളാണ്. അവര്‍ മുമ്പത്തേക്കാള്‍ സജ്ജരും ശക്തരുമാണ്. ഒക്ടോബര്‍ മാസത്തിലെ സതേണ്‍ പോവെര്‍ട്ടി ലോ സെന്ററില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടനുസരിച്ച് യുഎസിലെ സജീവ സര്‍ക്കാര്‍ വിരുദ്ധ അര്‍ധസൈനിക വിഭാഗങ്ങളുടെ എണ്ണം 180 ആണ്. അത് അവിശ്വസനീയമായ ഒരു കണക്കാണ് എന്ന് തന്നെ തിരിച്ചറിയേണ്ടതുണ്ട്.അതിനാല്‍, വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായി മറ്റൊരു ‘അമേരിക്കന്‍ ആഭ്യന്തരയുദ്ധ’ത്തെക്കുറിച്ചുള്ള സംസാരം മുഖ്യധാരാ മാധ്യമങ്ങളുടെ ദൈനംദിന സവിശേഷതയായി മാറിയെന്ന് മനസിലാക്കുന്നതില്‍ അതിശയിക്കേണ്ടതില്ല.
അതിനാല്‍ ഇപ്പോള്‍ നടന്നതടക്കം ഏതെങ്കിലും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ യുഎസിലെ ജനാധിപത്യം വേഗത്തില്‍ പുനഃസ്ഥാപിക്കപ്പെടുമെന്ന് സങ്കല്‍പിക്കുന്നത് തികച്ചും യാഥാര്‍ഥ്യവിരുദ്ധമാണ്. സാമൂഹ്യ-സാമ്പത്തിക അസമത്വത്തിനും രാഷ്ട്രീയ ധ്രുവീകരണത്തിനും പിന്നിലെ അന്തര്‍ലീനമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന യുഎസ് രാഷ്ട്രീയത്തില്‍ ഒരു അടിസ്ഥാനപരമായ മാറ്റമാണ് അനിവാര്യമായിട്ടുള്ളത്. അല്ലാത്ത പക്ഷം ഭാവിയില്‍ കൂടുതല്‍ വിഘടനത്തിനും ആക്രമണങ്ങള്‍ക്കും തന്നെയാണ് സാധ്യത കൂടുതലുള്ളത്.
അമേരിക്കന്‍ സമൂഹത്തിന്റെ ഭാവി ദിശയും അതിന് അടിവരയിടാന്‍ ഉദ്ദേശിക്കുന്ന ജനാധിപത്യ പ്രക്രിയകളും നിര്‍ണയിക്കുന്നതില്‍ വരാനിരിക്കുന്ന ആഴ്ചകളും മാസങ്ങളും നിര്‍ണായകമാണ്. പക്ഷേ, നിലവിലെ സാഹചര്യങ്ങള്‍ ശുഭകരമല്ല എന്നതാണ് യാഥാര്‍ഥ്യം.

Share this article

Leave a Reply

Your email address will not be published. Required fields are marked *