മദീനയിലെ വിശേഷങ്ങള്‍

Reading Time: 2 minutes

തൂണുകള്‍
പരിശുദ്ധ മദീനയില്‍ മനസിനെ ആനന്ദിപ്പിക്കുന്ന അദ്ഭുതങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു്. മുത്ത്‌നബിയുടെ ജീവിതത്തെ സ്പര്‍ശിച്ച ചരിത്രശേഷിപ്പുകള്‍ പലതും അവിടെ നിന്ന് നീക്കംചെയ്തിട്ടുെങ്കിലും ഇന്നും തിരുനബി ജീവിതത്തെ ആസ്വദിക്കാവുന്ന ചരിത്ര സ്മരണകള്‍ മസ്ജിദുന്നബവിയുടെ ഓരങ്ങളില്‍ അനുഭവിക്കാന്‍ കഴിയും. വര്‍ണാഭമായ, കൊത്തുപണികളാല്‍ നിറഞ്ഞുനില്‍ക്കുന്ന ചരിത്ര ഓര്‍മകള്‍ തുടിച്ചുനില്‍ക്കുന്ന ഒരുപാട് തൂണുകള്‍…
മുത്ത്‌നബി തങ്ങളുടെ പള്ളി, നബി(സ്വ) നിസ്‌കരിച്ച മിഹ്‌റാബ്, അതിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന തൂണ്‍; ഉസ്തുവാനതുല്‍ മുഖല്ലക.. സൈദുബ്‌നു അബീ ഉബൈദ (റ) സലമത്ത്ബ്‌നുല്‍ അക്‌വഇനോട് (റ) ചോദിച്ചു, നിങ്ങള്‍ എന്താ ഇവിടെ ഇത്രമാത്രം പവിത്രത നല്‍കുന്നത്? മഹാന്റെ മറുപടി ‘മുത്ത്‌നബി (സ്വ) ആരാധന നടത്താന്‍ ഇഷ്ടപ്പെട്ട് പ്രത്യേകം തെരഞ്ഞെടുത്ത ഇടമാണിത്.’
അതുപോലെ റൗളയില്‍ നിന്ന് മൂന്നാമത്തെ തൂണ്‍. നബി(സ്വ) ഒരിക്കല്‍ പറഞ്ഞു, എന്റെ പള്ളിയില്‍ ഒരിടമുണ്ട്. അതിന്റെ മഹത്വം നിങ്ങള്‍ അറിയുകയാണെങ്കില്‍ നിങ്ങള്‍ അവിടെ ഒരുപാട് ഇബാദത് ചെയ്യാന്‍ നറുക്ക് ഇടുമായിരുന്നു. ഈ സംഭവം പിന്നീട് വിവരിച്ചത് ആയിഷ ബീവിയാണ്. അതിനാല്‍ ഈ തൂണ്‍ ഉസ്തുവാനതുല്‍ ആഇഷ എന്നറിയപ്പെടുന്നു. നറുക്കിലേക്ക് സൂചിപ്പിച്ച് ഉസ്തുവാനതുല്‍ ഖുര്‍ആ എന്നും ഇതിന് പേരുണ്ട്. മുഹാജിറുകള്‍ കൂടുതല്‍ ഇവിടെ ഇടപഴകിയതിനാല്‍ ഉസ്തുവാനതുല്‍ മുഹാജിരീന്‍ എന്നും വിശേഷണമുണ്ട്.
അതിനോട് ചേര്‍ന്നുള്ള മറ്റൊരു തൂണ്‍. അബൂലുബാബ(റ) ബനൂഖുറൈളയുമായുള്ള മുശാവറയില്‍ അല്ലാഹുവിനെയും മുത്ത്‌നബിയെയും വഞ്ചിച്ചോ എന്ന തോന്നല്‍ അദ്ദേഹത്തിന്റെ മനസിനെ അലട്ടി. അങ്ങനെ മഹാന്‍ തന്റെ ശരീരം ഒരു നാട കൊണ്ട് ഒരു തൂണില്‍ കെട്ടുകയും അല്ലാഹു ഒന്നുകില്‍ എന്റെ തൗബ സ്വീകരിക്കും, അല്ലെങ്കില്‍ ഞാന്‍ ഇവിടെ മരിക്കും എന്നു പറഞ്ഞു. അല്ലാഹു അദ്ദേഹത്തിന്റെ തൗബ സ്വീകരിച്ചു. ആ തൂണ് ഉസ്തുവാനതുല്‍ അബീലുബാബ എന്നും ഉസ്തുവാനതുത്തൗബ എന്നും പിന്നീട് വിളിക്കപ്പെട്ടു. മറ്റൊരു തൂണ് ഉസ്തുവാനതുല്‍ സരീര്‍.
നബി(സ്വ) ഇഅതിഖാഫിരിക്കുമ്പോള്‍ കട്ടിലിലോ വിരിപ്പിലോ കിടക്കാറുള്ളിടം ഖിബ്‌ലയുടെ ഭാഗത്തുനിന്ന് റൗളാശരീഫിലേക്ക് ചേര്‍ന്നുനില്‍ക്കുന്ന തൂണ്‍. ഇമാം മാലിക്(റ) ഇവിടെയാണ് ഇരിക്കാറുള്ളത്. തിരുനബിയുടെ ശിരസ് ഇതിനു നേരെയാണ്. ഇനിയുമുണ്ട് കഥ പറയുന്ന തൂണുകള്‍.

കിണറുകള്‍
മദീനയിലെ തിരു ഉമിനീര്‍ ലഭിച്ച കിണറുകള്‍ പറയാം. മദീനയിലെ ആദ്യത്തെ പള്ളി, ഖുബാഅ് പള്ളിയുടെ പടിഞ്ഞാറു ഭാഗത്ത് ഉസ്മാന്റെ(റ) കാലം തൊട്ട് മുസ്‌ലിം ലോകത്ത് വരാനിരിക്കുന്ന അപകടസംഭവം മുത്തുനബി വിവരിച്ച കിണര്‍ തിണ്ട് ബിഅ്ര്‍ അരീസ്, മുത്ത്‌നബി തങ്ങള്‍ക്ക് പത്തു വര്‍ഷത്തിലധികം സേവനം ചെയ്ത അനസിന്റെ(റ) ഉപ്പ മദീനത്തെ വലിയ സമ്പന്നന്‍ അബൂ ത്വല്‍ഹതുല്‍ അന്‍സാരിയുടെ(റ) ബൈറുഹാ എന്ന തോട്ടം, അവിടെയൊരു കിണര്‍ ബിഅര്‍ഹാഅ, മുത്ത്‌നബി തേന്‍ മധുരം നല്‍കിയ അലി (റ)വിനോട് മുത്തുനബി എന്റെ കിണറില്‍ നിന്ന് എന്നെ കുളിപ്പിക്കണം എന്ന് പറഞ്ഞ മസ്ജിദ് ഖുബാഇന്റെ കിഴക്കുഭാഗത്ത് നിലനില്‍ക്കുന്ന ബിഅര്‍ വറസ്, മദീനയില്‍ നിന്ന് ഇറാഖിലേക്ക് ഹാറൂണ്‍ റഷീദ് വെള്ളം കൊണ്ടുപോയ, രുചിയേറിയ വെള്ളമുള്ള ഉര്‍വത്ബ്‌നു സുബൈര്‍(റ) ന്റെ കോട്ടയിലെ ബിഅര്‍ ഉര്‍വ, കച്ചവട തന്ത്രത്തിലൂടെ ഗിഫാര്‍ ഗോത്രക്കാരന്‍ റൂമതുല്‍ ഗിഫാരിക്ക് മുത്ത്‌നബി വാഗ്ദാനം ചെയ്ത, സ്വര്‍ഗത്തിലെ അരുവിയിലെ പാനീയം ഉസ്മാന്‍ (റ)നേടിക്കൊടുത്ത ബിഅര്‍ റൂമ, ഒരു വെള്ളിയാഴ്ച ദിവസം മുത്തുനബി അബൂ സഈദ് അല്‍ ഖുദ്‌രിയ്യിന്റെ(റ) വീട്ടില്‍ വരുകയും താളി ഉപയോഗിച്ച് കുളിക്കുകയും ചെയ്തു. ആ തിരു ശരീരത്തില്‍ സ്പര്‍ശിച്ച താളിയും വെള്ളവും കിണറിലേക്ക് ഒഴിക്കുകയും ചെയ്ത ബിഅ്ര്‍ ബുസ്സ്വ തുടങ്ങിയ അനേകം ബിഅ്‌റുകള്‍ (കിണര്‍) മദീനയില്‍ ചരിത്രം നിറഞ്ഞ് കിടപ്പുണ്ട്.

പള്ളികള്‍
നാല് ഖലീഫമാരുട പേരിലും മദീനയില്‍ പള്ളികളുണ്ട്. എന്നാല്‍ മസ്ജിദുന്നബവിയുടെ വടക്കുപടിഞ്ഞാറില്‍ ചന്തമുള്ള ഒരു പള്ളിയുണ്ട്. മഴക്ക് വേണ്ടി പ്രാര്‍ഥിച്ച് മഴപെയ്ത സ്ഥലത്തെ പള്ളി മസ്ജിദുല്‍ ഗമാമ.
ഈ പള്ളിയിലാണ് അബിസീനിയന്‍ രാജാവ് നജ്ജാശിയുടെ പേരില്‍ മുത്തുനബി ജനാസ നിസ്‌കരിച്ചത്. മസ്ജിദുല്‍ മുസ്വല്ല എന്നും ഇത് അറിയപ്പെടുന്നു. മദീനത്തെ ആദ്യത്തെ പള്ളി മസ്ജിദു ഖുബാഅ. അവിടെനിന്നു പുറപ്പെട്ട മുത്തുനബി ജുമുഅ നിര്‍വഹിച്ച പ്രസിദ്ധമായ പള്ളി മസ്ജിദുല്‍ വാദി, മസ്ജിദില്‍ ആതിഖ, മസ്ജിദുല്‍ ജുമാ എന്നും അതിന് പേരുകളുണ്ട്. മുത്തുനബിയുടെ പുന്നാര മകന്‍ ഇബ്‌റാഹീം എന്നവരുടെ ഉമ്മ മാരിയത്തുല്‍ ഖിബ്തിയയുടെ (റ) വീട്; മസ്ജിദ് ഉമ്മ് ഇബ്രാഹിം.
ഒരു ദിവസം മുത്തുനബി പറഞ്ഞു: ഇന്നലെ ഒരാള്‍ വന്ന് എന്നോട് പറഞ്ഞു, അല്‍അഖീഖ് മലഞ്ചെരുവില്‍ നിസ്‌കരിക്കുക. അത് പരിശുദ്ധ സ്ഥലമാണ്. മഹാനായ ഉമര്‍(റ) ആ വഴി പോകുമ്പോഴെല്ലാം ബറകത് കാംക്ഷിച്ച് അവിടെ വെള്ളം കുടിക്കുമായിരുന്നു. പിന്നീട് മസ്ജിദു അല്‍ അഖീഖ് എന്ന പേരില്‍ അവിടെ പള്ളി ഉയര്‍ന്നു. ബനൂ മുആവിയ കുടുംബക്കാരുടെ കൈവശമുള്ള ഒരു പള്ളി- മുത്ത്‌നബി തങ്ങള്‍ ദുആ ചെയ്ത് പ്രത്യേകം ഉത്തരം ലഭിച്ച പള്ളി; മസ്ജിദു അല്‍ ഇജാബ. തുടങ്ങിയ നിരവധി പള്ളികള്‍ മദീന സന്ദര്‍ശകരെ ധന്യരാക്കുന്നു.

Share this article

About മുഹമ്മദ് ഹസന്‍ ഇ.കെ

View all posts by മുഹമ്മദ് ഹസന്‍ ഇ.കെ →

Leave a Reply

Your email address will not be published. Required fields are marked *