അല്ലാഹു തെറ്റു ചെയ്യിപ്പിച്ച് ശിക്ഷിക്കുന്നവനോ?!

Reading Time: 2 minutes

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയുമൊന്നടങ്കം സൃഷ്ടിച്ചുണ്ടാക്കുന്നതാകട്ടെ അല്ലാഹുവാണുതാനും.’ (37/96) ഇതുപ്രകാരം തെറ്റു ചെയ്തവരെ ശിക്ഷിക്കുന്നത് ന്യായമാണോ!? അല്ലാഹു തന്നെയാണ് മനുഷ്യ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നത് എങ്കില്‍ പ്രതിഫല – ശിക്ഷകള്‍ക്ക് മനുഷ്യ ചെയ്തികള്‍ മാനദണ്ഡമാക്കുന്നത് യുക്തിസഹമാണോ!? ഇത്രയും നിരര്‍ഥകവും അക്രമപരവുമാണോ ദൈവിക വിധി തീര്‍പ്പുകള്‍.
ഈ വിമര്‍ശനത്തിന്റെ യഥാര്‍ഥ വസ്തുത പരിശോധിക്കുന്നതിനു മുമ്പ് പ്രസക്തമായ ഒരു കാര്യം ഉണര്‍ത്താം. അല്ലാഹുവിന്റെ ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തെ അക്രമം എന്നു വിലയിരുത്തുന്നത് ശരിയല്ല, കാരണം അക്രമം എന്നത് മറ്റൊരാളുടെ അധികാരത്തില്‍ അനുവാദമില്ലാതെ കൈകടത്തലാണ്. പ്രപഞ്ചം മുഴുവനും അല്ലാഹുവിന് അധീനമാണ്. അവന്‍ അറിയാതെ ഒരു വസ്തുവിനും ഉണ്മ പോലും ലഭിക്കില്ല. ഇല്ലായ്മയില്‍ നിന്നും ഉണ്മ നല്‍കിയവന് അത് ഇല്ലായ്മയും ചെയ്യാം. ആരും ചോദിക്കാന്‍ അര്‍ഹരല്ല. പിന്നെ അക്രമപരമെന്ന് അല്ലാഹുവിന്റെ വിധി തീര്‍പ്പുകളെയും തീരുമാനങ്ങളെയും വിമര്‍ശിക്കുന്നതിന് എന്തര്‍ഥമാണുള്ളത്! അതുകൊണ്ട്, ഇനി പറയുന്ന കാര്യങ്ങള്‍ അല്ലാഹുവിന്റെ ദൈവനീതിയെ സാധൂകരിക്കാന്‍ വേണ്ടിയല്ല, വിമര്‍ശനത്തിന് ഹേതുവായ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ്.
ശരീരഭാഗങ്ങള്‍ കൊണ്ടു ചെയ്യുന്ന കര്‍മങ്ങള്‍ അടിസ്ഥാനമാക്കിയാണ് പരലോകത്തെ വിധി തീര്‍പ്പുകള്‍ എന്ന സങ്കല്പമാണ് വിമര്‍ശനത്തിന് പിന്നില്‍ തെളിയുന്നത്. അതു ശരിയല്ല.
ഒന്ന്: മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നത് അല്ലാഹുവാണ് എന്നതല്ല മേല്‍ വചനപ്പൊരുള്‍. മൂലവചനം ‘വമാ തഅ്മലൂന്‍’ എന്നതിലെ വാവ് മൗസ്വൂല (വസ്തുവിനെ കുറിക്കുന്നത്) ആണ്. മസ്ദരിയ്യ (ക്രിയാധാതുവിനെ കുറിക്കുന്നത്) അല്ല. അപ്പോള്‍ വചനത്തിന്റെ ശരിയായ വിവക്ഷ ഇങ്ങനെയാണ്: ‘നിങ്ങളെയും നിങ്ങള്‍ രൂപകല്പന ചെയ്തു നിര്‍മിക്കുന്ന ബിംബങ്ങളെയും അല്ലാഹുവാണ് പടച്ചത്.’
ഇബ്‌റാഹീം നബി(അ) തന്റെ സമുദായത്തോട് സംവദിച്ചത് ഉദ്ധരിച്ചതാണ് ഖുര്‍ആന്‍; ‘സ്വയം കൊത്തിയുണ്ടാക്കുന്ന ബിംബങ്ങളെയാണോ നിങ്ങളാരാധിക്കുന്നത്; നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയുമൊന്നടങ്കം സൃഷ്ടിച്ചുണ്ടാക്കുന്നതാകട്ടെ അല്ലാഹുവാണുതാനും.’ (37/9596)
അപ്പോള്‍, മനുഷ്യന്റെ പ്രവര്‍ത്തികള്‍ സൃഷ്ടിക്കുന്നതും അല്ലാഹുവാണ് എന്ന പാരമ്പര്യവിശ്വാസത്തിന്റെ പ്രമാണം ഇതാണ്: ‘ഭുവന-വാനങ്ങള്‍ മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവനാണവന്‍. ഒരു സഹധര്‍മിണിയില്ലാതെ എങ്ങനെയാണവനു സന്താനമുണ്ടാവുക! സമസ്ത വസ്തുക്കളെയും പടച്ചത് അവനാണ്. എല്ലാ വസ്തുക്കളെക്കുറിച്ചും സൂക്ഷ്മജ്ഞാനിയാണവന്‍.’ (6/101)
‘ഭുവന-വാനങ്ങളുടെ അധിപനും സന്താനത്തെ വരിക്കാത്തവനും രാജാധികാരത്തില്‍ ഒരുവിധ പങ്കാളിയുമില്ലാത്തവനുമാണ് അല്ലാഹു. അവന്‍ സമസ്ത വസ്തുക്കളെയും സൃഷ്ടിക്കുകയും ശരിയായ രീതിയില്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.’ (25/2)
എല്ലാ കാര്യങ്ങളും അല്ലാഹുവാണ് സൃഷ്ടിക്കുകയും കണക്കാക്കുകയും ചെയ്യുന്നതെന്ന് പറയുമ്പോള്‍ മനുഷ്യന്റെ പ്രവര്‍ത്തനവും അതില്‍ ഉള്‍പ്പെടുമെന്നത് സുവ്യക്തം.
മനുഷ്യന്റെ ബാഹ്യ പ്രവര്‍ത്തനങ്ങളല്ല അന്ത്യദിനത്തില്‍ പ്രതിഫലം ലഭിക്കുന്നതിനുള്ള മാനദണ്ഡം. അങ്ങനെയായിരുന്നുവെങ്കില്‍, സ്വേഛപ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിയുന്നവനും (മുഖ്താര്‍) പ്രവൃത്തികള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നവനും (മുജ്ബര്‍ അലൈഹി) തുല്യരാവുമായിരുന്നു. എന്നാല്‍ അങ്ങനെയല്ല. സ്വയ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരോട് മാത്രമാണ് അല്ലാഹുവിന്റെ ആജ്ഞയും വിരോധനയും ഉള്ളത്.
പ്രവൃത്തികള്‍ക്കു പിന്നിലുള്ള ഉദ്ദേശം അനുസരിച്ചാണ് അല്ലാഹുവിന്റെ ശിക്ഷയും പ്രതിഫലവും മനുഷ്യന്‍ നേടുന്നത്. ആന്തരിക ചിന്തയുടെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമാണ് ബാഹ്യ പ്രവര്‍ത്തനങ്ങള്‍.
ഒന്നുകൂടി വ്യക്തമാക്കാം. മനുഷ്യന്‍ ചെയ്യുന്ന ഏതൊരു പ്രവര്‍ത്തനത്തിനും രണ്ടു കാര്യങ്ങള്‍ അനിവാര്യമാണ്; ഒന്ന്: ഭൗതിക ഘടകങ്ങള്‍. ഉദാഹരണം: എഴുതുന്നവന് പേനയും പേപ്പറും. രണ്ട്: കഴിവും ഭൗതിക ഘടകങ്ങളും ഉപയോഗപ്പെടുത്തി പ്രവൃത്തി ചെയ്യാനുള്ള ഉദ്ദേശം. ഇതില്‍ ഒന്നാമത്തെ ഘടകം പൂര്‍ണമായും അല്ലാഹുവിന്റെ സൃഷ്ടിയാണ്. ശരീരാവയവങ്ങള്‍, അവയുടെ ആരോഗ്യം, മറ്റുപകരണങ്ങള്‍- എല്ലാം അതില്‍ പെടും.
അതെല്ലാം ഒരുമിച്ചുകൂടിയതുകൊണ്ട് മാത്രം പ്രവര്‍ത്തനം ഉണ്ടാവുന്നില്ല. മറിച്ച്, പ്രവര്‍ത്തി ചെയ്യാനുള്ള ഉദ്ദേശ്യം കൂടി ഉണ്ടാകുമ്പോഴേ പ്രവൃത്തി നടക്കുകയുള്ളൂ. അതും അടിസ്ഥാനപരമായി അല്ലാഹുവാണ് രൂപപ്പെടുത്തുന്നത്. സ്വയേഷ്ഠ പ്രകാരം ഉദ്ദേശിക്കാനുള്ള കഴിവു നല്‍കിയത് അവനാണല്ലോ. അപ്പോള്‍, അല്ലാഹു നല്‍കിയ തിരഞ്ഞെടുക്കാനുള്ള കഴിവും അവന്‍ തന്നെ സജ്ജീകരിച്ച ഭൗതിക ഘടകങ്ങളും ഉപയോഗപ്പെടുത്തി മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് പ്രതിഫലം നല്‍കപ്പെടും.
ഇവിടെ ഒരു മറുചോദ്യം ഉന്നയിക്കപ്പെടാം; മുകളിലുദ്ധരിച്ച ‘സമസ്ത വസ്തുക്കളെയും പടച്ചത് അവനാണ്’ എന്ന വചനപ്രകാരം ഉണ്മയുള്ള ഏതു കാര്യവും അല്ലാഹുവാണല്ലോ സൃഷ്ടിക്കുന്നത്. അപ്പോള്‍ പ്രവൃത്തി ചെയ്യാനുള്ള മനുഷ്യന്റെ തിരഞ്ഞെടുപ്പ്/ ഉദ്ദേശ്യം- അതും അല്ലാഹു തന്നെയല്ലേ രൂപപ്പെടുത്തുന്നത്?
നന്മയും തിന്മയും ചെയ്യാനുള്ള ഉദ്ദേശ്യ സ്വാതന്ത്ര്യം മനുഷ്യനുണ്ട് എന്നതു നേരു തന്നെ. അതനുസരിച്ച് പ്രവൃത്തി ചെയ്യുന്നതും അവനാണെന്ന് പറയാം. പക്ഷേ, ഇഷ്ടാനുസരണം തീരുമാനമെടുക്കാനുള്ള കഴിവ് അല്ലാഹുവാണ് മനുഷ്യന് നല്‍കുന്നത്. അതുള്ളതുകൊണ്ട് മാത്രമാണ് അവന് സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നത്. അല്ലാഹു നല്‍കിയ ആ കഴിവ് ഉപയോഗപ്പെടുത്തിയല്ലാതെ ഒരു പ്രവര്‍ത്തനവും മനുഷ്യന്‍ ചെയ്യുന്നില്ല.
അപ്പോള്‍, തിരഞ്ഞെടുക്കാനുള്ള കഴിവ് അല്ലാഹുവാണ് നല്‍കിയത്. അത് ഉപയോഗപ്പെടുത്തി കൊണ്ട് മാത്രമാണ് മനുഷ്യന്‍ ചെയ്യുന്ന ഒരോ പ്രവൃത്തികളും. അതുപയോഗപ്പെടുത്തിക്കൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പ്രതിഫലവും തിന്മ ചെയ്യുമ്പോള്‍ ശിക്ഷയും ലഭിക്കുന്നു.
അല്ലാഹു നല്‍കിയ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള കഴിവിനെ മനുഷ്യന്റെ പ്രവൃത്തികളില്‍ നിന്നും വേറിട്ട ഒന്നായി വായിക്കുന്നത് മൗഢ്യമാണ്. കാരണം, അതനുസരിച്ച്, മനുഷ്യന് ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട് എന്നു പറയുന്നതില്‍ അര്‍ഥമില്ല. ഓരോ കാര്യങ്ങളിലും മനുഷ്യന്‍ എടുക്കുന്ന തീരുമാനങ്ങള്‍ അല്ലാഹു പൊതുവായി നല്‍കിയ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണല്ലോ രൂപപ്പെടുന്നത്.
ചുരുക്കത്തില്‍, അല്ലാഹുവിന്റെ എല്ലാ തീരുമാനങ്ങളും നീതിയുക്തമാണ്. ‘അക്രമപരം’ എന്ന് അല്ലാഹുവിന്റെ ഒരു ചെയ്തിയെയും നിരൂപിക്കാന്‍ മനുഷ്യന് നിര്‍വാഹമില്ല. സൃഷ്ടിയോട് തുലനപ്പെടുത്തി സൃഷ്ടാവിനെ വായിക്കുന്ന പ്രവണതയാണ് തിരുത്തപ്പെടേണ്ടത്.

Share this article

About സഈദ് റമദാന്‍ ബൂഥ്വി, വിവര്‍ത്തനം: സിനാന്‍ ബശീര്‍

View all posts by സഈദ് റമദാന്‍ ബൂഥ്വി, വിവര്‍ത്തനം: സിനാന്‍ ബശീര്‍ →

Leave a Reply

Your email address will not be published. Required fields are marked *