വെല്ലിമ്മയുടെ വിസായങ്ങള്‍

Reading Time: 2 minutes

കാലം വേഗത്തില്‍ പിന്നോട്ടു പാഞ്ഞു. പെറ്റമ്മയെന്ന വല്യുമ്മയുടെ ഓര്‍മകള്‍ മനസില്‍ മാറാല പിടിച്ചുകിടക്കുന്നുണ്ട്. ഒന്ന് തട്ടിയെടുത്തു. മുമ്പാരത്തെ നെയ്ത കസേരയില്‍ അവരിരിക്കുന്നതായി കണ്മുന്നില്‍ മിന്നി മറയുന്നുണ്ട്.
ഓട് പാകിയ ആ പഴയ തറവാട് പുര കാലയവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. ‘എടിയേയ്…. ഓന്‍ക്ക് ചോറ് ഇട്ത്ത് ബെക്കണട്ടാ..’ പെങ്ങന്‍മാരോട് പെറ്റമ്മ ഒരാജ്ഞയാണ്. രാത്രി വൈകി വീട്ടില്‍ വരുന്നത് കൊണ്ട് ഭക്ഷണം തീരുമോ എന്ന ആധിയാണ് പെറ്റമ്മക്ക്. തമാശക്ക് പെങ്ങന്മാര്‍ തര്‍ക്കിക്കും, ‘അവന്‍ക്ക് ഇവിടെ ചോറില്ല.’ രാത്രി പൂമുഖ റൂമിന്റെ ഓടാമ്പല്‍ നീക്കി അകത്തു കയറി ശബ്ദമില്ലാതെ ഭക്ഷണം കഴിക്കുമ്പോള്‍ എത്ര വൈകിയാലും പെറ്റമ്മ എണീറ്റ് വരും. നടുവകം വാതില്‍ തുറന്ന് എത്തിനോക്കും. കഴിക്കുന്നു എന്നുറപ്പ് വരുത്തി തിരിച്ചു ചെന്ന് കിടക്കും. നേരം വൈകിയേ എത്തൂവെന്നും ഭക്ഷണം പുറത്ത് നിന്ന് കഴിക്കുമെന്നും ലാന്‍ഡ്‌ഫോണില്‍ വിളിച്ചു പറഞ്ഞാല്‍ പിന്നെ ഉമ്മാക്ക് പൊറുതി കൊടുക്കില്ല. ആരാ വിളിച്ചത്? അവന്‍ എപ്പോഴാ വരിക? എന്നൊക്കെ അറിയാനുള്ള ബേജാറ്. പെറ്റമ്മയുടെ, വിടവുള്ള മരക്കട്ടിലും കോസഡി ബെഡും പ്രധാനമാണ്. അവിടെ ആരെയും ഇരിത്തില്ല. പക്ഷേ എനിക്ക് പ്രത്യേക പരിഗണനയുണ്ടവിടെ.
‘മോനേ വെത്തിലാട്ക്ക ബേടിക്കണം.’ വെറ്റില മുറുക്കല്‍ ശീലമുള്ള പെറ്റമ്മക്ക് ഞാന്‍ തന്നെ വാങ്ങിച്ചു കൊടുത്താലേ സമാധാനമാകൂ. മുറുക്കാന്‍ പെട്ടി കുട്ടികള്‍ എടുക്കാതിരിക്കാന്‍ ഉത്തരത്തില്‍ കയറ്റി വെക്കും. കട്ടിലിനടിയില്‍ പിച്ചളത്തിന്റെ മുറുക്കിപ്പിണ്ടി തുപ്പാന്‍ വേണ്ടി ഉണ്ടാകും. മറ്റു പേരക്കുട്ടികള്‍ കൊടുക്കുന്ന ഹദ് യകള്‍ സ്വരുക്കൂട്ടി തകരപ്പെട്ടിയില്‍ സൂക്ഷിക്കും. ചില്ലറ കോന്തലക്കല്‍ കെട്ടി വെക്കും. ആരും കാണാതെ എന്നെക്കൊണ്ട് എണ്ണി നോക്കിക്കും. പോക്കറ്റ് മണിക്ക് അതില്‍ നിന്ന് ഒരു വിഹിതം തരും.
ഡോക്ടറെ കാണാന്‍ ഓട്ടോ വിളിച്ചു കൊടുക്കണം. മരുന്ന് കഴിച്ചില്ലെങ്കിലും ഡോക്ടറെ കണ്ടാല്‍ തന്നെ പെറ്റമ്മക്ക് അസുഖം മാറിയ പ്രതീതിയായിരിക്കും. ‘ബിപിനോള്‍’ എന്ന പ്രഷറിന്റെ ഗുളിക വേറെ ആര്‍ക്കും വാങ്ങാന്‍ അറിയില്ല എന്ന ധാരണയാണ്. ‘അത് ഓന്‍ തന്നെ വാങ്ങിച്ചാലെ ശരിയാകൂ’ എന്ന് എല്ലാവരോടും പറയും. ചെവിയില്‍ ഇറ്റിക്കുന്ന തുള്ളി മരുന്ന് അത് കഴിഞ്ഞത് നോക്കാന്‍ പ്രയാസമാണ്. അപ്പോള്‍ എന്നെ വിളിച്ചു നോക്കിക്കും. ‘മോനേ ത് കയിഞ്ഞക്ക്ണാന്ന് നോക്ക്യേ..’
എന്റെ സൈക്കിള്‍ കുട്ടികള്‍ എടുത്തു കളിച്ചാല്‍ അവരെ വഴക്ക് പറയും. ‘അത് ഓന്റേതാ.. ങ്ങക്ക് കളിക്കാനുള്ളതല്ല, കേടു വരും..’ മകളുടെ വീടായ കുന്നത്ത് അമ്മായിയുടെ വീട്ടിലേക്ക് താമസിക്കാന്‍ പോയാല്‍ പിറ്റേന്ന് ചോദിച്ചുതുടങ്ങും. ‘ഓന്‍ ന്താ ഈ പടി കടക്കാത്തത്..’ വേഗത്തില്‍ പോയി കണ്ടു സമാശ്വസിപ്പിക്കും. വായ കഴുകാന്‍ പടിഞ്ഞാറേ കോലായിലെ തിണ്ണയില്‍ മൂളി (കിണ്ടി) എപ്പോഴും ഉണ്ടാകും. അത് ആരും തൊടാന്‍ പാടില്ല.
വടിക്കിനിയില്‍ ചോറ് ബെയ്ക്കുമ്പോള്‍ ഇരിക്കാന്‍ പലകയുണ്ടാകും. അത് ഉരലിന്റെ അടുത്ത് ചാരി വെക്കും. ആരും എടുക്കാന്‍ പാടില്ല. അരി മുറത്തില്‍ ചേറാന്‍ വടക്കേപ്പുറത്ത് കാലും നീട്ടി ഇരിക്കും. കൂട്ടിന് ചുറ്റും പെറുക്കി തിന്നാന്‍ കോഴികള്‍ കൂട്ടം കൂടും. ‘എടിയേയ്.. മോന്തി ആകാറായി. കോയിക്കൂട് അടക്കണട്ടാ..’ ഉറക്കെ വിളിച്ചു പറയും.
കുട്ടികള്‍ക്ക് അസുഖം വന്നാല്‍ ഉപ്പുമായി നാലു പുറത്തുകാര്‍ മന്ത്രിക്കാന്‍ വരും. ആശ്വാസത്തിന്റെ നെടുവീര്‍പ്പുമായ് അവര്‍ മടങ്ങും. അയലത്തെ ബീവത്തക്കും ഐശുത്താക്കും പെറ്റമ്മാടെ ഇഷ്ട വിഭവം മൗസൂറായ്ക്ക(മൈസൂര്‍ പഴം) വാങ്ങിച്ചു കൊടുക്കും.
‘എടിയേയ്.. മരിച്ചോരെ പേരില്‍ യാസീന്‍ ഓതണട്ടോ..’ എന്ന് പറയും. മച്ചിന്റകത്ത് ഉപ്പ കൊടുന്ന സ്യൂട്ട്‌കേസില്‍ കുപ്പായ ശീലകള്‍ ഉണ്ടാകും. പെരുന്നാള്‍, കല്യാണങ്ങള്‍ എന്നിവക്ക് വിളിച്ചു അടിപ്പിച്ചോളാന്‍ പറയും. ഉമ്മ ചോദിക്കും, ‘ഓന്‍ പേര്‍സേല്‍ (ഗള്‍ഫ്) പോയാല്‍ ങ്ങള് ന്താ കാട്ടാ…’ ‘അത് അപ്പളല്ലെടീ.. അപ്പൊ ഞമ്മക്ക് നോക്കാം..’ പെറ്റമ്മ മറുപടി പറയും.
യഥാര്‍ഥത്തില്‍ അത് സംഭവിച്ചു. വിസ കിട്ടിയ പിറ്റേ ദിവസം പെറ്റമ്മ ഈ ലോകത്തോട് വിട പറഞ്ഞു. ചില നിമിത്തങ്ങള്‍ അങ്ങനെയാണ്. നെഞ്ചിലെ നീറ്റലായി ഓരോ ആണ്ട് ദിനവും കടന്നുപോകും. ദുആയിരന്ന് ചീരണി വിതരണം ചെയ്യുമ്പോള്‍ ഓര്‍മകള്‍ കണ്ണീരായി ഒലിച്ചിറങ്ങും.
ഓരോ വീടിന്റെയും ഉമ്മറത്തെ കത്തിച്ചു വെച്ച വിളക്കായിരുന്നു വെല്ലിമ്മമാര്‍. പഴയ വിസായങ്ങളും ജീവിതങ്ങളും പുതിയ തലമുറക്ക് പകരാന്‍ ആ വിളക്കുകളില്ല. ഉമ്മമാരുടെ വഴക്കുകളില്‍ പിണങ്ങുന്ന കുട്ടികള്‍ വല്യുമ്മ വല്യുപ്പമാരുടെ മടിയിലൊന്നിരിന്നാല്‍ എല്ലാ കോപങ്ങളും അലിഞ്ഞു പോകും.
സംസ്‌കാരവും അറിവും സ്‌നേഹവും പകര്‍ന്നുനല്‍കിയാണ് പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടികള്‍ക്കിടയില്‍ അവര്‍ അന്തിയുറങ്ങുന്നത്. ആ വിളക്കുകളില്‍ നിന്ന് അല്‍പമെങ്കിലും നാം കത്തിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ കൃതാര്‍ഥരായി.

Share this article

About നിസാര്‍ പുത്തന്‍പള്ളി

nizarputhanpally@gmail.com

View all posts by നിസാര്‍ പുത്തന്‍പള്ളി →

Leave a Reply

Your email address will not be published. Required fields are marked *