അതിജീവനത്തിന്റെ തെരുവുകള്‍

Reading Time: 5 minutes

‘മനുഷ്യജീവിതമാകുന്ന മഹാനാടകത്തില്‍ ഇവരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിര്‍വഹിച്ച്, സ്വന്തമായ ജീവിതാഭിനയം പിന്തുടര്‍ന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തില്‍ തങ്ങളുടേതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ത്തി അന്തര്‍ദ്ധാനം ചെയ്തു. ചരിത്രകാരന്മാര്‍ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളില്‍ ഇവരുടെ പേരുകള്‍ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയില്‍, പട്ടടയില്‍, വെറും മണ്ണില്‍ ഇവര്‍ മാഞ്ഞുപോയി.! എന്നെന്നേക്കുമായി.! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു.’
‘ഒരു തെരുവിന്റെ കഥ’ യില്‍ എസ് കെ പൊറ്റക്കാട് ഇങ്ങനെ വരച്ചിടുന്നുണ്ട്. തെരുവും തെരുവിലെ ജീവിതങ്ങളും തമ്മിലുള്ള ഇഴച്ചേര്‍ച്ച യുടെ കഥ പറയുകയാണവിടെ.
രംഗ ഭാവഭേദങ്ങള്‍ വ്യത്യസ്തമാണെങ്കിലും ആ കഥയുടെ തനിയാവര്‍ത്തനങ്ങള്‍ എന്ന പോലെ, കോവിഡ് കാല ലോക്ഡൗണ്‍ പരിണാമങ്ങള്‍ അതിജീവനത്തിന്റെ തെരുവ് അനുഭവങ്ങളിലേക്ക് സ്വയം പരീക്ഷണ വസ്തുവായി ഇറങ്ങാന്‍ നമുക്കിടയില്‍ പലരെയും നിര്‍ബന്ധിതരാക്കി. കോവിഡ് വ്യാപനം അതിതീവ്രമായപ്പോള്‍ വിപണിയും കമ്പോളവും ഉപജീവനവും അപ്രതീക്ഷിതമായി താറുമാറായേല്ലാ.
ചൈനയിലെ വുഹാനില്‍ ഒരു തെരുവു മാര്‍കറ്റില്‍ നിന്ന് ഉടലെടുത്ത കൊറോണ വൈറസ് മഹാമാരി ജന ജീവിതങ്ങളുടെ താളം തകിടം മറിച്ചപ്പോള്‍ കുത്തുപാള എടുത്ത പലരും ആശ്വാസത്തിനായ് തെരുവുകളെ ആശ്രയിക്കേണ്ടിവന്നത് യാദൃഛികപ്പൊരുത്തം.
കോവിഡ് എല്ലാ മേഖലകളും അടപ്പിച്ചു. പൊതു സംവിധാനങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ കൃത്യമായി പ്രകടമായി. ലോകത്തെ പുതുക്കിപ്പണിയലല്ല; പുതിയ ലോകം തന്നെ സൃഷ്ടിച്ചു. അതിനാല്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതികളുടെ ഒരു നിര തന്നെയാണ് മുന്നിലുള്ളത്. അറ്റകുറ്റപ്പണികൊണ്ട് കാര്യമില്ല, വേണ്ടത് പുതിയ മാറ്റമാണ്.
ഇന്ത്യയിലെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ഈ ലോക്ക്ഡൗണ്‍ കാലത്ത് ഏറെ പ്രകടമായി. പട്ടിണിയും വിശപ്പും സഹിച്ച്, സ്വന്തം വീടുകള്‍ പോലും അന്യമാകുന്നൊരവസ്ഥ ഇന്ത്യയിലെ മറ്റിടങ്ങളിലേതില്‍ നിന്നു ഭിന്നമായി കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കും തെരുവു കച്ചവടക്കാര്‍ക്കും ഒരുപാട് പ്രയാസങ്ങളുണ്ടാക്കിയ കാലം. സമ്പന്നരെയും ഇടത്തരക്കാരെയും ഭക്ഷണത്തിന് വകയുള്ളവരെയും അവരുടെ വീട്ടില്‍തന്നെ നിര്‍ത്തിയപ്പോള്‍ നടേ പറഞ്ഞവരുടെ ദുരന്തം രോഗം മാത്രമായിരുന്നില്ല. പട്ടിണിയും വിശപ്പും സ്വന്തം വീടുകളെപ്പറ്റിയുള്ള അന്ധാളിപ്പുമായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളുടെ ജനജീവിതത്തോടുള്ള സമീപനവും അവരുടെ സാമ്പത്തിക പിന്‍ബലവും അവിടങ്ങളിലെ പൊതു സംവിധാനങ്ങളുടെ ഇടപെടല്‍ ശേഷിയും എല്ലായിടത്തും ബോധ്യപ്പെട്ടു.
കൈകഴുകുകയും മാസ്‌ക് ധരിക്കലും സാമൂഹ്യ അകലം പാലിക്കലുമെല്ലാമായി തെരുവിലെ കച്ചവടത്തിന് എന്തുകൊണ്ടും പ്രതികൂല അവസ്ഥ, ജീവിത സുരക്ഷ കൈവരിക്കാന്‍ ആരോഗ്യ സുരക്ഷയോടൊപ്പം തന്നെ സാമൂഹ്യ-സാമ്പത്തിക സുരക്ഷയും പ്രധാനമാണെന്ന് ഈ രോഗാവസ്ഥ നമ്മെ ബോധ്യപ്പെടുത്തിയിരിക്കയാണ്. എല്ലാ രംഗത്തും നിലനില്‍ക്കുന്ന അസമത്വമാണ് ദുരന്തങ്ങളെ രൂക്ഷമാക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടുകൂടിയാണ് ദുരന്തങ്ങളുടെ ആത്യന്തിക ഇരയായി ദരിദ്രര്‍ മാറുന്നത്.
തെരുവിലേക്കിറങ്ങിയ
അതിജീവനങ്ങള്‍
അന്നന്നത്തെ അന്നത്തിന് കഷ്ടിച്ച് സമ്പാദിച്ചു പോരുന്ന അടിസ്ഥാന ജനവിഭാഗങ്ങളെയാണ് കോവിഡ് കാലം അക്ഷരാര്‍ഥത്തില്‍ ലോക്കിലാക്കിയത്.
ദിനേന അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ ലഭിക്കുന്ന കഷ്ടിച്ച വരുമാനത്താല്‍ ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്ന മഹാഭൂരിഭാഗം ആളുകള്‍ക്കും ഓര്‍ക്കാപ്പുറത്തേറ്റ പ്രഹരമായി പൂട്ടിയിട്ട ജീവിതം മാറിയപ്പോള്‍ പര സഹായങ്ങളും റിലീഫുകളും ഒരു പരിധിവരെ അത്തരക്കാര്‍ക്ക് ആശ്വാസമായി മാറി. സാമ്പത്തികമായി വളരെ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് അല്‍പമെങ്കിലും നീക്കിവെച്ച സമ്പാദ്യങ്ങള്‍ മുന്നോട്ടുള്ള ചലനങ്ങള്‍ക്ക് ശക്തിപകര്‍ന്നു.
എന്നാല്‍ ഈ രണ്ടു വിഭാഗങ്ങള്‍ക്കും ഇടയില്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട പ്രതിസന്ധി നേരിടുന്നവര്‍ ആയിരുന്നു ഇടത്തരക്കാര്‍. ഒറ്റനോട്ടത്തില്‍ പ്രയാസങ്ങള്‍ കണ്ണില്‍ പതിയാത്ത എന്നാല്‍ അവിചാരിതമായി വന്ന ലോക്കില്‍ ഷോക്കായ അവരുടെ അവസ്ഥകളായിരുന്നു അത്യധികം ദയനീയം. ജീവകാരുണ്യ സഹായങ്ങള്‍ സാധാരണഗതിയില്‍ അത്തരക്കാരെ തേടി എത്താറില്ല. ഇല്ലായ്മകള്‍ പുറത്തറിയിച്ചത് അവര്‍ക്ക് പരിചയവും ഉണ്ടാവില്ല. വളരെ തുച്ഛമായ വരുമാനത്തിന് വിദേശത്ത് ജോലി ചെയ്യുന്നവരുടെ കുടുംബങ്ങള്‍, ആ സാഹചര്യത്തില്‍ നാട്ടില്‍ ലീവിന് എത്തിയ പ്രവാസികള്‍ തുടങ്ങി ഇടത്തരക്കാരുടെ ഗണത്തിലെ അനേകമാളുകളെ കൊറോണ പ്രതിസന്ധി കാലം ശരിക്കും വീര്‍പ്പുമുട്ടിക്കുകയായി രുന്നു.
തങ്ങള്‍ ചെയ്തു പോന്നിരുന്ന ഉപജീവനമാര്‍ഗങ്ങള്‍ കൊട്ടിയടക്കപ്പെടുകയും ആ രംഗത്തേക്ക് ഒരു തിരിച്ചുപോക്ക് എന്ന് സാധ്യമാകുമെന്ന കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുകയും ചെയ്തപ്പോള്‍ എരിയുന്ന വയറുകളെ ഓര്‍ത്തു വീട്ടില്‍ ഇരിക്കാന്‍ കഴിയാതെ രണ്ടും കല്‍പ്പിച്ച് ഏറെ പേരും തെരുവിലിറങ്ങി.
പള്ളിയിലെ ഇമാമും സൂപര്‍മാര്‍കറ്റിലെ ജോലിക്കാരാനും പാരലല്‍ കോളജിലെ അധ്യാപകനും ലീവിന് വന്ന പ്രവാസിയുമെല്ലാം അവനവന്റെ അടുപ്പു പുകയാന്‍ വിവിധ വഴിയോര വാണിഭ ങ്ങളില്‍ ഏര്‍പ്പെട്ടു. പലരും പത്ര കോളങ്ങളില്‍ വൈറലായി. അഭിനന്ദനങ്ങളും അംഗീകാരങ്ങളും വാഗ്ദാനങ്ങളും പരന്നൊഴുകി.
ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു പൂട്ടിയപ്പോള്‍ മദ്‌റസാ അധ്യാപകരും ഉസ്താദുമാരും വളരെ ക്രിയാത്മകമായ ബദല്‍ സംവിധാനങ്ങള്‍ തേടി എന്നത് ഈ സീസണിലെ വേറിട്ട അനുഭവമായി മാറി. പാതയോരങ്ങളില്‍ മറ്റുള്ളവരോടൊപ്പം അവരും തെരുവു കച്ചവടത്തിന്റെ രുചികള്‍ അറിഞ്ഞു. സുഗന്ധദ്രവ്യങ്ങള്‍, പൊതിച്ചോറുകള്‍, അവശ്യ വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, പഴവര്‍ഗങ്ങള്‍, മറ്റു വിവിധ ഹോംമെയ്ഡ് പ്രോഡക്റ്റുകള്‍ കൊണ്ട് പ്രതിസന്ധികളെ മറികടക്കാന്‍ ഏവരും പഠിച്ചുതുടങ്ങി.
ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ തുടങ്ങിയ കൊടുക്കല്‍വാങ്ങലുകള്‍ വിവിധ കാലഘട്ടങ്ങളില്‍ ഗ്രാമ ചന്തകളായും വഴിവാണിഭമായും ഏറ്റവുമൊടുവില്‍ സൂപര്‍മാര്‍കറ്റുകള്‍ ആയും ഓണ്‍ലൈന്‍ ഷോപ്പിംഗുകളുമായും പരിവര്‍ത്തനങ്ങള്‍ പ്രകടമായപ്പോള്‍ ഓരോ കാലത്തെയും കച്ചവട സൂത്രങ്ങള്‍ മനുഷ്യന് പഠിച്ചു വശമായിരുന്നു. അത്തരം പരിചയങ്ങള്‍ ലവലേശം ഇല്ലാത്തവരാണ് ലോക്ക് ഡൗണ്‍ കമ്പോളങ്ങളില്‍ അല്‍പമെങ്കിലും പ്രയാസപ്പെട്ടത്.

കരുതല്‍ കാത്ത് കഞ്ഞിക്കലങ്ങള്‍
ഇടതടവില്ലാതെ തുടര്‍ന്ന് പോന്നിരുന്ന വരുമാന മാര്‍ഗങ്ങള്‍ നിലക്കുകയും ചെറിയ രീതിയിലുള്ള ഉപജീവന സ്രോതസുകള്‍ പോലും നിശ്ചലമാവുകയും ചെയ്തപ്പോള്‍ പ്രാപ്യമാകുന്ന ഏതു വഴിയും സമീപിക്കുക എന്നത് പ്രതിസന്ധിയില്‍ അകപ്പെട്ടവര്‍ക്ക് മുന്നിലുള്ള ഏക പോംവഴി ആയിരുന്നു. ധൂര്‍ത്തിനെയും ദുര്‍വിനിയോഗത്തെയും പഴിക്കുമ്പോഴും ലളിത ജീവിതത്തിന്റെ പാഠങ്ങള്‍ അഭ്യസിക്കാന്‍ മലയാളികള്‍ മറന്നുപോയിരുന്നു. ആവശ്യമായ പരിശീലനങ്ങളുടെ അഭാവം ഉണ്ടാക്കുന്ന ആഭ്യന്തര പ്രതിസന്ധി ആ രംഗത്ത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്.
ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പുറത്തുപോയി മേത്തരം ഭക്ഷണം കഴിക്കണം എന്നത് നമുക്കിടയില്‍ സര്‍വസാധാരണമായതുപോലെ യാത്ര, വസ്ത്രം, വാഹനം ജീവിതസൗകര്യങ്ങള്‍ തുടങ്ങിയവയിലും ലവലേശം പിശുക്കില്ലാത്ത ദുര്‍വ്യയങ്ങള്‍ ആപേക്ഷികമായി സമൂഹത്തില്‍ ശക്തി പ്രാപിച്ചിരുന്നു. അത്തരം നടപ്പു ശീലങ്ങളെ മാറ്റിയെടുക്കുക എന്ന സാഹസം കൂടി ഈ കോവിഡ് കാലത്ത് മലയാളികള്‍ ഏറ്റെടുത്ത് പരിശീലിക്കുക വേണ്ടിവന്നു.
ലോക്ഡൗണ്‍ കാലം ആപേക്ഷികമായ ദാരിദ്ര്യത്തിന്റെ ചൂടും ചൂരും അനുഭവപ്പെട്ട കാലം കൂടിയാണ്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും എങ്കിലും അന്നന്നത്തെ അന്നവും മറ്റു ജീവിത ചെലവുകളും നിവര്‍ത്തിച്ചു പോരുവാന്‍ പലരും നന്നായി കഷ്ടപ്പെട്ടു.
തെരുവിലെ വെയില്‍ കൊണ്ടു ദീര്‍ഘ നേരങ്ങള്‍ പാതയോരത്ത് നിന്ന്, പരിചിതമല്ലാത്ത കമ്പോള വഴക്കങ്ങള്‍ സ്വയം പയറ്റി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പരിശ്രമം തുടര്‍ന്നു.
സാമ്പ്രദായിക വാണിഭങ്ങള്‍ പരിമിതികളില്‍ പരുങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ കച്ചവട പരീക്ഷണങ്ങളും ഈ രംഗത്ത് തകൃതിയായി നടന്നു. നാട്ടിന്‍പുറങ്ങളില്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടന്ന ഓണ്‍ലൈന്‍ കച്ചവടങ്ങള്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു. കോവിഡ് വ്യാപനം അതിതീവ്രമായപ്പോള്‍ തെരുവുകച്ചവടക്കാരുടെ വലിയങ്ങാടി ആയ കോഴിക്കോട് മിഠായി തെരുവില്‍ കച്ചവടം ഗണ്യമായി കുറഞ്ഞത് മൂലം ഓണ്‍ലൈന്‍ വ്യാപാരം പരീക്ഷിച്ചിരുന്നു.
മിഠായിത്തെരുവിലെ മധുരവും തുണിത്തരങ്ങളുമെല്ലാം ഓണ്‍ലൈനായി കോഴിക്കോട്ടുകാരുടെ വീട്ടുപടിക്കലെത്തിക്കുകയായിരുന്നു പ്രവര്‍ത്തനരീതി. എസ്എം സ്ട്രീറ്റ് എന്ന ആപ്പിലൂടെയാണ് ഓണ്‍ലൈന്‍ കച്ചവടം ആവിഷ്‌കരിച്ചത്. ഫിക്‌സോ എന്ന ഇ കൊമേഴ്‌സ് സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി സംവിധാനിച്ചത്. നഗരപരിധിയില്‍ ഉള്ള ആളുകളാണെങ്കില്‍ രണ്ട് മണിക്കൂറിനകം ഓര്‍ഡര്‍ ചെയ്തവ എത്തിച്ചുനല്‍കിയിരുന്നു.
എല്ലാത്തിനും പുറമെ, കടകളിലേതിനു സമാനമായി വിലപേശി സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. വറുതിയുടെ കാലം മറികടക്കാന്‍ പെടാപ്പാടുപെടുന്നവരില്‍ നിയമനം അംഗീകരിക്കാന്‍ കാത്തുകിടന്ന അധ്യാപകര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുണ്ടായിരുന്നു.
തങ്ങളുടെ വീട്ടിലെ കഞ്ഞിക്കലം കാലി ആണെന്ന് ഉത്തരവാദിത്വപ്പെട്ട വരെ ബോധ്യപ്പെടുത്തുകയും അതേസമയം തന്നെ കുടുംബം മുന്നോട്ടുപോകാന്‍ അധ്വാനിക്കുകയും വേണ്ടിവരുന്ന അത്തരം ആളുകളുടെ അവസ്ഥകള്‍ അതിദയനീയമായിരുന്നു.
നോണ്‍ അപ്രൂവല്‍ഡ് ടീച്ചേഴ്‌സ് യൂണിയന്‍ മലപ്പുറം, മലപ്പുറം കലക്ടറേറ്റില്‍ അധികൃതരുടെ കണ്ണു തുറക്കാനും തങ്ങളുടെ പരിതസ്ഥിതി ബോധ്യപ്പെടുത്താനും മൂന്ന് മാസങ്ങള്‍ക്കു മുമ്പ് നടത്തിയ അനിശ്ചിതകാല സമരത്തിന്റെ സുപ്രധാനമായ ഒരു ഭാഗം തെരുവ് കച്ചവടം നടത്തലായിരുന്നു. അംഗീകാരം എന്ന കീറാമുട്ടിക്കുവേണ്ടി വലിച്ചു നീട്ടി തങ്ങളുടെ വിയര്‍പ്പിന്റെ വില അറിയാത്തവര്‍ക്ക് മുന്നില്‍ അതിജീവനത്തിന്റെ അടയാളപ്പെടുത്തല്‍ ആയിരുന്നു ആ തെരുവ് കച്ചവട സമരം.

കച്ചവടക്കാര്‍ക്കിടയിലെ ക്രമപ്രശ്‌നങ്ങള്‍
‘എന്താ വില?’ ‘ഒന്ന് പത്ത്, ജോഡി പയിനഞ്ച്.’
‘കുറവുണ്ടോ…?’
‘തൊടങ്യേരം ഇണ്‍ടായീന്.. ഇപ്പോ ഒര് കൊറവൂല്യാ.. കൊല്ലം അഞ്ചാറായി ഈ കച്ചോടം തൊടങ്ങീറ്റ്, കൊറവ് ബിചാരിച്ചാ പൊരയില് അരി മാങ്ങണ്ടേ..?’
വഴിവാണിഭം എന്ന തലവാചകത്തില്‍ ഫേസ്ബുക്കില്‍ കണ്ട ഒരു ലഘുകുറിപ്പാണിത്. ഓരോ തെരുവു കച്ചവടക്കാരനും അഭിമുഖീകരിക്കേണ്ടിവരുന്ന അത്യന്തം ദുഃഖകരമായ സാഹചര്യങ്ങളെ തനി നാടന്‍ ഭാഷയില്‍ വളച്ചുകെട്ടില്ലാതെ വിവരിച്ച മേല്‍വരികള്‍ എത്രമേല്‍ സത്യമാണ്! ലോകം എത്ര പുരോഗമിച്ചാലും മനുഷ്യന്റെ ആര്‍ത്തിക്ക് മാറ്റമില്ല എന്നതിന്റെ കൂടി പര്യായമാണ് മുകളിലെ വിലപേശല്‍ വരികള്‍.

സമാനമായ ഒരു കഥ
സൃഷ്ടി പഥം എന്ന സാമൂഹിക മാധ്യമ കൂട്ടായ്മയില്‍ ശ്രീകല മേനോന്‍ എഴുതിയിട്ടുണ്ട് ‘അച്ചാറു വില്‍ക്കുന്ന പെണ്‍കുട്ടി’. മാനുഷികത നിറഞ്ഞ പ്രമേയം ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ആ കഥയില്‍. പലപ്പോഴും നാം മറന്നുപോകുന്ന, എന്നാല്‍ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ ആ കഥയിലുണ്ട്.
വലിയ വലിയ സൂപര്‍മാര്‍കറ്റുകളിലും മാളുകളിലും കയറി ആവശ്യമുള്ളതും ഇല്ലാത്തതുമായ സാധനങ്ങള്‍, അവര്‍ പറയുന്ന വില കൊടുത്തു വാങ്ങുന്ന നാം വഴിയോരത്ത് അന്നന്നേക്കുള്ള അന്നത്തിനായ് വഴിവാണിഭം ചെയ്യുന്ന അരപ്പട്ടിണിക്കാരോട് ഒരു രൂപക്കുവേണ്ടിപോലും വിലപേശല്‍ നടത്തുന്നു.
നക്ഷത്രഹോട്ടലിലും ബാറുകളിലും അമ്പതും നൂറും ‘ടിപ്പ്’ കൊടുത്തിറങ്ങുന്ന നമ്മള്‍ തെരുവില്‍ വിശപ്പടക്കാന്‍ കൈനീട്ടുന്ന ജന്‍മങ്ങളെ കണ്ടില്ലെന്നു നടിച്ച് മുന്നോട്ട് പോകുന്നു .
ഇത്തരം വികൃതമനസ്ഥിതികളെ വിചിന്തനത്തിലേക്ക് നയിക്കുന്ന ഒരു ചെറുകഥയാണ് ‘അച്ചാറ് വില്‍ക്കുന്ന പെണ്‍കുട്ടി’. ആരെയും ആശ്രയിക്കാതെ അധ്വാനിച്ചു ജീവിക്കാനും, അര്‍ഹതയില്ലാത്ത ഒരു രൂപപോലും ആഗ്രഹിക്കരുത് എന്നും ഉറച്ചു തീരുമാനമെടുത്ത അച്ചാറ്/മറ്റ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന പെണ്‍കുട്ടികള്‍/ ആണ്‍കുട്ടികള്‍/മറ്റുള്ളവര്‍ നമുക്ക് ചുറ്റും വേറെയുമുണ്ട്. ആത്മാഭിമാനമുള്ള അധ്വാനവര്‍ഗത്തിന്റെ പ്രതീകമാണവര്‍.
അവരെ ജീവിക്കാന്‍ സഹായിക്കാനായി, അവരുടെ അധ്വാനിക്കാനുള്ള മനസിനെ മാനിക്കാനായി നാമെല്ലാവരും വാങ്ങണം; ആത്മാഭിമാനം നിറച്ച അത്തരം അച്ചാറ് കുപ്പികള്‍.
തെരുവു കച്ചവടക്കാര്‍ നേരിടുന്ന സുപ്രധാനമായ ഒരു വെല്ലുവിളിയാണ് സാമ്പ്രദായിക വ്യാപാര വ്യവസായ രംഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകള്‍. അത്തരം മേഖലകളെ അപേക്ഷിച്ച് സുരക്ഷിതമോ സംഘടിതമോ അല്ല എന്നതും ആശ്വാസ പദ്ധതികള്‍ ഇല്ല എന്നതും സമാന്തര കച്ചവടങ്ങളുടെ അതിപ്രസരങ്ങള്‍ വര്‍ധിക്കുന്നതും വഴിയോര വാണിഭ ക്കാരുടെ കഞ്ഞിയില്‍ പൂഴി വാരി ഇടുന്ന ഘടകങ്ങളാണ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് കച്ചവട വിഭവങ്ങള്‍ കേടുപാടുകള്‍ സംഭവിക്കുന്നതും ഈ രംഗത്തെ മറ്റൊരു തലവേദനയാണ്.
ഉപ്പു മുതല്‍ കര്‍പ്പൂരം വരെ റോഡില്‍ വില്‍പനക്ക് വെക്കുന്നു എന്നത് ഒറ്റനോട്ടത്തില്‍ വന്‍കച്ചവട ലാഭ സാധ്യതയായി വിലയിരുത്തപ്പെടുന്നുവെങ്കിലും നടപ്പുരീതികളോടുള്ള പൊരുതല്‍ എന്ന നിലയില്‍ ഒരു പരീക്ഷണം മാത്രമാണ് സാധാരണ തെരുവ് കച്ചവടങ്ങള്‍. തെരുവ് ഇടപാടില്‍ വില്‍പ്പനക്കാരനും ഉപഭോക്താവും തമ്മിലുള്ള അപരിചിതത്വം ഉത്പന്നങ്ങളുടെ ഗുണനിലവാര അവ്യക്തത ഭക്ഷണസാധനങ്ങളുടെ ശുചിത്വക്കുറവ് സുരക്ഷിതത്വമില്ലായ്മ തുടങ്ങി ഒട്ടേറെ കാരണങ്ങളാല്‍ കച്ചവടരംഗത്ത് വിപരീതഫലങ്ങള്‍ ഉണ്ടാവാറുണ്ട്. സ്ഥായിയായ സംവിധാനം അല്ലാത്തതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഗുണനിലവാര ശുചിത്വ പരിശോധന ഉറപ്പുവരുത്താനും പ്രയാസമാവുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പാതയോരങ്ങളില്‍ അത്തരം പതിനായിരക്കണക്കിന് വാണിഭങ്ങള്‍ നടന്നുവരുന്നു.
നിയമാനുസൃതമായി നടന്നുവരുന്ന സാമ്പ്രദായിക കച്ചവടങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടുതന്നെ വഴിവാണിഭക്കാരോട് സന്ധിയാവാന്‍ അവര്‍ക്ക് കഴിയില്ല
നിയമ വ്യവസ്ഥകള്‍ പാലിച്ച് തദ്ദേശ സ്വയം ഭണ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന ലൈസന്‍സുകള്‍, ഫുഡ് ആന്റ് സേഫ്റ്റി ലൈസന്‍സ്, പാക്കേജ് ലൈസന്‍സ്, ജിഎസ്ടി രജിസ്‌ട്രേഷന്‍, കുടിവെള്ള പരിശോധന തുടങ്ങി ധാരാളം വ്യവസ്ഥകള്‍ക്ക് വിധേയമായി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന വ്യാപാരികളെ ദ്രോഹിക്കുന്ന നിലയിലാണ് വഴിവാണിഭം നടക്കുന്നത് എന്നാണ് വ്യാപാരികളുടെ പക്ഷം. കോവിഡ് മഹാമാരി ശക്തമാകുമ്പോള്‍ പോലും കോവിഡ് വ്യാപന സാധ്യത ഇല്ലാതാക്കാനുള്ള മുന്‍കരുതല്‍ എടുത്ത് തങ്ങള്‍ വ്യാപാരം ചെയ്യുമ്പോള്‍ യാതൊരു നിയന്ത്രണവുമില്ലാത്ത തെരുവ് വാണിഭം നടക്കുയാണ്. അതുകൊണ്ടുതന്നെ നിയമവിധേയ വ്യാപാരത്തിന്റെ മരണമണിയാവുകയാണ് അനധികൃത തെരുവ് വ്യാപാരമെന്നു സാമ്പ്രദായിക വ്യാപാരികള്‍ പറയുന്നു.

വേണ്ടത് പ്രായോഗിക പരിഹാരങ്ങള്‍
ജീവന്റെ നിലനില്‍പ്പിന് ആവശ്യമായ തൊഴില്‍ എന്ന രീതിയില്‍ എല്ലാവിഭാഗം തൊഴിലാളികളെയും കച്ചവടക്കാരെയും അര്‍ഹമായ രീതിയില്‍ പരിഗണിക്കുവാനും പ്രശ്‌നങ്ങളുടെ പരിഹാരം കണ്ടെത്താനും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ തന്നെ സ്ഥായിയായ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കണം. വഴിവാണിഭക്കാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യമായ പ്രായോഗിക ബദലുകള്‍ ഈ രംഗത്ത് പരീക്ഷണാര്‍ഥത്തില്‍ നടപ്പിലാക്കി തുടങ്ങണം. സാധാരണ കമ്പോളത്തില്‍ വിപണി കണ്ടെത്താന്‍ പ്രയാസം അനുഭവിക്കുന്ന വിത്ത്, വളം, നാടന്‍ വിഭവങ്ങള്‍, പഴങ്ങള്‍ തുടങ്ങിയ തനത് വിഭവങ്ങള്‍ തെരുവ് കച്ചവടക്കാര്‍ക്ക് പ്രത്യേക അനുപാതത്തില്‍ അവസരങ്ങള്‍ നല്‍കുക. ചെറു സംരംഭകത്വ പ്രോത്സാഹനം വഴി സ്വയം പര്യാപ്തതയിലേക്ക് എത്തുവാന്‍ തെരുവുകച്ചവടക്കാരെ കൂടി ചേര്‍ത്തുപിടിക്കുക തുടങ്ങിയവ പരീക്ഷിക്കാവുന്നതാണ്. തെരുവ് കച്ചവടക്കാര്‍ക്കും സാമ്പ്രദായിക വ്യാപാരികള്‍ക്കും ഇടയില്‍ സൗഹൃദം വളര്‍ത്താന്‍ ഇരുവിഭാഗങ്ങള്‍ക്കും പ്രത്യേകം കാറ്റഗറികള്‍ നിശ്ചയിക്കുകയും ഓരോരുത്തര്‍ക്കും അനുയോജ്യമായ രീതിയിലുള്ള വായ്പാ സംവിധാനങ്ങള്‍ നിലവില്‍ വരുത്തുന്നതും ഈ രംഗത്തെ നല്ല മുന്നോട്ടുപോക്കിന് സഹായകമാകും.
നഗര പ്രദേശത്തു (മുനിസിപാലിറ്റിയില്‍) തെരുവു കച്ചവടം നടത്തുന്നവര്‍ക്ക് 10,000 രൂപ വായ്പ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി നിലവിലുണ്ട്. നേരത്തെ നഗരസഭകള്‍ നടത്തിയ സര്‍വേയില്‍ ഉള്‍പ്പെട്ടതും 2020 മാര്‍ച്ച് 24നു മുമ്പ് നഗരത്തില്‍ തെരുവു കച്ചവടം നടത്തിയിരുന്നവര്‍ക്കുമാണ് അര്‍ഹത. ഒരു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. സ്വനിധി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ ഒരു വര്‍ഷം കൊണ്ട് തിരിച്ചയക്കുന്നവര്‍ക്ക് വീണ്ടും സെക്യൂരിറ്റിയില്ലാതെ വായ്പക്ക് അര്‍ഹതയുണ്ടായിരിക്കും. നഗര പ്രദേശത്തുള്ളവര്‍ക്ക് ആണ് ഇത്. ഇതുപോലെ മറ്റു പ്രദേശങ്ങളിലെ തെരുവ് കച്ചവടക്കാര്‍ക്കും തൊഴിലിനെ പ്രോത്സാഹിപ്പിക്കാന്‍ ആകര്‍ഷകമായ സഹായ പദ്ധതികള്‍ കൂടുതല്‍ ഉണ്ടാവണം. അതോടു കൂടെ തന്നെ പരിമിതികള്‍ മറികടന്ന് തെരുവില്‍ കച്ചവടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ ബദല്‍ ലേബര്‍ കോഴ്‌സുകള്‍ സര്‍ക്കാര്‍ സംവിധാനം വഴി തന്നെ പരിശീലിപ്പിക്കണം. നിയമാനുസൃതമായ പരിശോധനകളോടെ ഓരോ തെരുവ് കച്ചവടക്കാര്‍ക്കും പ്രത്യേക ഷെല്‍ട്ടറുകള്‍ സംവിധാനിക്കുന്നത് ആ രംഗത്തെ അസമത്വം ഇല്ലായ്മ ചെയ്യാന്‍ കഴിയും. കൃത്യമായ ശുചിത്വ പാലനം ഉറപ്പുവരുത്തുന്ന കേന്ദ്രീകൃത മാര്‍കറ്റുകള്‍ ആക്കി അവയെ പിന്നീട് വിപുലപ്പെടുത്താനും അതുവഴി തെരുവു കച്ചവടം മൂലം പ്രയാസപ്പെടുന്ന അനേകം ആളുകളെ പുനരധിവസിപ്പിക്കാനും കഴിയും.

Share this article

About യു.എ റശീദ് പാലത്തറഗേറ്റ്

rasheedgate@gmail.com

View all posts by യു.എ റശീദ് പാലത്തറഗേറ്റ് →

Leave a Reply

Your email address will not be published. Required fields are marked *