രിസാല ജീവിതം

Reading Time: 2 minutes

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശി ആസാദാണ് വിദ്യാര്‍ഥി കാലത്തു തുടങ്ങിയ രിസാലയോടൊപ്പമുള്ള ജീവിതം മധ്യവയസു പിന്നിട്ടും തുടരുന്നത്. എസ് എസ് എഫില്‍ പ്രവര്‍ത്തനം തുടങ്ങി ഇപ്പോള്‍ മുസ്‌ലിം ജമാഅത്തില്‍ കര്‍മ മണ്ഡലം വിനിയോഗിക്കുമ്പോഴും രിസാല കൈയൊഴിയുന്നില്ല. കൈയിലെ ബാഗില്‍ അതാതു ആഴ്ചയിലെ രിസാലയുണ്ടാകും. രിസാല അച്ചടിക്കുന്ന ആശയത്തുടിപ്പുകളെ നെഞ്ചേറ്റിയാണ് ആസാദ്ക്കയുടെ ജീവിതം.
1985ലാണ് രിസാലയുടെ വായനാ ലോകത്തേക്ക് ആസാദ്ക്കയുടെ രംഗപ്രവേശം. കൊച്ചിയിലെ ചെറുപ്പകാലത്ത് എസ് എസ് എഫിലേക്കുള്ള കടന്നുവരവും യൂനിറ്റിലെ സംഘടനാ ലൈബ്രറിയിലെയും മറ്റും വായനാ സാഹചര്യങ്ങളും വിദ്യാര്‍ഥി ജീവിതത്തില്‍ തന്നെ വായനയോടുള്ള ഇഷ്ടക്കാരനാക്കി മാറ്റി.
ഒരു വര്‍ഷത്തെ രിസാല വായനകൊണ്ട് പകരം വെക്കാനില്ലാത്ത വിഭവങ്ങളും പംക്തികളും രിസാല നല്‍കി. ഒപ്പം മദ്‌റസയിലെ അധ്യാപകനായ അലിയാര്‍ ഉസ്താദില്‍നിന്നു ലഭിച്ച രിസാലയുടെ ആദ്യ ലക്കം മുതലുള്ള കോപ്പികളും രിസാലയോടുള്ള ഇഷ്ടം വളരുന്നതിന് കാരണമായി.
അങ്ങനെയാണ് 1986ല്‍ എസ് എസ് എല്‍ സി കാലഘട്ടത്തില്‍ മട്ടാഞ്ചേരി-കൊച്ചി രിസാല ഏജന്‍സിക്ക് ആസാദ്ക്ക തുടക്കമിടുന്നത്. വായനയോടുള്ള അഭിനിവേശവും രിസാല വായിച്ചാല്‍ മാത്രം ലഭിക്കുന്ന ആന്തരിക വെളിച്ചവും 25 വായനക്കാരെ കണ്ടെത്താനും അവരിലേക്ക് രിസാല എത്തിക്കാനും പ്രചോദനമായി. അലിയാരുസ്താദും അന്നത്തെ സംഘടനാ നേതാവായിരുന്ന എം മുഹമ്മദ് ഹനീഫ് സാഹിബും ഊര്‍ജം നല്‍കി കൂടെനിന്നു.
പുതിയ റോഡ്, ഫോര്‍ട്ട് കൊച്ചി ഇങ്ങനെ രിസാലയുമേന്തി മുടങ്ങാതെ വായനക്കാരെ തേടി സൈക്കിള്‍ ചവിട്ടി. രിസാലക്കുവേണ്ടി സൈക്കിള്‍ ചവിട്ടി പഠിച്ചു എന്നു പറയലാവും കൂടുതല്‍ ശരി. രണ്ടുവര്‍ഷം ആകുമ്പോഴേക്കും കോപ്പികള്‍ ഇരുപത്തിയഞ്ചില്‍നിന്ന് അറുപതിലേക്കെത്തി. അതിനിടയിലാണ് കൊച്ചിയില്‍നിന്ന് കൊടുങ്ങല്ലൂരിലേക്ക് വീടുമാറ്റം സംഭവിക്കുന്നത്. മാതൃസഹോദരി പുത്രനെ കൊച്ചി മട്ടാഞ്ചേരി രിസാല ഏജന്‍സി എല്‍പിച്ചു. പ്രിഡിഗ്രി പഠനവും കഴിഞ്ഞ് കൊടുങ്ങല്ലൂരിലെ മാടവനക്കടുത്ത് ഐനിക്കപറമ്പില്‍ സ്ഥിരതാമസമാക്കി. ആ വര്‍ഷംതന്നെ രിസാലയുടെ ഏജന്‍സി അവിടെയും തുടങ്ങി.
കൊച്ചിയിലായിരിക്കുമ്പോള്‍ സുന്നികള്‍ക്കിടയില്‍ മാത്രം വിതരണം ചെയ്തിരുന്ന രിസാല, കൊടുങ്ങല്ലൂരിലെത്തിയപ്പോള്‍ കൂറെക്കൂടി വികസിതമായി. എല്ലാ സമൂഹത്തിലേക്കും രിസാലയുമേന്തി ആസാദ്ക്ക കടന്നുചെന്നു. കൊടുങ്ങല്ലൂരിലെ ബസ്സ്റ്റാന്‍ഡുകളിലും കൂള്‍ബാറുകളിലും രിസാലയെത്തി.
ഏത് സാഹചര്യത്തിലും ആളുകള്‍ രിസാല വായിക്കട്ടെ എന്ന ചിന്തയില്‍ കൈയില്‍നിന്ന് പണമെടുത്തും രിസാല പുസ്തക കടകളിലേക്കും ലൈബ്രറികളിലേക്കും ക്ലബുകളിലേക്കും തൊഴിലിടത്തിലെ കൂട്ടുകാരിലേക്കും എത്തിച്ചു.
അങ്ങനെയിരിക്കെയാണ് മാടവന ജാമിഅ അറബിയ്യയുടെ ഒന്നാം സനദ് ദാന സമ്മേളനം നടക്കുന്നത്. സമ്മേളന പരിസരത്ത് ബിദഈ ചിന്താധാരയിലുള്ള ഏതാനും പേര്‍ ബുക്‌ഫെയര്‍ ഒരുക്കി. ഇസ്‌ലാമിന്റെ തനത് ആശയങ്ങള്‍ പ്രകാശിപ്പിക്കുന്ന ബുക്‌ഫെയര്‍ വേണമെന്ന ചിന്തയില്‍ അബ്ദുര്‍റസാഖ് കൊറ്റി മുഖേന വലിയൊരു പുസ്തക കൂമ്പാരം തന്നെ കോഴിക്കോട് നിന്ന് വരുത്തിക്കുകയും ബുക് ഫെയര്‍ നടത്തി വന്‍വിജയമാകുകയും ചെയ്തു. തുടര്‍ന്ന് അബ്ദുര്‍റസാഖ് കൊറ്റിയുടെ നിര്‍ദേശത്തില്‍ തന്നെ 30 കോപ്പി മാത്രമുണ്ടായിരുന്ന രിസാല 150 കോപ്പിയായി ഉയര്‍ത്തി. സബ് ഏജന്‍സികള്‍ തുടങ്ങാനും ഇതു കാരണമായി.
സംഘടനാ ജീവിതത്തിലും രിസാല ജീവിതത്തിലും അബ്ദുര്‍റസാഖ് കൊറ്റി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഊര്‍ജം വളരെ വലുതായിരുന്നു. തൊണ്ണൂറുകളുടെ കാലഘട്ടമാണ് രിസാലയുടെ വര്‍ധിതവും വേഗതയുമുള്ള കാലമായി ആസാദ്ക്ക വിലയിരുത്തുന്നത്. മാസികയായും ദ്വൈവാരികയായും വാരികയായും ടാബ്ലോയിഡായുമെല്ലാം രിസാല രൂപവും ശൈലിയും സ്വീകരിച്ചിരുന്ന കാലത്ത് ഓരോ ലക്കവും കരുതലോടെ വാങ്ങുകയും സൂക്ഷിക്കുകയും റഫറന്‍സായി ഉപയോഗിക്കുകയും ചെയ്യുന്ന അനേകം പേരുണ്ടായിരുന്നു. രിസാല വായനക്കാരെ തേടിയുള്ള ഓട്ടത്തില്‍ അക്ഷരം കൊണ്ട് ദൃഢമായ ബന്ധങ്ങളും ജീവിതത്തില്‍ കൂട്ടാണെന്ന് ആസാദ്ക്ക ഓര്‍മിക്കുന്നു.
നീണ്ട 34 വര്‍ഷമായി രിസാലയുടെ വഴിയില്‍ ആസാദ്ക്കയുണ്ട്. കേവലം എത്തിച്ചുകൊടുക്കലില്‍നിന്ന് മാറി വായിച്ചറിഞ്ഞ് വായനക്കാരിലേക്ക് പടര്‍ത്തുന്ന ശൈലിയാണ് ഈ രിസാല പ്രവര്‍ത്തകന്റേത്. ഇടയില്‍ ശാരീരികമായി പ്രയാസം നേരിട്ട ഏതാനും ആഴ്ചകളൊഴിച്ചാല്‍ ജീവിതത്തില്‍ രിസാലയോടൊപ്പമാണ് സിംഹഭാഗവും.
ഒരാഴ്ച രിസാല വരാന്‍ വൈകിയാല്‍ ജീവിതത്തില്‍ എന്തോ നഷ്ടപ്പെട്ടത് പോലെയാണെന്ന് ഈ വായനാപ്രേമി പറഞ്ഞുവെക്കുന്നു.
പുതിയ കാലത്തെ രിസാല പ്രവര്‍ത്തനങ്ങളില്‍ യൂനിറ്റുകള്‍ സജീവമാണിപ്പോള്‍. എങ്കിലും കൈയില്‍ നിന്ന് പണമടച്ച് പുതിയ വായനക്കാരെ തേടുകയാണ് ഓരോ ആഴ്ചയും.
രിസാലയില്‍നിന്ന് ഒരു ലാഭവും പ്രതീക്ഷിക്കാതെ രിസാലയിലുണര്‍ന്ന് രിസാലയിലുറങ്ങുന്നൊരാള്‍. രിസാല പകര്‍ന്ന ധൈഷണിക നിലവാരം തന്റെ ജീവിതത്തിന് എന്നും മുതല്‍കൂട്ടാണെന്ന് അഭിമാനം പറയുന്നൊരാള്‍. ഒപ്പം രിസാല മുന്നേറി വന്ന പാതയോരങ്ങളെ കൃത്യമായി വരച്ചിടാനും മുന്നേറ്റ കഥകള്‍ പറയാനും അദ്ദേഹം തയാറാകുന്നു.
പ്രാരംഭ കാലത്തെ ശൈലിയില്‍നിന്ന് പുരോഗമിച്ച് ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളെല്ലാം വരച്ചിടുന്ന മധ്യകാലവും സാംസ്‌കാരിക നായകരാല്‍ അഭിനന്ദനവും പ്രശംസയും പിടിച്ചുവാങ്ങുന്ന ആധുനിക കാലവും രിസാലയുടെ വലിയ നേട്ടം തന്നെയെന്ന് അദ്ദേഹം പറയുന്നു. ഒപ്പം സാംസ്‌കാരിക പ്രമുഖരോടൊത്തുള്ള യാത്രയിലും കൂടിക്കാഴ്കളിലും രിസാലയുടെ ആളാണെന്നു പറയുമ്പോഴുള്ള സ്വീകാര്യതയും അതൊരു സെക്യുലര്‍ പ്രസിദ്ധീകരണമാണ്, പൊതുയിടത്തിലേക്ക് അതിനിയും കടന്നുവരേണ്ടതുണ്ടെന്നും വാരികയെകുറിച്ച് അവരുടെ വിലയിരുത്തലുകളും തന്നെ കൂടുതല്‍ രിസാല പ്രവര്‍ത്തനത്തിന് പ്രചോദിപ്പിക്കുകയാണെന്നും നിശ്വാസമെടുക്കുകയാണ് ആസാദ്ക്ക.
പ്രവാസികളായ സുഹൃത്തുക്കള്‍ വിളിക്കുമ്പോഴും നാട്ടിലേക്ക് വരുമ്പോഴും കുശലാന്വേഷണത്തേക്കാളേറെ പ്രവാസി രിസാല കടലിനക്കരെ തീര്‍ക്കുന്ന വസന്തങ്ങളറിയാനും പറയാനുമാണ് താത്പര്യം പ്രകടിപ്പിക്കാറുള്ളത്. പൊതുയിടങ്ങളിലും ന്യൂസ് സ്റ്റാന്‍ഡുകളിലും രിസാല കൂടുതല്‍ മുഖം കാണിക്കണമെന്നും അങ്ങനെ തന്നെ രിസാലയുടെ വായനക്കാരുടെ വര്‍ധനവ് ഗണ്യമായി വര്‍ധിക്കുമെന്നും വിലയിരുത്തുകയാണ് അദ്ദേഹം. കൂടെ രിസാലക്ക് വേണ്ടി പ്രവര്‍ത്തകരെടുക്കുന്ന കഠിനാധ്വാനങ്ങളെ സ്‌നേഹത്തോടെ, വാത്സല്യപൂര്‍വം പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സംസാരത്തിനിടയില്‍ വീടിനെപറ്റിയും വീട്ടുകാരെ പറ്റിയും ചോദിച്ചറിഞ്ഞ്‌പ്പോള്‍ അവരുടെ വിശേഷങ്ങളും രിസാല തന്നെയായിരുന്നു. പറഞ്ഞവസാനിപ്പിക്കുന്ന കൂട്ടത്തില്‍ തമാശ കലര്‍ന്ന കമന്റില്‍ ഒരാള്‍ പറഞ്ഞു, ‘മൂപ്പര്‍ക്ക് രിസാല തന്നെയാണ് ജീവിതം’.

Share this article

About ടി.എം മുഹ്‌സിന്‍

msntsr@gmail.com

View all posts by ടി.എം മുഹ്‌സിന്‍ →

Leave a Reply

Your email address will not be published. Required fields are marked *