വൈധവ്യത്തിന്റെ സങ്കടക്കടലില്‍

Reading Time: < 1 minutes

സമൂഹം ഒരു ഭിത്തിപോലെ സുദൃഢമാണ്. ഒരു കല്ലു പോലും അതില്‍ അടര്‍ന്നു നില്‍ക്കരുത്. വിവാഹത്തിലൂടെയാണ് സമൂഹബന്ധം നിര്‍മിക്കപ്പെടുന്നത്. ഭിത്തിയില്‍ നിന്ന് കല്ല് അടര്‍ന്നുപോകയാല്‍ ഉറപ്പ് ക്ഷയിക്കുന്ന പോലെ സമൂഹത്തില്‍ നിന്ന് ഒരാളുടെ അകല്‍ച്ചയുണ്ടായാലും അത് സമൂഹബന്ധത്തെ ബാധിക്കുന്നു. വിശുദ്ധമായ വിവാഹബന്ധങ്ങളുണ്ടാക്കുക വഴി സമൂഹശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ കഴിയും. കാരണം ബന്ധങ്ങളുടെ മാതാവാണ് ദാമ്പത്യം. വിവാഹ മോചനത്തിലൂടെ, വൈധവ്യം വരിക്കലോടെ സമൂഹബന്ധം ഉലയുന്നു. അത് ഇണകളെ വലിയ ദുഃഖാര്‍ഥരാക്കുന്നു.
വെളുപ്പ് സമാധാനത്തെ പ്രതീകവത്കരിക്കുന്നു. വെള്ളരിപ്രാവ് സമാധാനത്തിന്റെ ചിഹ്നമാണല്ലോ. വെള്ളപുടവയാണ് വൈധവ്യത്തിന് കൂട്ടെത്തുന്നത്. അത്രക്ക് ദുഃഖസാന്ദ്രമാണ് വൈധവ്യം.
ആരുടെയൊക്കെയോ നിഴലായും തണലായും നിന്ന സ്ത്രീ ഒന്നുമില്ലാത്തവളാകുന്ന അവസ്ഥയാണ് വൈധവ്യം. മകളായും സഹോദരിയായും സര്‍വോപരി ഭാര്യയായും കഴിയാന്‍ കൊതിക്കുന്ന സ്ത്രീ വൈധവ്യത്തെ എത്ര വേദനയോടെയാണ് സ്വീകരിക്കുന്നത്. പുരാണ കഥകളില്‍ മരണം വിധിക്കപ്പെട്ട വിധവകളെ കേള്‍ക്കാറുണ്ട്. സതി അതിന്റെ തുടര്‍ച്ചയായിരുന്നല്ലോ. പക്ഷേ ജീവിക്കാന്‍ അവസരം നല്‍കുമ്പോഴും അത്യന്തം വേദന തിന്ന് കഴിയേണ്ടിവരാറുണ്ട് ചില വിധവകള്‍ക്ക്. അവര്‍ക്കോ മരണത്തെ കൊതിക്കുന്ന ആധി നിറഞ്ഞ രാപകലുകള്‍. ഇത് സമൂഹത്തിന് അഭിലഷണീയമാണ്.
നോക്കൂ, അനാഥ മക്കളോട് നമുക്ക് പെരുത്തിഷ്ടമാണ്. ഉപ്പയുടെ വിടവറിയാതെ നമ്മളവരെ പരമാവധി പരിഗണിക്കുന്നു. നമ്മള്‍ ബദല്‍ പിതാക്കളാകുന്നു. പക്ഷേ വിധവക്കെന്ത് പിഴച്ചു? മറ്റൊരു തുണ തേടി അവരെ പറഞ്ഞയക്കാനോ നമ്മള്‍ തന്നെ അവരെ സ്വീകരിക്കാനോ ഒരുക്കമല്ല. അനാഥ ബാലന്റെ കാര്യത്തില്‍ മാത്രമാണോ മതനിഷ്‌കര്‍ഷ പാലിക്കേണ്ടതുള്ളൂ. വളരെ ലളിതമാണ് ഇസ്‌ലാമിന്റെ വിധവാ സമീപനം. തിരുനബിയുടെ വിവാഹങ്ങളില്‍ ഒന്നൊഴിച്ചാല്‍ എല്ലാ പത്‌നിമാരും വിധവകള്‍. നമ്മുടെ സമൂഹത്തില്‍ വിധവാ പുനഃസ്വീകരണം തുലോം കുറഞ്ഞുവരുന്നു.
ഇണയുടെ കന്യകാത്വം പുരുഷന്റെ ആഗ്രഹമാണ്. വിധവയില്‍ പക്ഷേ അതില്ല. പകരം നെഞ്ച് നിറയെ വേദനകളുണ്ട്. ഒരു പുരുഷന്റെ സ്‌നേഹവായ്പുകള്‍ ആ വേദനയൊക്കെയും ആറ്റിയേക്കാം. പോയ കാലങ്ങളില്‍ അത്തരം കഥകള്‍ എത്രയോയുണ്ട്. പുതുകാലത്തേക്ക് വരുംതോറും ആ കഥാ സംഖ്യ ചുരുങ്ങിവരുന്നു. ഓരോ ഗ്രാമത്തിലും ഇപ്പോള്‍ വൈധവ്യത്തിന്റെ നിലവിളികള്‍ പെരുത്തുവരുന്നു. എത്ര ചെറുപ്പക്കാരാണ് ആക്‌സിഡെന്റിലും മറ്റുമായി പൊലിഞ്ഞുപോകുന്നത്. ജീവിതത്തിന്റെ കര കാണാത്ത, മിഴികളില്‍ കണ്ണീരുണങ്ങാത്ത എത്രയെത്ര വിധവകളാണ് ഓരോ നാട്ടിലും കഴിയുന്നത്. അത് പരിഹരിക്കണമെന്ന് ഓരോരുത്തരും കരുതുന്നു. പക്ഷേ തുലോം കുറഞ്ഞ ഫലം മാത്രമേ ഉണ്ടാകുന്നുള്ളൂ. കുടുംബക്കാരും കൂട്ടുകാരും ഇത് സാരമെയെടുക്കണം. ജീവിതത്തിന്റെ വഴികള്‍ ആവുന്നത്ര തുറന്നു കൊടുക്കണം.

Share this article

About ഇ.വി അബ്ദുറഹ്മാന്‍

evrahman@gmail.com

View all posts by ഇ.വി അബ്ദുറഹ്മാന്‍ →

Leave a Reply

Your email address will not be published. Required fields are marked *