ഖുര്‍ആന്‍, മിഅ്‌റാജ് വിമര്‍ശനങ്ങളിലെ യുക്തികേട്

Reading Time: 3 minutes

ഇലാഹീ സന്ദേശം കൈമാറുന്ന ദൂതന്മാരാണ് പ്രവാചകന്മാര്‍. പ്രവാചകന്മാരിലൂടെ തെളിയുന്ന അമാനുഷിക കാര്യങ്ങളാണ് മുഅ്ജിസാത്. അവ കണ്‍കെട്ടോ മാരണങ്ങളോ മറ്റു മായാജാല വിദ്യകളോ അല്ല. ലോകവാസനം വരേയുള്ളവര്‍ക്ക് നിയോഗിക്കപ്പെട്ട മുഹമ്മദ് നബി(സ്വ) നിരവധി മുഅ്ജിസത്തുകള്‍ പ്രകടപ്പിച്ചിട്ടുണ്ട്. അതില്‍ പ്രധാനവും എന്നും നിലനില്‍ക്കുന്ന ഒന്നുമാണ് ഖുര്‍ആന്‍. അതിന്റെ സൂക്ഷിപ്പ് അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട്. ‘തീര്‍ച്ച, നമാണാ ഉത്‌ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാമതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.’ (ഹിജ്ര്‍ 9 ) സാഹിത്യ കുലപതികള്‍ക്കും ശാസ്ത്രീയ നീക്ഷകര്‍ക്കും മുന്നില്‍ ഖുര്‍ആന്‍ എന്നും അപരാജിതമായി തലയുയര്‍ത്തി നില്‍ക്കുന്നു.
ഖുര്‍ആനെതിരെ പല വിമര്‍ശനങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ച് ഇത്തരം വിമര്‍ശനങ്ങളൊന്നും പുത്തരിയല്ല. പ്രവാചകന്റെ കാലത്തും ഇത്തരം അപവാദങ്ങള്‍ ഉയര്‍ത്തപ്പെട്ടിരുന്നു. ഖുര്‍ആന്‍ പൂര്‍വ വേദങ്ങളില്‍ നിന്ന് പകര്‍ത്തിയതാണെന്നും പ്രവാചകന്‍ സ്വയം നിര്‍മിച്ചതാണെന്നും വിമര്‍ശിച്ചു. ഒരു നിരക്ഷരന് പൂര്‍വ വേദങ്ങള്‍ വായിക്കാന്‍ സാധിക്കില്ലെന്നും അതിലെ കോര്‍വകള്‍ രൂപപ്പെടുത്താനാവില്ലെന്നുമുള്ള അടിസ്ഥാന ബോധമില്ലാത്തവര്‍ക്കേ അത് സാധിക്കൂ. ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിച്ച ശേഷം അബദ്ധം മനസിലാക്കിയ നാസ്തികര്‍ പ്രവാചകന്‍ നിരക്ഷരനല്ലെന്ന് വാദിക്കുമ്പോള്‍ തന്നെയും നിരക്ഷര സമൂഹത്തില്‍ പിറന്ന ഒരാള്‍ ഏതെങ്കിലും ഒരു ഗുരുവില്‍ നിന്ന് അക്ഷരം അഭ്യസിച്ചതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ചലന നിശ്ചലനങ്ങള്‍ മുഴുവനും രേഖപ്പെടുത്തപ്പെട്ട നബിയെക്കുറിച്ചുള്ള ചരിത്രങ്ങളിലെവിടെയും ഗുരുവില്‍ നിന്നക്ഷരം അഭ്യസിച്ചതായി ഒരു രേഖയുമവര്‍ കൊണ്ടുവന്നിട്ടുമില്ല. ഖുര്‍ആന്‍ തന്നെ പറയുന്നു: ‘അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍ തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നു തന്നെ ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍.’ (ജുമുഅ 2) അതിനാല്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കുക. അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിലും. (അഅ്‌റാഫ്).
ശാസ്ത്രത്തെ കൂട്ടുപിടിച്ചാണ് ഒട്ടുമിക്ക യുക്തിവാദികളും കടന്നുവരിക. പക്ഷേ അവര്‍ക്ക് ശാസ്ത്രീയമായ അടിസ്ഥാന ബോധം പോലുമില്ലെന്ന് അവരുമായി സംവദിച്ചാലറിയാവുന്നതേയുള്ളൂ..
ദൈവമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാനാകുമോ എന്നൊക്കെയായിരുന്നു അവരുടെ ചോദ്യങ്ങള്‍. ദൈവമില്ലെന്ന് ശാസ്ത്രീമായി തെളിയിക്കാന്‍ നിങ്ങള്‍ക്കാകുമോ എന്ന മറുചോദ്യത്തില്‍ ആ ചോദ്യത്തിന്റെ വിഡ്ഢിത്തമവര്‍ക്ക് ബോധ്യപ്പെട്ടു. കാരണം ഇസ്‌ലാം വിഭാവനം ചെയ്യുന്ന ദൈവം പ്രാപഞ്ചികമോ പദാര്‍ഥമോ അല്ലാത്തതിനാല്‍ ശാസ്ത്ര ശാഖകള്‍ക്കതില്‍ പങ്കില്ലെന്ന് തിരിച്ചറിയാന്‍ ശാസ്ത്രത്തിന്റെ പരിമിതികള്‍ ആദ്യം അവരറിഞ്ഞില്ല. പ്രാപഞ്ചിക വസ്തുക്കളിലുള്ള പരീക്ഷണ നീരിക്ഷണ പഠനങ്ങളായ ശാസ്ത്രം കൊണ്ട് കാലാതീതനും പ്രപഞ്ചാതീതനുമായ ദൈവത്തെ കണ്ടെത്താനാവില്ലെന്ന വര്‍തിരിച്ചറിഞ്ഞതോടെ ‘തെളിവില്ലങ്കില്‍ ആ വസ്തുവില്ലെന്ന’ ഡോകിന്‍സിയന്‍ വാദവുമായി മുന്നോട്ട് വന്നു. മറുചോദ്യത്തിനു മുമ്പില്‍ കുഴങ്ങുകയായിരുന്നു അവര്‍. ചുരുക്കത്തില്‍ ദൈവനിഷേധകര്‍ തങ്ങളുടെ ഏക ജ്ഞാനമീമാംസയായ ശാസ്ത്രം കൊണ്ട് ദൈവത്തെ വെല്ലുവിളിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ മതങ്ങളിലെ ശാഖാപരമായ ആശയങ്ങളില്‍ നൂറുകൂട്ടം ചോദ്യങ്ങളുന്നയിച്ച് മതനിഷേധത്തിനപ്പുറം മതനിന്ദ തൊഴിലായി കണ്ടു. അങ്ങനെയാണ് ഖുര്‍ആനിന്റെ ശാസ്ത്രീയവശങ്ങളെ ഇഴകീറാനവര്‍ തീരുമാനിച്ചത്. കൂട്ടത്തില്‍ ഇസ്‌റാഅ് മിഅ്‌റാജിനെ കുറിച്ചുമവര്‍ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്.
‘ഒരു വിഡ്ഢിക്കായിരം ചോദ്യങ്ങളുന്നയിക്കാനായേക്കാം’ എന്ന ഷെയ്ക്‌സ്പിയര്‍ വചനമുദ്ധരിച്ച് കാര്യങ്ങളിലേക്ക് കടക്കാം. ഖുര്‍ആനൊരു ശാസ്ത്രീയ ഗ്രന്ഥമല്ല. പ്രത്യുത, മാലോകരുടെ ഇരുലോക വിജയത്തിനുള്ള ദൈവീക വചനങ്ങളാണ്. പരായണം ചെയ്യുന്നത് വരെ പുണ്യമായ ഈ വചനങ്ങള്‍ ദൂതന്‍ മുഹമ്മദ്(സ്വ)യിലൂടെയാണ് അവതരിക്കുന്നത്. ലോകാവസാനം വരേയുള്ളവര്‍ക്ക് ഖുര്‍ആന്‍ വഴികാട്ടിയായതിനാല്‍ കാലാതീതമായിരുക്കും അതിലുള്ളവയെല്ലാം. വസ്തുതകള്‍ക്ക് നിരക്കാത്തതോ കാലോചിതമായ മാറ്റത്തിരുത്തലുകള്‍ക്ക്ആവശ്യമായതോ ഒന്നുമതിലില്ല. ലോകത്ത് ശാസ്ത്രീയമായ നിരീക്ഷണങ്ങളവതരിപ്പിച്ചവരധികവും ദൈവവിശ്വസികളാണുതാനും. ദൈവനിരാസത്തിനപ്പുറം ദൈവമുണ്ടെന്ന തീര്‍ച്ചപ്പെടുത്തലിലേക്കാണവരെല്ലാം എത്തിപ്പെടുന്നത്.
ഖുര്‍ആനില്‍ പത്തോളം ജീവികളുടെ ക്രോമസോം സംഖ്യവരെ കണ്ടെത്തിയ (കൂടുതലറിയാന്‍ chromosome in holy Quran : Dr shamsul Arifeen) പഠനങ്ങളടക്കം മാത്തമാറ്റികല്‍ മിറാക്കിള്‍സ് (ഇഅ്ജാസുല്‍ ഖുര്‍ആന്‍ ഫില്‍ അദദ്) എന്ന വലിയൊരു വിജ്ഞാനശാഖ തന്നെ മുന്നില്‍ തുറന്ന് കിടക്കുമ്പോഴും കണ്ണടക്കുന്നവര്‍ വിഡ്ഢികളാണ്. സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമില്ലാതെ മറ്റൊന്നും കേള്‍ക്കാത്ത മൃഗത്തോട് ഒച്ചയിടുന്നവരോടാകുന്നു.
‘അവര്‍ ബധിരരും മൂകരും അന്ധരുമാകുന്നു. അതിനാലവര്‍ ചിന്തിച്ചു ഗ്രഹിക്കുകയില്ല.’ (അല്‍ബഖറ 171). ‘ദൃഷ്ടാന്തങ്ങളെ തിരിഞ്ഞുകളയുന്നവരാണവര്‍’. (അമ്പിയാഅ് 32 )
നാസ്തികരുടെ ചങ്കില്‍ തറക്കുന്നൊരു വെല്ലുവിളിയുണ്ട്. ഖുര്‍ആന്റെ തന്നെ വെല്ലുവിളി. ഖുര്‍ആനിലെ ഒരു അധ്യായത്തിന് തുല്യമായതെങ്കിലും കൊണ്ടുവരാനുള്ള ചാലഞ്ച്. അറേബ്യയിലെ സാഹിത്യകുലപതികള്‍ അതിന്റെ മുന്നില്‍ മുട്ട് മടക്കിയപ്പോഴും ആധുനിക നാസ്തികര്‍, ഞങ്ങള്‍ തുല്യമായത് കൊണ്ടുവന്നാല്‍ ആര് മധ്യസ്ഥത വഹിക്കുമെന്ന മറുചോദ്യമുന്നയിച്ച് മാറിനില്‍ക്കലാണ് പതിവ്. എങ്കിലും അവസാനമായവര്‍ എന്തൊക്കെയോ തുന്നിച്ചേര്‍ത്ത് സൂറത്ത് കോറോണ രചിച്ചു.
മധ്യസ്ഥന് വിടുന്നതിനു മുമ്പ് തന്നെ അതിലെ അയുക്തിയും വിവരക്കേടും തുറന്ന് കാണിക്കപ്പെട്ടു. ഖുര്‍ആനെക്കുറിച്ചുള്ള അവരുടെ അജ്ഞതയുടെ ആഴത്തിന്റെ പ്രകടനം കൂടിയായിരുന്നു അത്. ഒരു പാന്‍ഡമിക്കിനെ സത്യം ചെയ്താണവരുടെ സൂറത്ത് തുടങ്ങുന്നത്. എന്ത് കൊണ്ട് സത്യം ചെയ്യണമെന്ന ഖുര്‍ആനെക്കുറിച്ച് അടിസ്ഥാന ബോധം പോലുമില്ലാത്തതിനാലാണിത് സംഭവിച്ചത്. ഖുര്‍ആനില്‍ സത്യം ചെയ്ത് പറഞ്ഞവക്കെല്ലാം വലിയ മഹത്വമുണ്ട്. ഇതൊന്നും നീരിക്ഷിക്കാതെ എന്തെങ്കിലും കുറിക്കുമ്പോഴേക്ക് വിശുദ്ധ ഖുര്‍ആനിന് തുല്യമാകുമെന്ന് നിനക്കുന്നതും ആര് മധ്യസ്ഥത വഹിക്കുമെന്നൊക്കെയുള്ള ചിന്തകള്‍ വ്യര്‍ഥമാണ്.
ആളുകള്‍ കൂട്ടത്തോടെ മരിക്കുന്നു എന്ന പരാമര്‍ശവും അതിലുണ്ട്. ശുദ്ധ അസംബന്ധവും യുക്തിക്ക് നിരക്കാത്തതുമാണത്. കാരണം കോവിഡ് ബാധിച്ചവരില്‍ മരണമടയുന്നവര്‍ സുഖം പ്രാപിക്കുന്നവരുടെ പകുതിപോയിട്ട് കാല്‍ ഭാഗം പോലുമില്ല.
ഖുര്‍ആന്‍ ആശയ പുഷ്ടിക്കപ്പുറം അതിന്റെ ഒരോ പദങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും പറയാനുണ്ടൊരുപാട് പൊരുളുകള്‍. ഇരുമ്പിന്റെ ആറ്റോമിക നമ്പര്‍ ഖുര്‍ആനിലെ ഒരു കൗതുകകാര്യമാണ്. 19ന്റെ ഗുണിതങ്ങളടങ്ങുന്ന ഗണിതലോകം ഖുര്‍ആന്റെ മറ്റൊരു കൗതുകം. ചരിത്രപരമായ വിശകലനങ്ങളിലും കൃത്യമായ പദങ്ങളും വാക്കുകളുമാണതില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
യുക്തിവാദികള്‍ നിരാകരിക്കുന്ന മറ്റൊരു മുഅ്ജിസത്താണ് പ്രവാചകന്റെ നിശാപ്രയാണം/ ആകാശാരോഹണം. ഇസ്‌റാഅ് മിഅറാജ്. നൂറു കൂട്ടം ചോദ്യങ്ങളവര്‍ക്കിതിലുമുണ്ട്. ഭൂമിയുടെ നിശ്ചിത പരിധി വിട്ടാല്‍ വായുവിന് തടസം നേരിടുകയും ശ്വാസംമുട്ടി മരിക്കുകയും ചെയ്യുമെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ പ്രകാശവര്‍ഷങ്ങള്‍ എങ്ങനെ സഞ്ചരിക്കാനാകുമെന്നതൊക്കെയാണ് ചില ചോദ്യങ്ങള്‍. സൂറത്ത് ഇസ്‌റാഇലും നജ്മിലുമായി പരാമര്‍ശിച്ച നിശാപ്രയാണവും ആകാശാരോഹണവും ദേഹം കൊണ്ടും ആത്മാവുകൊണ്ടും നടത്തിയ യാത്ര തന്നെയാണ്.
ഗോളങ്ങളും താരപഥങ്ങളുമഖിലം സൃഷ്ടിച്ച് അതിവേഗതയില്‍ ചലിക്കുന്ന ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും കൃത്യമായി നിയന്ത്രിക്കുന്നവനൊരിക്കലും നിമിഷങ്ങള്‍ക്കകം ഒരു അടിമയെ പ്രകാശവര്‍ഷങ്ങള്‍ സഞ്ചരിപ്പിക്കാനാവില്ലെന്ന് എങ്ങനെ ചിന്തിക്കാനാകും? ഭൂമിയിലും അതിന്റെ നിശ്ചിത പരിധിയിലും മനുഷ്യവാസയോഗ്യമായ ഓക്‌സിജന്‍ പടച്ചവന് ആകാശാരോഹണ സ്ഥലങ്ങളില്‍ മാത്രം ഒക്‌സിജന്‍ സ്ഥാപിക്കാനാവില്ലെന്ന് എങ്ങനെ വിശ്വസിക്കും? അല്ലെങ്കില്‍ ഓക്‌സിജന്‍ അല്ലല്ലോ പടച്ചവന്റെ ബലവും മാനദണ്ഡവും? സമയവും സ്ഥലവും സൃഷ്ടിച്ച ഒരുത്തനതില്‍ ക്രയ വിക്രയം ചെയ്യാനാകില്ലെന് മനസിലാക്കുന്നതും അയുക്തിയല്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ തന്നെ അതിനുത്തരം നല്‍കുന്നുണ്ട്. പ്രപഞ്ചമെന്ന മഹാ വിസ്മയത്തിനു പിന്നില്‍ പ്രപഞ്ചാതീതനായൊരു അള്‍ട്രാ പവര്‍ ഡിസൈനറുണ്ടെന്ന് ബുദ്ധി തന്നെ സമ്മതിക്കുമല്ലോ. പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ സൃഷ്ടിച്ച് പരിപാലിക്കുന്നവനതില്‍ മാറ്റംവരുത്താന്‍ പരിമിതികളേതുമില്ല.
എല്ലാത്തിലും യുക്തി തിരയുന്നതും വിഡ്ഢിത്തമാണ്. കാരണം പ്രപഞ്ചത്തില്‍ യുക്തപരമായതും യുക്ത്യാതീതമായതുമുണ്ട്. സ്ത്രീ പുരുഷന്മാര്‍ സംസര്‍ഗത്തിലേര്‍പ്പെട്ടിട്ട് എന്ത് കൊണ്ട് സ്ത്രീ മാത്രം ഗര്‍ഭം ധരിക്കുന്നു. പുരുഷന് മുലയൂട്ടാമായിരുന്നില്ലേ? അതിന്റെ ഹോര്‍മോണുകളും എന്‍സൈമുകളും പുരുഷനില്‍ എന്ത് കൊണ്ടില്ലാതായി? തുടങ്ങിയവ പ്രപഞ്ചത്തിലെ യുക്ത്യാതീതമായ കാര്യങ്ങളാണ്. പ്രവാചക മുഅ്ജിസത്തുകളും ദൈവാസ്തിക്യവും നിരാകരിക്കുന്ന നാസ്തികരുടെ പൊള്ളയായ വാദങ്ങളെല്ലൊം മതനിരാസത്തിന്റെ ഭാഗമാണ്. യുക്തിക്കതിലാരു പങ്കുമില്ലെന്ന് വ്യക്തമാണ്.

Share this article

About കെ.എം സുഹൈല്‍ എലമ്പ്ര

View all posts by കെ.എം സുഹൈല്‍ എലമ്പ്ര →

Leave a Reply

Your email address will not be published. Required fields are marked *