ഇസ്‌ലാമിക പാരമ്പര്യത്തിലെ നീതിസങ്കല്‍പം

Reading Time: 4 minutes

സോക്രട്ടീസിന്റെ പ്രസിദ്ധമായ ഒരു ചോദ്യമുണ്ട്. ‘എന്താണ് നീതി?’ തന്റെ അഭിസംബോധിതരില്‍ നിന്ന് വ്യത്യസ്ത പ്രതികരണങ്ങള്‍ നേടാനും ചര്‍ച്ചയെ അനേകം ദിശകളിലേക്ക് കൊണ്ട് പോകാനും ഈ ചോദ്യത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു. സുഹൃത്തുക്കളോടും ശത്രുക്കളോടുമുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ടതാണോ നീതി? യുദ്ധത്തിന്റെയും സമാധാനത്തിന്റെയും പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയാണോ നീതി എന്ന സങ്കല്പം നിലനില്‍ക്കുന്നത്? ശക്തരും ദുര്‍ബലരും തമ്മിലുള്ള ബന്ധത്തില്‍ അത് ഒതുങ്ങുന്നുണ്ടോ?ഇതില്‍ പ്രയോജനവാദ കണക്കുകൂട്ടലുകള്‍ ഉള്‍പ്പെടുന്നുണ്ടോ? വെളിപാടിന്റെ ഫലമാണോ ഇത്, അതോ യുക്തിയുടേതോ?അതില്‍ ധാര്‍മികതയുടെ ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോ?ഇത് വ്യക്തി, സമൂഹം, ആത്മാവ് എന്നിവയെ സംബന്ധിച്ചുള്ളതാണോ? അല്ലെങ്കില്‍ ബന്ധങ്ങളെ മറികടന്ന് ഒരു അമൂര്‍ത്ത ആദര്‍ശമായിട്ടാണോ നീതി എന്ന സങ്കല്‍പം നിലകൊള്ളുന്നത്?നീണ്ട ചര്‍ച്ചയാണിത്. ഇന്നും അത് തുടരുന്നു.
ഇതേ ചര്‍ച്ച മുസ്‌ലിംകള്‍ക്കിടയില്‍ എങ്ങനെയായിരിക്കും നിലനിന്നത്? നീതിയെ സംബന്ധിച്ച സമകാലിക പടിഞ്ഞാറന്‍ വ്യവഹാരങ്ങളുമായി മുസ്‌ലിം വ്യവഹാരങ്ങള്‍ എങ്ങനെയാണ് ലയിക്കുന്നത്?
ആദ്യമായി, രണ്ട് അറബി പദങ്ങളാണ് സാധാരണയായിനീതിഎന്ന് വിവര്‍ത്തനം ചെയ്യപ്പെടുന്നത്: ഒന്ന്- അദ്ല്‍,മറ്റൊന്ന്, ഖിസ്ത്വ്. ഈ രണ്ട് പദങ്ങള്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ അവ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ നമ്മെ അനുവദിക്കുന്ന സൂക്ഷ്മതകളുണ്ടെങ്കിലും, അവ സാധാരണയായി പര്യായങ്ങളായിട്ടാണ് കാണപ്പെടുന്നത്. ഇതേ രീതി തന്നെയാണ് ഈ കുറിപ്പിലും പിന്തുടരുക.
മുസ്‌ലിം പണ്ഡിതന്മാര്‍ നീതിയെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്. ‘കേവലം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഭരണം നടത്തുന്നതാണ് നീതി.’ ഇമാം ശാഫിപറയുന്നത്, ‘ദൈവത്തില്‍ നിന്നും വെളിപ്പെട്ട നിയമങ്ങളെ പിന്തുടരലാണ് നീതി.’ നീതിയും ദൈവിക നിയമവും തമ്മിലുള്ള ഈ വ്യക്തമായ ബന്ധമാണ് മുസ്‌ലിംകള്‍ നീതിയെ മനസിലാക്കുന്ന ഒരു രീതി.എന്നിരുന്നാലും, ഈ പദം മനസിലാക്കുന്നതിനുള്ള മറ്റ് മാര്‍ഗങ്ങള്‍ നിയമത്തില്‍ ഉടനടി ചേര്‍ത്തിട്ടില്ല. നീതിയെക്കുറിച്ചുള്ളമിക്ക ഖുര്‍ആനിക പ്രയോഗങ്ങളിലും മനുഷ്യബന്ധങ്ങളിലെ നിഷ്പക്ഷതയും ധര്‍മവും ഉള്‍പ്പെടുന്നുണ്ട്.
ഉദാഹരണത്തിന്, നീതിക്കായി ശക്തമായി വാദിക്കാന്‍ ഖുര്‍ആന്‍ വിശ്വാസികളോട് നിര്‍ദേശിക്കുന്നു: ‘വിശ്വാസികളേ…,നീതിക്കായി ഉറച്ചുനില്‍ക്കുന്നവരും ദൈവത്തിനു സാക്ഷികളുമാകുക;അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ എതിരാണെങ്കില്‍ പോലും – ധനികനോ ദരിദ്രനോ എന്ന ഒരു പരിഗണനയും ഇല്ലാതെ. ദൈവം അവരുടെ കാര്യം (നിങ്ങളെക്കാള്‍) നന്നായി അറിയുന്നവനാണ്.നിങ്ങളുടെ വ്യര്‍ഥമായ ആഗ്രഹങ്ങളെ നിങ്ങള്‍ പിന്തുടരരുത്. നീതിയില്‍ നിന്ന് അതു നിങ്ങളെ വഴി തെറ്റിക്കാന്‍ സാധ്യതയുണ്ട്.നിങ്ങള്‍ സത്യത്തില്‍ നിന്ന് വ്യതിചലിക്കുകയോ പിന്തിരിയുകയോ ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ദൈവം നന്നായി അറിയുന്നവനാണ് (4:135). ഈ ആയത്ത് നീതിയുടെ സവിശേഷതയാണ് കാണിക്കുന്നത്. നീതിയുടെ കാര്യത്തില്‍ രക്തബന്ധങ്ങളോ സാമൂഹിക-സാമ്പത്തിക നിലകളോ പരിഗണനീയമല്ല. കര്‍ശനമായ ഒരു ദൈവശാസ്ത്ര വീക്ഷണകോണില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ മതത്തെ പരിഗണിക്കലും അപ്രസക്തമാണ്.പക്ഷപാതം കാണിച്ച് ഒരാള്‍ സത്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, ‘ദൈവം അവരുടെ കാര്യം നന്നായി അറിയുന്നു.’ നിങ്ങള്‍ ഈ ലോകത്തില്‍ സത്യം മറച്ചുവെച്ചാല്‍, അത് പരലോകത്ത് പ്രകടമാകും. നിങ്ങളുടെ പാപത്തിന് നിങ്ങള്‍ ഉത്തരവാദികളാകും.
മറ്റൊരു ആയത്തില്‍, നിഷ്പക്ഷതയുടെ ആവശ്യത്തെ തന്നെ ഊന്നിപ്പറയുന്നുണ്ട്. അതേസമയം ദൈവത്തെപ്പറ്റിയുള്ള ബോധവും നീതിയും തമ്മിലുള്ള ബന്ധത്തെ എടുത്തുകാണിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു: ‘വിശ്വസിക്കുന്നവരേ, ദൈവത്തിനുവേണ്ടി ഉറച്ചുനില്‍ക്കുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരാവുക. ഒരു ജനതയോടുള്ള നിങ്ങളുടെ വിദ്വേഷം അവരോട് നീതി പുലര്‍ത്താന്‍ തടസമാവരുത്.നിങ്ങള്‍ നീതി പുലര്‍ത്തുക. കാരണം, അത് ദൈവബോധത്തിന് അടുത്താണ്.ദൈവത്തെ ഭയപ്പെടുക.നിങ്ങള്‍ ചെയ്യുന്നതെല്ലാം അല്ലാഹു നന്നായി അറിയുന്നു.’ (5: 8)
മുസ്‌ലിമിന്റെ മതജീവിതം രണ്ട് മഹത്തായ ലക്ഷ്യങ്ങള്‍ക്കനുസൃതമായി നിലകൊള്ളുന്നു: ഒന്ന്, ‘ദൈവത്തിനുവേണ്ടി ഉറച്ചുനില്‍ക്കുന്നവരാവുക’ എന്ന നിര്‍ദേശത്തെ അടിസ്ഥാനമാക്കി ദൈവത്തിന്റെ കല്‍പനകള്‍ പാലിക്കുക. അവന്റെ സൃഷ്ടിയോട് അനുകമ്പ പ്രകടിപ്പിക്കുക, പ്രഥമമായി സഹജീവികളോട് തന്നെ അവന്‍ നീതി ചെയ്യുക. മറ്റൊന്ന്, വിനാശകരമായ വൈകാരിക പ്രതികരണങ്ങളെ ഒഴിവാക്കാന്‍ വിശ്വാസികളോട് കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതായത്, നിങ്ങള്‍ വെറുക്കാനിടയുള്ളവരോടോ നിങ്ങളെ വെറുക്കുന്നവരോടോ അന്യായമായി പെരുമാറാനുള്ള നിങ്ങളുടെ പ്രലോഭനത്തെ ഒഴിവാക്കണം എന്നര്‍ഥം. (അഥവാ യഥാര്‍ഥ നീതിയുടെ സാരം.)
നിഷ്പക്ഷത പുലര്‍ത്താനുള്ള ഈ നിര്‍ദേശം പ്രത്യേകിച്ചും ഭരണാധികാരികളെയും ന്യായാധിപന്മാരെയും ബാധിക്കുന്ന കാര്യമാണ്.ഉദാഹരണത്തിന്: ‘തീര്‍ച്ചയായും, എല്ലാ അമാനത്തുകളും അതിന്റെ അവകാശികളിലേക്ക് കൈമാറാന്‍ ദൈവം നിങ്ങളോട് കല്‍പിക്കുന്നു. നിങ്ങള്‍ ആളുകള്‍ക്കിടയില്‍ ഭരണം നടത്തുമ്പോള്‍, അല്ലെങ്കില്‍ വിധി പറയുമ്പോള്‍ നീതിയോടെ പ്രവര്‍ത്തിക്കുക (4:58).ഈ ഉത്തരവ്, മാനുഷിക ബന്ധത്തിന്റെ ഏത് മേഖലയിലും അധികാരസ്ഥാനത്തുള്ള ആര്‍ക്കും ബാധകമാണെന്ന് പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതന്‍ ഇമാം ഖുര്‍തുബി പരാമര്‍ശിക്കുന്നു.ഇവിടെ നീതിയുടെ നിര്‍വചനം കൊണ്ട് ഉദ്ദേശിക്കുന്നത് ധര്‍മവും ന്യായവുമാണെന്ന് ഇമാം ബുറൂസവി അടക്കമുള്ളവര്‍ വ്യക്തമാക്കുന്നുണ്ട്.
നീതിയെ ന്യായമായി ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം മുസ്‌ലിം സമൂഹത്തിലെഎല്ലാ അംഗങ്ങള്‍ക്കും ബാധകമാണ്. ജഡ്ജിമാര്‍ക്കും ഭരണാധികാരികള്‍ക്കും മാത്രമല്ല.പ്രശസ്തമായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘ഞാന്‍ മനുഷ്യനാണ്.നിങ്ങള്‍ നിങ്ങളുടെ തര്‍ക്കങ്ങള്‍ എന്റെ അടുക്കല്‍ കൊണ്ടുവരുന്നു. ഒരുപക്ഷേ, നിങ്ങളില്‍ ഒരാള്‍ മറ്റൊരാളെക്കാള്‍ കൂടുതല്‍ അനുനയിപ്പിക്കുന്നവനായിരിക്കും. ഞാന്‍ അവനില്‍ നിന്ന് കേള്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഞാന്‍ അവന് അനുകൂലമായി വിധിക്കുന്നത്.അതിനാല്‍, ഒരു സഹോദരന് അവകാശപ്പെട്ട എന്തെങ്കിലും സംബന്ധിച്ച് ഞാന്‍ മറ്റൊരു സഹോദരന് അനുകൂലമായിട്ടാണ് വിധി പറഞ്ഞതെങ്കില്‍, അവന്‍ അത് എടുക്കരുത്.’ അവകാശവാദികള്‍ സത്യസന്ധതരാവേണ്ടതിന്റെ പ്രാധാന്യമാണ് ഈ ഹദീസ് ഊന്നിപ്പറയുന്നത്. അതു മുഖേന ശരിയായ വിധി പറയാന്‍ ജഡ്ജിമാരെ സഹായിക്കുന്നു.അതുപോലെ, നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഭരണാധികാരികളെ സഹായിക്കണം. മുഹമ്മദ് നബിക്ക്(സ്വ) ശേഷം അബൂബക്കര്‍(റ) മുസ്‌ലിം സമുദായത്തിന്റെ ഖലീഫയായപ്പോള്‍ പറഞ്ഞ പ്രശസ്തമായ ഒരു വാചകമുണ്ട്. ‘ഞാന്‍ സല്‍ഭരണമാണ് നടത്തുന്നതെങ്കില്‍ എന്നെ സഹായിക്കുക. എനിക്ക് പിഴച്ചാല്‍ എന്നെ തിരുത്തുകയും ചെയ്യുക.’ ഈ കൂട്ടായ സാമൂഹ്യ ഉത്തരവാദിത്വം നീതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കുന്നു. പ്രവാചകന്മാര്‍പോലുംസാധാരണ വിശ്വാസികള്‍ക്കുള്ള അതേ നിയമങ്ങള്‍ തന്നെ പാലിക്കാനാണ് കല്‍പ്പിക്കപ്പെട്ടത്.പ്രവാചകര്‍ മുഹമ്മദ് (സ്വ)പറയുന്നത്, ‘തീര്‍ച്ചയായും അല്ലാഹു അവന്റെ ദൂതന്മാരോട് കല്‍പ്പിച്ച അതേ കല്‍പനകള്‍ തന്നെയാണ് സത്യവിശ്വാസികളോടും കല്‍പ്പിച്ചത്.’
നീതിയുടെ ഉറവിടങ്ങള്‍ അന്വേഷിക്കുമ്പോള്‍ നാം എത്തിച്ചേരുന്നത് സ്വാഭാവിക, പ്രകൃതി നിയമ (ചമൗേൃമഹ ഹമം)ത്തിലാണ്. സോഫോക്കിള്‍സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നമ്മള്‍ എത്തിച്ചേരുന്നത് ‘ദേവന്മാരുടെ ശാശ്വതവും അലിഖിതവുമായ ആജ്ഞാപനങ്ങളിലേക്കാണ്.’ വഹ്‌യിന്റെ അടിസ്ഥാനത്തിലോ വഹ്‌യില്‍ നിന്ന് ലഭിക്കുന്ന തത്ത്വങ്ങളുടെ അടിസ്ഥാനത്തിലോ ഫത്‌വ നല്‍കുന്ന ഒരു മുസ്‌ലിം കര്‍മശാസ്ത്രപണ്ഡിതന്‍ ചെയ്യുന്നത്, മുമ്പ് എഴുതപ്പെടാത്തത് കേവലം എഴുതുകയോ ക്രോഡീകരിക്കുകയോ ആണ് ചെയ്യുന്നത്. ഇസ്‌ലാമിക വീക്ഷണകോണില്‍ നിന്ന് നീതിയുടെ ആദ്യത്തെ ധാര്‍മിക അടിത്തറയാണ് വഹ്‌യ്.
ഒരു ആധുനിക ഉദാഹരണം എടുക്കാം. സ്വാഭാവിക നിയമത്തെ സ്ഥിരീകരിക്കുന്നതിനിടയില്‍, നീതിയുടെ അടിത്തറയായി വെളിപാടി(വഹ്‌യ് )നെ കാന്റ് നിരസിക്കുകയും മനുഷ്യരുടെ യുക്തിസഹമായ തിരഞ്ഞെടുപ്പുകളില്‍ നീതിക്ക് അതിന്റെ അടിത്തറ നിര്‍ബന്ധമായും ഉണ്ടായിരിക്കുമെന്ന് വാദിക്കുകയും ചെയ്യുന്നു.അദ്ദേഹത്തിന്റെ വീക്ഷണത്തില്‍, മനുഷ്യ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ക്ക് മുകളില്‍ ദൈവികതയെ അവതരിപ്പിക്കുന്നതിലൂടെ ദൈവത്തിന് പ്രത്യേക പരിഗണന നല്‍കുന്ന വഹ്‌യ് മനുഷ്യന്റെ ‘സ്വയം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ള കഴിവി'(Autonomy)നെ ദുര്‍ബലപ്പെടുത്തുന്നു.ഇതനുസരിച്ച് വീക്ഷിക്കുമ്പോള്‍, മുസ്‌ലിം ധാരണ പ്രകാരം, സ്വര്‍ഗത്തോടുള്ള ആഗ്രഹം അല്ലെങ്കില്‍ ദൈവത്തിന്റെ പ്രീതി തേടല്‍, നരകശിക്ഷ അല്ലെങ്കില്‍ മറ്റ് ലക്ഷ്യങ്ങള്‍ കവര്‍ന്നെടുക്കല്‍ എന്നിവ സ്വയം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ള കഴിവിനെ ഇല്ലാതാക്കുകയാണ്. ഇത്തരത്തിലുള്ള പ്രചോദനത്തെ ‘ബാഹ്യ ശക്തിയുടെ ഭരണം’ (Heteronomy) എന്നാണ് കാന്റ് വിശേഷിപ്പിക്കുന്നത്.അതിനാല്‍, വസ്തുനിഷ്ഠമായ അടിത്തറയെ അടിസ്ഥാനമാക്കി യുക്തിസഹമായി കണ്ടെത്താവുന്നതുമായ, ‘വര്‍ഗപരമായി അനിവാര്യമായ'(Categorical imperative) നീതിയുടെ ഒരു സിദ്ധാന്തം അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. കാന്റിന്റെ രമലേഴീൃശരമഹ ശാുലൃമശേ്‌ല നെമൈക്കല്‍ ജെ.സാന്‍ഡല്‍ രണ്ട് ഭാഗങ്ങളായി സംഗ്രഹിക്കുന്നുണ്ട്:
ആദ്യ ഭാഗത്തെ കാന്റ് ‘സാര്‍വത്രിക നിയമത്തിന്റെ സൂത്രവാക്യം’ എന്നാണ് വിളിക്കുന്നത് : ‘ സാര്‍വത്രിക നിയമമായി മാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുക.
‘മാക്‌സിം’ (Maxim) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, നിങ്ങളുടെ പ്രവര്‍ത്തനത്തിന് യുക്തിയുടെ പിന്‍ബലം നല്‍കുന്ന ഒരു തത്വം എന്നാണ്.അഥവാ, വൈരുധ്യമില്ലാതെ നമുക്ക് സാര്‍വത്രികമാക്കാന്‍ കഴിയുന്ന തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് അദ്ദേഹം പറയുന്നത്. Categorical imperative ന്റെ ലക്ഷ്യം മാനവികതയാണ്. അതിന്റെ രണ്ടാമത്തെ രൂപത്തെ കാന്റ് പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്: ഏതെങ്കിലും പ്രത്യേക താത്പര്യങ്ങള്‍, ഉദ്ദേശ്യങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവക്ക് ധാര്‍മിക നിയമത്തെ അടിസ്ഥാനപ്പെടുത്താന്‍ നമുക്ക് കഴിയില്ല. കാരണം, ഓരോരുത്തരുടെ ലക്ഷ്യങ്ങള്‍ അനുസരിച്ചു ധാര്‍മിക നിയമം ആപേക്ഷികമായിരിക്കും.’എന്നാല്‍ ഒരു വസ്തുവിന് അതിന്റേതായ അമൂര്‍ത്തമായ മൂല്യമുള്ളത് എന്തെങ്കിലും ലക്ഷ്യമായി ഉണ്ടെങ്കില്‍ അതിന് അതിന്റേതായ categorical imperative ഉം ഉണ്ടാകും’. ഇതേപ്രകാരം, ആധുനിക നീതിസിദ്ധാന്തവാദിയായ ജോണ്‍ റോള്‍സും വഹ്‌യിനെയോ ‘അജ്ഞതയുടെ മൂടുപട’ത്തെ നീക്കം ചെയ്യുന്ന മറ്റേതെങ്കിലും പരിഗണനയെയോ നിരസിക്കുന്നുണ്ട്.ഈ മൂടുപടത്തെ റോള്‍സ് വിവരിക്കുന്നത് ഇങ്ങനെയാണ്:
ഈ അവസ്ഥയുടെ അനിവാര്യ സവിശേഷതകളില്‍ ഒന്ന് എന്തെന്നാല്‍, ഒരാള്‍ക്ക് സമൂഹത്തില്‍ അവന്റെ സ്ഥാനം, വര്‍ഗം, സാമൂഹിക നില എന്നിവയൊന്നും അറിയാന്‍ കഴിയില്ല. അവന്റെ കഴിവോ ബുദ്ധിയോ ശക്തിയോ അതുപോലുള്ള കാര്യങ്ങളോ ഒന്നും തന്നെ അവന് അറിയില്ല. ഓരോ വ്യക്തിക്കും അവന്റെ നന്മയെക്കുറിച്ചോ അവരുടെ പ്രത്യേക മാനസിക പ്രവണതകളെക്കുറിച്ചോ അറിയില്ലെന്ന് ഞാന്‍ കരുതുന്നു. നീതിയുടെ തത്വങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നത് അജ്ഞതയുടെ മൂടുപടത്തിന് പിന്നില്‍ നിന്നാണ്. വഹ്‌യ് അഥവാ വെളിപാട് ഒരിക്കലും ഒരു സാര്‍വത്രിക ധാര്‍മികതയിലേക്ക് നയിക്കില്ലെന്ന പോലെ ഒരു പ്രത്യേക വെളിപാട് ഒരുപ്രത്യേകവിശ്വാസി സമുദായത്തിന് പരിഗണന നല്‍കുന്നില്ലെന്നാണ് കാന്റും റോള്‍സും വാദിക്കുന്നത്. അതുവഴി വെളിപാടിനെ നിരസിക്കുന്നവരോട് അനീതി കാണിക്കുകയാണത്രെ. എന്നിരുന്നാലും, കാന്റും റോള്‍സും മുന്നോട്ട് വെച്ച അമൂര്‍ത്തമായ നീതി സങ്കല്‍പത്തില്‍ എത്തിച്ചേരാനുള്ള രീതികള്‍ ഒരു മൂല്യവ്യവസ്ഥയെ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത വിധം ദുര്‍ഗ്രഹമാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നാമിന്ന് കണ്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അസ്ഥിരതക്കും സാമൂഹിക വിഘടനത്തിനുമാണ് ഇത് കാരണമായത്.നീതിയെയും ധാര്‍മികതയെയും സംബന്ധിച്ച പൊതുവായ സങ്കല്‍പത്തിന് ആവശ്യമായ ശക്തമായ അടിത്തറയെ അബ്രഹാമിക മതങ്ങളുടെ മൂല്യങ്ങളില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഞാന്‍ വാദിക്കുന്നത്. അത് ചരിത്രപരമായി മധ്യകാല സ്‌പെയിനിലും പൂര്‍വാധുനിക ലോകത്തെ മറ്റ് ഇടങ്ങളിലും സ്ഥിരതയുള്ള രാഷ്ട്രീയങ്ങളെ ഉത്പാദിപ്പിച്ചതും അതാണല്ലോ.
മുസ്‌ലിംകള്‍ മതത്തെ കേവലം ഒരു സ്വകാര്യ പരിഗണനയോടെയല്ല കാണുന്നത്.മതം ഓരോ വ്യക്തിയാലും ആത്മനിഷ്ഠമായി സ്ഥിരീകരിക്കപ്പെടുമ്പോള്‍, വസ്തുനിഷ്ഠമായ അഞ്ചു സാര്‍വത്രികങ്ങളെ (കുല്ലിയാത്തുല്‍ ഖംസ്) സംരക്ഷിക്കുന്നതിനായി ദൈവം മതത്തെ സ്ഥാപിച്ചതാണെന്നാണ് ഇസ്‌ലാമിന്റെ ഭാഷ്യം. അവയില്‍ ഒന്നാമത് മതത്തെ തന്നെ, പിന്നെ ജീവിതം, ബുദ്ധി, കുടുംബം, സ്വത്ത്.എന്നാല്‍ ആറാമത് ഒരു സാര്‍വത്രിക തത്വമായി ചിലര്‍ ബഹുമതിയെ കണക്കാക്കുന്നുണ്ട്. ഈ സാര്‍വത്രികങ്ങളുടെ കൂട്ടത്തില്‍ ആധുനിക മനുഷ്യര്‍ക്ക് വിവാദപരമായി തോന്നുന്ന ഏക സാര്‍വത്രികം മതം (അതിന്റെ ദൈവശാസ്ത്ര സ്വഭാവത്താല്‍) മാത്രമായിരിക്കും. ഇസ്‌ലാം നീതിക്കുവേണ്ടിയുള്ള ദൈവകേന്ദ്രീകൃതമല്ലാത്ത അടിത്തറയെയാണ് മുന്നോട്ടുവെക്കുന്നത്. ഇതിന്റെ ഒരു ഉറവിടം സാര്‍വത്രിക മനുഷ്യ പ്രകൃതമായ ഫിത്‌റയാണ്. സ്വീകാര്യവും അസ്വീകാര്യവുമായ പ്രവൃത്തികളെ അംഗീകരിക്കാന്‍ മനുഷ്യരെ അനുവദിക്കുന്നഫിത്‌റ.
മറ്റൊരു സ്രോതസ് ആണ് വഹ്‌യ്. ഖുര്‍ആനില്‍ ഇങ്ങനെ കാണാം: അല്ലാഹു മനുഷ്യരാശിയെ രൂപപ്പെടുത്തിയ അതേ ഫിത്‌റയില്‍ (സ്വതസിദ്ധമായ മനോഭാവം) തന്നെ നിങ്ങളുടെ മുഖം യഥാര്‍ഥ മതത്തിലേക്ക് തിരിക്കുക. ദൈവത്തിന്റെ സൃഷ്ടിയില്‍ മാറ്റം നടത്തരുത്. അതാണ് നേരുള്ള മതം. എന്നിരുന്നാലും, മിക്ക ആളുകളും അക്കാര്യം അറിയുന്നില്ല. (30:30)
ഖുര്‍ആനില്‍ കാണാം: ‘നാം ഏറ്റവും മികച്ച രൂപങ്ങളില്‍ മനുഷ്യനെ സൃഷ്ടിച്ചു;എന്നിട്ട് അവനെ നാം തന്നെ ഏറ്റവും അധഃപതിച്ചവനാക്കി കളയും'(95: 45).ഈ അപചയത്തെക്കുറിച്ച് അല്‍-ബുറൂസവി പറയുന്നു:
പിന്നെ നാം അവനെ നരകവാസികളില്‍ പെടുത്തി. ഏറ്റവും മോശമായതും താഴ്ന്നതുമായ സ്ഥാനം നല്‍കി. കാരണം അവനെ നാം സൃഷ്ടിച്ചതിന്റെ കാരണങ്ങളോട് അവന്റെ പ്രവൃത്തികള്‍ പൊരുത്തപ്പെട്ടിരുന്നില്ല.അവന്‍ അപ്രകാരം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, സ്വര്‍ഗത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനം അവന് ലഭിക്കുമായിരുന്നു. ഉത്തരാഫ്രിക്കന്‍ ഖുര്‍ആന്‍ പണ്ഡിതന്‍ താഹിര്‍ ബ്‌നു ആശൂര്‍ ഈ വാക്യത്തിന് വ്യാഖ്യാനം നല്‍കുന്നത് ഇപ്രകാരമാണ്:
മനുഷ്യന്‍ സ്വാഭാവികമായും നന്മയിലേക്കാണ് നീങ്ങുന്നതെന്നും അവനു തന്നെ പ്രയോജനവും നന്മയുമുള്ള കാര്യങ്ങള്‍ ചെയ്യാനുമുള്ള ഒരു മനോഭാവം അവന്റെ സ്വഭാവത്തില്‍ ഉണ്ടെന്നും അതോടൊപ്പം തെറ്റോ നാശത്തിന്റെ ഉറവിടമോ ആണെന്ന് അവന്‍ കരുതുന്നതിനെ വെറുക്കുന്നുവെന്നും ഈ വാക്യം നമ്മെ അറിയിക്കുന്നു. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനും ദുരിതബാധിതര്‍ക്ക് ആശ്വാസമേകാനും അടിച്ചമര്‍ത്തപ്പെട്ടവരുടെ സംരക്ഷണത്തിന് വേണ്ടിയുമാണ് അവന്‍ വാദിക്കുന്നത്.
ഇസ്‌ലാമിക അധ്യാപനങ്ങള്‍ മുസ്‌ലിംകളെ മാത്രമല്ല, മറ്റു സമൂഹങ്ങളിലെ സകലരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു നീതിപൂര്‍വകമായ രാഷ്ട്രീയത്തിനാണ് അടിത്തറ നല്‍കുന്നത്. അത്തരത്തില്‍ നീതിപൂര്‍വകമായി പ്രവര്‍ത്തിക്കുമ്പോഴാണ് നാം ദൈവഭക്തരാകുന്നത്.

Share this article

About ഇമാം സൈദ് ശാക്കിര്‍, വിവര്‍ത്തനം: എന്‍. മുഹമ്മദ് ഖലീല്‍

View all posts by ഇമാം സൈദ് ശാക്കിര്‍, വിവര്‍ത്തനം: എന്‍. മുഹമ്മദ് ഖലീല്‍ →

Leave a Reply

Your email address will not be published. Required fields are marked *