കലയും അദൃശ്യതയിലേക്കുള്ള വഴികളും

Reading Time: 4 minutes

കല സംസ്‌കാരത്തിന്റെ പ്രതിബിംബമാണ്. ഗ്രീക്ക് ദര്‍ശനമനുസരിച്ച് കല ആധ്യാത്മിക ഭാവം കൂടി ഉള്‍ക്കൊള്ളുന്നതാണ്. അതിന് സമൂഹത്തില്‍ ചില മാനവിക ധര്‍മങ്ങളുണ്ട് എന്നര്‍ഥം. ചില നല്ല ചിന്തകളുടെ പര്‍ണശാലയാണ് കലയെന്ന് റോമന്‍ തത്വചിന്തയും പറയുന്നുണ്ട്. എല്ലാ അര്‍ഥത്തിലും ഇസ്‌ലാമിലെ കല സമ്പൂര്‍ണവും സമഗ്രവുമാണ്. കലയിലെ ഇസ്‌ലാമിക സമീപനവും തഥൈവ.
ഇസ്‌ലാമിക ജീവിതരീതിയില്‍ പിറവിയെടുത്ത കലകള്‍ മാത്രമല്ല മുസ്‌ലിംകളാല്‍ ജന്മം കൊണ്ടതും മുസ്‌ലിം ദേശങ്ങളില്‍ ബീജാവാപം നേടിയതുമായ കലകളും ഇസ്‌ലാമിക കലയായി കണക്കാക്കപ്പെടുന്നു. കൃത്യമായ ക്രയവിക്രയങ്ങളും അനിവാര്യമായ ആദാന പ്രദാനങ്ങളും അതിലുണ്ടെങ്കിലും ഈ അനുകരണങ്ങളൊന്നും തന്നെ അതിന്റെ ആധ്യാത്മിക സ്വത്വത്തിന് എതിരല്ല. കല കലക്ക് വേണ്ടി, കല സമൂഹത്തിന് വേണ്ടി തുടങ്ങിയ കലാനിരീക്ഷണങ്ങളെ വാരിപ്പുണരാനോ, അതിനോട് പുറംതിരിഞ്ഞു നില്‍ക്കാനോ ഇസ്‌ലാം താത്പര്യപ്പെടുന്നില്ല. കൃത്യമായി ചിട്ടപ്പെടുത്തിയ നിയന്ത്രണങ്ങളിലൂടെയാണ് ഇസ്‌ലാം അതിന്റെ സൗന്ദര്യവീക്ഷണം വെളിപ്പെടുത്തുന്നത്. പ്രതിഭാത്വം കലാകാരന്റെ സ്വത്ത് തന്നെയാണെന്ന് ഇസ്‌ലാം പറയുന്നുണ്ട്. എന്ന് വെച്ച് സൗന്ദര്യത്തെ ആഖ്യാനിക്കുന്ന കലാകാരന്‍ ദൈവമാകുന്നില്ല. പല തത്വവിചാരങ്ങളിലും അവന്‍ ദൈവമാക്കപ്പെട്ടിട്ടുണ്ട് എന്നത് ചേര്‍ത്തുവായിക്കുക. പ്രപഞ്ചസൃഷ്ടിപ്പിന്റെ വിചാരങ്ങളിലേക്ക്, ആഴങ്ങളിലേക്ക് നയിക്കുന്ന മെറ്റാഫിസിക്കലായ ശക്തി കലക്കുണ്ട് എന്ന അര്‍ഥത്തിലാണ് അത് അധ്യാത്മികവും പവിത്രവുമാകുന്നത്.

സൗന്ദര്യമാണ് കലയുടെ ആത്മാവ്
നബി(സ്വ) പറഞ്ഞു: അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ സൗന്ദര്യസമവാക്യങ്ങള്‍ രൂപപ്പെടുന്നത് അദൃശ്യനായ ഒരുത്തനിലുള്ള അചഞ്ചലമായ വിശ്വാസത്തെ മുന്‍നിര്‍ത്തിയാണ്. ഭൗതികതക്കപ്പുറം ഈയൊരു ദൈവിക സൗന്ദര്യമാണ് ഇസ്‌ലാമികകലയുടെ കാതലും കരുത്തും. കലാകാരന്റെ വൈഭവവും ഇവിടെ ചെറിയ രീതിയില്‍ സ്വാധീനിക്കപ്പെടുന്നു. മനുഷ്യമനസുകളില്‍ ദൈവികബോധം സൃഷ്ടിക്കുന്നതിലൂടെ ഹൃദയവിമലീകരണമാണ് ഇസ്‌ലാമിക കല ലക്ഷ്യംവെക്കുന്നത് എന്ന് ചുരുക്കി വായിക്കാം. അപ്പോള്‍ ദൈവിക വിരുദ്ധമായതെന്തും ഇസ്‌ലാമിക കലയുടെ പരിധിക്ക് പുറത്താണ്.
വിഗ്രഹനിര്‍മാണവും രൂപചിത്രീകരണവും വിലക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇവ ദൈവാസ്തിക്യത്തെ ചോദ്യം ചെയ്യുകയും മനുഷ്യ മനസുകളില്‍ കുടിയിരിക്കുന്ന ദൈവികതയുടെ സത്തയെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത്തരം ചിത്രീകരണങ്ങള്‍ ബഹുദൈവികതയെയും ദ്യോതിപ്പിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഈ വിലക്ക് ഇസ്‌ലാമില്‍ ഒരു പുതിയ കലാ സംസ്‌കാരത്തിന് തിരി കൊളുത്തിയെന്ന് എലിസബത്ത് സിദ്ദീഖി നിരീക്ഷിക്കുന്നുണ്ട്: ‘Because of the strict injunction against such dipictions of humans or animals which might result in idolworship, Islamic art devoloped a unique character utilising a number of primary forms geometric, arabesque, floral and calligraphic which are often interwoven’ (Article An Introduction to Islamic Art), sI¶¯v ImKv Xsâ House of Islam എന്ന പുസ്തകത്തില്‍ ഇതേ കുറിച്ച് വിവരിക്കുന്നത് കാണുക: ‘ഇസ്‌ലാമിന്റെ ഏകദൈവ സിദ്ധാന്തവും തല്‍ഫലമായി ഉണ്ടായ ബഹുദൈവത്വ ഭയവും പ്രതിബിംബ കലകളെ നിരോധിക്കേണ്ടത് ആവശ്യമാക്കിത്തീര്‍ത്തു. ആരാധനയുടെ മണ്ഡലത്തില്‍ മൗലികവാദപരമായ കണിശതയോടെ ഇസ്‌ലാം അത് നടപ്പിലാക്കുന്നു. ഇപ്രകാരം രൂപചിത്രീകരണവും പ്രതിമാനിര്‍മാണവും സംഗീതവും പൂര്‍ണമായും വിലക്കപ്പെടുന്നു.
ദൈവികതയെയും ഇസ്‌ലാമിന്റെ കലാബോധത്തെയും പാരമ്പര്യത്തെയും പരിചയപ്പെടുത്തുന്ന പല കലാരൂപങ്ങളും ഇതോടെ അസ്ഥിവാരമെടുത്തു. ഏകനായ ദൈവത്തെക്കുറിച്ച് മനസിലാക്കാന്‍ അവന്റെ സൃഷ്ടികളിലേക്ക് നോക്കുക എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. എഴുത്തുകലയായ കാലിഗ്രഫിയും അറബെസ്ഖും നിര്‍മാണ കലയിലെ വിശാലതയുമെല്ലാം അവാച്യമായ ആത്മീയ ലോകത്തേക്കാണ് നമ്മെ നയിക്കുന്നത്. ഇവയെല്ലാം ഇസ്‌ലാമിലെ ഏകദൈവത്തെയും പരിചയപ്പെടുത്തുന്നുണ്ട്.
ഏകദൈവം ഒരിക്കലും മുസ്‌ലിം ചിത്രകലയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും അവന്റെ കലാവൈഭവം അതില്‍ പ്രകടമാണ്. ഇസ്‌ലാമികകല അതിന്റെ സമഗ്രാര്‍ഥത്തില്‍ ആസ്വദിക്കണമെങ്കില്‍ വിശ്വാസം പ്രധാനമാണ്. നാദിര്‍ തെഹ്‌റാനി പറഞ്ഞത് പോലെ വിശ്വാസമുണ്ടാകുമ്പോഴാണ് സമര്‍പ്പണം പൂര്‍ണമാകുന്നത്. ഇസ്‌ലാമിക കലകള്‍ ഈ സമര്‍പ്പണം വലിയ തോതില്‍ ആവശ്യപ്പെടുന്നവയാണ്. കലയുടെ മാനവികമൂല്യങ്ങളും ധര്‍മങ്ങളും സ്ഥിരീകരിക്കപ്പെടുന്നതും ഈ വിശ്വാസത്തിന്റെ ബലത്തിലാണ്.
അല്ലാഹു സുന്ദരനും സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നവനുമാണെന്ന തിരുവചനത്തെ മനസേറ്റിയ സൂഫികളും ഇസ്‌ലാമിക കലയുടെ വളര്‍ച്ചക്ക് പാതയൊരുക്കി. സൂഫി സൗന്ദര്യവീക്ഷണത്തിന് താത്വികമായൊരു അടിത്തറ പാകാന്‍ പ്രധാനമായും മുന്‍കൈയെടുത്തത് ജലാലുദ്ദീന്‍ റൂമി, ഇബ്‌നുഅറബി തുടങ്ങിയവരാണ്. കലകളിലും സൗന്ദര്യാവിഷ്‌കരണങ്ങളിലും ദൈവാസ്തിക്യത്തിന്റെ പ്രമാണം കണ്ടെത്താന്‍ ശ്രമിച്ച സൂഫികള്‍ ഇസ്‌ലാമിക കലയെ ആഴത്തില്‍ അനുഭവിച്ചവരാണ്. സൗന്ദര്യമാണ് കലയുടെ ജീവനെന്നും ഈ സൗന്ദര്യത്തിലൂടെ ലഭിക്കുന്ന ആനന്ദം ദൈവത്തെ അറിയാനും അനുഭവിക്കാനും സഹായിക്കുമെന്നും ഇവര്‍ സ്ഥാപിച്ചു. ഏതു കോണില്‍ നിന്നു നിരീക്ഷിച്ചാലും ഇസ്‌ലാമിക കല അടിസ്ഥാനപരമായി ലക്ഷ്യം വെക്കുന്നത് തൗഹീദിന്റെ സ്ഥാപനവും അതുവഴിയുള്ള ആത്മീയ പരിപാവനത്വവുമാണെന്ന് പ്രഥമ ദൃഷ്ട്യാ മനസിലാക്കാന്‍ സാധിക്കും.

ഉത്ഭവം, വികാസം
സഞ്ചാരമാണ് അറബികളെ ലോകപ്രശസ്തരാക്കിയത്. നബിയുടെ(സ്വ) കാലത്തിനു മുമ്പ് തന്നെ അറബികള്‍ തികഞ്ഞ സഞ്ചാരികളായിരുന്നു. ബൈസാന്റിയ, പേര്‍ഷ്യ എന്നിവിടങ്ങളിലേക്കും ഈ സഞ്ചാരങ്ങള്‍ വ്യാപിച്ചെങ്കിലും അവിടെയൊക്കെ പ്രചാരം നേടിയിരുന്ന കലാപൈതൃകങ്ങള്‍ അറബികളെ തെല്ലും സ്വാധീനിച്ചിരുന്നില്ല. വ്യത്യസ്ത കലാരൂപങ്ങളെയും സംസ്‌കാരങ്ങളെയും അടുത്തറിഞ്ഞിട്ടും മൗലികമായ ഒരു സംസ്‌കാരവും കലയും രൂപപ്പെടുത്തിയെടുക്കാന്‍ മുഹമ്മദ് നബിയുടെ(സ്വ) രംഗപ്രവേശം വരെ അറബികള്‍ക്ക് കാത്തിരിക്കേണ്ടിവന്നു. അറേബ്യയുടെ ചിന്താമണ്ഡലം വികസിച്ചതും സൗന്ദര്യ ബോധമുണര്‍ന്നതും ആറാം നൂറ്റാണ്ടിന് ശേഷമാണ് എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. അറബികളില്‍ കലാത്മകമായ സ്വത്വം രൂപപ്പെടുത്തുന്നതില്‍ ഇസ്‌ലാം നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നു ചുരുക്കം. ചിത്രകലകളെയും പ്രതിമനിര്‍മാണത്തെയും നിരോധിക്കുന്നതിലൂടെ ഏകദൈവത്തിന്റെ അസ്ഥിത്വത്തെ പ്രതിഷ്ഠിക്കുന്ന സര്‍വ കലകളെയും തിരുനബി(സ്വ) പ്രോത്സാഹിപ്പിച്ചു.
മുഹമ്മദ് നബിയുടെ(സ്വ) ദര്‍ശനങ്ങളെ സ്വാംശീകരിച്ചു കൊണ്ട് ധൈഷണികമായും സര്‍ഗാത്മകമായും അവയെ സമന്വയിപ്പിച്ച ധിഷണാശാലികളാണ് ഇസ്‌ലാമിക കലക്ക് താത്വികവും പ്രായോഗികവുമായ അടിത്തറ പാകിയത്. തിരുനബിയുടെ(സ്വ) ആഗമനത്തോടെ അന്ന് സമൂഹമധ്യേ പരിലസിച്ചു നിന്നിരുന്ന ഇതര കലകളെല്ലാം പുറകോട്ട് പോയി. അതിലുപരി ഇസ്‌ലാമിക കല ഇതര രീതികളിലേക്ക് കുടിയേറുകയും ചെയ്തു നബി(സ്വ) വിവിധ ഭരണാധികാരികളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടെഴുതിയ കത്തുകളും, നബി തങ്ങള്‍ക്ക് ദിവ്യസന്ദേശങ്ങളുമായി ഇറങ്ങിയ ഖുര്‍ആനിക സൂക്തങ്ങളെഴുതി വെച്ച കല്ലുകളിലെയും ഓലകളിലെയും ലിപികളുമൊക്കെ കാലിഗ്രഫിയുടെ ആരംഭ രൂപമായിട്ട് വിലയിരുത്തണം. കൂഫി ലിപി നബി(സ്വ)യുടെ മുമ്പ് തന്നെ നിലവിലുണ്ടായിരുന്നെങ്കില്‍ പോലും അത് പ്രാകൃത രൂപത്തിലായിരുന്നു. തിരുദൂതരുടെ മേല്‍നോട്ടത്തില്‍ നിര്‍മിക്കപ്പെട്ട പള്ളികള്‍ വാസ്തുകലയുടെ ആദ്യകാല സാക്ഷ്യങ്ങളാണ്. ഏകദേശം ഏഴാം നൂറ്റാണ്ടോടെ ലോകത്തിന്റെ പലഭാഗത്തും ഇസ്‌ലാമിന്റെ തനതു വാസ്തുകലയില്‍ പള്ളികള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ആകാരഭംഗിക്കപ്പുറത്ത് ആത്മീയ ഭംഗിയായിരുന്നു ഇത്തരം ഇസ്‌ലാമിക സൗധങ്ങളില്‍ നിറഞ്ഞു നിന്നത്.
മുഹമ്മദ് നബിയുടെ(സ്വ) കാലശേഷം ഖുലഫാക്കളും ഇസ്‌ലാമിക കലയുടെ വികാസത്തിനുള്ള പാതയൊരുക്കി. ഹിജ്‌റ 634ല്‍ ബൈസാന്റിയയുടെയും 636ല്‍ സാസാനിയയുടെയും പതനത്തിനു ശേഷം ഇസ്‌ലാമിക കലാവിഷ്‌കാരങ്ങള്‍ പ്രചുരപ്രചാരം നേടി. ഇവയില്‍ നിന്ന് അനുയോജ്യമായത് സ്വീകരിക്കാനും ശേഷം വന്ന ഭരണാധികാരികള്‍ മറന്നില്ല. ഏഴാം നൂറ്റാണ്ടിലെ മുആവിയന്‍ ഭരണകൂടം ഉത്തരാഫ്രിക്കയിലും സ്‌പെയിനിലും അധികാരം സ്ഥാപിച്ചതോടെ അവിടെയും ഇസ്‌ലാമിക കല വളര്‍ന്നു. ഹിജ്‌റ 711ലാണ് സ്‌പെയിനില്‍ ഇസ്‌ലാമെത്തുന്നത്. ബൈസാന്റിയ-സാസാനിയ കലാരീതികളെ ഇസ്‌ലാമിക രീതിയുമായി വിളക്കിച്ചേര്‍ത്തു കൊണ്ട് സമന്വയിപ്പിക്കുകയാണ് ശേഷം വന്ന അമവി ഭരണാധികാരികള്‍ ചെയ്തത്. മസ്ജിദുന്നബവി, മസ്ജിദ് സഖ്‌റ, മസ്ജിദ് അമവി തുടങ്ങിയ പള്ളികള്‍ അമവി കാലഘട്ടം തീര്‍ത്ത കലാവിപ്ലവത്തിന്റെ സാക്ഷ്യങ്ങളാണ്. തങ്ങളുടേതായ കലാസങ്കല്പങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ ഉമവി ഭരണാധികാരികള്‍ക്കും സാധിച്ചു. ബൈസാന്റിയന്‍ കലയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഡമസ്‌കസിലെ വലിയ പള്ളിയുടെ മൊസൈക്കുകള്‍ മുഴുവനായും അമവികള്‍ മാറ്റി സ്ഥാപിച്ചു. അവിടെ വര്‍ണ മുഖരിതവും പ്രകൃതി ചിത്രണങ്ങള്‍ കൊണ്ട് അലങ്കൃതവുമായ കല്ലുകള്‍ സ്ഥാപിക്കാനും അവര്‍ തയാറായി.
പിന്നീട് ഇസ്‌ലാമിക കലയുടെ നിയന്ത്രണമേറ്റെടുത്തത് അബ്ബാസികളായിരുന്നു. അക്കാലത്ത് ഡമസ്‌കസില്‍ നിന്ന് ബഗ്ദാദിലേക്ക് തലസ്ഥാനം മാറ്റിയതു തന്നെ രാഷ്ട്രീയവും കലാപരവുമായ കാരണങ്ങള്‍ കൊണ്ടായിരുന്നു. ബഗ്ദാദിനെ ഇസ്‌ലാമിക കലയുടെ പൈതൃക നഗരമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് അബ്ബാസികളായിരുന്നു. ബഗ്ദാദിലേക്കുള്ള തലസ്ഥാന മാറ്റത്തെ ഇസ്‌ലാമിക റോമിനെ രൂപപ്പെടുത്താനുള്ള നീക്കം എന്നാണ് ചരിത്രകാരനായ റോബര്‍ട്ട് ഹില്ലന്‍ ബാന്റ് സൂചിപ്പിച്ചത്. അല്‍ യഅ്ഖൂബിയെ പോലുള്ളവരുടെ ഭാഷയില്‍ ബഗ്ദാദ് ലോകത്തിന്റെ കേന്ദ്രമായിരുന്നു (Navel of the World). അവിടെ രൂപപ്പെട്ട വൈവിധ്യ കലാരൂപങ്ങളുടെ കലാമഹിമ തന്നെയായിരുന്നു അവരെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. ബഗ്ദാദില്‍ നിന്ന് സമാറയിലേക്ക് വീണ്ടും തലസ്ഥാനം മാറ്റിയെങ്കിലും അവിടെയും കലാരൂപകങ്ങള്‍ തീര്‍ക്കാന്‍ അബ്ബാസികള്‍ക്ക് കൂടുതല്‍ സമയം വേണ്ടി വന്നില്ല. വസ്ത്രവ്യാപാരം അബ്ബാസികളുടെ പ്രധാനപ്പെട്ട നീക്കിയിരിപ്പുകളിലൊന്നാണ്. ടിറാസ് എന്ന പേരില്‍ സര്‍ക്കാര്‍ നേരിട്ട് സില്‍ക്ക് വസ്ത്ര കേന്ദ്രങ്ങള്‍ ആരംഭിച്ചു. പാത്രനിര്‍മാണവും കാലിഗ്രഫിയും പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കാന്‍ അബ്ബാസികള്‍ പ്രത്യേകം ശ്രദ്ധിച്ചു. അല്‍ ഖുബ്ബത്തുല്‍ ഖള്‌റാഅ് അബ്ബാസി സംഭാവനകളില്‍ പ്രധാനപ്പെട്ടതാണ്. ചുരുക്കം, ഇസ്‌ലാമിക കലക്ക് വ്യവസ്ഥാപിതമായ രൂപം നല്‍കാന്‍ അബ്ബാസികള്‍ക്കായിട്ടുണ്ടെന്ന് നിസംശയം പറയാവുന്നതാണ്.
സമാനി, ഫാത്വിമി, സന്‍ജുക്കി, തുര്‍ക്കിയിലെ ഗവി, മൗലൂക്കികള്‍, തിമൂരി, സഫവി തുടങ്ങിയ രാജ വംശങ്ങള്‍ ഇസ്‌ലാമിക കലകളെ കാലഘട്ടങ്ങളുടെ വ്യത്യസ്തദശകളില്‍ പരിഷ്‌കരിക്കുകയും വ്യത്യസ്ത ഭാവങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ അറബി നിര്‍മാണ ശാസ്ത്രം പരിചയപ്പെടുത്തുന്നതിന് തുര്‍ക്കിയിലെ ഗസ്‌നവികളാണ് നേതൃത്വം നല്‍കിയത്.
തുര്‍ക്കിയിലെ ഉസ്മാനിയ ഖിലാഫത്താണ് ഇസ്‌ലാമിക കലയുടെ പ്രചാരകരായ അവസാന രാജവംശമായി അറിയപ്പെടുന്നത്. അയാസോഫിയ മസ്ജിദടക്കം വ്യത്യസ്തമായ വാസ്തു ശില്‍പ മാതൃകകള്‍ പരീക്ഷിച്ചാണ് അവര്‍ ചരിത്രത്തിലേക്ക് വഴി മാറിയത്. ആറാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഹാഗിയ സോഫിയ എന്ന പള്ളിയുടെ രൂപരേഖയാണ് ഈ പള്ളിയുടെ നിര്‍മാണ ഘടനക്ക് പ്രചോദനമായത്.
ഇസ്താംബൂള്‍ ഉസ്മാനിയ ഖിലാഫത്തിന്റെ തലസ്ഥാനമായതോടെ ടോപ്കാപി മ്യൂസിയത്തിന്റെയും നിര്‍മാണം തുടങ്ങി. സൗധങ്ങളും രാജമന്ദിരങ്ങളും നിര്‍മിക്കാന്‍ ലോകരാജാക്കന്‍മാര്‍ മത്സരിക്കുന്ന കാല ത്താണ് (16ാം നൂറ്റാണ്ടില്‍) സുല്‍ത്താന്‍ സുലൈമാന്‍ ഇത്തരം നിര്‍മാണരീതികളുമായി മുന്നോട്ട് വരുന്നത്. ഉസ്മാനിയ്യ മസ്ജിദും ഇതേ കാലയളവിലാണ് പണികഴിപ്പിക്കപ്പെട്ടത്. ഖുബ്ബത്തു അല്‍ സഖറയിലെ പഴകിയ മുസൈകുകള്‍ മാറ്റി പിഞ്ഞാണ ഓടുകള്‍ സ്ഥാപിക്കാനും അവ പുതിയ രീതിയില്‍ അലങ്കരിക്കാനും ഉസ്മാനികള്‍ ശ്രദ്ധിച്ചു. ഗ്രീക്ക് ശില്‍പിയുടെ മകനായ സിനാന്‍ ആയിരുന്നു ഉസ്മാനിയ്യ നിര്‍മാണകലയുടെ മസ്തിഷ്‌കമായി വര്‍ത്തിച്ചത്. സൗകര്യങ്ങള്‍ വിശാലമാക്കുന്നതോടൊപ്പം തന്നെ അവര്‍ അലങ്കാരത്തേക്കാള്‍ ഘടനക്ക് പ്രാധാന്യം നല്‍കുകയും ചെയ്തു. അതേ സമയം അലങ്കാരത്തില്‍ ഇതൊരു കുറവും വരുത്തിയുമില്ല. അവസാന കാലഘട്ടങ്ങളില്‍ ഓട്ടോമന്‍ സാമ്രാജ്യം യൂറോപ്യന്‍ നിര്‍മാണ ശൈലിയെയും കടം കൊണ്ടിട്ടുണ്ട്. യൂറോപ്യന്‍-അറബിക്-പേര്‍ഷ്യന്‍ ശൈലിക്കു പുറമെ ഫ്രാന്‍സിലെ പ്രത്യേക അലങ്കാര ശൈലിയായ റൊകോകൊയും (Rococo) ഉസ്മാനികള്‍ തങ്ങളുടെ സൗധങ്ങളില്‍ പരീക്ഷിച്ചു. ഇതിനെല്ലാമപ്പുറത്ത് തുര്‍ക്കിമാര്‍ബിളും തുര്‍ക്കികാര്‍പെറ്റും പേപ്പറും ഉസ്മാനികളുടെ കലാ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നുണ്ട്. പ്രത്യേകമായൊരു കാലിഗ്രഫി ശൈലിയും ഉസ്മാനികള്‍ക്ക് സ്വന്തമായുണ്ടായിരുന്നു.

Share this article

About ജാബിര്‍ എം കാരേപറമ്പ്

jabirkrpmanjeri@gmail.com

View all posts by ജാബിര്‍ എം കാരേപറമ്പ് →

Leave a Reply

Your email address will not be published. Required fields are marked *