ബൂഥ്വി: ജീവിതം അടയാളപ്പെടുത്തിയ മഹാമനീഷി

Reading Time: 2 minutes

ആധുനിക സമൂഹത്തിന്റെ നാഡിമിടിപ്പുകള്‍ തിരിച്ചറിഞ്ഞ് പാരമ്പര്യ ഇസ്‌ലാം വിഭാവനം ചെയ്ത ആശയാദര്‍ശങ്ങള്‍ ലോകത്തിന് സമ്മാനിച്ച അതുല്യ പ്രതിഭയാണ് ഡോ. സഈദ് റമളാന്‍ ബൂഥ്വി. പുതിയ കാലത്ത് ആഗോള ഇസ്‌ലാം നേരിടേണ്ടിവന്ന അപവാദങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും വസ്തുനിഷ്ഠമായി മറുപടി നല്‍കി ജീവിതം ധന്യമാക്കിയ മറ്റൊരു പണ്ഡിതനെ ഒരുപക്ഷേ നമുക്ക് കണ്ടെത്താനാവില്ല.
വൈജ്ഞാനിക, ധൈഷണിക മണ്ഡലങ്ങളാല്‍ സമ്പന്നമായിരുന്നു ബൂഥ്വിയുടെ ജീവിതം. ഒട്ടനവധി മൂല്യവത്തായ ഗ്രന്ഥങ്ങളും സുഗ്രാഹ്യമായ പ്രഭാഷണങ്ങളുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വിശുദ്ധ ഇസ്‌ലാം ഇടപെടുന്ന വൈവിധ്യ മേഖലകളിലായി അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇന്നും മുസ്‌ലിം ലോകത്തിന്റെ അതുല്യ പ്രകാശകിരണങ്ങളാണ്.
ആഗോള മുസ്‌ലിം സമൂഹത്തിന് സുപരിചിതനായ ഈ മഹാമനീഷിയുടെ പ്രവിശാലമായ വൈജ്ഞാനിക ലോകത്തെ തിരിച്ചറിയാന്‍ മലയാളി സമൂഹം അല്‍പമെങ്കിലും കാലമെടുത്തുവെന്നത് യാഥാര്‍ഥ്യമാണ്. സമീപകാലത്തായി ബൂഥ്വിയന്‍ രചനകളും ജ്ഞാനപരിസരവും അടുത്തറിയാനും വായിക്കാനും നമ്മുടെ സമൂഹം മുന്നോട്ടുവന്നത് പ്രശംസനീയമാണ്.
ബൂഥ്വിയുടെ ഗ്രന്ഥങ്ങളുടെയും പ്രഭാഷണങ്ങളുടെയും പരിഭാഷകള്‍ പലപ്പോഴും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവിത, വൈജ്ഞാനിക ലോകത്തെ പരിചയപ്പെടുത്തുന്ന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ അത്യപൂര്‍വമാണ്. ആ വിധത്തില്‍ കേരളീയ സമൂഹത്തിന് അവലംബനീയമായ രചനയാണ് ശാക്കിര്‍ മണിയറയുടെ ‘ഡോ. സഈദ് റമദാന്‍ ബൂഥ്വി, ജീവിതവും സംഭാവനകളും’ എന്ന ഗ്രന്ഥം. ബൂഥ്വിയുടെ കുടുംബപശ്ചാത്തലം മുതല്‍ ജീവിതം, നിലപാടുകള്‍, ഇടപെടലുകള്‍, ഗ്രന്ഥലോകം തുടങ്ങി ബൂഥ്വിയെ പ്രാഥമിക വായനക്ക് ഉപകരിക്കുംവിധം പുസ്തകത്തെ ക്രമീകരിക്കുകയാണ് ഗ്രന്ഥകാരന്‍. അദ്ദേഹത്തിന്റെ തന്നെ ഓര്‍മക്കുറിപ്പുകളും സംഭാഷണങ്ങളും അവലംബമാക്കി വസ്തുനിഷ്ഠമായി വായനക്കാരന് അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്തിട്ടുള്ളത്.
ആധുനിക ലോകത്തോട് സംവദിച്ച ഒട്ടനവധി പണ്ഡിതരില്‍ നിന്ന് ബൂഥ്വി വ്യത്യസ്തനായത് അദ്ദേഹത്തിന്റെ ആദര്‍ശത്തിലുള്ള കണിശത തന്നെയാണ്. തന്റെ ജ്ഞാനപ്രസരണ, പ്രബോധന മേഖലയില്‍ ആധുനികതയുടെ നല്ല വശങ്ങള്‍ സ്വീകരിക്കുമ്പോള്‍ തന്നെ അഹ്‌ലുസ്സുന്നയുടെ പാരമ്പര്യ ആശയങ്ങളെ അതേപടി അനുധാവനം ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. ഇസ്‌ലാമിക പ്രബോധനരംഗത്ത് പ്രസ്താവ്യമായ ഭാഗധേയത്വം അടയാളപ്പെടുത്തിയ ബൂഥ്വി മുസ്‌ലിം സമൂഹത്തില്‍ നിന്ന് തന്നെ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിധേയനായ പണ്ഡിതന്‍ കൂടിയാണ്. നിലപാടുകളിലെ കൃത്യതയും കണിശതയുമാണ് അദ്ദേഹത്തോട് പലര്‍ക്കും വെറുപ്പും വിദ്വേഷവുമുണ്ടാക്കിയത്. സിറിയയിലെ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള തന്റെ നിലപാടുകള്‍ക്ക് അക്കാലത്തു ഒട്ടേറെ പഴി കേള്‍ക്കേണ്ടിവന്നെങ്കിലും പില്‍ക്കാലത്ത് അദ്ദേഹമായിരുന്നു ശരി എന്ന സാഹചര്യത്തിലേക്കാണ് സിറിയന്‍ രാഷ്ട്രീയക്രമം നീങ്ങിയത്.
ആമുഖത്തിന് ശേഷം ബൂഥ്വിയുടെ ജനനവും കുടുംബപശ്ചാത്തലവും വിശദീകരിച്ചാണ് ഗ്രന്ഥകാരന്‍ ആദ്യ ഭാഗം ആരംഭിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ അതുല്യമായ പങ്കു വഹിച്ച തുര്‍ക്കിയിലാണ് ബൂഥ്വി ജനിക്കുന്നത്. ഓട്ടോമന്‍ ഖിലാഫത്തിന്റെ പതനത്തോടെ ആഗതമായ അത്താതുര്‍ക്കിന്റെ മതരഹിതമായ ഭരണം അദ്ദേഹത്തിന്റെ പിതാവിനെ തുര്‍ക്കി വിടണമെന്ന ചിന്തയിലേക്ക് നയിക്കുകയായിരുന്നു. ബൂഥ്വിയുടെ പ്രബോധന ജീവിതത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് വന്ദ്യ പിതാവായ മുല്ല റമദാന്‍ ബൂഥ്വിയാണ്. ഉന്നതപണ്ഡിതനായ പിതാവിന്റെ ശിക്ഷണവും അധ്യാപനവും അദ്ദേഹത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. പിതാവിന്റെ കൂടെ സിറിയയിലേക്ക് പോയതിന്റെ കാരണങ്ങളും സാഹചര്യങ്ങളും വിശദീകരണങ്ങളുമാണ് ഈ ഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്.
ജ്ഞാനസാഗരമായ ബൂഥ്വിയുടെ വിദ്യാഭ്യാസ അധ്യാപന മേഖലകള്‍ ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമിക വൈജ്ഞാനിക ശാഖകളില്‍ എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ അവഗാഹം ശ്രദ്ധേയമാണ്. കര്‍മശാസ്ത്രം, ഭാഷ, വിശ്വാസം, ഫിലോസഫി, സാഹിത്യം, ആധുനികത തുടങ്ങി ഒട്ടനവധി മേഖലകളില്‍ ബൂഥ്വി ഇടപെടുന്നുണ്ട്. പ്രമുഖരായ അധ്യാപകരും പ്രശസ്തമായ വൈജ്ഞാനിക കേന്ദ്രങ്ങളുമാണ് ബൂഥ്വി എന്ന ആഗോള പണ്ഡിതനെ സമ്മാനിച്ചതെന്ന് പുസ്തകത്തിലൂടെ മനസിലാക്കാനാവും.
മുസ്‌ലിം സമൂഹം ഏറെ പ്രയാസം നേരിടുന്നതും എന്നാല്‍ പുതിയ കാലത്ത് പണ്ഡിതര്‍ ആഴത്തിലിറങ്ങി ചെല്ലാത്തതുമായ മേഖലകളാണ് ബൂഥ്വി തെരഞ്ഞെടുത്തത്. സയണിസം, സലഫിസം, യുക്തിവാദം, മദ്ഹബ്, മുസ്‌ലിം സ്ത്രീ, ജിഹാദ്, പാശ്ചാത്യവത്കരണം, ആഗോളവല്‍കരണം തുടങ്ങി ഒട്ടനവധി മേഖലകളില്‍ ബൂത്തി തന്റെ തൂലിക കൊണ്ടും പ്രഭാഷണമികവു കൊണ്ടും വലിയ വിപ്ലവം സൃഷ്ടിച്ചു.
വൈവിധ്യ വിഷയങ്ങളിലുള്ള ബൂഥ്വിയുടെ രചനകളാണ് പുസ്തകത്തില്‍ പ്രധാനമായി പരാമര്‍ശിക്കുന്നത്. മുസ്‌ലിം ലോകം അനിവാര്യമായി ആവശ്യപ്പെടുന്ന ഇടപെടലുകളാണ് രചനാമേഖലയില്‍ അദ്ദേഹം നടത്തിയത്. ‘ആധുനിക ഗസ്സാലി’ എന്ന് അദ്ദേഹം അറിയപ്പെടാനുള്ള പ്രധാന കാരണവും ഇതുതന്നെയായിരുന്നു. ബൂഥ്വിയുടെ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ചെറുതും വലുതുമായ വിശകലനങ്ങള്‍ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്. ഇതിലൂടെ അദ്ദേഹത്തിന്റെ വൈജ്ഞാനിക ധൈഷണിക ഇടപെടലുകളുടെ ആഴം മനസിലാക്കാന്‍ വായനക്കാരന് സാധിക്കുന്നു.
ന്യൂനപക്ഷ ഫിഖ്ഹ്(ഫിഖ്ഹുല്‍ അഖല്ലിയാത്ത്), സലഫിസം, മതരാഷ്ട്രവാദം, മുസ്‌ലിം ലോകത്തിനെതിരെയുള്ള സാമ്രാജ്യത്വ അജണ്ടകള്‍ തുടങ്ങിയ വിഷയങ്ങളിലെ ബൂഥ്വിയുടെ പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും ഇന്നും ഇസ്‌ലാംവിരോധികള്‍ക്കു നേരെയുള്ള മൂര്‍ച്ചയേറിയ ആയുധങ്ങളാണ്. വിശുദ്ധ ഇസ്‌ലാം ലോകത്തോട് സംവദിച്ച മാനവികമൂല്യങ്ങള്‍ ആധുനികസമൂഹത്തോട് വസ്തുനിഷ്ഠമായി അവതരിപ്പിക്കാന്‍ ബൂഥ്വിക്ക് സാധിച്ചിട്ടുണ്ടെന്ന് ഈ പുസ്തകം നമ്മോട് പറയുന്നുണ്ട്.
ആത്മീയമേഖലയോടും തസവ്വുഫിനോടും അദ്ദേഹം പുലര്‍ത്തിയ അടുപ്പവും അഭിനിവേശവും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.ഇവ്വിഷയകമായി രചിച്ച ഗ്രന്ഥങ്ങളുടെ സൗന്ദര്യവും ചിന്തകളും അദ്ദേഹത്തിന്റെ താത്പര്യം നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നാല്‍ പുതിയ കാലത്തെ സൂഫിസം, ത്വരീഖത്ത് തുടങ്ങിയ ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധേയമാണ്. സൂഫിസത്തിന്റെയും ത്വരീഖത്തിന്റെയും പേരിലുള്ള കള്ളനാണയങ്ങളോടുള്ള ബൂഥ്വിയുടെ വിമര്‍ശനങ്ങളും അതേസമയം തന്നെ തസവ്വുഫ് വിരോധികളോടുള്ള കര്‍ക്കശനിലപാടുകളും പുസ്തകം അടിവരയിടുന്നു.
സിറിയയിലെ ആഭ്യന്തര കലാപങ്ങളും അതിനെത്തുടര്‍ന്നുണ്ടായ ബൂഥ്വിയുടെ രക്തസാക്ഷിത്വവുമാണ് പുസ്തകത്തിന്റെ അവസാന ഭാഗത്ത് കടന്നുവരുന്നത്. കലര്‍പ്പില്ലാത്ത നിലപാടുകളിലെ കണിശതയും സൗന്ദര്യവുമാണ് ബൂഥ്വിയുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ചത്. ഇസ്‌ലാമിനകത്തുനിന്ന് തന്നെയുള്ള ശക്തമായ എതിര്‍പ്പുകളും ശത്രുതയും ബൂഥ്വി തന്റെ നിലപാടുകളില്‍ നിന്ന് പിന്മാറാന്‍ അനുവദിച്ചില്ല.
പുതിയകാല മുസ്‌ലിം സമൂഹത്തിന് അതുല്യമായ വൈജ്ഞാനിക, ധൈഷണിക സംഭാവനകള്‍ നല്‍കിയ ബൂഥ്വിയുടെ ജീവിതം തീര്‍ച്ചയായും നാം പഠിക്കുകയും മനസിലാക്കുകയും ചെയ്യേണ്ടതുണ്ട്. ആ വിധത്തില്‍ അദ്ദേഹത്തിന്റെ ജീവിതം സമഗ്രമായി അടയാളപെടുത്തുന്ന ഒന്നായി ഈ കൃതിയെ വിലയിരുത്താനാവും.

Share this article

About മുജ്തബ സി.ടി കുമരംപുത്തൂര്‍

View all posts by മുജ്തബ സി.ടി കുമരംപുത്തൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *