ആ തിരിച്ചുനടത്തത്തില്‍ നമുക്ക് ഇമാമിനെ കിട്ടി

Reading Time: 3 minutes

പതിവുപോലെ വിജ്ഞാന കുതുകികളായ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് മുട്ടുമടക്കി, അദബോടെ അണിനിരന്നിരിക്കുന്നത്. ഓരോരുത്തരും ഇമാമവര്‍കളെ സാകൂതം ശ്രവിക്കുന്നു. പക്ഷേ ഒരുവേള വാക്കുകള്‍ മുറിഞ്ഞു പോവുകയാണ്. ഒന്നും പറയാനാകുന്നില്ല. നാവുയര്‍ത്താന്‍ കഴിയാത്ത പോലെ. സദസിലുണ്ടായിരുന്ന പണ്ഡിത ശ്രേഷ്ഠരും വിദ്യാര്‍ഥികളും മുഖത്തോട് മുഖം നോക്കിനിന്നു. പണ്ഡിത സഭകളില്‍ നിന്നു അലയടിച്ചുയര്‍ന്നിരുന്ന, കൊട്ടാരത്തിലരങ്ങേറുന്ന വാദപ്രതിവാദങ്ങളില്‍ മുഴങ്ങികേട്ടിരുന്ന ആ ധീരനാദം… ഇതെന്തുപറ്റി!? ഒടുവില്‍ ഒന്നും പറയാനാവാതെ എണീറ്റു പോകേണ്ടി വരുന്നു. ഇസ്‌ലാമിക ലോകമാകെ കീര്‍ത്തികേട്ട മഹാപണ്ഡിതനായ ഇമാം ഗസ്സാലി(റ)യുടെ വിജ്ഞാന സദസിലെ ഒരു രംഗമാണിത്.
സത്യത്തില്‍ ഇമാമിന്റെ ഈ അവസ്ഥക്കു പിന്നിലെ കാരണത്തെപ്പറ്റി ആരും ആലോചിച്ചിട്ടില്ല. ആത്മാവ് ആവശ്യപ്പെടുന്ന ആ ദാഹത്തെ ആരും അറിഞ്ഞില്ല. ഇമാം ഗസ്സാലി(റ) ആന്തരാത്മാവിന്റെ വിളി കേട്ടിരിക്കുന്നു. അതാണ് സത്യം. ആ ഉള്‍വിളിയെ ഇമാം അല്‍ മുന്‍ഖിദു മിനള്ളലാല്‍ എന്ന തന്റെ ആത്മകഥാപരമായ രചനയില്‍ വ്യക്തമാക്കുന്നുണ്ട്. ‘അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടിയിട്ടുള്ള നിഷ്‌കളങ്കമായ പ്രവര്‍ത്തനമല്ലാതെ, പേരും പ്രശസ്തിയുമാണോ ഈ അധ്യാപനത്തിനും ഔദ്യോഗിക സേവനത്തിനുമുള്ള പ്രേരണ എന്ന് ഞാന്‍ സന്ദേഹപ്പെടുന്നു. വഞ്ചനാത്മകമായ ഈ ലോകത്ത് നിന്നകന്ന് ദുനിയാവിനോടുള്ള പ്രേമം മതിയാക്കി ദേഹേച്ഛയില്‍ നിന്ന് മോചനം നേടി ഹൃദയമറിഞ്ഞുള്ള ആരാധനകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുവെങ്കില്‍ മാത്രമേ രക്ഷയുടെ മാര്‍ഗം തുറന്നുകിട്ടൂയെന്ന് ഞാന്‍ മനസിലാക്കി.’ താന്‍ ഇത്രയും കാലം പഠിച്ചതും പഠിപ്പിക്കുന്നതുമൊക്കെ അനുഭവത്തിന്റെ മധുരമില്ലാത്ത വെറും പൊള്ളത്തരങ്ങളാണോയെന്ന് ഉള്ളില്‍ നിന്ന് നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. ഒരുപക്ഷേ തര്‍ക്കവിതര്‍ക്കങ്ങളില്‍ മഹാ പണ്ഡിതന്മാരെ പോലും മുട്ടുകുത്തിക്കാന്‍ തനിക്കായേക്കും. വാഗ്വിലാസം കൊണ്ട് ജനഹൃദയങ്ങളെ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞേക്കും. ആയിരക്കണക്കിന് ശിഷ്യവൃന്ദത്തെ തൃപ്തരാക്കാന്‍ സാധിച്ചേക്കും. പക്ഷേ അനുഭവ ദാരിദ്ര്യത്താല്‍ ഇവക്കൊക്കെയും അകക്കാമ്പില്ലാത്തതുപോലെ.
രോഗി ഔഷധങ്ങളുടെ നാമങ്ങള്‍ പഠിച്ചുവെച്ചതുകൊണ്ട് ഒരിക്കലും ശമനം ലഭിക്കുന്നില്ല. മറിച്ച് ഔഷധങ്ങളെ സേവിച്ച് അവ അനുഭവേദ്യമാക്കു മ്പോഴാണ് ശമനം സാധ്യമാവുക. ‘മധുരം’ എന്ന് ഒരു കടലാസില്‍ എഴുതി വെച്ചത് വായിച്ചാല്‍ നാം മധുരത്തെ ആസ്വദിച്ചവരാവുന്നില്ല. അതിനെ അനുഭവിക്കുക തന്നെ വേണം. ഈ രൂപത്തില്‍ വിശ്വാസശാസ്ത്രത്തെ പഠിച്ചതുകൊണ്ടും പറഞ്ഞതുകൊണ്ടും മാത്രം ദൈവത്തെ അറിയാന്‍, സാധിക്കുമോ..? അങ്ങനെയുണ്ടാകുന്ന അറിവാണോ ഒരാളെ ഈശ്വരവിശ്വാസിയാക്കിത്തീര്‍ക്കുന്നത്? തത്വചിന്തയിലൂടെയും യുക്തിയിലൂടെയും സംശയാതീതമായ അറിവ് പര്യാപ്തമാകുമോ? മതാനുഷ്ഠാനങ്ങള്‍ കേവലമായ അനുകരണങ്ങള്‍ മാത്രമല്ലേ? അവയിലൂടെ ഉണ്ടാവുന്ന ആത്മീയാനുഭൂതികള്‍ വെറും അവകാശവാദങ്ങളാണോ?
ഈ സന്ദേഹങ്ങള്‍ക്കൊക്കെയും ഗുരുനാഥരില്‍ നിന്ന് പരിഹാരം പകര്‍ന്നുകിട്ടിയിട്ടില്ല. താനൊരു ഗുരുവായപ്പോള്‍ അത് വര്‍ധിച്ചതല്ലാതെ ശമിച്ചതുമില്ല. അതിനാല്‍ താന്‍ പകര്‍ന്നുകൊടുക്കുന്ന അറിവ് അനുഭവത്തിന്റെ ഭാവങ്ങളേതുമില്ലാതെ കേവലം കേട്ടതും പഠിച്ചതും മാത്രമാണ്. ഇതൊരു വഞ്ചനയായി മാറുകയില്ലേ…. ഇതിന്റെ യാഥാര്‍ഥ്യം മനസിലാക്കേണ്ടതല്ലേ..? എങ്ങനെയാണ് സംശയരഹിതമായ വിജ്ഞാനത്തിലേക്ക് എത്തിച്ചേരുക..? അറിഞ്ഞതിനെയൊക്കെയും അനുഭവിക്കാന്‍ കഴിയുക..?
ഇമാമിന്റെ ചിന്തകള്‍ പലവഴിയില്‍ പിരിഞ്ഞു. പൊതുവില്‍ പഞ്ചേന്ദ്രിയങ്ങള്‍ വഴിയാണ് പ്രാഥമിക അറിവുകള്‍ ലഭ്യമാവുന്നത്. എന്നാല്‍ അവ, സ്ഥലകാലഭേദങ്ങള്‍ക്ക് വിധേയമായ വിവരങ്ങളാണ് നല്‍കുന്നതും. ഭൂമിയിലിരുന്ന് കാണുമ്പോള്‍ സൂര്യന്‍ തീരെ ചെറുതാണ്. യഥാര്‍ഥത്തില്‍ അതിന്റെ വലിപ്പമോ ഭൂമിയിലിരുന്നുള്ള കണ്‍കാഴ്ച്ചക്ക് എത്രയോ അപ്പുറവും. പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പരിപൂര്‍ണമല്ല, എന്നതിനാല്‍ തന്നെ അവ സംശയാതീതമായ ഒരറിവും നല്‍കുന്നില്ല എന്ന നിഗമനത്തിലേക്കാണ് ഇമാം എത്തിച്ചേര്‍ന്നത്. രണ്ടു മാസത്തോളം ഈ സന്ദേഹാവസ്ഥയില്‍ കഴിച്ചുകൂട്ടി. ഒരാളോടും ഒന്നും വെളിപ്പെടുത്തിയതുമില്ല. ഒടുവില്‍ ഉണര്‍ന്നെണീറ്റ് അക്കാലത്ത് നിലവിലുണ്ടായിരുന്ന ഓരോ ചിന്താ പദ്ധതികളെപ്പറ്റിയും സസൂക്ഷ്മം വിശദമായി ആലോചിച്ചു. ദൈവശാസ്ത്രവും ആന്തരാര്‍ഥവാദവും തത്വചിന്തയും സൂഫിസവുമായിരുന്നു അന്നത്തെ പ്രധാന ചിന്താധാരകള്‍. അളന്നു മുറിച്ചുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ ഈ നാലു ധാരകളും സത്യാന്വേഷണമാണ് നടത്തുന്നതെന്ന് ഇമാം മനസിലാക്കി. അതിനാല്‍ തന്നെ ഈ ചിന്താപദ്ധതികള്‍ കേന്ദ്രീകരിച്ചായിരുന്നു തുടരന്വേഷണങ്ങളും. അപ്പോഴും യഥാര്‍ഥ വിജ്ഞാനത്തെപ്പറ്റിയും അനുഭവത്തെപ്പറ്റിയും ഒരു തീര്‍പ്പില്‍ എത്തിച്ചേരാന്‍ കഴിയാതെ ആത്മസംഘര്‍ഷത്തിന്റെ കടുത്ത ചൂടില്‍ ആ മനസ് വെന്തു നീറി. ഈ മാനസികാവസ്ഥയെ ഇമാം വരച്ചു വെക്കുന്നുണ്ട്. ‘ഭൗതിക മോഹങ്ങള്‍ ഒരു ഭാഗത്തുകൂടി അതിന്റെ ചങ്ങലകള്‍ വരിഞ്ഞുമുറുക്കി ബാഗ്ദാദിലെ സുഖശീതളിമയില്‍ ഉല്ലസിച്ചു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. മറുഭാഗത്ത്, യഥാര്‍ഥ മാര്‍ഗമെന്താണോ ആ മാര്‍ഗത്തില്‍ യാത്രയാവുകയെന്ന്, വിശ്വാസത്തിന്റെ ഉള്‍വിളി പ്രതിധ്വനിക്കുകയും ചെയ്യുന്നു…’
ഈ ആത്മസംഘര്‍ഷം ശരീരത്തെക്കൂടി രോഗാതുരമാക്കി. ഭക്ഷണത്തോട് തീരെ താത്പര്യമില്ലാതായി മാറി. ശരീരമാകെത്തളര്‍ന്നുപോയിരുന്നു. സംസാരശേഷി പോലും നഷ്ടപ്പെട്ടു. പരിശോധിച്ച വൈദ്യന്മാരൊക്കെയും കൈമലര്‍ത്തി. അവര്‍ക്കാര്‍ക്കും ഒന്നും കാണാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മനസിനാണ് രോഗമെന്നും എന്താണോ അതിനെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നത്, അതിനു പരിഹാരം കണ്ടാലല്ലാതെ ശമനം സാധ്യമാവുകയില്ലെന്നും അവര്‍ വിധിയെഴുതി.
ഹിജ്‌റ 488 റജബ് മുതല്‍ ആറുമാസക്കാലം ഈ അവസ്ഥയില്‍ കഴിച്ചുകൂട്ടിയെന്ന് ഇമാം രേഖപ്പെടുത്തുന്നു. ഇതൊക്കെയും യഥാര്‍ഥ ദൈവപ്രീതി യിലേക്ക് പുറപ്പെടാനുള്ള ആത്മാവിന്റെ വിളിയാളമായി ഇമാം ഉറപ്പിച്ചു. സര്‍വതും ഉപേക്ഷിച്ച് പ്രതാപങ്ങളുടെ ബഗ്ദാദിനോട് വിടപറയാന്‍ തീരുമാനിച്ചു. ഹിജ്‌റ വര്‍ഷം 488 ദുല്‍ഖഅദ് മാസത്തില്‍ നിളാമിയയിലെ തന്റെ ജോലി ഉപേക്ഷിച്ചു. പക്ഷേ ഈ തീരുമാനം ആര്‍ക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഭരണാധികാരികള്‍ നിരന്തരം ഇതില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ടിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് പലഭാഗങ്ങളില്‍നിന്നും സമ്മര്‍ദങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സമ്മര്‍ദങ്ങള്‍ക്കും ഇമാം വശംവദനായില്ല.
ഹജ്ജിനായി മക്കയിലേക്ക് പോകുന്നു എന്നാണ് അന്വേഷിച്ചവരോടൊക്കെയും പറഞ്ഞത്. പക്ഷേ അതിനു മുമ്പ് തന്നെ മക്കയോടൊപ്പം പല പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കുവാന്‍ ഇമാം ഉദ്ദേശിച്ചിട്ടുണ്ടായിരുന്നു.
ഈ തീരുമാനം ബഗ്ദാദില്‍ പല ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചു. വധഭീഷണി മൂലമാണ് ഇമാം നാടുവിടാന്‍ പ്രേരിതനായത് എന്നു പോലും പ്രചരിക്കപ്പെട്ടു. ഇമാമിന്റെ തീരുമാനം ബഗ്ദാദിനു ഭവിച്ച ഒരു വിപത്തായി പലരും വിലയിരുത്തി. വഴിച്ചെലവിനുള്ള പണം കൈയില്‍ കരുതി. വീട്ടു ചെലവുകള്‍ക്ക് ഏര്‍പ്പാടുണ്ടാക്കി. ബാക്കി മുഴുവന്‍ സമ്പാദ്യങ്ങളും ദാനം ചെയ്താണ് ഇമാം ബഗ്ദാദിനോട് വിട പറഞ്ഞത്.
സിറിയയുടെ തലസ്ഥാനമായ ഡമസ്‌ക്കസിലേക്കാണ് ആദ്യം യാത്ര തിരിച്ചത്. അവിടെ നിന്നും ഫലസ്തീനിലേക്കും. ഫലസ്തീനിനോട് വിട പറഞ്ഞ ഇമാം കാടുമേടുകളില്‍ ഒരു ദര്‍വേഷിനെപ്പോലെ അലഞ്ഞുതിരിഞ്ഞു.ആര്‍ഭാടം നിറഞ്ഞ വസ്ത്രങ്ങളുടെ സ്ഥാനത്ത് സൂഫികളുടെ രോമക്കുപ്പായമാണ് ധരിച്ചിരുന്നത്. വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ക്ക് പകരം കാട്ടുകനികളും അരുവികളിലെ തെളിനീരും മാത്രം. ഹിജ്‌റ 488 മുതല്‍ 490 വരെ രണ്ടു വര്‍ഷത്തോളം ഡമസ്‌ക്കസിലായിരുന്ന കാലയളവില്‍ അപൂര്‍വം ചില പ്രഭാഷണങ്ങളില്‍ മാത്രമാണ് അവിടുന്ന് ഇടപെട്ടിട്ടുള്ളത്. ബാക്കി മുഴുസമയവും സൂഫിധ്യാനമുറകളിലും മൗനത്തിലുമായി ഏകാന്തജീവിതം നയിച്ചു.
ഫലസ്തീനിലായിരുന്നപ്പോഴും ഹൃദയശാന്തിക്ക് വേണ്ടിയുള്ള തീവ്രമായ സാധനകളില്‍ സദാ മുഴുകിയിരുന്നു. ആ നേരങ്ങളിലും മനസില്‍ നിറഞ്ഞുവരുന്ന ആത്മീയ ബോധ്യങ്ങളെ കുറിച്ച് വെക്കാനും ഇമാം മടിച്ചില്ല. അവിടെയൊക്കെയും പ്രവാചകര്‍ അരുള്‍ ചെയ്തതു പോലെ ദുനിയാവിനെ പാടേ വെടിഞ്ഞ ഒരു പരദേശിയെയാണ് ഗസ്സാലി(റ)വില്‍ നാം കാണുന്നത്. കാടുമേടുകള്‍ താണ്ടിയുള്ള യാത്രകള്‍ക്കിടയില്‍ ഖലീലുല്ലാഹി ഇബ്രാഹിം നബി(അ)യുടെ മഖ്ബറ സന്ദര്‍ശിക്കുകയും മുമ്പെന്നോ കരുതിയുറപ്പിച്ച പോലെ ആ മഹനീയ സമക്ഷത്തില്‍ വച്ച് മൂന്ന് പ്രതിജ്ഞകളെടുക്കുകയും ചെയ്തു. ഒരു ഭരണാധികാരിയുടെയും ദര്‍ബാറുകള്‍ സന്ദര്‍ശിക്കുകയില്ല, ഒരു ഭരണാധികാരിയുടെയും ഉപഹാരങ്ങള്‍ സ്വീകരിക്കുകയില്ല, ഒരാളോടും വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുകയില്ല. എന്നിങ്ങനെയായിരുന്നു മൂന്ന് പ്രതിജ്ഞകള്‍. ഇതിനുശേഷമാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി യാത്രതിരിച്ചത്.
ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന യാത്രക്കിടയില്‍ മക്കയും മദീനയും സന്ദര്‍ശിച്ചതിനു പുറമേ ഈജിപ്ത്, അലക്‌സാണ്ട്രിയ, മൊറോക്കോ തുടങ്ങി പല ദേശങ്ങളിലേക്കും യാത്ര ചെയ്തു.
ഈ വിശുദ്ധ സഞ്ചാരങ്ങളില്‍ കണ്ണും കാതും സകല ഇന്ദ്രിയങ്ങളും തുറന്നുവെച്ച് ഏകാന്തതയാല്‍ നേടിയെടുത്ത ആന്തരിക വെളിച്ചത്തെ അല്‍പമായെങ്കിലും ഇമാം അല്‍ മുന്‍ഖിദില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
‘ഏകാന്തമായ യാത്രയില്‍ പറയുവാനാകാത്ത പലതും എനിക്ക് വെളിപ്പെടുകയുണ്ടായി. നിങ്ങളുടെ അറിവിലേക്കായി എനിക്ക് പറയാനാവുന്നത് ഇത്രമാത്രം: യഥാര്‍ഥത്തില്‍ ദൈവികമാര്‍ഗത്തില്‍ പ്രവേശിച്ചവര്‍ സൂഫികള്‍ മാത്രമാണ്. അവരുടെ ജീവിതരീതികളെക്കാള്‍ മനോഹരമായ മറ്റൊരു ചര്യയില്ല. അതാണ് ഏറ്റവും ശരിയായ മാര്‍ഗം. അവരോളം സ്വഭാവസംസ്‌കരണം സിദ്ധിച്ച മറ്റാരുമില്ല. അവ ആന്തരികവും ബാഹ്യവുമായി, പ്രവാചകത്വത്തിന്റെ ദിവ്യപ്രഭയാല്‍ പരിശുദ്ധവും പരിപാവനവുമാണ്. ഭൂമുഖത്തുള്ള മറ്റൊരു പ്രകാശത്തിനും പ്രപഞ്ചത്തെ ഇത്രയധികം പരിശുദ്ധിപ്പെടുത്താന്‍ കഴിയുകയില്ല. അതിനാല്‍ തന്നെ വിശുദ്ധ മാര്‍ഗത്തെ ആര്‍ക്കും വിമര്‍ശിക്കാനുമാവില്ല. അനുഭവങ്ങളുടെ തീര്‍ച്ചപ്പെടുത്തലാണ് ഈ വരികള്‍.
തന്റെ സൂഫി ജീവിതത്തില്‍ തനിക്കുണ്ടായ ആന്തരികമായ അനുഭവങ്ങള്‍ വാക്കുകളില്‍ ഒതുങ്ങുന്നതല്ല എന്ന് ഇമാം പറയുന്നുമുണ്ട്. മനുഷ്യ ഭാഷക്ക് പ്രാപ്യമല്ലാത്ത ഉന്നതമായ ലോകത്താണ് സൂഫികളുള്ളത്. അതിനെക്കുറിച്ച് പറഞ്ഞാല്‍ അബദ്ധങ്ങള്‍ സംഭവിച്ചുപോകുമെന്നും ഇമാം വ്യക്തമാക്കുന്നു. നിരന്തരമായ സാധനയിലൂടെയും ആത്മീയ പരിശീലനത്തിലൂടെയും ആത്മാവിന് അത്യുന്നതമായ പദവിയിലേക്ക് എത്തിച്ചേരാമെന്നും സൂഫികള്‍ തങ്ങള്‍ക്ക് ഉണ്ടാകുന്നു എന്ന് അവകാശപ്പെടുന്ന ആത്മീയ അനുഭൂതികള്‍ പരമാര്‍ഥമാണെന്നും ഇമാം തിരിച്ചറിഞ്ഞു. യാത്രയില്‍ ബോധ്യപ്പെട്ട ചില കാര്യങ്ങളെ മറച്ചുവെക്കാതെ പ്രബോധന വഴിയില്‍ ഉപയോഗപ്പെടുത്താനും ഇമാം മറന്നില്ല. സുദീര്‍ഘമായ ഒരു യാത്ര പുറപ്പെടുമ്പോള്‍ ഇമാമിന്റെ തീരുമാനം ഇനിയൊരു മടക്കയാത്രയില്ല എന്നതായിരുന്നു. എന്നാല്‍ ചില തിരിച്ചറിവുകള്‍ ഈ തീരുമാനത്തെ മറികടക്കുകയായിരുന്നു. യാത്രയിലൂടെ ലഭിച്ച, ആന്തരിക വെളിച്ചത്തെ മറ്റുള്ളവരിലേക്ക് പകരാനുള്ള ത്വര ‘അല്‍ രിസാലത്തുല്‍ ഖുദ്‌സിയ്യ’, ഇമാമിന്റെ ഏറ്റവും പ്രശസ്തമായ ‘ഇഹ്‌യ ഉലൂമുദ്ദീന്‍’ തുടങ്ങിയ വിശ്വപ്രസിദ്ധ ഗ്രന്ഥങ്ങളുടെ രചനകളിലേക്കും നയിച്ചു.
സുദീര്‍ഘമായ സഞ്ചാരങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ ഇമാം, പണ്ഡിതന്‍ എന്ന നിലയില്‍ തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യത്തില്‍ നിന്ന് ഒളിച്ചോടുന്നത് ശരിയല്ല എന്ന് മനസിലാക്കി ചിലരുടെ പ്രേരണയാല്‍ ദീര്‍ഘകാലം വിദ്യയഭ്യസിച്ച നിശാപൂരിലെ നിളാമിയ്യ മദ്‌റസയില്‍ പ്രധാന അധ്യാപകനായി ചുമതലയേറ്റു. അല്പകാലം അവിടെ ചെലവഴിച്ചതിനു ശേഷം സ്വദേശമായ തൂസിലേക്കു തന്നെ മടങ്ങി.യാതൊരു പ്രശസ്തിയും ആഗ്രഹിക്കാതെ അറിവിന്റെയും അനുഭവത്തിന്റെയും നിര്‍വൃതിയില്‍ സ്വന്തമായി സ്ഥാപിച്ച കലാലയത്തില്‍ ഇല്‍മുല്‍ കലാമും തസ്വവ്വുഫും പഠിപ്പിച്ചു പോന്നു. അറിഞ്ഞതൊക്കെയും ആയിത്തീരാനുള്ള ആത്മീയ ഉള്‍വിളിയില്‍ ഏറെ ത്യാഗമുഖരിതമായ വഴികള്‍ താണ്ടി ആത്മീയമായ ആനന്ദങ്ങളറിഞ്ഞ് ഹിജ്‌റ 505 ജമാദുല്‍ അവ്വല്‍ പതിനാലിന് ഇമാം അവിടുത്തെ അന്‍പത്തിയഞ്ചാം വയസില്‍ ഈ ലോകത്തോട് വിടപറഞ്ഞു. വഫാത്തിനു തലേനാള്‍ വരേയും ഇമാം പഠനത്തിലും എഴുത്തിലും വ്യാപൃതനായിരുന്നു. മരണം മുന്നില്‍ കണ്ട പോലെ തന്റെ മയ്യിത്ത് തുണി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അതെടുത്ത് കണ്ണുകളില്‍ വെച്ച്, അമര്‍ത്തിച്ചുംബിക്കുകയും ഞാനെന്റെ റബ്ബിന്റെ കല്‍പന അനുസരിക്കുന്നു എന്ന് പറഞ്ഞ് ശാന്തമായ മനസോടും കൂടെയാണ് നാഥന്റെ അരികിലേക്ക് യാത്രയായത്.

Share this article

About ഹുസൈന്‍ താമരക്കുളം

hafilhussainhussain@gmail.com

View all posts by ഹുസൈന്‍ താമരക്കുളം →

Leave a Reply

Your email address will not be published. Required fields are marked *