ഉര്‍ദു: ഭാഷയുടെ ഉന്മാദം

Reading Time: 2 minutes

പല ഭാഷകളാല്‍ സമൃദ്ധമാണ് ഇന്ത്യ. കാലാന്തരേണ ചില ഭാഷകളൊക്കൊ അന്യമാക്കപ്പെട്ടു. സൗന്ദര്യവും സ്‌നേഹവും നിറഞ്ഞ ഇന്ത്യന്‍ ഭാഷയാണ് ഉര്‍ദു. മിസ്റ്റികും സാഹിത്യകാരനുമായ അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മദിനം, നവംബര്‍ 9 ലോക ഉര്‍ദു ഭാഷാദിനമായി ആചരിക്കുന്നു. ഉര്‍ദു ഭാഷയെ നെഞ്ചേറ്റി കാവ്യങ്ങളായും മറ്റു രചനകളായും വ്യാപിപ്പിച്ചതിന് ഇഖ്ബാലിന് കിട്ടിയ അംഗീകരാണിത്.
രാജ്യത്ത് നാല് കോടിയിലധികം ജനങ്ങളുടെ മാതൃഭാഷയാണ് ഉര്‍ദു. ഏകദേശം 80 കോടി ജനങ്ങള്‍ ഇന്ന് ഉര്‍ദു ഭാഷ സംസാരിക്കുന്നു. ലോകഭാഷകളില്‍ ഉര്‍ദുവിന് പതിനേഴാം സ്ഥാനമുണ്ട്. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഉര്‍ദു സംസാരിക്കുന്നവരുണ്ട്. സംസാരത്തിലും എഴുത്തിലും വ്യത്യസ്തത സൂക്ഷിക്കുന്ന ഉര്‍ദു അപരബഹുമാനത്തെ കൂടുതല്‍ മാനിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ഉര്‍ദു എന്ന വാക്കിനര്‍ഥം പട്ടാളം, കൂട്ടം, താവളം എന്നൊക്കെയാണ്.
പതിമൂന്നാം നൂറ്റാണ്ടില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരും സൈനികരും തദ്ദേശീയരായ കച്ചവടക്കാരുമായി ബന്ധം പുലര്‍ത്തിത്തുടങ്ങിയതോടെ പ്രദേശത്തെ ഭാഷയായ ഖഡീബോലിയില്‍ തുര്‍ക്കി, അറബി, പേര്‍ഷ്യന്‍ വാക്കുകളും പ്രയോഗങ്ങളും വന്നുചേര്‍ന്നു. അത് പുതിയൊരു ഭാഷയായി രൂപം പ്രാപിച്ചു. ഈ ഭാഷ പിന്നീട് ഉര്‍ദു എന്ന പേരില്‍ അറിയപ്പെട്ടു. തുടര്‍ന്ന് സബാനെ നെദ്‌ലവി, ദഖിനി, രേഖ്ത തുടങ്ങിയ നിരവധി പേരുകളില്‍ അറിയപ്പെട്ടു. 1750ന് ശേഷമാണ് ഉര്‍ദു എന്ന പേര് പ്രഖ്യാപിതമായത്.
പല ഭാഷകളേയും പിന്നിലാക്കി ഉര്‍ദു വികസിച്ചു. സംസാരവൃത്തത്തിന് പുറത്ത് കടന്ന് കവിതകള്‍, കഥകള്‍, ഗസലുകള്‍ തുടങ്ങിയ ശാഖകളിലൂടെയായിരുന്നു ഭാഷയുടെ വികാസം.
അതിന് പിന്നില്‍ ആ കാലഘട്ടത്തിലെ അറിയപ്പെട്ട എഴുത്തുകാരായ മീര്‍സാ ഗാലിബ്, അല്ലാമ മുഹമ്മദ് ഇഖ്ബാല്‍, സര്‍ സയ്യിദ് അഹ്മദ് ഖാന്‍ തുടങ്ങിയവരായിരുന്നു. അല്ലാമ മുഹമ്മദ് ഇഖ്ബാലാണ് ഈ ദൗത്യത്തിന് നിസ്തുലമായ പങ്ക് വഹിച്ചത്. ഉര്‍ദു ഭാഷയുടെ പിതാവായി അറിയപ്പെടുന്നത് സൂഫീവര്യന്‍ നിസാമുദ്ദീന്‍ ഔലിയയുടെ ശിഷ്യനായ അമീര്‍ ഖുസ്രുവാണ്.
മുപ്പത്തിയഞ്ച് അക്ഷരങ്ങളിലായിട്ടാണ് ഉര്‍ദു ഭാഷ ഘടന. ഇരുത്തിയെട്ട് അറബി അക്ഷരങ്ങളും നാല് പേര്‍ഷ്യന്‍ അക്ഷരങ്ങളും മൂന്ന് സ്വതന്ത്ര അക്ഷരങ്ങളും.
ഉര്‍ദുവും ഹിന്ദിയും അഭേദ്യ ബന്ധമുണ്ട്. രണ്ടും ഖഡീബോലിയെന്ന പ്രാദേശിക ഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണെന്ന് കരുതുന്നു. ഹിന്ദിക്ക് ബ്രഹ്മി ലിപിയില്‍ നിന്നുണ്ടായ ദേവനാഗിരി ലിപി ഉപയോഗിച്ചു പോന്നു. ഉര്‍ദുവാണെങ്കിലോ പേര്‍ഷ്യന്‍, അറബി ലിപികള്‍ ഉപയോഗിച്ചു. ഹിന്ദി സംസ്‌കൃത പാരമ്പര്യത്തിലേക്ക് മാറി. പിന്നീട് ആര്യസമാജക്കാരും കൂട്ടരും ഹിന്ദിയുടെ പുനരുദ്ധാരണത്തിന് ശ്രമിച്ചു. ഈ കാലഘട്ടം ഭാഷാകാര്യത്തില്‍ ചില അസ്വാരസ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വിഷയത്തില്‍ ഗാന്ധിജി ഇടപ്പെട്ടു. ദേവനാഗിരി ലിപിയും ഉര്‍ദു ലിപിയും എഴുതപ്പെടുന്ന ‘ഹിന്ദുസ്ഥാനി’ പൊതു ഭാഷയാക്കണമെന്ന നിര്‍ദേശമുണ്ടായി.
ഉര്‍ദുവിനെ ജനപ്രിയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച രണ്ട് പദ്യരൂപങ്ങളാണ് ഗസലും ഖവാലിയും. പത്താം നൂറ്റാണ്ടില്‍ ഇറാനിലാണ് ഗസലുകളുടെ തുടക്കം. അറബിഗാന ശാഖയായ ഖസ്വീദയില്‍ നിന്നാണത്രെ തുടക്കം. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അഫ്ഗാനികളും തുര്‍ക്കികളും വഴി ഇന്ത്യയിലെത്തി.
സ്വാതന്ത്രസമര രംഗത്ത് ഉര്‍ദുവിന്റെ ഊര്‍ജവും ഉയര്‍ച്ചയും കാണാന്‍ കഴിയും. വൈദേശിക ശക്തികള്‍ക്കെതിരെ ശബ്ദിച്ച രണ്ട് ഉര്‍ദു പത്രങ്ങളായിരുന്നു ദില്ലി അഖ്ബാര്‍, സ്വാദിഖുല്‍ അഖ്ബാര്‍. ‘ഇന്‍ഖിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഉര്‍ദുവിന്റെ സംഭാവനയാണ്.
കേരള ഉര്‍ദുവിന് വേറിട്ടൊരു ചരിത്രമുണ്ട്. പതിനാറാം നൂറ്റാണ്ടിലാണ് ഉര്‍ദു ഭാഷ കേരളത്തിലെത്തിയത്. 1530ല്‍ കോഴിക്കോടിനടുത്ത് ചാലിയത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കോട്ട ജയിച്ചടക്കുന്നതിന് സാമൂതിരി രാജാവ് ബീജാപൂര്‍ സുല്‍ത്താന്റെ സൈനിക സഹായം തേടുകയുണ്ടായി. അങ്ങനെ ആയിരക്കണക്കിന് സൈനികര്‍ കോഴിക്കോട്ടെത്തി. 1571ല്‍ ചാലിയന്‍ കോട്ട കീഴടക്കിയെങ്കിലും അവിടെ എത്തിയ പട്ടാളക്കാര്‍ തിരിച്ച് പോയില്ല. കുടുംബ സമേതം കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ താമസമുറപ്പിച്ചു. ഇവരുടെ ഭാഷ നഖ്‌വി ഉര്‍ദുവായിരുന്നു. അതോടെ കേരളത്തിലും ഉര്‍ദു ഭാഷയുടെ വേരോട്ടം തുടങ്ങി. പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്ന ഉര്‍ദു ഭാഷയിലെ പദങ്ങള്‍ വ്യാപകമായി മലയാളത്തിലും ഉപയോഗിച്ചു തുടങ്ങി. നാം ഉപയോഗിച്ച് പോരുന്ന പല വാക്കുകളും ഉര്‍ദുവില്‍ നിന്ന് വന്നതാണ്. ബേജാര്‍, നാശ്ത, ജാസ്തി, ബാല്‍ദി തുടങ്ങിയ ധാരാളം പദങ്ങള്‍.

Share this article

About നൗഫല്‍ പതിനാറുങ്ങല്‍

View all posts by നൗഫല്‍ പതിനാറുങ്ങല്‍ →

Leave a Reply

Your email address will not be published. Required fields are marked *