ഇന്ധനവിലയുടെ കൊള്ളരാഷ്ട്രീയം

Reading Time: 2 minutes

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ 85 ശതമാനവും പ്രകൃതിവാതകത്തിന്റെ 53 ശതമാനവും വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. നരേന്ദ്രമോദിയുടെ രണ്ടാമൂഴം ആയിട്ടും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും വാതകത്തിനും സ്വയംപര്യാപ്തതക്കുള്ള യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. 2014ല്‍ 102 ഡോളര്‍ ആയിരുന്നു ഒരു ബാരല്‍(159 ലിറ്റര്‍) ക്രൂഡോയിലിന് വില ഉണ്ടായിരുന്നത്. അന്നത്തെ പെട്രോള്‍ വില വെറും 72 രൂപ മാത്രമായിരുന്നു. ഡീസലിന് 56 രൂപയും. കേന്ദ്ര നികുതി പെട്രോളിന് 9 രൂപ യും ഡീസലിന് നാലുരൂപയും മാത്രമാണുണ്ടായിരുന്നത്. ഇന്ന് കേന്ദ്ര നികുതി ഒരു ലിറ്റര്‍ പെട്രോളിന് 32.90 രൂപയും ഡീസലിന്31 രൂപയുമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ 30.08 ശതമാനം സംസ്ഥാനങ്ങള്‍ക്കുള്ള വില്‍പ്പന നികുതി ആണ്. ഏകദേശം 21 രൂപയോളം വരും.
ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധന വിലയും ഇന്ധന നികുതിയും ഉള്ളത് ഇന്ത്യയിലാണ്. ക്രൂഡോയില്‍ വില കുറഞ്ഞപ്പോള്‍ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും ഒറ്റയടിക്ക് നികുതി കുട്ടിയ താണ് ഇന്ധനവില ഈ രീതിയില്‍ എത്തി നില്‍ക്കാന്‍ കാരണം. 2014-16 സമയത്തു 9 തവണയാണ് കേന്ദ്ര ഗവണ്‍മെന്റ് ഇന്ധന നികുതി വര്‍ധിപ്പിച്ചത് യുപിഎ ഭരിക്കുന്ന സമയത്ത് ഇന്ധന നികുതി ഇനത്തില്‍ ഒരു ലക്ഷം കോടി രൂപ ഒരു വര്‍ഷവും ലഭിച്ചിരുന്നില്ല. അതേസമയം ബിജെപി അധികാരമേറ്റതിനു ശേഷം എല്ലാത്തവണയും ഒരുലക്ഷം കോടി രൂപയിലധികമാണ് നികുതിവരുമാനം. 2015-16 കാലഘട്ടത്തില്‍ 1.78 ലക്ഷം കോടി രൂപയും 2016-17 സമയത്ത് 2.42 ലക്ഷം കോടി രൂപയും ഇന്ധന നികുതിയിലൂടെ വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷം വരെ ഇതേ സംഖ്യ തുടര്‍ന്നു. 2.39 ലക്ഷം കോടി രൂപയാണ് കോവിഡ് സമയത്ത് പോലും കേന്ദ്ര ഗവണ്‍മെന്റിന് ഇന്ധനനികുതി വരുമാനമായി ലഭിച്ചത്. 4.30 ലക്ഷം കോടി രൂപയാണ് നടപ്പുവര്‍ഷം ഇന്ധന നികുതിയിലൂടെ കേന്ദ്രം പ്രതീക്ഷിക്കുന്നത്. കൊളോണിയല്‍ കാലത്തെ നികുതി പിരിവിനെ പോലും നാണിപ്പിക്കുന്നതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ നടപടി. നാടുവാഴിത്ത-കൊളോണിയല്‍ കാലത്തെ നികുതിപിരിവിനെ ഭണ്ഡാരം അഥവാ ഖജനാവ് നിറക്കാന്‍ എന്നാണ് പറഞ്ഞിരുന്നത്. അതൊരു ദുരിത നടപടിയായിരുന്നു. അതാണത്രെ ദുരിതത്തിന് പണ്ടാറം എന്ന് പ്രയോഗിക്കാന്‍ കാരണം. 2008 ജൂണ്‍ മാസത്തില്‍ ഒരു ബാരല്‍ ക്രൂഡോയില്‍ വില 145 ഡോളറായിരുന്നു. അന്ന് ഇന്ത്യ രാജ്യത്ത് പെട്രോള്‍ വില അമ്പതു രൂപയും ഡീസലിന് 35 രൂപയും മാത്രമായിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് നഷ്ടം സഹിച്ചാണ് അന്ന് ഇന്ധനവില പിടിച്ചുനിര്‍ത്തിയത്. അതേ വര്‍ഷാവസാനം ക്രൂഡോയില്‍ വില താഴ്ന്നപ്പോള്‍ പത്തു രൂപയോളം പെട്രോളിനു വില കുറച്ചിരുന്നു. അതേ വര്‍ഷം തന്നെയായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതും. 2001നു ശേഷം ക്രൂഡോയില്‍വില ഏറ്റവും താഴ്ന്നത് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റ് പെട്രോളിന് വില കുറക്കാന്‍ തയാറായില്ല. എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു സാധാരണക്കാരെ ദുരിതത്തിലാക്കി.

സംസ്ഥാനങ്ങളുടെ വിഹിതം എത്ര
32.9 രൂപയാണ് ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ കേന്ദ്രത്തിന് ലഭിക്കുന്ന നികുതി. ഇതിന്റെ 42 ശതമാനം 13.81 രൂപയാണ്. ഇത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നു എന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത വാദങ്ങളാണ്. ഇതൊക്കെയാണ് ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നത്.
യഥാര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടത് എക്‌സൈസ് നികുതി മാത്രമാണ്. കേന്ദ്ര നികുതി ആയ 32.90 രൂപയില്‍ 1.40 രൂപ മാത്രമാണ് എക്‌സൈസ് നികുതിയുള്ളത്. ഇതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നത്. മുമ്പ് ഇത് 42 ശതമാനമായിരുന്നു. ജമ്മുകശ്മീര്‍ കേന്ദ്രഭരണ പ്രദേശമായതിനുശേഷം ഒരു ശതമാനം കുറച്ചു. ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ കേന്ദ്ര നികുതിയില്‍ നിന്നും ആനുപാതികമായി കേരളത്തിലും ലഭിക്കുന്നത് വെറും ഒരു പൈസ മാത്രമാണ്. അഡീഷനല്‍ എക്‌സൈസ് നികുതിയായ 31.50 രൂപയും കേന്ദ്ര ഗവണ്‍മെന്റ് മാത്രമാണ് എടുക്കുന്നത്. എക്‌സൈസ് തീരുവയുടെ 59 ശതമാനം കേന്ദ്രമാണ് എടുക്കുന്നത്. ആദ്യ 83 പൈസയും കേന്ദ്രം എടുത്തിട്ട് ബാക്കി 57 പൈസയാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കുന്നത്. വസ്തുത ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പച്ചക്കള്ളം പറയുന്നത് കേന്ദ്രമന്ത്രിക്ക് ചേര്‍ന്നതല്ല. മാത്രവുമല്ല ഇത് ഒരു സത്യപ്രതിജ്ഞാലംഘനം കൂടിയാണ്. ഇന്ധനവില വര്‍ധിപ്പിക്കുന്ന സമയത്തെല്ലാം അഡീഷനല്‍ എക്‌സൈസ് തീരുവ, സെസ് എന്നിവ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നത്. എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാറില്ല. ഇത് വര്‍ധിപ്പിച്ചാല്‍ വിഹിതം സംസ്ഥാനങ്ങളില്‍ നിന്ന് കൊടുക്കേണ്ടിവരും. കഴിഞ്ഞ ബജറ്റില്‍ പെട്രോളിനു 2.50 രൂപയും ഡീസലിന് നാലു രൂപയും കൃഷി അടിസ്ഥാനസൗകര്യ വികസനസെസ് ഏര്‍പ്പെടുത്തിയിരുന്നു. അതോടൊപ്പം 2.93 രൂപയായിരുന്ന എക്‌സൈസ് നികുതി 1.40 ആയി കുറക്കുകയും ചെയ്തു . ഇതിലൂടെ കേന്ദ്ര ഗവണ്‍മെന്റിന്റെ നികുതി വരുമാനം കൂടുകയും സംസ്ഥാനങ്ങളുടെ വിഹിതം പകുതിയായി കുറയുകയും ചെയ്തു. 2014നു മുമ്പ് 3.56 രൂപയായിരുന്നു കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പങ്കുവെക്കേണ്ട നികുതി. അതാണ് ഇപ്പോള്‍ 140 ആയത്.

ജിഎസ്ടിയില്‍ വന്നാല്‍
പെട്രോളും ഡീസലും ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ ഈയടുത്ത് പറയുകയുണ്ടായി. ജി എസ് ടിക്ക് ഇപ്പോള്‍ 3 സ്ലാബുകളാണ്. 5, 12, 28. ഇതില്‍ 28ല്‍ ഇന്ധനവില ഉള്‍പ്പെടുത്തുകയാണെങ്കില്‍ 45 രൂപക്ക് പെട്രോള്‍ ലഭിക്കുന്നതാണ്. പെട്രോളിന്റെ അടിസ്ഥാന വിലയായ 32 രൂപയുടെ 28 ശതമാനം വരുന്നത് 8.96 രൂപമാത്രമാണ്. ജിഎസ്ടിയുടെ വിഹിതം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യരീതിയിലാണ്.
അടിസ്ഥാന വിലയുടെ 100% നികുതി ആണെങ്കിലും 70 രൂപക്ക് പെട്രോള്‍ ലഭിക്കുന്നതാണ്. 32 രൂപയില്‍ 16 രൂപ വീതം കേന്ദ്രത്തിനും സംസ്ഥാനത്തനത്തിനും നികുതി വിഹിതമായി ലഭിക്കും. സ്വര്‍ണത്തിന് ജി എസ് ടി യില്‍ പ്രത്യേക സ്ലാബ് ആണ്. മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന്റെ സ്ലാബ്. ഇതേ രീതിയില്‍ ഇന്ധനങ്ങള്‍ക്കും പ്രത്യേക സ്ലാബ് ജി എസ് ടിയില്‍ ഉള്‍പെടുത്താന്‍ സാധിക്കും.
ഇന്ധന വിലവര്‍ധനവ് മൂലം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകാതിരിക്കാന്‍ ജിഎസ്ടിയില്‍ ഉള്‍പെടുത്തുകയോ അതല്ലെങ്കില്‍ ഒറ്റയടിക്ക് വര്‍ധിപ്പിച്ച നികുതി കുറക്കുകയോ ആണ് ചെയ്യേണ്ടത്.

Share this article

About ഡോ. ഇ കെ ജമാല്‍

View all posts by ഡോ. ഇ കെ ജമാല്‍ →

Leave a Reply

Your email address will not be published. Required fields are marked *