ജീവിതത്തെ വായിക്കുമ്പോള്‍

Reading Time: < 1 minutes

ജീവിതത്തെവായിക്കുന്നു,
വായിക്കുംതോറുംശാഖകളില്‍
നിന്ന് പോലുംഊര്‍ന്നിറങ്ങുന്ന
വേരുകള്‍ പിണഞ്ഞ
ഒറ്റ മരം പോലെ.

കണ്‍ത്തിളക്കം മങ്ങുമ്പോഴും
നനവൊളിപ്പിച്ചു
ഒട്ടിച്ചുചേര്‍ത്തൊരു
പുഞ്ചിരിയുടെ പുറംചട്ടയില്‍,
കല്ലടുക്കുകള്‍പോലെ
ഒന്നിനോടൊന്നൊട്ടി
എന്നോഎഴുതപ്പെട്ട താളുകള്‍.

വായനയുടെതുടക്കത്തില്‍
ഒരു സുഗന്ധമെന്നെ പൊതിയുന്നു:
‘എന്റെ ബാല്യമേ’ എന്ന്കവിളുകള്‍
ചാലുതീര്‍ക്കുന്നു
പൊള്ളിയടര്‍ന്ന താളുകളെ,
ഉമിനീര് തൊട്ട്വേവാറ്റി
പതിയെ മറിക്കുന്നു.

ഉള്ളിലെ, ഭാരമില്ലായ്മയുടെ
ആന്തലില്‍ ഒട്ടിപ്പോകുന്ന
താളുകളില്‍ ഒരുവേള
ഹൃദയമിടിപ്പ് നിലയ്ക്കുന്നു!

ഋതുക്കളുന്മാദിപ്പിച്ച
പുനര്‍ജീവനത്തിന്റെ വരികളെ
ഓര്‍മകളില്‍ കൊരുത്തിടുന്നു
എന്റേതെന്ന്കൊറിക്കുന്നു.

കണ്ണീരുകൊണ്ടു അടിവരയിട്ട്
വീണ്ടും വീണ്ടും വായിക്കുന്ന കാലങ്ങള്‍…
താളറ്റം മടക്കി ചിലയിടങ്ങളെ
പ്രിയമേറെഎന്നെന്നില്‍ പച്ചകുത്തുന്നു.

പാതിവഴിയില്‍ പൊടുന്നനേ
മുടങ്ങുന്ന വായനയില്‍
അവസാന ഭാഗംമറ്റാരാലോ
വായിക്കപ്പെടുന്ന ജീവിത പുസ്തകത്തെ
വീണ്ടുംവീണ്ടുംഅപൂര്‍ണമായി-
വായിച്ച്മടക്കുന്നു!

Share this article

About സോഫിയ ഷാജഹാന്‍

sofi.sj147@gmail.com

View all posts by സോഫിയ ഷാജഹാന്‍ →

Leave a Reply

Your email address will not be published. Required fields are marked *