അര്‍ഥങ്ങളിലെ ഇസ്‌ലാം

Reading Time: 3 minutes

കഠിനമായ ജോലിയാണ്. അത്യധ്വാനം തന്നെ വേണം ചെയ്ത് തീര്‍ക്കാന്‍. ശാരീരികാസ്വാസ്ഥ്യങ്ങള്‍ മുഖവിലക്കെടുത്താല്‍ അവ കൂടുതല്‍ പ്രഹരങ്ങള്‍ വിളിച്ചുവരുത്തും. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ അകപ്പെട്ട ഒരു നൂറ്റാണ്ടിലെ തന്നെ വലിയ നരകയാതന അനുഭവിക്കേണ്ടി വന്ന മനുഷ്യരുടെ അവസ്ഥയെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ക്ഷീണത്തിനും അസ്വസ്ഥതകള്‍ക്കും അവിടെ ഒരു പരിഗണയുമില്ലെന്ന കാര്യം പറയേണ്ടതില്ലല്ലോ. എന്തിനേറെ, നെടുവീര്‍പ്പിടാനുള്ള ഒരല്പ നേരത്തെ നിശ്ചലത പോലും പൊലീസുകാരെ പ്രകോപിതരാക്കും. എല്ല് മുറിയെ പണിയെടുക്കുക തന്നെ. അതാണ് വിധി. അന്നൊരു ദിവസം ഇങ്ങനെയൊരു അടിമപ്പണിക്കിടയിലാണ് ഒരാള്‍ തന്റെ ഭാര്യയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്. അതയാളെ ചിന്തിപ്പിച്ചു. അവനും തന്റെ ഭാര്യയെക്കുറിച്ചുള്ള സ്മരണയിലാണ്ടു. ചിന്താമണ്ഡലങ്ങളെ തുറന്ന് വിട്ടപ്പോള്‍ അയാള്‍ തന്റെ പ്രിയതമയെ കാണാന്‍ തുടങ്ങി. അവളോട് പലതും ചോദിക്കാനുണ്ടായിരുന്നു. അതെല്ലാം ചോദിച്ചറിഞ്ഞു. തമ്മില്‍ സംസാരിച്ചു. തികഞ്ഞ ശാന്തത. അത്യാഹ്ലാദം. പരിസരബോധം തീര്‍ത്തും നഷ്ടപ്പെട്ടു. വേദനകള്‍ അലൗകികമായി അലിഞ്ഞു പോയി. ‘Man’s Search for Meaning’ എന്ന പുസ്തകത്തില്‍ തന്റെ ഈ അനുഭവം അയവിറക്കികൊണ്ട് ലോഗോതെറാപ്പി ഉപജ്ഞാതാവും ഇരുപതാം നൂറ്റാണ്ടിലെ ചിന്തകന്മാരില്‍ പ്രമുഖനുമായ വിക്റ്റര്‍ ഫ്രാങ്ക്ള്‍ പറയുന്നു, ‘മാലാഖമാര്‍ അനന്തമായ ഒരു പ്രഭാവത്തെ അനുസ്യൂതം ധ്യാനിക്കുന്നതില്‍ മുഴുകിയിരിക്കുകയാണ്'(Angels are lost in the perpectual contemplation of an infinite glory) എന്നതിന്റെ പൂര്‍ണാര്‍ഥം ഞാന്‍ അപ്പോഴാണ് മനസിലാക്കുന്നത്.’
ഹോളോകാസ്റ്റ് സര്‍വൈവര്‍ ആയ അദ്ദേഹത്തിന്റെ ചിന്തോദ്ദീപകമായ ഈ അനുഭവത്തിലടങ്ങിയ അര്‍ഥം ആഴത്തില്‍ തന്നെ മനസിലാക്കണം. ഉണ്ണാനും ഉടുക്കാനും ഒന്നുമില്ല എന്നു തന്നെ പറയാം. മര്‍ദനങ്ങളും പീഡകളുമായിരുന്നു സഹചാരികള്‍. പൂര്‍വജീവിത്തിലേക്കുള്ള തിരിച്ചുപോക്ക് ഏറക്കുറെ അസംഭവ്യം. ആത്മഹത്യയുടെ ഈ ‘അനിവാര്യഘട്ടത്തില്‍’ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞു പിടിച്ചുനിന്നതിന്റെ ആത്മാനുഭവങ്ങളാണ് അദ്ദേഹം ഈ പുസ്തകത്തില്‍ കുറിച്ചിടുന്നത്. ഏത് സാഹചര്യത്തിലാണ് ജീവിക്കുന്നത് എന്നതല്ല ജീവിതത്തിന് അര്‍ഥം നല്‍കുന്നതെന്നും പ്രത്യുത ഓരോ സാഹചര്യത്തിലുമുള്ള ചിന്തകളുടെ സഞ്ചാരപഥമാണ് അത് നിര്‍ണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. കണ്‍തുറക്കുമ്പോള്‍ തന്റെ തൊട്ട് മുന്നിലിരിക്കുന്ന വസ്തുവിനെ കാണുന്നവനും അതിനപ്പുറമുള്ള തന്റെ ജീവിത ലക്ഷ്യം കാണുന്നവനും തമ്മില്‍ അജഗജാന്തരം ഉണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ സാരാംശം. സാഹചര്യങ്ങള്‍ മാത്രമാണ് ജീവിതത്തെ നയിക്കുന്നത് എന്ന വാദക്കാര്‍ക്ക് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, ഒരു ക്യാംപില്‍ ഒരേ പീഡകള്‍ അനുഭവിച്ച് കഴിഞ്ഞിരുന്നവരില്‍ ആത്മഹത്യദാഹികളും പുതുജീവിതത്തെയും മടക്കത്തെയും പ്രതീക്ഷിച്ചിരുന്നവരും ഉണ്ടായിരുന്നു എന്ന വസ്തുതയാണ്.
നാമിവിടെ ശ്രദ്ധ നല്‍കുന്നത് ഈ രണ്ടു പക്ഷ ചിന്താഗതിക്കാരെയും സ്വാധീനിച്ച ഘടകങ്ങളെക്കുറിച്ചും ഈ ഘടകങ്ങള്‍ ഒരു വിശ്വാസിയുടെ ചിന്തകളില്‍ എത്രത്തോളം ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതിനെക്കുറിച്ചുമാണ്. തുല്യതയില്ലാത്ത യാതനകള്‍ അനുഭവിക്കുകയായിരുന്നിട്ടും അവരില്‍ ചിലരെങ്ങനെ ആനന്ദം കണ്ടെത്തി? മാലാഖമാര്‍ പരിചിന്തിതരായിരിക്കുന്ന ആ അനന്ത പ്രഭാവവും മനുഷ്യനനുഭവിക്കുന്ന പീഡകളും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? ഇതിനെല്ലാം പുറമെ പരിശുദ്ധ മതത്തിന്റെ സന്ദേശങ്ങളിലേക്ക് എപ്രകാരമാണ് ഇവ വെളിച്ചം വീശുന്നത്? തീര്‍ച്ചയായും ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വിശ്വാസിക്ക് ലഭ്യമാണ്.
നാസി ക്യാംപില്‍ തടവില്‍ കഴിയുന്ന കാലമാണ് വിക്റ്റര്‍ ഫ്രാങ്ക്ള്‍ തന്റെ സാധാരണ ജീവിതത്തിന് അന്യമായിരുന്ന ഒരു പരമാനന്ദം കണ്ടെത്തുന്നത്. ജീവിതത്തിന്റെ അര്‍ഥം അന്വേഷിച്ച അദ്ദേഹം തന്റെ ഭാര്യയിലും പൂര്‍ത്തിയാക്കാനുണ്ടായിരുന്ന ഗവേഷണ പഠനത്തിലുമാണ് ചെന്നെത്തിയത്. തുടര്‍ന്ന് പതിയെ ശരീരപീഡനങ്ങളില്‍ നിന്ന് ആത്മീയ മുക്തിയിലേക്ക് ചുവടുവെക്കുകയും ചെയ്തു. ഒരു തടവറയിലിരുന്നുകൊണ്ട് ജീവിതത്തെക്കുറിച്ച് ചിന്തിച്ചത് അദ്ദേഹത്തെ വലിയ ഒരു അര്‍ഥത്തിലേക്ക് ചെന്നെത്തിച്ചു എങ്കില്‍ ജീവിതം തന്നെ ‘തടവറയായി’ കണക്കാക്കുന്ന വിശ്വാസി ഉള്‍ക്കൊള്ളുന്ന അര്‍ഥം എത്ര വലുതാണ്. അങ്ങനെ വരുമ്പോള്‍ ആ വിശ്വാസിയുടെ ആത്മീയ ചൈതന്യം അഥവാ അവന്‍ അനുഭവിക്കുന്ന മുക്തി എത്ര മഹത്തരമാണ്. വിശ്വാസിയുടെ തടവറയായാണ് ഈ ലോകത്തെ, പരിശുദ്ധ മതം പരിചയപ്പെടുത്തുന്നത്. തടവറയില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നതിനെല്ലാം ഈ ജീവിതത്തില്‍ അവന്‍ ഭാഗഭാക്കായിരിക്കും എന്ന് സാരം. വിക്ടര്‍ ഫ്രാങ്ക്ള്‍ ഉള്‍പ്പെടെയുള്ള ചിന്തകന്മാര്‍ ജീവിതത്തിന് ഒരു അര്‍ഥം/ലക്ഷ്യം വേണം എന്നാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഒരു വിശ്വാസിയുടെ കാര്യം അത്യദ്ഭുതം തന്നെയാണ്. തന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അവന് പ്രത്യേകമായ പര്‍പ്പസ് അഥവാ ഉദ്ദേശ്യമുണ്ട്. ‘ഇന്നമല്‍ അഅ്മാലു ബിന്നിയാത്ത്’ എന്ന പ്രവാചക വചനം’ പറയുന്നത് വിശ്വാസിയുടെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പര്‍പ്പസ് ഉണ്ടായിരിക്കണം എന്ന് തന്നെയല്ലേ? അപ്രകാരം വിശ്വാസി ജീവിതത്തിലെ ഓരോ അനക്കവും ഉറക്കവും വരെ ഒരു പ്രത്യേക ലക്ഷ്യത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്ന് തന്നെ പറയാം. മുമ്പ് സൂചിപ്പിച്ച, മാലാഖമാരെപ്പോലെ ഒരു അനന്ത പ്രഭാവത്തിനു മുന്നിലുള്ള സമ്പൂര്‍ണ സമര്‍പ്പണമാണത്. ആ സമര്‍പ്പണത്തില്‍ വിശ്വാസി തന്റെ പരമാര്‍ഥം കണ്ടെത്തുന്നു.
ഒരു മനുഷ്യായുസില്‍ സംഭവിക്കാവുന്ന സര്‍വ കാര്യങ്ങളും എങ്ങനെ അടുത്ത ലോകത്തേക്കുള്ള മുതല്‍കൂട്ടാക്കി മാറ്റാം എന്നതിലാണ് ഇസ്‌ലാമിക തത്വങ്ങളുടെ ശ്രദ്ധ. അതുകൊണ്ടുതന്നെ ഇസ്‌ലാമിക കര്‍മശാസ്ത്ര വീക്ഷണത്തിന്റെ സ്പര്‍ശനമേല്‍ക്കാത്ത മാനുഷിക വ്യവഹാരങ്ങള്‍ നന്നേ വിരളമാണ്. ചിന്തിക്കാന്‍ കഴിവുള്ള ജീവിയായ മനുഷ്യന്റെ നിയ്യത് അഥവാ ഉദ്ദേശ്യം നന്നാക്കുന്നതിനാണ് ഇസ്‌ലാം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. തന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും ആ സദുദ്ദേശ്യത്തെ കരുതാനും മുന്തിക്കാനുമാണ് അവനോടുള്ള കല്പന. ഇതിലൂടെയാണ് ഇസ്‌ലാം അവനെ തന്റെ സൃഷ്ടിലക്ഷ്യത്തെക്കുറിച്ച് ബോധവാനാക്കുന്നത്. നിയ്യത്തിന്ന് ഇത്രയേറെ പ്രാധാന്യം കര്‍മശാസ്ത്രത്തില്‍ ലഭ്യമായതുതന്നെ മനുഷ്യ ജീവിതത്തില്‍ അതിനു ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെ പരിഗണിച്ചാണെന്ന് വിശ്വസിക്കാം. അപ്പോള്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കേവലം അവന്റെ ജീവിതത്തോട് മുഴുവനായി ചേര്‍ത്തല്ല അര്‍ഥം/പര്‍പ്പസ് വായിക്കപ്പെടുന്നത്. മറിച്ച് മേല്‍ പറഞ്ഞപോലെ അവന്റെ ഓരോ പ്രവര്‍ത്തനങ്ങളും അതിനെ ഉള്‍ക്കൊള്ളുന്നുണ്ട്.
ഒരു വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ‘അവിടെ പ്രശ്‌നങ്ങളുണ്ട്’ എന്ന് പറയുന്നതും ‘ആ വീട് തന്നെ പ്രശ്‌നമാണ്’ എന്ന് പറയുന്നതും വ്യത്യസ്തമല്ലേ? രണ്ടു സ്റ്റേറ്റ്‌മെന്റുകളും ഒരു മനുഷ്യന്റെ ബോധ-ഉപബോധ മനസിലുണ്ടാക്കുന്ന ചിന്തകളെ രണ്ടുരീതിയാലാണ് സ്വാധീനിക്കുന്നത്. ഭൗതിക ലോകത്തെ അഭിമുഖീകരിക്കുന്നതിലും നിര്‍വചിക്കുന്നതിലും ഒരു വിശ്വാസിയും വിശ്വാസി അല്ലാത്ത ഒരാളും വ്യത്യാസപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്. തടവറയെന്നാണ് വിശ്വാസിക്ക് ഈ ലോകത്തെക്കുറിച്ച് വിവരണം നല്‍കപ്പെട്ടിരിക്കുന്നത്. ഈ ലോകത്തില്‍ നിന്നുള്ള അവന്റെ പ്രതീക്ഷകളും ഈ മുന്നറിയിപ്പിനെ പരിഗണിച്ചുള്ളതാവുമ്പോള്‍ അവന്റെ ബോധ-ഉപബോധ മനസ് ശക്തമായ മുന്നൊരുക്കങ്ങള്‍ തന്നെ നടത്തും. തയാറെടുപ്പുകള്‍ അവനെ പൂര്‍വാധികം കരുത്തനാക്കുന്നു. മനുഷ്യ മനസിനെ തയാറാക്കുന്നതിലും തന്നിമിത്തം ചിന്തകളുടെ സഞ്ചാരപഥങ്ങള്‍ നിര്‍ണയിക്കുന്നതിലും എത്ര മനോഹരമായാണ് ഇസ്‌ലാം ഇടപെടുന്നതെന്ന് നോക്കൂ. തന്റെ പ്രതീക്ഷകള്‍ അലൗകികമായ ഒരു പ്രഭാവത്തില്‍ അര്‍പ്പിച്ച വിശ്വാസി ഈ ലോകത്തില്‍ പ്രതീക്ഷയറ്റവനോ വിഷാദരോഗിയോ ആയിമാറുന്നില്ല. മോട്ടിവേഷന്‍ സ്പീച്ചുകളിലും ലോകപ്രശസ്ത ചിന്തകന്മാരുടെ എഴുത്തുകളിലും പരക്കെ കാണുന്ന ജീവിത വിജയ മന്ത്രം എന്ന് തന്നെ കരുതപ്പെടുന്ന ഒരു തത്വമാണ് ‘ജീവിതമെന്നാല്‍ വിജയം മാത്രമല്ല, ബുദ്ധിമുട്ടുകളും പരാധീനതകളും അതിന്റെ അനിവാര്യതകളാണ്’ എന്നത്. വിശ്വാസം മനസില്‍, മനുഷ്യരില്‍ ചെലുത്തിയ ഈ സ്വാധീനം ചെറുതല്ല.
ചുരുക്കത്തില്‍ വിക്റ്റര്‍ ഫ്രാങ്കിളിന്റെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപ് അനുഭവങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ജീവിത തത്വങ്ങളെ ഇസ്‌ലാമിക ചിന്തകളുമായി ചേര്‍ത്തുനിര്‍ത്തിയാണ് ഇതുവരെ പറഞ്ഞത്. തന്റെ യാതനകളെ അതിജീവിക്കാന്‍ തന്റെ ചിന്താഗതിയിലാണ് മാറ്റം വരുത്തിയതെന്ന് അദ്ദേഹം പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ ബുദ്ധിമുട്ടുകളെയും പീഡനങ്ങളെയും കുറിച്ച് ആദ്യമേ മുന്നറിയിപ്പ് തരുന്ന, അവ നേരിടാന്‍ നമ്മെ സജ്ജമാക്കുന്ന ഒരു തത്വമുണ്ടെങ്കില്‍ അത് സ്വീകരിക്കലല്ലേ അഭികാമ്യം? അതിന് മകുടോദാഹരണമാണ് പരിശുദ്ധ ഇസ്‌ലാം. ഗ്യാസ് ചേംബര്‍ ക്രൂരതയില്‍ തന്റെ ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ട് വിഷാദ രോഗിയായ ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ലോകത്തെ എക്കാലത്തെയും മികച്ച മനോരോഗ വിദഗ്ധരില്‍ ഒരാളായ വിക്റ്റര്‍ ഫ്രാങ്ക്ള്‍ അയാളോട് പറഞ്ഞത് ‘നിങ്ങള്‍ക്ക് അവരെ സ്വര്‍ഗത്തില്‍ കണ്ടുമുട്ടാമല്ലോ’ എന്നാണ്. ഇതില്‍ നിന്നെല്ലാം ഒരു കാര്യം സുവ്യക്തമാണ്. ഈ ലോകത്തെ പ്രശ്‌നങ്ങള്‍ക്കും പരാധീനതകള്‍ക്കും പരിഹാരമാവുന്ന മറ്റൊരു ലോകമുണ്ടെങ്കില്‍, ആ ലോകത്തിനു വേണ്ടി ഈ ജീവിതം സമര്‍പ്പിക്കാന്‍ മനുഷ്യന്‍ തയാറാവുകയും ചെയ്യുകയാണെങ്കില്‍ മനുഷ്യന്റെ അനാവശ്യമായ പല ആധികള്‍ക്കും അതോടെ അറുതിയാവും എന്നതാണത്. ഈ ഒരു സങ്കല്‍പത്തെ സാധൂകരിക്കുന്ന ഇസ്‌ലാമിനോളം മറ്റൊരു മതമുണ്ടോ? മനുഷ്യായുസിലെ ശ്വാസോഛ്വാസം വരെ അതിന് വേണ്ടി നീക്കിവെക്കാനാണ് പരിശുദ്ധ മതം അരുളിയത്. ഇസ്‌ലാമിന്റെ വായിക്കപ്പെടാതെ പോവുന്ന ഓരോ അധ്യായവും മാനവരാശിയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെയാണ്. അല്ലാഹു പറഞ്ഞതെത്ര സത്യം! ‘ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്’. മനുഷ്യനാണ് ചിന്തിക്കാന്‍ കഴിവുള്ളവന്‍. മനുഷ്യന്റെ മുന്‍പിലാണ് ആ ദൃഷ്ടാന്തങ്ങളും.

Share this article

Leave a Reply

Your email address will not be published. Required fields are marked *