ഡ്രസ്‌കോഡ്: തിരിച്ചറിയല്‍ രേഖ

Reading Time: 3 minutes

സ്ഥാപന, സംരംഭങ്ങളിലെ അംഗങ്ങ ള്‍ അവരുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരേ തരത്തിലുള്ള വസ്ത്രധാരണ രീതിയാണ് യൂനിഫോം. ലാറ്റിന്‍ പദങ്ങളായ unus(ഏക), forma(രീതി) എന്നിവയില്‍ നിന്നാണ് ‘Uniform’ എന്ന വാക്കിന്റെ ഉദ്ഭവം. മുന്‍കാലങ്ങളില്‍ കൂടുതലായും സൈനിക, അര്‍ധ സൈനിക, ആരോഗ്യ മേഖലയിലാണ് ഈ രീതി ഉപയോഗിച്ചിരുന്നതെങ്കിലും ഇന്ന് എല്ലാ മേഖലയിലും വ്യാപിച്ചിട്ടുണ്ട്.

സൈനിക, അര്‍ധ സൈനിക മേഖല
ഓരോ രാജ്യങ്ങളിലെയും പോലീസുകാരുടെ യൂണിഫോമുകള്‍ വ്യത്യസ്തമാണ്. പോലീസുകാര്‍ ഉപയോഗിക്കുന്ന യൂനിഫോമുകള്‍ നിയമ പാലന സമയത്തു പൊതുജനങ്ങളില്‍ നിന്ന് അവരെ തിരിച്ചറിയാന്‍ സഹായിക്കുന്നു. കേരളത്തില്‍ പോലീസുകാര്‍ക്ക് ആദ്യ കാലങ്ങളിലുണ്ടായിരുന്ന യൂനിഫോം ട്രൗസറും ഷര്‍ട്ടുമായിരുന്നു. ഇന്‍ ചെയ്യാതെ ഷര്‍ട്ടിനു മേലെ ബെല്‍റ്റും തലയില്‍ നീളന്‍ തൊപ്പിയും അടങ്ങുന്ന വേഷം. റോന്ത് ചുറ്റുന്ന പോലീസുകാര്‍ കൈയില്‍ ലാത്തിയും കൊമ്പന്‍ മീശയും യൂനിഫോമിന്റെ ഭാഗം പോലെ ശ്രദ്ധിച്ചിരുന്നു. രാജ്യങ്ങളില്‍ എല്ലായിടത്തും ഒരേ പോലുള്ള യൂനിഫോം ആയിരിക്കും ഉപയോഗിക്കുക. എന്നാല്‍ യുഎഇ പോലെ ചില രാജ്യങ്ങളില്‍ ഒരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തരത്തിലുള്ള യൂനിഫോം ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ പൊതുവെ കാക്കി നിറമാണെങ്കിലും ഓരോ സ്റ്റേറ്റുകളിലും നേരിയ വ്യത്യാസം പോലീസുകാരുടെ യൂനിഫോമുകള്‍ക്ക് ഉണ്ട്. സൈനിക, അര്‍ധ സൈനിക, പോലീസ് വിഭാഗങ്ങള്‍ക്ക് റാങ്കിനനുസരിച്ച് യൂനിഫോമിലും മാറ്റം ഉണ്ടാകാറുണ്ട്. ഇന്ത്യയില്‍ ബ്രിട്ടീഷ് പോലീസാണ് ഔദ്യോഗികമായ യൂനിഫോം ഉപയോഗിച്ച് തുടങ്ങിയതെന്ന് കണക്കാക്കപ്പെടുന്നു. നീളന്‍ കോട്ടും പാന്റ്‌സും കോട്ടിനുമേലെ ബെല്‍റ്റുമായിരുന്നു അവരുടെ ആദ്യ വേഷം.
പട്ടാള യൂനിഫോമുകളും ഓരോ രാജ്യത്തിനും വ്യത്യസ്തമാണെങ്കിലും പൊതുവില്‍ പച്ച കലര്‍ന്ന നിറമാണ് ഉപയോഗിക്കുന്നത്. ലക്ഷങ്ങള്‍ വില മതിക്കുന്ന യൂനിഫോം ഉപയോഗിക്കുന്ന രാജ്യങ്ങള്‍ വരെ ഉണ്ട്. അമേരിക്ക, ബ്രിട്ടന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് അത്യാധുനിക സാങ്കേതിക വിദ്യകളോട് കൂടിയ ഇത്തരം യൂനിഫോമുകള്‍ ഉപയോഗിക്കുന്നത്.
ബ്രിട്ടീഷ് ആര്‍മിയുടെ ഭാഗമായ കോള്‍ഡ് സ്ട്രീം ഗാര്‍ഡ്‌സ് എന്നറിയപ്പെടുന്ന ഒരു വിഭാഗം പട്ടാളക്കാര്‍ ഇപ്പോഴും പുരാതന രീതിയിലുള്ള യൂനിഫോം ഉപയോഗിക്കുന്നതിലൂടെ പ്രശസ്തമാണ്. കറുത്ത പാന്റും ചുവന്ന ഷര്‍ട്ടുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. കനേഡിയന്‍ കാടുകളില്‍ കാണപ്പെടുന്ന കരടിയുടെ രോമങ്ങള്‍ കൊണ്ടുണ്ടാക്കുന്ന 45.7 സെ.മീ നീളമുള്ള തൊപ്പിയും അതിനെ താടിയില്‍ ബന്ധിപ്പിക്കുന്ന സ്വര്‍ണ നിറമുള്ള കര്‍ബ് ചൈനും ഷര്‍ട്ടില്‍ ഉള്ള സ്വര്‍ണ നിറമുള്ള ബട്ടനുകളും ഉള്ള യൂനിഫോം ഇട്ട ഇവര്‍ കാണുന്നവരില്‍ ഏറെ കൗതുകമുണര്‍ത്തും. സൈനികരുടെയോ പോലീസിന്റെയോ യൂനിഫോമുകള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്.

തൊഴില്‍ മേഖല
വ്യാപകമായി യൂനിഫോമുകള്‍ ഉപയോഗിക്കുന്ന ഒരു മേഖലയാണ് തെഴില്‍ മേഖല. ഒട്ടുമിക്ക സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയിരിക്കുന്നു. ഉദ്യോഗസ്ഥരുടെ സ്ഥാനങ്ങള്‍, ജോലിയുടെ സ്വഭാവം, ജോലി ചെയ്യുന്ന സ്ഥലങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായിരിക്കും യൂനിഫോമുകള്‍.
കറുത്ത പാന്റ്‌സ്, വെളുത്ത ഷര്‍ട്ട്, കറുത്തത് അല്ലെങ്കില്‍ നീല ഓവര്‍ കോട്ട്, കമ്പനിയുടെ പേര് മുദ്രണം ചെയ്ത പാന്റ്‌സും ഷര്‍ട്ടും അല്ലെങ്കില്‍ ടീഷര്‍ട്ട്, ശരീരം മുഴുവന്‍ മറയുന്ന രീതിയിലുള്ള ഒറ്റ വസ്ത്രം അഥവാ കവര്‍ആള്‍ എന്നിങ്ങനെയാണ് കാറ്റഗറി അനുസരിച്ചുള്ള തൊഴിലാളികളുടെ യൂനിഫോമുകള്‍.
സെക്യൂരിറ്റി ജീവനക്കാര്‍ ഭൂരിഭാഗവും വെളുത്ത ഷര്‍ട്ടും കറുത്ത പാന്റും ആണ് യൂനിഫോമായി ഉപയോഗിക്കുന്നതെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച് മാറ്റങ്ങള്‍ വരാറുണ്ട.് ഉദാഹരണത്തിന് വലിയ ഹോട്ടലുകള്‍ പോലുള്ള സ്ഥലങ്ങളില്‍ കോട്ടും, തൊപ്പിയുമൊക്കെ ഉള്ള സെക്യൂരിറ്റി ഉണ്ടാകും അതീവ സുരക്ഷ ആവശ്യമുള്ളിടത്ത് തോക്ക്, സേഫ്റ്റി സ്റ്റിക്ക്, വയര്‍ലെസ് മുതലായവ ഇവരുടെ യൂനിഫോമിന്റെ ഭാഗമാകുന്നു.
കേരളത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ മുതല്‍ ബസ് ഡ്രൈവര്‍മാര്‍ വരെ ഉപയോഗിക്കുന്നത് കാക്കി നിറം. ടാക്‌സി ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്നത് വെള്ള നിറം. വിവിധ ടാക്‌സി കമ്പനികള്‍ കമ്പനിയുടെ പേരോടുകൂടിയ പല നിറത്തിലും ഡിസൈനിലുമുള്ള യൂനിഫോമുകള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നു. മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ പോലുള്ളവരുടെ ഡ്രൈവര്‍മാര്‍ വെള്ള നിറത്തിലുള്ള തൊപ്പിയും കൂടി ധരിക്കുന്നു. ആനവണ്ടിയിലെ ഡ്രൈവര്‍മാരും പ്രൈവറ്റ് ബസിലെ പോലെ കാക്കി തന്നെയാണ് ഉപയോഗിച്ചിരുന്നത്. 2015 മുതല്‍ നേവിബ്ലൂ പാന്റ്‌സും സ്‌കൈ ബ്ലൂ ഷര്‍ട്ടുമാണ് ഉപയോഗിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ലോക്കോ പൈലറ്റ് മാരും ഇതേ യൂനിഫോം തന്നെയാണ് ഉപയോഗിക്കുന്നത്. സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മിക്കവാറും കമ്പനിയുടെ പേര് അല്ലെങ്കില്‍ എംബ്ലം മുദ്രണം ചെയ്ത യൂനിഫോം ആണ് ഉപയോഗിക്കുന്നത്. പുറത്ത് കസ്റ്റമേഴ്‌സ്മായി ഡീല്‍ ചെയ്യുമ്പോള്‍ കമ്പനിയുടെ പരസ്യം എന്നൊരു ഉദ്ദേശ്യം കൂടി ഇതിനുണ്ട്. സൂപ്പര്‍മാര്‍കറ്റുകളിലും മറ്റും പോകുമ്പോള്‍ തിരക്കിനിടയില്‍ സാധനങ്ങളുടെ വിവരങ്ങളറിയാന്‍ സെയില്‍സ് സ്റ്റാഫിനെ തിരയുന്ന പൊതു ജനങ്ങള്‍ക്ക് അവരുടെ യൂനിഫോം ഉപകാരപ്പെടാറുണ്ട്. ഒട്ടുമിക്ക മുന്തിയ ഹോട്ടലുകളിലും വെയ്റ്റര്‍മാര്‍ക്ക് യൂനിഫോം ഉണ്ടെങ്കിലും ഇന്ത്യന്‍ കോഫി ഹൗസിലെ വെയ്റ്റര്‍മാരുടെ രാജകീയ ശൈലിയിലുള്ള യൂനിഫോം കൗതുകമുണര്‍ത്തുന്ന ഒന്നാണ്. തൊഴിലാളികള്‍ക്ക് കാറ്റഗറി അടിസ്ഥാനത്തില്‍ യൂനിഫോമുകള്‍ നല്‍കുന്നുണ്ടെങ്കിലും ടോപ് ലെവല്‍ കാറ്റഗറിയില്‍ ഉപയോഗിക്കുന്ന അതേ തരത്തിലുള്ളവ മിഡില്‍ ലെവല്‍ കാറ്റഗറിയില്‍ പെടുന്ന ഡ്രൈവര്‍, റിസപ്ഷനിസ്റ്റ്, സെക്യൂരിറ്റി തുടങ്ങിയവരും ഉപയോഗിക്കുന്നു. തിരിച്ച് ടോപ് ലെവല്‍ സാലറി വാങ്ങുന്ന ഓയില്‍ ഫീല്‍ഡ് പോലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കവര്‍ആള്‍ ഉപയോഗിക്കാറുണ്ട്. കെമിക്കല്‍ ഫീല്‍ഡ് പോലെ അപകടകരമായ ജോലി ചയ്യുന്ന തൊഴിലാളികള്‍ക്ക് ഒരേ രീതിയിലുള്ള വസ്ത്രം എന്നതിലുപരി തെഴിലാളികളുടെ സുരക്ഷ കൂടിയാണ് യൂനിഫോമുകള്‍.

വിദ്യാഭ്യാസം
പശ്ചാത്യ രാജ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് വളരെ നേരത്തേ യൂണിഫോം രീതിയുണ്ടായിരുന്നു. അടുത്ത കാലം വരെ വിദ്യാര്‍ഥികള്‍ സ്ഥിരമായി യൂനിഫോം ധരിച്ചു സ്‌കൂളില്‍ പോകുന്ന കാഴ്ച കേരളത്തില്‍ അപൂര്‍വമായിരുന്നു. സാമ്പത്തിക ശേഷിയായിരുന്നു പ്രധാന കാരണം. ഇന്ന് സര്‍ക്കാര്‍ സ്‌കൂളുകള്‍ സൗജന്യമായി യൂനിഫോം നല്‍കുന്നു. പക്ഷേ യൂനിഫോം കച്ചവടത്തിലൂടെ വലിയ ലാഭം കൊയ്യുകയാണ് പ്രൈവറ്റ് സ്‌കൂളുകള്‍. വര്‍ഷം തോറും യൂനിഫോമില്‍ മാറ്റങ്ങള്‍ വരുത്തിയും മറ്റും ഇവര്‍ ലാഭം കൊയ്യുന്നു. കോട്ടും ടൈയും പോലുള്ള പാശ്ചാത്യ സംസ്‌കാരങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പിക്കുന്നതും കണ്ടുവരുന്നു. ആഴ്ചയില്‍ ഒരു ദിവസം യൂനിഫോമിന് വ്യത്യാസം ഉള്ള സ്‌കൂളുകളും ഉണ്ട്. ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ പലതരത്തിലുള്ള യൂനിഫോമുകള്‍ കാണുമെങ്കില്‍ മത വിദ്യാഭ്യാസ രംഗത്ത് എല്ലായിടത്തും വെള്ള നിറമാണ് ഉപയോഗിക്കുന്നത്. നാട്ടിന്‍ പുറങ്ങളില്‍ പള്ളിദര്‍സിലെ മുതഅല്ലിമുകള്‍ നീളന്‍ കുപ്പായവും മുണ്ടും തലയിലെ കെട്ടും ഇട്ടു പോകുന്ന കാഴ്ച്ച മനസിനെ കുളിരണിയിക്കുന്നതാണ്. ഭൗതിക വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സമയത്ത് മാത്രമാണ് യൂനിഫോം ഉള്ളതെങ്കില്‍ മത വിദ്യാര്‍ത്ഥികളുടെ യൂനിഫോം സാധാരണ ജീവിതത്തിലും അത് തന്നെയായിരിക്കും.

ആരോഗ്യം
പല സന്ദര്‍ഭങ്ങളിലും മാലാഖമാരായി പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ക്ക് വെള്ള വസ്ത്രമാണ് യൂണിഫോം. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വെള്ള സാരിയും വെള്ള ബ്ലൗസും സ്ത്രീകളും വെള്ള ഷര്‍ട്ടും പാന്റ്‌സും പുരുഷന്മാരും യൂണിഫോം ആയി ഉപയോഗിക്കുന്നു. ചില പ്രൈവറ്റ് ആശുപത്രിയില്‍ പിങ്ക് കളര്‍ ചുരിദാറുകളും ഉപയോഗിക്കുന്നു. വിദേശ രാജ്യങ്ങളില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പാന്റ്‌സും ഷര്‍ട്ടും തന്നെയാണ്. നോര്‍മല്‍ ഡ്രെസ്സിന്റെ പുറത്ത് വെളുത്ത കോട്ടായിരിക്കും ഡോക്ടര്‍മാരുടെ യൂനിഫോം. ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നിഷന്‍സ് പോലോത്തവരുടെയും ഇതേ തരത്തിലാണ്. ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ ആശുപത്രിയില്‍ ഉപയോഗിക്കുന്ന യൂനിഫോം പൊതു സ്ഥലങ്ങളില്‍ യൂനിഫോം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട് പല രാജ്യങ്ങളിലും.

കായികം
കായിക താരങ്ങള്‍ ഉപയോഗിക്കുന്ന യൂനിഫോമിനെ ജേഴ്‌സി എന്നാണ് വിളിക്കാറ്. ഓരോ കായിക ഇനത്തിന്റെയും പ്രതേകത അനുസരിച്ച് ജേഴ്‌സിയിലും വ്യത്യാസം ഉണ്ടാകും സാധാരണയായി ഉപയോഗിക്കുന്ന പാന്റ്‌സ്/ട്രൗസര്‍, ടീഷര്‍ട് അല്ല നീന്തല്‍ മത്സരങ്ങളില്‍ ഉപയോഗിക്കാറ്. കായിക താരങ്ങളുടെ പേരും പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ പേരും സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയുടെ പേരും ജേഴ്‌സിയില്‍ ഉണ്ടാകും. തുടക്കത്തില്‍ വെള്ള കളര്‍ ജേഴ്‌സിയാണ് ക്രിക്കറ്റില്‍ ഉപയോഗിച്ചിരുന്നത്. ഇന്ന് ടെസ്റ്റ് മാച്ച് ഒഴികെ ബാക്കി എല്ലാത്തിലും വിവിധ ഡിസൈനോട് കൂടിയ ജേഴ്‌സിയാണ് ഉപയോഗിക്കുന്നത്. പ്രിയ താരങ്ങളുടെ പേരും നമ്പറും പ്രിന്റ് ചെയ്ത ജേഴ്‌സികള്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ജനപ്രിയ താരങ്ങള്‍ ഉപയോഗിച്ച ജേഴ്‌സി വലിയ തുകകള്‍ക്ക് ലേലത്തില്‍ വിറ്റുപോകാറുണ്ട്.

ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍
ഒട്ടുമിക്ക മേഖലയിലും യൂനിഫോം നിര്‍ബന്ധമാണ്. അലക്കി തേച്ച യൂനിഫോം ധരിച്ച് പോകുന്നവര്‍ ഉണ്ടെങ്കിലും ദിവസവും ഉള്ള അലക്കലും തേക്കലും ഒരു ബാധ്യതയായി കാണുന്നവരുമുണ്ട്. ബാച്‌ലര്‍ ആയി താമസിക്കുന്ന പ്രവാസികള്‍ കൂടുതലും ഇത്തരക്കാരാണ്. ചില സ്ഥാപനങ്ങള്‍ യൂനിഫോം വൃത്തിയാക്കാനുള്ള അലവന്‍സ് തൊഴിലാളികള്‍ക്ക് അനുവദിക്കാറുണ്ട്. സൗജന്യമായി യൂനിഫോം വൃത്തിയാക്കി കൊടുക്കുന്ന ചില സ്ഥാപനങ്ങളുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളില്‍ യൂനിഫോം അലക്കി വൃത്തിയാക്കാന്‍ ഉപയോഗിച്ച തുക ആദായ നികുതിയില്‍ നിന്നും ഒഴിവാക്കി കൊടുക്കാറുണ്ട്. പുലര്‍ച്ചെ എഴുന്നേറ്റു വീട്ടുജോലികള്‍ ചെയ്തു മക്കളെ സ്‌കൂളില്‍ വിടുന്ന വീട്ടമ്മമാര്‍ക്ക് സ്‌കൂള്‍ യൂനിഫോം വലിയ തലവേദന തന്നെയാണ്.

അനുഭവങ്ങള്‍
12 മണിക്കൂര്‍ തുടര്‍ച്ചയായി കോട്ടും ടൈയും ഇട്ടുനില്‍ക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ചില സുഹൃത്തുക്കള്‍ പങ്ക് വെച്ചിരുന്നു. യുഎയില്‍ ഡ്രൈവിംഗ് സ്‌കൂളിലെ പരിശീലകനെ കണ്ട് പോലീസാണെന്ന് തെറ്റിദ്ധരിച്ച അനുഭവമുണ്ട്. കേരളത്തില്‍ ഡിജിപി റാങ്കിലുള്ളവര്‍ ധരിക്കുന്ന യൂണിഫോം കണ്ടപ്പോള്‍ വന്ന ആശങ്കയാണ്.
എയര്‍പോര്‍ട്ടില്‍ ജോലികിട്ടി ആദ്യമായി ജോലിക്കെത്തിയപ്പോള്‍ വെള്ള ഷര്‍ട്ടും കറുത്ത പാന്റും തോളില്‍ കറുത്ത ബാഡ്ജില്‍ വരയുമുള്ള യൂനിഫോം ധരിച്ച ഒരാളെ കണ്ടപ്പോള്‍ പൈലറ്റാണെന്ന് കരുതി. പിന്നീടാണ് മനസിലായത് അയാള്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസ് ഡ്രൈവറാണെന്ന്. ചില കമ്പനികള്‍ തങ്ങളുടെ സ്റ്റാഫിനെ ജോലിക്ക് കൊണ്ടുവരുന്നതിനും വലിയ ഹോട്ടലുകളില്‍ ടൂറിസ്റ്റുകളുടെ ട്രാന്‍സ്‌പോര്‍ട്ടിനും ഉപയോഗിക്കുന്ന വണ്ടികളിലെ ഡ്രൈവര്‍മാര്‍ പൈലറ്റുകളെ പോലെ തന്നെ യൂനിഫോം ഉപയോഗിക്കാറുണ്ട്. ഷോള്‍ഡറിലെ ചിഹ്നം മാത്രമാണ് വ്യത്യാസം.

Share this article

About ഷാനവാസ് ഹംസ

shanukh1986@gmail.com

View all posts by ഷാനവാസ് ഹംസ →

Leave a Reply

Your email address will not be published. Required fields are marked *