ജിഹാദ്

Reading Time: < 1 minutes

മലയാളത്തിന് ഏറെ പരിചയമുള്ള അറബിപദമാണ് ജിഹാദ്. ശരിയായ വ്യവഹാരത്തെക്കാള്‍ കൂടുതല്‍ തെറ്റായി വ്യവഹരിക്കപ്പെട്ട ഒരു പ്രയോഗം. ‘അവിശ്വാസിയെ വധിക്കുക’ എന്നാണ് ജിഹാദിന്റെ താത്പര്യമായി പ്രചരിക്കപ്പെട്ടത്. അങ്ങനെയൊരു ആശയപ്രചരണത്തിന് ചില ചരിത്ര പശ്ചാത്തലങ്ങളും അപവായനകളും കാരണമായിട്ടുണ്ട്. ഇസ്‌ലാമികാഗമന കാലത്ത് ശത്രുക്കളുടെ ആക്രമണ, ഉപരോധങ്ങളെ പ്രതിരോധിക്കുന്നതിന് അല്ലാഹു അനുവദിച്ചുകൊടുത്ത കായിക പ്രതിരോധമാണ് ജിഹാദ്. ജിഹാദിന് കൃത്യമായി നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങളുണ്ട്. മാനദണ്ഡങ്ങള്‍ വിഛേദിക്കപ്പെടുമ്പോള്‍ ജിഹാദ് അപരാധമാകുന്നു. ഇത് തന്നെ ‘ജിഹാദുല്‍ അസ്വ്ഗര്‍ അഥവാ ചെറിയ ജിഹാദ് എന്നാണ് വിവക്ഷിക്കപ്പെടുന്നത്. ഇലാഹീ ഭക്തിയിലും വഴിയിലും ഒതുങ്ങി നില്‍ക്കുന്നതിന് ശരീരേഛകളോട് പടവെട്ടുന്നതാണ് വലിയ ജിഹാദ്, ജിഹാദുല്‍ അക്ബര്‍. അക്രമിയായ ഭരണാധികാരിയോട് നേര് തുറന്നു പറയലാണ് വലിയ ജിഹാദെന്നും ഹദീസുണ്ട്.
ഇസ്‌ലാം സമം ജിഹാദ് എന്ന രൂപേണയുള്ള നരേറ്റീവുകള്‍ ഇപ്പോള്‍ വ്യാപകമാണ്. അതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണുതാനും. ഇസ്‌ലാംഭീതി നിര്‍മിക്കപ്പെടുകയും അതിനു പിന്‍ബലം നല്‍കുന്ന സംഭവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു തുടങ്ങിയിട്ട് കുറേ കാലമായി. ആഗോളാടിസ്ഥാനത്തില്‍ തന്നെ നല്ല നിക്ഷേപങ്ങള്‍ മുടക്കിയ മേഖലയാണിത്. അതിന്റെ ഫലം കൊയ്തു തുടങ്ങിയതിന്റെ നല്ല ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അക്കാദമിക്‌സില്‍ വരെ അത് എത്തിനില്‍ക്കുന്നു.
സന്ദര്‍ഭങ്ങളില്‍ നിന്ന്, സാഹചര്യങ്ങളില്‍ നിന്ന് പ്രമാണങ്ങളെ പിടിച്ചിറക്കുകയും അക്ഷരവായനയില്‍ തെളിയുന്നത് ഒന്നാന്തരം തെളിവായി നിരത്തുകയും ചെയ്യുന്ന ആള്‍ക്കൂട്ടത്തെ നിര്‍മിച്ചോ ചൂണ്ടിക്കാണിച്ചോ ഇസ്‌ലാം വിമര്‍ശകര്‍ തങ്ങളുടെ താത്പര്യം കൊയ്‌തെടുക്കാറുണ്ട്. ജിഹാദ് സംബന്ധമായി നിലനില്‍ക്കുന്ന, നിന്നിരുന്ന പ്രമാണോക്തികളെയാണ് വിമര്‍ശകര്‍ ഇസ്‌ലാമിനെ ആയുധം ധരിപ്പിക്കാന്‍ പലകുറി വിനിയോഗിച്ചിട്ടുള്ളത്. യഥാവിധി അറിയാത്തവരില്‍ എളുപ്പം തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇതുവഴി കഴിയുന്നു. അതിന് മരുന്നിട്ടുകൊടുക്കുന്ന സന്ദര്‍ഭങ്ങള്‍ സമുദായത്തിനകത്ത് ഉണ്ടാവുകയോ ശത്രുക്കള്‍ ഉണ്ടാക്കിയെടുക്കുകയോ ചെയ്തിട്ടുണ്ട്.
അസംഖ്യം ജനതയെ ഒരുവേളയെങ്കിലും ഇസ്‌ലാം നശിപ്പിക്കുകയോ നശിപ്പിക്കാന്‍ ആഹ്വാനം നടത്തുകയോ ചെയ്തിട്ടില്ല. എണ്ണമറ്റ ജിഹാദുകള്‍ ഉണ്ടായിട്ടുപോലും ആയിരത്തിനടുത്ത് പേര്‍ മാത്രം കൊല്ലപ്പെട്ടു. നേരേ മറിച്ച് ആധുനിക ഐഡിയോളജികളോട് ചേര്‍ന്നുണ്ടായ യുദ്ധങ്ങള്‍, കലാപങ്ങള്‍ മുഖേന പരകോടി ജനങ്ങളെ കൊന്നു തീര്‍ത്തു. അനേകം സംസ്‌കാരങ്ങള്‍ തിരോഭവിച്ചു. അവക്കൊന്നും കിട്ടാത്ത വാളടയാളം ഇസ്‌ലാമിന് സ്വന്തം. കുടുംബാദികളും ഗുരുശിഷ്യരും തമ്മില്‍ വര്‍ഷങ്ങളോളം പോരാടിയ കുരുക്ഷേത്ര മതങ്ങള്‍ പക്ഷേ തുടരപ്പെടേണ്ട മാതൃക! ഈ വൈപരീത്യത്തിന്റെ പേരാണ് ‘പൊതുബോധം’. ‘ജിഹാദ്’ അവരുടെ കൂടി ആലോചനയാണ്.

Share this article

About എന്‍.ബി സിദ്ദീഖ് ബുഖാരി

nbsbukhari@gmail.com

View all posts by എന്‍.ബി സിദ്ദീഖ് ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *