ഉറക്കം ദിവ്യാമൃതം

Reading Time: 3 minutes

മനുഷ്യന്റെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രധാന ഘടകമാണ് ഉറക്കം. ജീവിക്കാനാവശ്യമായ ഭക്ഷണം, വെള്ളം, വായു എന്നിവപോലെ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് ഉറക്കം. ഹൃദയം, ശ്വാസകോശം, മസ്തിഷ്‌കം, രക്ത ചംക്രമണ വ്യവസ്ഥ, കോശങ്ങളുടെ വളര്‍ച്ച എന്നിവയുടെ ആരോഗ്യകരമായ അവസ്ഥക്ക് നല്ല ഉറക്കം ആവശ്യമാണ്. സുഖനിദ്രാതത്പരത മാനുഷിക പ്രകൃതിയായി നിലനില്‍ക്കുന്ന ഒന്നാണ്.
ഉറക്കം ദൈവാനുഗ്രഹമായി വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്. ‘രാത്രിയിലും പകലിലും നിങ്ങള്‍ക്ക് നല്‍കിയ നിദ്ര അവന്റെ ദൃഷ്ടാന്തമത്രെ.’ (റൂം ) ‘നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കിയിരിക്കുന്നു.’ (നബഅ്)
ജീവിതത്തിന്റെ ഏതാണ്ട് മൂന്നിലൊരു ഭാഗം മനുഷ്യന്‍ ഉറങ്ങാന്‍ വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. ഉറക്കില്ലായ്മമൂലം പകല്‍ സമയങ്ങളില്‍ ഉന്മേഷക്കുറവ്, ക്ഷീണം, രക്തസമ്മര്‍ദ്ദം കുറയുക, ശ്രദ്ധക്കുറവ്, മറവി, ഏകാഗ്രത നഷ്ടപ്പെടുക തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വളിച്ചുവരുത്തും. ഹാര്‍ട്ട് സംബന്ധമായ അസുഖങ്ങള്‍ ഇരട്ടിയാക്കുമെന്നും സ്‌ട്രോക്കുവരാനുള്ള സാധ്യത നാലിരട്ടിയാകുമെന്നും പുതിയ പഠനങ്ങങ്ങള്‍ തെളിയിക്കുന്നു. നിദ്രാഭംഗം ചിന്തയേയും ബുദ്ധിയേയും കാര്യമായി ബാധിക്കുകയും. വാഹനമോടിക്കുന്നവരില്‍ ഇതു അപകടത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. ദിനേന സംഭവിക്കുന്ന റോഡപകടങ്ങളില്‍ അഞ്ചിലൊന്ന് ഉറക്കക്കുറവ് കൊണ്ടാണെന്നാണ് കണക്കുകള്‍ പറയുന്നത്.
ഉറക്കമില്ലായ്മ പോലെതന്നെ ഹാനികരമാണ് അമിത ഉറക്കവും. ദിവസങ്ങളോളം ഉറക്കത്തിലാണ്ടു പോകുന്ന അത്യപൂര്‍വ രോഗമാണ് സ്ലീപിങ് ബ്യൂട്ടി സിന്‍ഡ്രോം. കേരളത്തില്‍ നാലുവയസുകാരി പെണ്‍കുട്ടിയെ സിന്‍ഡ്രോ രോഗ ബാധയെ തുടര്‍ന്ന് യാതൊരു പ്രതികരണവുമില്ലാതെ തുടര്‍ച്ചയായി അഞ്ചുദിവസം ഉറക്കിലാണ്ടുപോയതിനാല്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.100 വര്‍ഷമായി ഉറക്കിലായ രാജകുമാരിയുടെ കഥയില്‍ നിന്നാണത്രെ സ്ലീപിങ് സിന്‍ഡ്രോം എന്ന് ഈ രോഗത്തിന് പേര് ലഭിച്ചത്. (മനോരമ)
ഈ രോഗം പിടിപെട്ട് തുടര്‍ച്ചയായി മൂന്നാഴ്ച ഉറങ്ങി യൂനിവേഴ്‌സിറ്റി പരീക്ഷപോലും നഷ്ടപ്പെട്ട ഇംഗ്ലണ്ടിലെ റോഡ്രിഗസ് ഡയസ് എന്ന പെണ്‍കുട്ടിയുടെ കഥ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. (മാതൃഭൂമി)
അല്ലാഹു നല്‍കിയ ആധ്യാത്മിക കഴിവുകൊണ്ട് 300 വര്‍ഷം ഉറങ്ങിയ ഗുഹാവാസികളായ ഏഴു യുവാക്കളുടെ ചരിത്രം വിശുദ്ധഖുര്‍ആന്‍ പറയുന്നുണ്ട്. അക്രമകാരിയായ ദഖ്‌യാനൂസ് എന്ന ഭരണാധികാരിയില്‍ നിന്ന് അഭയം തേടി ഗുഹയില്‍ താമസിച്ച വിശ്വാസികളായ യുവാക്കള്‍ക്ക് അല്ലാഹു അഭൂതപൂര്‍വമായ നിദ്രനല്‍കുകയായിരുന്നു. ‘അങ്ങനെ വര്‍ഷങ്ങള്‍ നാം അവരെ ഉറക്കിക്കളഞ്ഞു.’ (സൂറത്തുല്‍ കഹ്ഫ് 11) ‘അവര്‍ ഉണര്‍ന്നിരിക്കുന്നവരാണെന്ന് നിങ്ങള്‍ കരുതും പക്ഷെ അവര്‍ ഉറങ്ങുന്നവരത്രെ.’ (അല്‍ കഹ്ഫ് 18)
മനുഷ്യേതര ജീവികളും ഉറക്കത്തിന്റ കാര്യത്തില്‍ പിന്നിലല്ല. ഏറ്റവും കൂടുതല്‍ ഉറങ്ങുന്ന ജീവി ആസ്‌ത്രേലിയയിലെ വനാന്തരങ്ങളില്‍ കാണപ്പെടുന്ന ‘കോല’ എന്ന സസ്തനിയാണ്. ഏകദേശം തുടര്‍ച്ചയായി ഒരു ദിവസം 20മണിക്കൂര്‍ വരെ ഈ ജീവി ഉറങ്ങും. യൂകാലിപ്‌സ് വൃക്ഷങ്ങളുടെ ഇലകള്‍ ഭക്ഷിച്ചു ജീവിക്കുന്ന കോലകള്‍ തീരെ വെള്ളം കുടിക്കാത്ത ജീവികളാണ്. നിന്നുകൊണ്ടുറങ്ങുന്ന ജീവിയാണ് സീബ്ര. നീന്തുമ്പോഴാണ് നീലത്തിമിംഗലം ഉറങ്ങുന്നത്. ഏറ്റവും കുറച്ചു ഉറങ്ങുന്നത് കാട്ടാനയാണ്. ഒരു കണ്ണ് തുറന്നു കൊണ്ട് ഉറങ്ങുന്ന ജീവിയാണത്രെ ഡോള്‍ഫിന്‍. തീരെ ഉറങ്ങാത്ത ജീവി എന്ന ബഹുമതി നേടിയത് ഉറുമ്പാണ്.
ഒരു വ്യക്തി ദിവസവും എത്ര സമയം ഉറങ്ങണമെന്നതില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. 6-8 മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ശാസ്ത്രീയ വീക്ഷണം. ഒരാളുടെ ആരോഗ്യം സാഹചര്യം സംതൃപ്തി എന്നിവ പരിഗണിച്ചു സമയത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാം. മാര്‍ച്ച് 13 ലോക ഉറക്കദിനമായി ആചരിക്കുന്നു.
സമയത്തെ കൊന്നു തീര്‍ക്കുന്ന അനിയന്ത്രിതമായ മയക്കത്തെ ഇസ്‌ലാം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ഒട്ടും ഉറങ്ങാതെ ശരീരത്തെ പീഡനമേല്‍പ്പിക്കുന്നത് പ്രവാചകര്‍ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. തികച്ചും സുഭദ്രമായ ലക്ഷ്യമുള്ള മനുഷ്യ ജീവിതത്തെ ഉറങ്ങിത്തീര്‍ക്കുന്നതിനെ മതം നിരുത്സാഹപ്പെടുത്തുക കൂടിചെയ്യുന്നു.
രാത്രി സമയങ്ങളില്‍ ആരാധന നിരതരാവാന്‍ സമയം നീക്കിവെക്കണമെന്നും അത്തരക്കാര്‍ക്കു വലിയ പ്രതിഫലങ്ങളുണ്ടെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. ‘രാത്രിയുടെ അന്ത്യ യാമങ്ങളില്‍ പാപ മോചനം തേടുന്നവരാണ് അല്ലാഹുവിന്റെ ദാസന്മാര്‍.’ (ആലു ഇംറാന്‍) ‘ഭയവും പ്രതീക്ഷയുമായി രക്ഷിതാവിനോട് പ്രാര്‍ഥിക്കാന്‍ വേണ്ടി നിദ്രാസ്ഥലങ്ങളില്‍ നിന്നും അവരുടെ പാര്‍ശ്വങ്ങള്‍ അകറ്റും'(സജദ). സൂക്ഷ്മത കൈവരിച്ച് സ്വര്‍ഗാവകാശികളാകുന്നവരെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്, ‘രാത്രിയുടെ അല്‍പഭാഗം മാത്രമേ അവര്‍ ഉറങ്ങിയിരുന്നുള്ളൂ. രാത്രിയുടെ അവസാന സമയങ്ങളില്‍ അവര്‍ പാപമോചനം തേടിയിരുന്നു’ (അദ്ദാരിയാത്ത്). രാത്രിയെ പൂര്‍ണമായും സുഷുപ്തിയിലാക്കി പാഴാക്കി കളയാതെ ആരാധനകളില്‍ സജീവമാക്കാനാണ് പ്രവാചകര്‍ (സ്വ)യോട് പോലും അല്ലാഹുവിന്റെ കല്‍പന. രാത്രി അല്‍പസമയമൊഴിച്ച് എഴുന്നേറ്റു ആരാധന നിര്‍വഹിക്കുക.’
തികച്ചും മാതൃകാപരമായ ഒരു നിദ്രാ സംസ്‌കാരം ശാസ്ത്രീയമായിത്തന്നെ ഇസ്‌ലാമിക ദര്‍ശനങ്ങളില്‍നിന്ന് സുവ്യക്തമാണ്. പ്രവാചകരുടെ ജീവിതം അതിനെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്. പ്രവാചകര്‍(സ്വ) നേരെത്തെ ഉറങ്ങി രാത്രി പകുതിയാല്‍ എഴുനേല്‍ക്കാറാണ് പതിവ്. മിസ്‌വാക്ക് ചെയ്തു പൂര്‍ണ ശുദ്ധിയോടെയാണ് ശയനമുറിയില്‍ പ്രവേശിക്കുന്നത്. വിരിപ്പ്, തോല്‍, പായ, തുടങ്ങിയവയിലും ചിലസമയങ്ങളില്‍ ശൂന്യമായ തറയിലും അവിടിന്നു ഉറങ്ങാറുണ്ടായിരുന്നു.ഉറങ്ങുന്നതിനു മുമ്പ് ഇരു നയങ്ങളിലും സുറുമ എഴുതുന്നതും തിരുചര്യയായിരുന്നു. വിളക്കുകളും അഗ്‌നിയും അണക്കുക, അംഗശുദ്ധിവരുത്തുക,വയര്‍ നിറച്ചു ഭക്ഷിക്കാതിരിക്കുക, തലയിണക്കടിയില്‍ വസ്വിയ്യത് എഴുതിവെക്കുക, പശ്ചാത്തപിക്കുക, കിടക്ക കുടഞ്ഞ് വൃത്തിയാക്കുക, രാത്രി നിസ്‌കാരത്തിനെഴുനേല്‍ക്കുമെന്നുറപ്പിക്കുക, വലുതുഭാഗത്തിന്‍മേല്‍ ചെരിഞ്ഞ് ഖിബ് ലക്കഭിമുഖമായി കിടക്കുക, വലതു കൈ കവളിനു താഴ്ഭാഗത്ത് വെക്കുക, നിര്‍ദേശിക്കപ്പെട്ട ദിക്ര്‍ ദുആകള്‍ ചെല്ലുക, തുടങ്ങിയ കാര്യങ്ങളെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടു പ്രവാചകരില്‍ നിന്ന് ലഭിച്ച സുദര്‍ശനങ്ങളാണ്.
ബാഹ്യേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി വിച്ഛേദിക്കപ്പെട്ട മരണതുല്യമായ അവസ്ഥാമാറ്റമാണ് ഉറക്ക്. ഉറങ്ങാന്‍ തുടങ്ങുമ്പോഴും ഉറക്കില്‍ നിന്നെഴുനേല്‍ക്കുമ്പോഴും ചൊല്ലാന്‍ റസൂല്‍ നിര്‍ദേശിച്ച പ്രാര്‍ഥന ഇവിടെ ശ്രദ്ധേയമാണ് ‘അല്ലാഹുവേ, നിന്റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു. നമ്മെ മരിപ്പിച്ച ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ് സര്‍വസ്തുതിയും, അവനിലേക്ക് തന്നെയാണ് മടക്കം'(ബുഖാരി). ഉറക്കിനിടയില്‍ മൃതിയടഞ്ഞവര്‍ നിരവധിയാണ്. ‘നിര്‍ദിഷ്ട പ്രാര്‍ ത്ഥനകള്‍ ഉരുവിട്ട് ഉറങ്ങിയവന്‍ ആരാത്രി മരണം വരിച്ചാല്‍ സല്‍പ്രകൃതത്തിലായാണ് അവന്‍ മരിച്ചത്.’ (ബുഖാരി)
എല്ലാ സ്ഥലങ്ങളും സമയങ്ങളും ഉറങ്ങാന്‍ അനുയോജ്യമല്ല. ഒരു വീട്ടില്‍ ഏകാന്തനായി ഉറങ്ങുക, ഭിത്തികളില്ലാത്ത മേല്‍ക്കൂരക്ക് മുകളില്‍ ഉറങ്ങുക, നടവഴിയില്‍ ഉറങ്ങുക തുടങ്ങിയവ അനുവദനീയമല്ല. സുബ്ഹി, അസ്വ്ര്‍ നിസ്‌കാരങ്ങള്‍ക്കുശേഷം, ഇശാഅ് നികാരത്തിനുമുമ്പ് എന്നീ സമയങ്ങളില്‍ ഉറങ്ങുന്നത് ഗുണകരമല്ല. മധ്യാഹ്നത്തിനല്‍പം മുമ്പ് ഉറങ്ങുന്നത് രാത്രി നിസ്‌കാരത്തിനെഴുന്നേല്‍ക്കുന്നവന് പ്രത്യേകം സുന്നാത്താണ്. ഈ ഉറക്കിന് ‘ഖൈലൂലത്ത്’ എന്ന്പറയപ്പെടുന്നു. (തബന്‍ബീഹുല്‍ അഖ്‌യാര്‍)
‘നോമ്പുകാരന്റെ ഉറക്കം ആരാധനയാണ്.’ (ജാമിഉല്‍ കബീര്‍) നിസ്‌കാരത്തിന്റെ സമയമായതിനു ശേഷം അത് നിര്‍വഹിക്കാതെ ഉറങ്ങുന്നത് കറാഹത്താണ്. ആരെങ്കിലും ഉണര്‍ത്തുമെന്ന പ്രതീക്ഷ ഇല്ലാതിരിക്കുകയോ സമയം അതിക്രമിക്കുന്നതിനുമുമ്പ് സ്വയം ഉണരുന്ന പതിവില്ലാത്തവനോ ആണെങ്കില്‍ ഈ ഉറക്ക് നിഷിദ്ധവുമാണ്.(ഫത്ഹുല്‍ മുഈന്‍)
ഉറക്ക് സൃഷ്ടികളുടെ സവിശേഷതയാണ് സ്രഷ്ടാവായ അല്ലാഹു ഈ വിശേഷണത്തില്‍ നിന്നും പരിശുദ്ധനാണ്. ‘തൂങ്ങി ഉറക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല'(അല്‍ബഖറ). പ്രവാചകരുടെ ഉറക്കം സാധാരണ വ്യക്തിയുടെ നിദ്രയില്‍ നിന്നും വ്യത്യസ്തമായിരുന്നു. എന്റെ കണ്ണുകള്‍ മാത്രമാണ് ഉറങ്ങുന്നത്, ഹൃദയമുണര്‍ന്നിരിക്കുകയാണെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്.
മരണാനന്തരം ഖബ്ര്‍ ജീവിതത്തില്‍ സല്‍കര്‍മിയോട് ‘നീ പുതുമണവാളനെപ്പോലെ ഉറങ്ങുക’ എന്ന് പറയപ്പെടുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഉറക്കില്ലാത്ത ലോകമാണത്രെ സ്വര്‍ഗം. (ജാമിഉല്‍ കബീര്‍).

Share this article

About അബ്ദുല്ല സഖാഫി വിളത്തൂര്‍

vilathoorsaqafi@gmail.com

View all posts by അബ്ദുല്ല സഖാഫി വിളത്തൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *