ഇ-മെയില്‍ കാലം ചെയ്യുന്നു; വാട്‌സാപ്പിനു ശേഷം ആര്?

Reading Time: 4 minutes

പുതിയവ വരുമ്പോള്‍ നിലവിലുണ്ടായിരുന്നത് പഴയതായി പോവുകയെന്നത് ഏത് മേഖലയിലും സ്വാഭാവികമായി നടക്കുന്ന പ്രക്രിയയാണ്. ഓരോ മിനിറ്റിലും പുതിയ കണ്ടുപിടുത്തങ്ങളാണ് ഐടി മേഖലയില്‍ നടക്കുന്നത്. വേഗത്തോടൊപ്പമാണ് മനുഷ്യനും സാങ്കേതിക വിദ്യയും കുതിക്കുന്നത്. ഏറെ സമയമെടുത്ത് മനുഷ്യന്‍ ചെയ്തിരുന്ന കാര്യങ്ങള്‍ ഞൊടിയിടയില്‍ ചെയ്തു തീര്‍ക്കാനും ആയാസരഹിതമായി തീര്‍ക്കാനും സഹായിക്കുന്ന കണ്ടുപിടുത്തങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കുമാണ് എല്ലാവരും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി ദിനംപ്രതി നിരവധി കണ്ടുപിടുത്തങ്ങള്‍ ഓരോ മേഖലയിലും നടന്നുവരുന്നു. ദിവസവും എത്രമാത്രം പുതിയ അറിവുകളാണ് പുതുതായി സൃഷ്ടിക്കപ്പെടുന്നതെന്ന് ആലോചിട്ടുണ്ടോ? ഈ വേഗതയില്‍ കാലത്തോടൊപ്പം സഞ്ചരിക്കാന്‍ സാധിക്കാത്തവര്‍ പഴഞ്ചനായി മുദ്രകുത്തപ്പെടുന്നു. അവര്‍ തിരസ്‌കരിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് എല്ലാ മേഖലയിലും.
ഉദാഹരണമായി മനുഷ്യന്റെ ആശയ കൈമാറ്റ ചരിത്രം നോക്കൂ. ദൂര ദേശങ്ങളിലേക്ക് സന്ദേശം എത്തിക്കാന്‍ മനുഷ്യന്‍ ആശ്രയിച്ച വിദ്യകളുടെ ചരിത്രം ഇക്കാലത്ത് ഓര്‍ക്കുന്നത് കൗതുകമായിരിക്കും. അഞ്ചലോട്ടക്കാരനും പക്ഷികളും കുതിരയോട്ടക്കാരും മുതല്‍ പോസ്റ്റല്‍ സമ്പ്രദായവും പിന്നിട്ടു. വിവര സാങ്കേതികവിദ്യയുടെ രംഗപ്രവേശത്തോടെ ആരംഭിച്ച എസ്എംഎസും ഇമെയിലുമെല്ലാം കഴിഞ്ഞ് ഇന്‍സ്റ്റന്റ് മെസേജിങ് സര്‍വീസ് ആപ്ലിക്കേഷനുകളായ വാട്‌സാപ്പ്, സിഗ്‌നല്‍ എന്നിവയില്‍ എത്തിനില്‍ക്കുകയാണ്. ഇനി അടുത്തത് എന്താകും എന്നാണ് ഐടി ലോകം ഉറ്റുനോക്കുന്നത്.

ഇമെയിലില്‍ നിന്ന് വാട്‌സാപ്പിലേക്ക് മാറിയപ്പോള്‍
ഇന്റര്‍നെറ്റ് കണ്ടുപിടിക്കും മുമ്പെ ഇമെയില്‍ നിലവില്‍ വന്നിരുന്നു എന്നതാണ് ഇമെയിലിന്റെ ചരിത്രം. അതുപക്ഷേ ഇന്ന് കാണുന്ന രീതിയിലായിരുന്നില്ലെന്ന് മാത്രം. പരമ്പരാഗത സന്ദേശകൈമാറ്റ രൂപങ്ങളുടെ ഇലക്ട്രോണിക് പതിപ്പ് എന്ന രീതിയിലാണ് ആദ്യമുണ്ടായത്.
തുടക്ക കാലത്ത് ഒന്നിലധികം കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള സന്ദേശകൈമാറ്റം സാധ്യമായിരുന്നില്ലെങ്കിലും 1971ല്‍ റെയ്മണ്‍ സാമുവല്‍ ടോംലിന്‍സണ്‍ ആണ് ഇന്നത്തെ രീതിയിലുള്ള ഇമെയില്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. അതേസമയം ഇന്ത്യക്കാരനായ അയ്യദുരൈയാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിലെന്ന പ്രചാരമുണ്ട്.
ദിനംപ്രതി പതിനായിരം കോടിയിലേറെ ഇമെയിലുകള്‍ അയക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ആദ്യകാലങ്ങളില്‍ കംപ്യൂട്ടറിലെ ഓപ്പറേറ്റിങ്‌സിസ്റ്റം, മെയില്‍സോഫ്റ്റ്‌വെയര്‍ എന്നിവയിലുണ്ടായ പരിമിതികള്‍ കാരണം ഈമെയില്‍ സാങ്കേതികവിദ്യ ഒരേ നെറ്റ്‌വര്‍ക്കുകള്‍ക്കിടയില്‍ മാത്രമായി പരിതമപ്പെട്ടെങ്കിലും 1980കളോടെ മാറ്റമുണ്ടായി.
1997ഓടെയാണ് ഇന്നത്തെ രീതിയിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് സര്‍വീസുകള്‍ക്ക് തുടക്കമായത്. ഒരേ സമയം മെസേജ് അയക്കാന്‍ സാധിക്കുന്ന എയിം(AIM) ആയിരുന്നു ഈ സര്‍വീസിന് തുടക്കം കുറിച്ചത്. 1998ല്‍ യാഹു കമ്പനി മെസെഞ്ചര്‍ എന്ന സോഫ്റ്റ്‌വെയറും 1999ല്‍ മൈക്രോസോഫറ്റ് MSN മെസഞ്ചറും നിലവില്‍വന്നു. ഇതില്‍ യാഹു മെസഞ്ചറിലെ ചാറ്റ് മുറികള്‍ 1999 കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗിച്ച് തുടങ്ങിയ മലയാളികള്‍ക്ക് ഏറെ പരിചിതമായിരിക്കും. പല രാജ്യങ്ങളിലെയും ചാറ്റ് മുറികളില്‍ വെര്‍ച്വല്‍ ലോകത്തെ അയഥാര്‍ഥമായ സൗഹൃദങ്ങള്‍ക്ക് തുടക്കം കുറിച്ചവരുടെ വാര്‍ത്തകള്‍ അന്ന് മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു.
2004 ജനുവരിയോടെ തുടക്കം കുറിച്ച ഓര്‍ക്കുട്ട് നഷ്ടപ്പെട്ടുപോയ ബന്ധങ്ങളെ കണ്ണിചേര്‍ക്കാനും ബന്ധങ്ങള്‍ പുതുക്കാനും സഹായകരമായി വര്‍ത്തിച്ചു. 2005ഓടെ ജിമെയില്‍ ഉപയോഗിക്കുന്നവര്‍ക്കായി ഗൂഗിള്‍ ടോക്ക് കൊണ്ടുവന്നതോടെ സന്ദേശങ്ങള്‍ ഞൊടിയിടയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് എത്തിക്കാനായി. ഇക്കാലമായതോടെ കേരളത്തിലെ മിക്ക അങ്ങാടികളിലും ഇന്റര്‍നെറ്റ് കഫെകള്‍ സജീവമായിരുന്നു. അക്കാലം വരെ ദൂരദേശങ്ങളിലേക്ക് ഫോണ്‍വിളിക്കാന്‍ ആളുകള്‍ ആശ്രയിച്ചിരുന്ന എസ്ടിഡി ബൂത്തുകള്‍ പതിയെ ഇന്റര്‍നെറ്റ് കഫെകളായി മാറി. എസ്ടിഡി ബൂത്തുകളുടെ അവസാനമായിരുന്നു അക്കാലം. ശേഷം ഫേസ്ബുക്കും ഓണ്‍ലൈനില്‍ സജീവസാന്നിധ്യമായി. അക്കാലം വരെ ഇമെയിലിനെ മാത്രം ആശ്രയിച്ചിരുന്നവര്‍ പകരം ചാറ്റിങ്ങിലൂടെ തങ്ങളുടെ സന്ദേശങ്ങള്‍ കൈമാറാന്‍ തുടങ്ങി. ലോകത്തിലെ പല എഴുത്തുകാരുമായുള്ള ഓണ്‍ലൈന്‍ അഭിമുഖങ്ങളെല്ലാം ഇപ്രകാരം ചാറ്റ് ചെയ്തുണ്ടാക്കി മാധ്യമങ്ങളില്‍ ഇടംപിടിച്ചു. 2006 മുതല്‍ ട്വിറ്റര്‍ മെസേജ് സംവിധാനം കൊണ്ടുവന്നിരുന്നെങ്കിലും ഇന്ത്യയില്‍ ഉപയോക്താക്കള്‍ കുറവായിരുന്നു. 2008ല്‍ ഫേസ്ബുക്ക് ചാറ്റ് സംവിധാനം കൊണ്ടുവന്നതും അതു പിന്നീട് മെസഞ്ചര്‍ എന്ന അപ്ലിക്കേഷനായി രൂപാന്തരം പ്രാപിച്ചതുമെല്ലാം മൂന്ന് വര്‍ഷത്തെ മാത്രം ഇടവേളയിലായിരുന്നു.
ഐഫോണിലെ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകളുടെ വിപണനസാധ്യത മനസിലാക്കി യാഹൂവിലെ ജോലിക്കാരായിരുന്ന യാന്‍കുമും ബ്രയാനും (Brian Acton, Jan Koum) ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാട്‌സാപ്പ് 2009ല്‍ യാനിന്റെ ജന്മദിനമായ ഫെബ്രുവരി 24നാണ് തുടക്കം കുറിച്ചത്. ഇന്ന് ലോകത്തെ 180ഓളം രാജ്യങ്ങളിലായി രണ്ട് ബില്യണ്‍ ആളുകളാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നതെന്നാണ് കണക്ക്. 2014 ഫെബ്രുവരിയില്‍ വാട്‌സാപ്, ഫെയ്‌സ്ബുക് സ്ഥാപകനായ സുക്കര്‍ബര്‍ഗിനു കൈമാറി.
ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നതുമായിബന്ധപ്പെട്ടു അടുത്തിടെ വാട്‌സാപ്പ് നയം മാറ്റാന്‍ തീരുമാനിച്ചതോടെ വ്യാപക പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളിലും അല്ലാതെയുമുണ്ടായത്. ഇവ്വിഷയകമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കുമായുണ്ടായ ആശയഭിന്നതയെ തുടര്‍ന്ന് വാട്‌സാപ് സ്ഥാപകനായ യാന്‍കും തന്നെ കമ്പനിയില്‍ നിന്ന് രാജിവെച്ചു എന്നത് കൗതുകകരമാണ്. സൗജന്യമായി സേവനം നല്‍കുന്നുണ്ടെങ്കിലും വ്യക്തികളുടെ വിവരങ്ങള്‍ തന്നെയാണ് ഇത്തരം കമ്പനികളുടെ ലാഭമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഈ ഡേറ്റകളുപയോഗിച്ചുള്ള സാധ്യതകള്‍ ഏറെയാണെന്ന് ടെക്‌നോളജി രംഗത്തെ വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.
വ്യക്തികളുടെ സ്വകാര്യസന്ദേശങ്ങള്‍ കൈവശപ്പെടുത്തുമെന്ന രീതിയില്‍ കഴിഞ്ഞ മാസങ്ങളില്‍ വാട്‌സാപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ചയായതാണ്. എത്രയോ വാട്‌സാപ്പ് ഉപയോക്താക്കള്‍ വാട്‌സാപ്പ് ഉപേക്ഷിക്കുകയും സിഗ്‌നല്‍, ടെലഗ്രാം പോലുള്ള സാമാനമായ ആപ്ലിക്കേഷനുകളിലേക്ക് മാറുകയും ചെയ്തു. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വാട്‌സാപ്പ് തങ്ങളുടെ സ്വകാര്യതാ നയത്തില്‍ മാറ്റംവരുത്തി പത്രങ്ങളിലൂടെ പരസ്യം നല്‍കിയും സ്റ്റാറ്റസ് മെസേജുകളായും ഈ വിഷയത്തില്‍ തങ്ങളുടെ നയം വ്യക്തമാക്കുകയുണ്ടായി. വ്യക്തികളുടെ ചാറ്റുകള്‍ കാണാനോ കോളുകള്‍ കേള്‍ക്കാനോ വാട്‌സാപ്പ് കമ്പനിക്കോ ഫേസ്ബുക്കിനോ കഴിയില്ലെന്നും കമ്പനി പിന്നീട് വ്യക്തമാക്കേണ്ട സാഹചര്യമുണ്ടായി. വാട്‌സാപ്പ് ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്ന് ക്രിപ്റ്റഡായി തുടരുമെന്നും കമ്പനി വ്യക്തമാക്കി.

എന്തെല്ലാം മാറ്റങ്ങള്‍
15 വര്‍ഷം മുമ്പ് വരെ, നമ്മുടെ ഉള്ളംകൈയില്‍ നോക്കി വിദൂര ദേശത്തുള്ള ആളെ കാണാനും അവരുമായി സംസാരിക്കാനും സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പോലും പ്രയാസമായിരുന്നു. നമുക്ക് പരിചിതമല്ലാത്ത ഒരു സാങ്കേതിക വിദ്യയായതുകൊണ്ടുതന്നെ ഇത്തരം സാധ്യതകള്‍ തെല്ല് സംശയത്തോടെയായിരുന്നു അന്ന് നാം വീക്ഷിച്ചത്. ഇന്ന് അതൊരു പുതുമയുള്ള കാര്യമല്ല. വിദൂര ദേശങ്ങളിലുള്ളവരുമായി സംസാരിക്കാന്‍ ആഴ്ചയിലൊരിക്കല്‍ അങ്ങാടികളിലെ എസ്ടിഡി ബൂത്തുകള്‍ക്ക് മുമ്പില്‍ വരി നിന്ന് ഫോണ്‍ ചെയ്ത ചരിത്രമുള്ളവരാണ് നമ്മള്‍. ഓരോ മിനിറ്റുകള്‍ കഴിയുമ്പോഴും ബൂത്തില്‍ സ്ഥാപിച്ച സ്‌ക്രീനില്‍ നല്‍കേണ്ട പണം മിന്നിമായുന്നതു കണ്ട് എത്രയും വേഗത്തില്‍ പറയാനുള്ളത് പറഞ്ഞു തീര്‍ക്കുന്ന ജനതയായിരുന്നു നാം. മൊബൈല്‍ ഫോണ്‍ വ്യാപകമായതും മെസേജ് അയക്കാനുള്ള ആപ്ലിക്കേഷനുകളും വേഗതയുള്ള ഇന്റര്‍നെറ്റും കുറഞ്ഞ സംഖ്യക്ക് റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അവസരവും കൈവന്നതോടെ നമ്മുടെ സന്ദേശ കൈമാറ്റങ്ങളുടെ രീതിയും തോതും വര്‍ധിച്ചു. ലോകത്തെ ഏത് ഭാഗത്തുള്ളവരുമായും എപ്പോഴും സംസാരിക്കാമെന്ന അവസ്ഥ കൈവന്നു. ഒറ്റ വീര്‍പ്പില്‍ പറഞ്ഞു തീര്‍ത്തിരുന്ന കാര്യങ്ങള്‍ വാക്കുകളും സന്ദേശങ്ങളും ശകലങ്ങളായി അയച്ചു തുടങ്ങി. വാക്കുകള്‍ മാത്രമായിരുന്നില്ല, എഴുത്തു രീതിയിലും ചിത്രങ്ങളായും വീഡീയോകളായുമെല്ലാം സന്ദേശങ്ങള്‍ ആളുകളിലേക്ക് പ്രവഹിച്ചു.
ആശയ കൈമാറ്റത്തിനുള്ള അവസരം എളുപ്പമായതോടെ പതിയെ കുടുംബ ബന്ധങ്ങളിലേക്കും തൊഴില്‍ പരിസരങ്ങളിലേക്കും ഇത്തരം ആപ്ലിക്കേഷനുകളുടെ സാധ്യത വ്യാപിച്ചു. കുടുംബ ബന്ധങ്ങള്‍, കൂട്ടുകാര്‍, രാഷ്ട്രീയ-മത-സാംസ്‌കാരിക സംഘടനകളുടെയെല്ലാം വാട്‌സാപ്പ് കൂട്ടായ്മകളുണ്ടായി. ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളോടൊപ്പം തന്നെ പല കുടുംബങ്ങളുടെയും ശിഥിലീകരണത്തിലേക്കും അതു വഴിവെച്ചു. എന്തിനധികം വാട്‌സാപ്പ് ഗ്രൂപ്പിലെ അഡ്മിന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കകവും കത്തിക്കുത്ത് വരെ ഇന്ത്യയിലുണ്ടായി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെല്ലാം പ്രചാരണത്തിന്റെ പ്രധാനയിടം കൂടിയായിരുന്നു സാമൂഹ്യമാധ്യമങ്ങള്‍.

സാമൂഹ്യ മാധ്യമം തൊഴില്‍ രംഗത്ത്
എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന മുദ്രാവാക്യമായിട്ടായിരുന്നു 1886ല്‍ അമേരിക്കയിലെ തൊഴിലാളികള്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇന്ന് മിക്ക ജോലികളും എട്ട് മണിക്കൂര്‍ ആയി നിജപ്പെടുത്തിയതിന്റെ പിന്നില്‍ ഈ പ്രക്ഷോഭത്തിന്റെയും വെടിവെയ്പ്പിന്റെയും ചരിത്രമുണ്ട്. വാട്‌സാപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ തൊഴിലിടത്തില്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ തൊഴില്‍സമയക്രമങ്ങളിലും മാറ്റമുണ്ടായി. അര്‍ധരാത്രിയെന്നോ പ്രഭാതമെന്നോ വിത്യാസമില്ലാതെ ഏത് സമയത്തും സന്ദേശങ്ങള്‍ നല്‍കുന്ന അവസ്ഥ പല തൊഴില്‍ മേഖലയിലുമുണ്ട്. ജോലി സംബന്ധമായ സന്ദേശ കൈമാറ്റങ്ങള്‍ ഇമെയില്‍ വഴി അയച്ചിരുന്നത് വാട്‌സാപ്പ് പോലുള്ള ആപ്ലികേഷനുകളിലേക്ക് വഴിമാറി. ആശുപത്രിയിലെത്തുന്ന രോഗിയെ സംബന്ധിച്ച വിവരങ്ങളും ടെസ്റ്റ് റിസല്‍റ്റുകളും വീട്ടിലിരിക്കുന്ന ഡോക്ടറുടെ വാട്‌സാപ്പിലേക്ക് അയച്ച് ആവശ്യമായ വൈദ്യ സഹായം നല്‍കുന്ന മെഡിക്കല്‍ സര്‍ജന്മാരെ ഇന്ന് മെഡിക്കല്‍ കോളേജുകളില്‍ കാണാം. ബിസിനസ് കാര്യങ്ങളായാലും വിദ്യാഭ്യാസ മേഖലയിലായാലും വീട്ടിലിരുന്ന് ആശയകൈമാറ്റം നടത്തി വര്‍ക്ക് ഫ്രം ഹോം ആക്കുന്നതില്‍ ഇത്തരം ആപ്പുകള്‍ മുമ്പേ സഞ്ചാരം തുടങ്ങിയിട്ടുണ്ട്. ഇപ്രകാരം അയക്കുന്ന മെസേജുകള്‍ക്ക് മറുപടി കൊടുക്കാന്‍ വൈകിയാല്‍ പോലും അത് ജോലിയെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിത്തുടങ്ങി. തൊഴിലിടങ്ങളിലെ പ്രൊഫഷനല്‍ സമീപനത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിലാണ് വര്‍ക്ക് ഫ്രം ഹോം കാലത്തെ ജോലിരീതികള്‍ മാറിത്തുടങ്ങുന്നത്. ഇക്കാലം വരെ വാട്‌സാപ്പ് സമാനമായ മൊബൈല്‍ ആപ്ലികേഷനുകളോ ഉപയോഗിക്കാതിരുന്ന പലരും ഈ സാഹചര്യത്തില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങാനും ഓഫീസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും നിര്‍ബയന്ധിതരായി.

വ്യക്തികളുടെ സ്വകാര്യതിലേക്കുള്ള കടന്നുകയറ്റം
സോഷ്യല്‍ മീഡിയ ആപ്പുകള്‍ വ്യാപകമായതോടെ ജീവിതത്തിന് മറ്റൊരു വിശേഷണം കൂടി വന്ന് ചേര്‍ന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ജീവിതം, ഓഫ് ലൈന്‍ ജീവിതം എന്നാണത്.
ഇന്റര്‍നെറ്റ് ഓണ്‍ചെയ്ത് എത്രയോ സമയം പലവിധ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നു. ലോക ജനസംഖ്യയില്‍ ഏകദേശം നാനൂറ് കോടി (4.66 ബില്യണ്‍) ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് statista.com എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കില്‍ പറയുന്നത്. 2020 ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. ലോകത്തെ 59 ശതമാനത്തോളം വരുമിത്. കോവിഡ് കാലത്ത് ഇക്കാര്യത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി. ഉപയോക്താക്കളില്‍ 91 ശതമാനംപേരും മൊബൈല്‍ വഴിയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ചൈന, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഇതില്‍ മുന്നില്‍.
ഓണ്‍ലൈന്‍ സൗകര്യം വ്യാപകമായതോടെ വ്യക്തികളുടെ സ്വകാര്യത ജീവിതത്തിനും ഭംഗം വരാനിടയായിട്ടുണ്ട്. വാട്‌സാപ്പിലെ സ്റ്റാറ്റസ് നോക്കി ‘പണിതരാന്‍’ തുടങ്ങിയത് ശല്യമായതുകൊണ്ടാവാം ഓണ്‍ലൈനില്‍ ഉണ്ടായാലും അത് മറ്റുള്ളവര്‍ക്ക്് മനസിലാകാതിരിക്കാനുള്ള ലാസ്റ്റ് സീന്‍, സംവിധാനം മറച്ചുവെക്കാന്‍ പലരും തുടങ്ങിയത്. അസമയങ്ങളില്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ പച്ച ലൈറ്റ് കത്തിയതിന്റെയും വാട്‌സാപ്പില്‍ ഓണ്‍ലൈനില്‍ കണ്ടതിന്റെയും ഫലമായി ഉണ്ടാകുന്ന സംശയരോഗം കുടുംബ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതുമെല്ലാം ഇന്ന് വാര്‍ത്തയയേ അല്ല.

ഭാവിയില്‍ വരാന്‍പോകുന്നത്
വാട്‌സാപ്പും ടെലഗ്രാമും ഫെയ്‌സ്ബുക്ക് മെസഞ്ചറും തുടങ്ങിയ ആപ്പുകള്‍ എത്രകാലം നാം ഉപയോഗിക്കും? ഇത്രയും സാങ്കേതിക സൗകര്യങ്ങള്‍ വ്യാപകമായ ഇക്കാലത്ത് എന്തെല്ലാം മാറ്റങ്ങളാണ് വരാന്‍പോകുന്നതെന്ന് ആലോചിച്ചുനോക്കൂ. അത്തരം ആശയങ്ങള്‍ക്ക് ഐടി മേഖലയില്‍ ഏറെ പ്രാധാന്യമുണ്ട്. ആശയമുണ്ടെങ്കില്‍ അതിനനുസരിച്ച് സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ എത്രയോപേര്‍ തയാറാണ്. അതുകൊണ്ടുതന്നെ പ്രായോഗികമായ ആശയത്തിനാണ് ടെക്‌നോളജിയേക്കാള്‍ ഏറെ പ്രധാന്യം. ഒരുപക്ഷേ ഇപ്പോഴുള്ള ടച്ച് സ്‌ക്രീന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സമ്പ്രദായം രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെട്ട് പകരം ശബ്ദത്തെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയായിരിക്കും ഉടനെ വ്യാപകമാകാന്‍ പോകുന്നത്. ആമസോണ്‍ പുറത്തിറക്കിയ അലക്‌സ, നിര്‍മിതബുദ്ധിയുടെ (Artificial intelligence) അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റ് ഇതിനുദാഹരണമാണ്. ഇപ്പോള്‍ തന്നെ വിവിധ രാജ്യങ്ങളില്‍ ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌സ്പീക്കറുകള്‍ ആളുകള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. വീട്ടിലെ എസി ഓണ്‍ ചെയ്യാന്‍, അലാം സെറ്റ് ചെയ്യാന്‍, ട്രാഫിക്, കാലാവസ്ഥ വിവരങ്ങള്‍ അറിയാനും പാട്ടുകേള്‍ക്കാനും ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാനുമെല്ലാം അലക്‌സ എന്ന ഈ ഉപകരണത്തോട് പറഞ്ഞാല്‍ മതി. ബാക്കിയെല്ലാം ഈ ഉപകരണം ചെയ്‌തോളും. അങ്ങിനെ പറയുമ്പോഴും നിങ്ങളുടെ വികാരം കൂടി മനസിലാക്കിയുള്ള പ്രവര്‍ത്താനമാകും അലക്‌സ ചെയ്യുക. അതായത് നിങ്ങള്‍ അലക്‌സയോട് ഒരു പാട്ട് വെക്കാമോ എന്ന് ചോദിക്കുന്നു. ആസമയത്ത് നിങ്ങളുടെ ശബ്ദത്തില്‍ സന്തോഷമാണെന്ന് കൂടുതല്‍ മനസിലാകുന്നതെങ്കില്‍ അതിനു യോജിക്കുന്ന ഗാനങ്ങളായിരിക്കും പ്ലേ ചെയ്യുക. ഈ മേഖലയില്‍ കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ വികസിക്കുന്നതേയുള്ളൂ. അപ്രകാരം പറഞ്ഞാല്‍ കേള്‍ക്കുന്ന സാങ്കേതിക വിദ്യ ലോകത്ത് വ്യാപിക്കുകയും ഇപ്പോള്‍ കൂടുതലും ആശ്രയിക്കുന്ന ടച്ച് സ്‌ക്രീന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയോ ചെയ്യുന്ന കാലം അതിവിദൂരമല്ല.

Share this article

About അക്ബര്‍ അലി ചാരങ്കാവ്

meriakbar@gmail.com

View all posts by അക്ബര്‍ അലി ചാരങ്കാവ് →

Leave a Reply

Your email address will not be published. Required fields are marked *