കുഞ്ഞുടലുകളാണ്; കവിഞ്ഞൊന്നും ചെയ്യരുത്

Reading Time: 2 minutes

‘ഞാന്‍ പോകുന്നു. ഞാന്‍ പോയാല്‍ പലരും സഹായിക്കാനെത്തും. അമ്മയുടെയും അച്ഛന്റെയും കഷ്ടപ്പാട് കുറയും.’ ലോക്ഡൗണില്‍ പഠനം പൂര്‍ണമായും ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സാങ്കേതിക വിദ്യകളിലേക്കു പറിച്ചുനട്ടപ്പോള്‍ പഠനം മുന്നോട്ടുപോകില്ലെന്നു മനസിലാക്കിയ ഒരു വിദ്യാര്‍ഥിയുടെ ആത്മഹത്യാകുറിപ്പിലെ വാക്കുകളാണിത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് കേരളത്തിലെ ആത്മഹത്യാനിരക്കില്‍ ഇന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ശരാശരി രണ്ടു ദിവസത്തില്‍ ഒരു കുട്ടി വീതം ആത്മഹത്യ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ട് വന്നത് ഈയടുത്താണ്. 18 വയസിനു താഴെയുള്ള 158 കുട്ടികളാണ് കേരളത്തില്‍ ഈ വര്‍ഷകാലയാളവില്‍ മാത്രം ആത്മഹത്യ ചെയ്തത്. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് ആത്മഹത്യയില്‍ മുന്നിലുള്ളത്, 90 പെണ്‍കുട്ടികളും 68 ആണ്‍കുട്ടികളും. 2020 മാര്‍ച്ച് 20 മുതല്‍ ജൂലൈ 10 വരെയുള്ള ലോക്ഡൗണ്‍ കാലയാളവില്‍ 66 കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നാണെന്നുമുള്ള വിവരങ്ങള്‍ ശ്രീലേഖ ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് പുറത്തുവിട്ടത്. ആത്മഹത്യ നിരക്ക് ഭീതിതമായ തോതില്‍ വര്‍ധിക്കുമ്പോഴും ഇതിനുള്ള പരിഹാരം തേടാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കാവുന്നില്ല എന്നതാണ് വസ്തുത. ഇത്തരം ആത്മഹത്യകള്‍ ‘ആഘോഷിക്കാനും’ ദിവസങ്ങള്‍ക്കുള്ളില്‍ വിസ്മരിക്കാനും മലയാളിയുടെ പൊതുബോധം പരിവര്‍ത്തനപ്പെട്ടു എന്ന് വേണം കരുതാന്‍.
സാമ്പത്തിക തകര്‍ച്ച, ലോക്ഡൗണ്‍ കാലത്ത് രൂക്ഷമായ തൊഴിലില്ലായ്മ, അച്ഛനമ്മമാര്‍ പരസ്പരവും മറ്റുള്ളവരും തമ്മിലുള്ള വഴക്ക്, മാതാപിതാക്കളുടെ ലഹരി ഉപയോഗം, മാനസികമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാരണങ്ങളാണ് കുട്ടികളുടെയും കൗമാരക്കാരുടെയും ആത്മഹത്യകള്‍ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓരോ കുടുംബത്തിന്റേയും ദയനീയാവസ്ഥകള്‍ സമൂഹവും ഭരണകൂടവും അറിയണമെങ്കില്‍ ആത്മഹത്യയെന്ന കടുംകൈ തന്നെ വേണ്ടി വരുന്നത് എത്രത്തോളം അപകടകരമാണ്. ആത്മഹത്യയുടെ ആദ്യത്തെ ഇരകളായി തീരുന്നത് കുട്ടികളാണ്. മുതിര്‍ന്നവര്‍ കുട്ടികളെ വേദനിപ്പിച്ചു എന്നു തോന്നിയാല്‍ സ്വന്തം ജീവനെടുത്തെങ്കിലും അവരോട് പ്രതികാരം ചെയ്യാന്‍ മിക്കപ്പോഴും കുട്ടികളും കൗമാരക്കാരും ആത്മഹത്യയാണ് തിരഞ്ഞെടുക്കുന്നത്.
ആത്മവിശ്വാസം നഷ്ടപ്പെടുകയും ഭയം വര്‍ധിക്കുകയും ചിന്തകള്‍ കാടുകയറുന്നതും മനസിന്റെ അസ്വസ്ഥതയും ആത്മഹത്യയുടെ കാരണങ്ങളാണ്. കോവിഡ് കാലത്ത് വീടുകളിലായ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇവയെല്ലാം തീവ്രമായി അനുഭവിക്കേണ്ടിവന്നതായി കാണാം. കുടുംബാംഗങ്ങള്‍ക്കിടയില്‍ നിന്നുതന്നെയുള്ള ലൈംഗികാതിക്രമം, കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കിടയിലെ സംഘര്‍ഷം, സാമൂഹ്യബന്ധങ്ങള്‍ നഷ്ടമാകുന്നതു വഴി സൃഷ്ടിക്കപ്പെടുന്ന പിരിമുറുക്കം, മാനസികസംഘര്‍ഷവും ഇങ്ങനെ ഒട്ടനവധി കാരണങ്ങള്‍ ഉണ്ടാകും. നന്മ ആഗ്രഹിച്ചുകൊണ്ടാണെങ്കിലും കുട്ടികളോടു പെരുമാറുമ്പോള്‍ അവരുടെ മാനസികാവസ്ഥ അറിഞ്ഞ് ഇടപെടണം. മനസിനു മുറിവേല്‍പിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെ ശ്രമിക്കണം. കുട്ടികളുടേത് ലോലമനസാണ്. അതിനാല്‍ ചെറിയ പാരുഷ്യങ്ങളെപ്പോലും അതിജീവിക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടായി തോന്നും. അച്ഛനമ്മമാരുടെ അമിതമായ പിന്തുണ അവരെ സ്വന്തം കാലില്‍ നില്‍ക്കാനും പ്രതികൂലാവസ്ഥകളെ നേരിടാന്‍ പ്രാപ്തരാക്കുന്നതിനും തടസമായിരിക്കുകയാണ്. പുതിയ കാലത്തോട് നേരിടാന്‍ അവരുടെ മനസിനെ പാകപ്പെടുത്തിയേ പറ്റൂ. അല്ലെങ്കില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വലിയ കടുംകൈകള്‍ക്ക് അവര്‍ മുതിര്‍ന്നേക്കാം. വലിയവരെപോലെ മനോധൈര്യമില്ലാതെ വരുമ്പോള്‍ ഒട്ടും പ്രയാസമില്ലാതെ ജീവനൊടുക്കുക എന്നതുപോലെയുള്ള ഉത്തരങ്ങളിലെത്തിച്ചേരുന്നു.
ആത്മഹത്യയുടെ കണക്കില്‍ നമ്മുടെ രാജ്യവും ഒട്ടും പിന്നിലല്ല. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് പ്രോജക്ടിന്റെ സമീപകാല ഡാറ്റ കാണിക്കുന്നത് ഇന്ത്യന്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ ആത്മഹത്യാനിരക്ക് ആഗോള ആത്മഹത്യാ നിരക്കിന്റെ യഥാക്രമം ഒന്നരയോ രണ്ടോ ഇരട്ടിയാണ് എന്നതാണ്. കൂടാതെ, ഇന്ത്യയില്‍ 15നും 39നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ ആത്മഹത്യയാണ് മരണകാരണങ്ങളില്‍ ഒന്നാമത്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) തയാറാക്കിയ കണക്കുകള്‍ പ്രകാരം ഓരോ മണിക്കൂറിലും ഒരു വിദ്യാര്‍ഥി ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. 2018ല്‍ 10,159 കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നും 2017ല്‍ 9,905 പേരും 2016ല്‍ 9,478 പേരും ആത്മഹത്യ ചെയ്തതായി എന്‍.സി.ആര്‍.ബി കണക്കുകള്‍ വ്യക്തമാക്കുന്നു.
ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതലുള്ളത് 15- 29 വയസിനിടയിലുള്ളവരിലാണ്. 2012ലെ ലാന്‍സെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 15 വയസിനും 29 വയസിനുമിടയിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടിയ ആത്മഹത്യാനിരക്ക്. പുരുഷന്മാരില്‍ 40 ശതമാനം ആത്മഹത്യ 15-29 വയസ് പ്രായമുള്ളവര്‍ക്കിടക്കാണെന്നും സ്ത്രീകളില്‍ ഇത് 60 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
2017ല്‍ ലോക് നീതി-സിഎസ്ഡിഎസ് നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയത് 10 വിദ്യാര്‍ഥികളില്‍ നാലുപേര്‍ വിഷാദരോഗത്തിന് അടിമകളാണെന്നാണ്. 15-നും 34 വയസിനുമിടയില്‍ വരുന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ നാലുപേരില്‍ ഒരാള്‍ക്കെങ്കിലും നേരിയ തോതില്‍ അകാരണ വിഷാദവും ഏകാന്തതയും ആത്മഹത്യാചിന്തകളും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവരില്‍ ആറ് ശതമാനം പേര്‍ ഒരു തവണയെങ്കിലും ആത്മഹത്യയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുവത്രെ.
കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത സംബന്ധിച്ചു പഠിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിനു കീഴില്‍ ഫയര്‍ഫോഴ്‌സ് മേധാവി ആര്‍.ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ഫോണിലൂടെ കൗണ്‍സലിങ് നല്‍കുന്ന ‘ചിരി’ എന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. മാനസികസംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഇത് ആശ്വാസമേകും.
വിദ്യാര്‍ഥിആത്മഹത്യകള്‍ക്ക് ഇനിയും നാം കടിഞ്ഞാണിട്ടില്ലെങ്കില്‍ നമ്മുടെ നാടിനെയും സമൂഹത്തെയും ബാധിക്കുമെന്നതില്‍ സംശയമില്ല. കുട്ടികളോടുള്ള മാതാപിതാക്കള്‍, അധ്യാപകര്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ പെരുമാറ്റം പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ്. കുട്ടികളുടെ ലോലമായ മനസിനെ വേദനിപ്പിക്കാന്‍ ഇടവരുത്തുന്ന സംസാരം പോലും നമ്മില്‍ നിന്നുണ്ടാവരുത്. മാതാപിതാക്കളോട് എല്ലാം തുറന്നുപറയുന്ന മക്കളാവാന്‍ കുട്ടികള്‍ക്ക് കഴിയണം. എന്നാല്‍ ഏതു പ്രതിസന്ധി ഘട്ടത്തിലും ആത്മഹത്യയില്‍ അഭയം കാണാതെ മാതാപിതാക്കളില്‍ അഭയം കണ്ടെത്തും. അതു വഴി നിരവധി ആത്മഹത്യകള്‍ തടയാനാകും. സ്‌നേഹവും വാത്സല്യവും ഹൃദയത്തില്‍ സൂക്ഷിക്കുന്നതിലപ്പുറം മക്കളോട് പ്രകടിപ്പിച്ച് അവരെ ബോധ്യപ്പെടുത്താന്‍ മാതാപിതാക്കള്‍ക്കും സാധിക്കണം. അതിനു കഴിയാതെ വന്നതിന്റെ പരിണതഫലമാണ് ഇന്നു വര്‍ധിച്ചുവരുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകള്‍. സ്‌നേഹവും വാത്സല്യവും സമൂഹത്തില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. സ്വന്തം ജീവിതം മാത്രമെന്ന തത്വത്തിലേക്ക് പലരും മാറിയിരിക്കുന്നു. കരുണവറ്റാത്ത ഹൃദയങ്ങള്‍ കൊണ്ട് മാത്രമേ സ്‌നേഹം നിലനില്‍ക്കുന്ന സുന്ദരമായ ലോകത്തെ നിര്‍മിക്കാന്‍ സാധ്യമാവുകയുള്ളൂ.

Share this article

About മുബഷിര്‍ മഞ്ഞപ്പറ്റ

mubashirbinu1@gmail.com

View all posts by മുബഷിര്‍ മഞ്ഞപ്പറ്റ →

Leave a Reply

Your email address will not be published. Required fields are marked *