റജബ്, ശഅ്ബാന്‍: പൂവും കായും

Reading Time: 4 minutes

വിശുദ്ധിയുടെ ദിനരാത്രങ്ങളാണ് മുന്നില്‍. പ്രതിഫലങ്ങളുടെയും പുണ്യങ്ങളുടെയും ദിനങ്ങള്‍. റജബില്‍ വിത്ത് പാകി ശഅ്ബാനില്‍ നനച്ച് റമളാനില്‍ കൊയ്യാനുള്ള അസുലഭ അവസരങ്ങള്‍. മെയ്യും മനസും സ്രഷ്ടാവിലേക്ക് സമര്‍പിച്ച് അടിമയുടെ സമ്പൂര്‍ണ സാക്ഷാല്‍കാരം സാധ്യമാക്കേണ്ട സമയങ്ങള്‍, ഹൃദയം ശുദ്ധീകരിക്കാന്‍ നല്ല കാലം. പാപങ്ങള്‍ കഴുകി കളഞ്ഞ് പശ്ചാതപിക്കാനുള്ള അവസരങ്ങള്‍..! വിശുദ്ധദിനരാത്രങ്ങളായ റജബിലെയും ശഅ്ബാനിലെയും മഹത്വങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ നന്മയുടെ ഉപാസകരായി വിജയം കൈവരിക്കാം. റമളാനിലേക്കുള്ള ചുവടുവെപ്പുകള്‍ കൂടുതല്‍ ആസ്വാദ്യവും ആത്മീയാനുഭൂതിയുള്ളതുമാക്കാം.

റജബ് എന്ന അജബ്
റജബ് എന്ന വാക്കില്‍ തന്നെ നിരവധി അര്‍ഥങ്ങള്‍ ഒളിച്ചുവെച്ചിട്ടുണ്ട്. റജബ് എന്നത് തര്‍ജീബ് എന്നതില്‍ നിന്നുണ്ടായതാണ്. ആദരിക്കല്‍ എന്നര്‍ഥം. പ്രസ്തുത മാസത്തിന് അനവധി നാമങ്ങളുമുണ്ട്. അറബി മാസങ്ങളിലെ 7-ാം മാസമാണിത്. അറബികള്‍ കാരക്ക കൊഴിയാതിരിക്കാന്‍ കാരക്ക കുല പട്ടയിലേക്ക് ചേര്‍ത്ത് വെച്ച് ഈര്‍ക്കിള്‍ കൊണ്ട് കെട്ടിവെക്കുന്ന മാസമാണ് റജബ്. ഈ പ്രക്രിയയെ അറബികള്‍ റജബ് എന്നാണ് വിശേഷിപ്പിച്ചത്. ശഅ്ബാന്‍ മാസത്തിലേക്ക് പ്രത്യേകം ഒരുങ്ങുന്ന മാസമായതിനാല്‍ തയാറെടുപ്പ് എന്നര്‍ഥത്തിലും റജബ് എന്ന പദം പ്രയോഗിക്കാറുണ്ട്. മറ്റു മാസങ്ങളേക്കാള്‍ അറബികള്‍ ഈ മാസത്തെ ആദരിച്ചുരുന്നതിനാലാണ് ബഹുമാനം എന്ന് പേര് വന്നത്. (ഇആനതു ത്വാലിബീന്‍ 2/425)
കൂടുതല്‍ ചൊരിയുന്നത് എന്നര്‍ഥത്തിലുള്ള അസ്വബ്ബ് റജബിന്റെ മറ്റൊരു പേരാണ്. യുദ്ധസാമഗ്രികളുടെ ഒച്ച കേള്‍ക്കാത്ത മാസം എന്നര്‍ഥത്തില്‍ അല്‍ അസ്വമ്മ് എന്നുമുണ്ട്. ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനീ(റ) ഗുന്‍യത്ത് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: റജബിന് റജ്മ് എന്ന നാമമുണ്ട്. റജ്മ് എന്നാല്‍ എറിയുക, പിശാചിനെ എറിഞ്ഞോടിക്കുക എന്നര്‍ഥത്തില്‍. റജബ് എന്ന വാക്കിലെ മൂന്ന് അക്ഷരങ്ങള്‍ക്കും വലിയ അര്‍ഥങ്ങളുണ്ട്. റാഅ്- അല്ലാഹുവിന്റെ റഹ്മത്ത്, ജീം- ‘ജൂദുല്ല’, അല്ലാഹുവിന്റെ ധര്‍മം. അവന്റ കാരുണ്യം ധാരാളം ലഭിക്കുന്ന, പാപ മോചനത്തിന്റെ മാസം കൂടിയാണിത്. ബാഅ്- ബിര്‍റുല്ല അല്ലാഹുവിന്റെ ഗുണം. റബ്ബിന്റെ മാസമായതിനാല്‍ അവന്റെ അനുഗ്രഹങ്ങളുടെ പെയ്ത്ത് തന്നെ ഈ മാസത്തിലുണ്ട്.

ശ്രേഷ്ഠതകള്‍
നബി(സ്വ) പറഞ്ഞു: റജബ് അല്ലാഹുവിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളാന്‍ എന്റെ സമുദായത്തിന്റെ മാസവുമാണ്. സ്വര്‍ഗത്തില്‍ റജബ് എന്ന് പേരുള്ള, തേനിനേക്കാള്‍ മധുരമുള്ള വെളുത്ത അരുവിയുണ്ട്. റജബ് മാസത്തില്‍ ഒരു ദിവസം നോമ്പനുഷ്ഠിച്ചവന് അതില്‍ നിന്നുള്ള പാനീയം നല്‍കപ്പെടും. റജബില്‍ വ്രതമനുഷ്ഠിച്ചവര്‍ക്ക് മാത്രമായി സ്വര്‍ഗത്തിലെ ഒരു കൊട്ടാരം ഉണ്ടെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്.

ഫലമുള്ള പ്രാര്‍ഥനകള്‍
റജബിലെ ആദ്യ രാത്രിയില്‍ പ്രത്യേക പ്രാര്‍ഥന സുന്നത്തുണ്ട്. അല്ലാഹുവിന്റെ മാസത്തിലെ ആദ്യദിനത്തിലുള്ള പ്രാര്‍ഥനക്ക് പ്രത്യേക സ്വീകാര്യതയാണ്. ഇമാം മുനാവി ഫൈളുല്‍ ഖദീരില്‍ പറയുന്നു: അഞ്ച് രാത്രികളിലെ പ്രാര്‍ഥനകള്‍ അല്ലാഹു തട്ടുകയില്ല. റജബിലെ ആദ്യ രാത്രി, ശഅ്ബാന്‍ പതിനഞ്ചിലെ രാത്രി, വെള്ളിയാഴ്ച രാത്രി, രണ്ട് പെരുന്നാളിലെ രാത്രി, ശാഫി ഇമാം ഉമ്മ് എന്ന ഗ്രന്ഥത്തിലും ഇക്കാര്യം പറയുന്നുണ്ട്.
നാലാം ഖലീഫ അലി(റ) റജബ് ആദ്യ രാത്രിയിലും ശഅ്ബാന്‍ പകുതിയിലെ രാത്രിയിലും പ്രത്യേകം ആരാധനകളിലും പ്രാര്‍ഥനകളിലും മുഴുകിയിരുന്നു.
മഹാന്മാര്‍ റജബില്‍ പ്രാര്‍ഥനകളിലും ദിക്‌റുകളിലും വ്യാപൃതരായിരുന്നു. ഇമാം സുയൂഥി(റ) ജാമിഉല്‍ അഹാദീസില്‍ പറയുന്നു: റജബ് മാസം പൊറുക്കലിനെ തേടല്‍ അധികരിപ്പിക്കണം. അല്ലാഹു എല്ലാ വര്‍ഷവും നിരവധി ആളുകളെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നു. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) പറയുന്നു: റജബ് അല്ലാഹുവിനോട് പൊറുക്കലിനെ തേടാന്‍ പ്രത്യേകമായ മാസമാണ്. ശഅ്ബാന്‍ ശഫാഅത്ത് കൊണ്ടും റമളാന്‍ സല്‍കര്‍മങ്ങള്‍ കൊണ്ടും പ്രത്യേകമായതാണ്. റജബിന് ശഹ്‌റുല്‍ ഇസ്തിഗ്ഫാര്‍ എന്ന നാമം തന്നെയുണ്ട്. ശഅ്ബാന്‍ ശഹ്‌റു സ്വലാത്ത് എന്ന നാമത്തില്‍ അറിയപ്പെടുന്നു. നബിയുടെ(സ്വ) മേല്‍ സ്വലാത്ത് അധികരിപ്പിക്കേണ്ട മാസമാണ്. റമളാന്‍ ശഹ്‌റുല്‍ ഖുര്‍ആനാണ്. ധാരാളം ഖുര്‍ആന്‍ ഒതേണ്ട മാസം. തുഹ്ഫതുല്‍ ഇഖ്‌വാനില്‍ പറഞ്ഞതു പോലെ റജബില്‍ അംഗസ്‌നാനം ചെയ്ത് ശഅ്ബാനില്‍ വസ്ത്രം ധരിച്ച് റമളാനില്‍ നിസ്‌കരിക്കണം. വുളൂഅ് ചെയ്യാതെ എങ്ങനെ നിസ്‌കരിക്കും!

ഇസ്‌റാഅ്- മിഅ്‌റാജ്
റജബിലെ സുപ്രധാന ഏടാണ് പ്രവാചകരുടെ നിശാ പ്രയാണം. ഹിജ്‌റയുടെ ഒരു വര്‍ഷം മുമ്പ് നബി(സ്വ)യുടെ 52-ാം വയസില്‍ റജബ് 27-ാം രാവ് തിങ്കളാഴ്ചയായിരുന്നു യാത്ര. അഞ്ച് നേരത്തെ നിസ്‌കാരം അനുഗ്രഹമായി വിശ്വാസികള്‍ക്ക് ലഭിച്ചതും ഈ യാത്രയിലാണല്ലോ. പിതൃവ്യന്‍ അബൂ ത്വാലിബും പ്രിയപത്‌നി ഖദീജയും ഇഹലോകം വെടിഞ്ഞത്, ത്വാഇഫിലെ അനിഷ്ട സംഭവങ്ങള്‍, മനോവേദനയില്‍ കഴിഞ്ഞിരുന്ന തിരുനബിക്ക് സാന്ത്വനമായിരുന്നു ഇസ്‌റാഅ് മിഅ്‌റാജ്. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്നും 1400 കി.മീ ദൈര്‍ഘ്യമുള്ള ഫലസ്തീനിലെ ബൈതുല്‍ മുഖദ്ദസിലേക്കുള്ള രാപ്രയാണമാണ് ഇസ്‌റാഅ്. അവിടെ നിന്നു ഉപരിലോകത്തേക്കുള്ള പ്രയാണമാണ് മിഅ്‌റാജ്. ഒരൊറ്റ രാത്രിയിലാണ് ഇതെല്ലാം സംഭവിച്ചത്. മനുഷ്യ കുലത്തിന്റെ മഹാത്മ്യവും അനിവാര്യതയും വിളിച്ചോതുന്ന മഹാത്മക്കളുടെ സംഗമം കൂടിയായിരുന്നു യാത്ര. പൂര്‍വകാല പ്രവാചകന്മാരെ നേരില്‍ ദര്‍ശിക്കാനും ഈ യാത്രയില്‍ നബിക്ക് സാധിച്ചു. അവിടുത്തെ സുപ്രധാന അമാനുഷികത കൂടിയാണിത്.

ശഅ്ബാന്റെ വിശുദ്ധി
ഹിജ്‌റ മാസ പ്രകാരം എട്ടാം മാസമാണ് ശഅ്ബാന്‍. റജബ് ഇസ്‌റാഅ്-മിഅ്‌റാജ് കൊണ്ടും ശഅ്ബാന്‍ ബറാഅത്ത് രാവ് കൊണ്ടും പവിത്രത പുതക്കുമ്പോള്‍ നാം അശ്രദ്ധയുടെ മൂടുപടം വലിച്ചെറിഞ്ഞ് സുകൃതങ്ങളുടെ ദിനരാത്രങ്ങള്‍ നേടിയെടുക്കണം. ആത്മവിശുദ്ധിയുടെ വിത്ത് വിതക്കാനുള്ള റജബില്‍ നിന്നും നനക്കാനുള്ള ശഅ്ബാനിലെത്തുമ്പോള്‍ ആത്മ സംസ്‌കരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും. പിന്നെ വിശ്വാസികള്‍ വിശുദ്ധ റമളാനിനെ വരവേല്‍ക്കാനുള്ള വെമ്പലില്‍ ശഅ്ബാന്‍ ആരാധനകള്‍ കൊണ്ട് ധന്യമാകും. പൊതു ജനങ്ങള്‍ അശ്രദ്ധരായി പോകുന്ന മാസത്തിനും സമയങ്ങള്‍ക്കും പ്രത്യേക പുണ്യമുണ്ടെന്ന് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നുണ്ട്. രണ്ട് വിശുദ്ധ മാസങ്ങള്‍ക്കിടയിലെ ശഅ്ബാന്‍ അശ്രദ്ധരായി പോവാന്‍ സാധ്യതയുണ്ട്.
റജബ് കാറ്റ് പോലെയും ശഅ്ബാന്‍ മേഘത്തെ പോലെയും റമളാന്‍ മഴയെ പോലെയുമാണ്. സുകൃതങ്ങളോടുള്ള മാനസിക അടുപ്പങ്ങള്‍ റജബില്‍ തുടങ്ങി ശഅ്ബാനില്‍ തുടര്‍ന്നാലേ അല്ലാഹു പൊരുത്തപ്പെടുന്ന നന്മകള്‍ ചെയ്യാന്‍ നമുക്ക് സാധിക്കൂ. ലത്വാഇഫുല്‍ മആരിഫ് എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം: കൊല്ലവര്‍ഷം ഒരു മരത്തെ പോലെയാണ്. ആ മരത്തിലെ ഇലയുണ്ടാകുന്ന കാലമാണ് റജബ്, ഫലങ്ങളുണ്ടാകുന്ന കാലമാണ് ശഅ്ബാന്‍, റമളാന്‍ ഫലങ്ങള്‍ പറിച്ചെടുക്കുന്ന കാലവും, വിശ്വാസികളാണ് ആ പഴങ്ങള്‍ പറിക്കാനുള്ള അവകാശികള്‍.
പ്രവാചകര്‍(സ്വ) റമളാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്രതമനുഷ്ഠിച്ച മാസം കൂടിയാണ് ശഅ്ബാന്‍. ആഇശാ ബീവി(റ) പറയുന്നു: റമളാന്‍ മാസമല്ലാതെ മറ്റൊരു മാസവും അവിടുന്ന് പൂര്‍ണമായി വ്രതമനുഷ്ഠിച്ചതായി ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ശഅ്ബാന്‍ മാസം നോമ്പെടുത്ത പോലെ മറ്റൊരു മാസവും അവിടുന്ന് നോമ്പെടുത്തത് ഞാന്‍ കണ്ടിട്ടില്ല.(ബുഖാരി)
ഉസാമതുബ്‌നു സൈദ് (റ) പറയുന്നു: ഞാന്‍ നബി(സ്വ) യോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, ശഅ്ബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നത്ര മറ്റൊരു മാസവും അങ്ങ് നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ. നബി (സ്വ) പറഞ്ഞു: റമളാനിനും റജബിനുമിടയില്‍ ജനങ്ങള്‍ അശ്രദ്ധരായി പോകുന്ന ഒരു മാസമാണ് ശഅ്ബാന്‍, പ്രപഞ്ച നാഥനിലേക്ക് മനുഷ്യരുടെ അമലുകള്‍ ഉയര്‍ത്തപ്പെടുന്നത് ഈ മാസത്തിലാണ്. ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ അമലുകള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്(നസാഈ).

എന്റെ മാസം..!
റജബ് അല്ലാഹുവിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളാന്‍ എന്റെ സമുദായത്തിന്റെ മാസവുമാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
നബി(സ്വ)യുടെ മേല്‍ വിശ്വാസികളോട് സ്വലാത്ത് ചെല്ലാന്‍ ആജ്ഞാപിക്കുന്ന സൂറതു അഹ്‌സാബിലെ 56-ാം സൂക്തം ഈ മാസത്തിലാണ് അവതരിച്ചതെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇസ്മാഈലുല്‍ ഹഖില്‍ ബറൂസമി (റ) പറയുന്നു: ശഅ്ബാന്‍ മാസത്തില്‍ തന്റെ ഉമ്മത്ത് കൂടുതല്‍ സ്വലാതുകള്‍ അധികരിപ്പിക്കാനാണ് ശഅ്ബാനിനെ നബി (സ്വ) തന്നിലേക്ക് ചേര്‍ത്ത് പറഞ്ഞത്. മറ്റു മാസങ്ങളില്‍ പത്ത് പ്രതിഫലമാകുമ്പോള്‍ ശഅ്ബാനില്‍ തൊള്ളായിരം ഇരട്ടിയായി വര്‍ധിക്കുന്നുണ്ട്. സ്വലാത്ത് ചൊല്ലുന്നവരുടെ മൂന്ന് ദിവസത്തെ തെറ്റുകള്‍ രേഖപ്പെടുത്തരുതെന്ന് അല്ലാഹു മലക്കുകളോട് നിര്‍ദേശിക്കും.(ബുസ്താനുല്‍ ഫുഖറാഅ)
ബൈതുല്‍ മുഖദ്ദസില്‍ നിന്നും കഅ്ബാലയത്തിലേക്ക് ഖിബ്‌ല തിരിക്കാന്‍ അല്ലാഹുവിന്റെ അനുമതി ലഭിച്ചത് ഈ മാസത്തിലാണ്. ശഅ്ബാനില്‍ നബി(സ്വ)യിലേക്ക് വിശ്വാസികള്‍ ആവശ്യമായി വരുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.
ലൈലതുല്‍ റഹ്മ, ലൈലതുല്‍ മുബാറക, ലൈലതുല്‍ ഇജാബ, ലൈലതുല്‍ ഹയാത്, ലൈലതുല്‍ ഗുഫ്‌റാന്‍, ലൈലതുല്‍ ഖിസ്മത്തി വത്തഖ്ദീര്‍ എന്നിങ്ങനെ വിവിധ നാമങ്ങള്‍ ഈ മാസത്തിനുണ്ട്. നാമങ്ങള്‍ ധാരാളമുണ്ടാവല്‍ അതിന്റെ മഹത്വം വര്‍ധിക്കുമ്പോഴാണെന്ന് ഇമാം അബു ഹസന്‍ സംഊദി തന്റെ വഫാഉല്‍ വഫാഅ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

ബറാഅത്ത് രാവ്
ശഅ്ബാന്‍ പതിനാല് അസ്തമിച്ച രാത്രിയാണ് ബറാഅത്ത് രാവ്. നരകത്തില്‍ നിന്ന് ധാരാളം അടിമകളെ അല്ലാഹു മോചിപ്പിക്കുന്ന രാവായതു കൊണ്ടാണ് മോചനം എന്നര്‍ഥമുള്ള ബറാഅത്ത് എന്ന് ഇതിനു പേരു വന്നത്.
സൂറത്തു ദുഖാനിലെ 3,4 സൂക്തങ്ങളില്‍ പറഞ്ഞ അനുഗൃഹീത രാത്രി ബറാഅത്ത് രാവാണെന്ന് ഇബ്‌നു അബ്ബാസ്(റ)വിന്റെ ശിഷ്യനായ ഇക്‌രിമ(റ) അടക്കമുള്ള പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ഈ രാവിന്റെ മഹത്വങ്ങള്‍ നിരവധി ഹദീസുകളിലും ഇമാമുകളുടെ ഗ്രന്ഥങ്ങളിലും കാണാം.
ഇമാം റാസി(റ) ഈ രാവിന്റെ അഞ്ച് സവിശേഷതകള്‍ തന്റെ തഫ്‌സീര്‍ ഇബ്‌നു കസീറില്‍ ഉദ്ധരിക്കുന്നുണ്ട്.
ഒന്ന്: യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളുടെയും തീരുമാനം വരുന്ന മാസം, ആ രാത്രിയില്‍ എല്ലാ കാര്യങ്ങളും വേര്‍തിരിച്ച് വിവരിക്കപ്പെടുമെന്ന് സൂറതു ദുഖാനില്‍ പറയുന്നുണ്ട്.
രണ്ട്: ആരാധനകള്‍ക്ക് പുണ്യമേറുന്ന രാവ്, നബി (സ്വ) പറഞ്ഞു: ബറാഅത് രാവില്‍ പത്ത് റക്അത് നിസ്‌കരിച്ചാല്‍ അല്ലാഹു അവന് നൂറ് മലക്കുകളെ നിശ്ചയിച്ചുകൊടുക്കുന്നു. അതില്‍ 30 പേര്‍ സ്വര്‍ഗീയ സുവിശേഷം അറിയിക്കുമ്പോള്‍ 30 മലക്കുകള്‍ നരകത്തില്‍ നിന്ന് അഭയം നല്‍കുന്നു. മുപ്പത് മലക്കുകള്‍ ഐഹിക ആപത്തുകളില്‍ നിന്ന് സംരക്ഷണവും നല്‍കുന്നു. പത്ത് പേര്‍ പൈശാചിക ശല്യങ്ങളില്‍ നിന്ന് അവനെ രക്ഷപ്പെടുത്താനും.
മൂന്ന്: അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുന്ന രാവ്, നബി(സ്വ) പറഞ്ഞു: കല്‍ബ് ഗോത്രത്തിന്റെ ആടുകളുടെ രോമത്തിന്റെ എണ്ണത്തിനനുസരിച്ച് എന്റെ സമുദായത്തിന് പാപങ്ങള്‍ പൊറുക്കപ്പെടും.
നാല്: പാപമോചന രാവ്, നബി(സ്വ) പറഞ്ഞു: ജോത്സ്യന്‍, നിത്യ മദ്യപാനി, നിത്യ വ്യഭിചാരി, മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നവന്‍, വിദ്വേഷം വെച്ചുപുലര്‍ത്തുന്നവന്‍, തുടങ്ങിയവരല്ലാത്ത സകല മുസ്‌ലിംകള്‍ക്കും അല്ലാഹു പൊറുത്ത് കൊടുക്കും.
അഞ്ച്: നബിയുടെ ശഫാഅത്ത്. ഈ രാവില്‍ അല്ലാഹു അവന്റെ റസൂലിന് ശഫാഅത്ത് നല്‍കിയിട്ടുണ്ട്. ശഅ്ബാന്‍ പതിമൂന്നാം രാവില്‍ നബി(സ്വ) തന്റെ സമൂഹത്തിനുള്ള ശഫാഅത്ത് ചോദിച്ചപ്പോള്‍ അല്ലാഹു മൂന്നിലൊന്ന് അധികാരം നല്‍കി.14 രാവില്‍ ചോദിച്ചപ്പോള്‍ മൂന്നില്‍ രണ്ട് അധികാരം നല്‍കി. പതിനഞ്ചാം രാവില്‍ മുഴുവന്‍ അധികാരവും നല്‍കുകയായിരുന്നു(റാസി- 27/238)

മൂന്ന് യാസീന്‍
ബറാഅത്ത് രാവില്‍ മൂന്ന് യാസീന്‍ സൂറത്ത് ഓതി ദുആ ചെയ്യല്‍ കാലങ്ങളായി പതിവുള്ളതാണ്. ഒന്നാം യാസീന്‍ ദീര്‍ഘായുസിന്, രണ്ടാമത്തേത് ഭക്ഷണത്തിലെ വിശാലതക്ക്, മൂന്നാമത്തേത് ഈമാനോടെയുള്ള മരണം ലഭിക്കാന്‍. (ഇത്ഹാഫുസ്സാദാതുല്‍ മുത്തഖീന്‍ 3/427 )
രണ്ടാം ഖലീഫ ഉമര്‍(റ), അബ്ദുല്ലാഹി ഇബ്‌നു മസ്ഊദ്(റ) എന്നിവര്‍ ഈ രാവില്‍ പ്രത്യേക പ്രാര്‍ഥന നിര്‍വഹിക്കുമായിരുന്നു.
ശഅ്ബാന്‍ പതിനഞ്ചാം രാവില്‍ ഇശാ മഗ്‌രിബിനിടയില്‍ സൂറത്ത് ഇന്‍സാന്‍ ഓതുക. ശേഷം മൂന്ന് യാസീന്‍ തുടര്‍ച്ചയായി ഓതുക. അതിനിടയില്‍ മറ്റു സംസാരങ്ങള്‍ പാടില്ല. ഒന്നാമത്തെ യാസീന്‍ അവന്റെയും ഇഷ്ടപ്പെടുന്നവരുടെയും വയസില്‍ ബറകത്ത് ഉണ്ടാവാന്‍, രണ്ടാമത്തേത് ബറകതോടു കൂടി രിസ്ഖില്‍ വിശാലതയുണ്ടാവാന്‍, മൂന്നാമത്തേത് വിജയികളില്‍ ഉള്‍പ്പെടാന്‍, ശേഷം ആധ്യാത്മിക ജ്ഞാനികളുടെ പ്രാര്‍ഥന നിര്‍വഹിക്കുക. (നിഹായതുല്‍ അമല്‍)
സൂറതു ദുഖാന്‍ ഓതലും പുണ്യമുള്ളതാണ്. ഒരു രാത്രി സൂറതു ദുഖാന്‍ ഓതിയാല്‍ 70,000 മലക്കുകള്‍ അവനു വേണ്ടി പാപ മോചനം തേടുമെന്ന് തുര്‍മുദി ഇമാം നിവേദനം ചെയ്യുന്നുണ്ട്. ബറാഅത്ത് രാവില്‍ ഓതുമ്പോള്‍ ഇതിന്റെ പുണ്യം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. ഇമാം യാഫിഈ(റ) ഇക്കാര്യം പറയുന്നുണ്ട്.
ഖുര്‍ആന്‍ മാസമായ വിശുദ്ധ റമളാനെ സ്വീകരിക്കല്‍ ഖുര്‍ആന്‍ ധാരാളം പാരായണം ചെയ്താണ്. അനസ്(റ) പറയുന്നു: ശഅ്ബാന്‍ മാസം ആഗതമായാല്‍ ഖുര്‍ആന്‍ ധാരാളമായി ഖത്മ് ഓതുന്ന ശീലം വിശ്വാസികള്‍ക്കുണ്ടായിരുന്നു. അംറുബ്‌നു ഖൈസില്‍ മുല്ലാസി(റ) ശഅ്ബാന്‍ മാസത്തില്‍ സ്വന്തം കച്ചവട സ്ഥാപനം അടച്ചുപൂട്ടി ഖുര്‍ആന്‍ പാരായണത്തിന് ഒഴിഞ്ഞിരിക്കുമായിരുന്നു. ശഹ്‌റു ഖുര്‍റാഅ് എന്നും ഈ മാസത്തെ വിളിക്കാറുണ്ടെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു. (ലത്വാഇഫുല്‍ മആരിഫ്)

Share this article

About അബ്ദുറഹീം അദനി ഊരകം

raheemoorakam313@gmail.com

View all posts by അബ്ദുറഹീം അദനി ഊരകം →

Leave a Reply

Your email address will not be published. Required fields are marked *