അലസതയെ വരിഞ്ഞിടാം

Reading Time: < 1 minutes

സക്രിയമായ പ്രവര്‍ത്തനത്തിന്റെ അടയാളം നൈരന്തര്യമാണ്. ഒരു ഊക്കില്‍ കുറേ ചെയ്യുന്നു, അടുത്ത പാദം വെറുതെയിരിക്കുന്നു എന്നത് നല്ല പ്രവര്‍ത്തന രീതിയല്ല. മടിയാണ് ഇത്തരക്കാരുടെ പ്രധാന പ്രശ്നം. എന്തെങ്കിലും ചെയ്യണമെന്ന വിചാരമുള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവും. പക്ഷേ അലസത സമ്മതിക്കുന്നില്ല എന്നതാണ് പ്രശ്‌നം.
ഒരു വ്യക്തി, ജീവിതത്തിനിടയില്‍ നേടിയ വലുതും ചെറുതുമായ നേട്ടങ്ങള്‍ക്ക് പിന്നില്‍ നിരന്തരമായ പരിശ്രമങ്ങളാണെന്ന് കാണാം. സമയം, ആരോഗ്യം എന്നിവ കൃത്യമായി വിനിയോഗിച്ച് ലക്ഷ്യം മനസിലുറപ്പിച്ച് പ്രവര്‍ത്തിച്ചവരാണ് വിജയിക്കുന്നത്. ആശയത്തെയും ആഗ്രഹത്തെയും പ്രവര്‍ത്തന മണ്ഡലത്തില്‍ നിന്ന് പിന്നാമ്പുറത്തേക്ക് വലിച്ചിഴക്കുന്ന മനോഭാവമാണ് അലസത. അലസത കൂടുതല്‍ വിമുഖതയിലേക്കും പ്രവര്‍ത്തനം കൂടുതല്‍ അധ്വാനത്തിലേക്കും നയിക്കും എന്നത് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
പൊതുപ്രവര്‍ത്തകന്റെ അലസത എത്രമാത്രം സമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കും. അത് അയാള്‍ പ്രതിനിധീകരിക്കുന്ന ഒരു ജനതയുടെ ഉറക്കത്തിലേക്കാണ് വഴിവെക്കുക. ആസൂത്രണത്തിന്റെയോ ആലോചനയുടെയോ കര്‍മപദ്ധതികളുടെയോ അഭാവമല്ല പലപ്പോഴും ഉള്ളത്. ഇവ ഏറ്റെടുത്ത് ചക്രം തിരിക്കേണ്ടവരുടെ മനോഭാവത്തെയും കര്‍മ കുശലതയെയും ചൊല്ലിയുള്ള പരിഭവങ്ങളിലാണ് പല വിലയിരുത്തലുകളും മുട്ടിനില്‍ക്കുന്നത്.
വ്യക്തിജീവിതത്തില്‍ അലസന്മാരാവാന്‍ ബാഹ്യമായ ചില കാരണങ്ങള്‍ കാണാം. സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗം ഒരു പ്രധാനമായ കാരണമാണ്. ചിന്താശേഷിയെ, ഇളകാനുള്ള അവസരത്തെ മരവിപ്പിക്കുന്ന ഇത്തരം ശീലങ്ങളെ സ്വയം നിയന്ത്രിക്കാനാവണം. സഹപ്രവര്‍ത്തകര്‍ കൂടെ നില്‍ക്കാത്തതും തന്റെ “നിലവാരത്തിലേക്ക്’ കൂടെയുള്ളവര്‍ എത്താത്തതും ചിലര്‍ക്ക് ഉള്‍വലിയാന്‍ കാരണമാണ്.
ഇത്തരം പ്രതിസന്ധി നേരിടുന്നവരെ പ്രതിയാക്കി മാറ്റിനിര്‍ത്തുന്നത് ബുദ്ധിയല്ല. അവരുടെ ഉപബോധത്തെ ഉണര്‍ത്താന്‍ ആവശ്യമായ നീക്കങ്ങളുണ്ടാകണം. പ്രതിസന്ധി തരണം ചെയ്യുന്നതിന് ഒരു കൈ നൽകാൻ സഹപ്രവര്‍ത്തകര്‍ക്കും പിന്തുടരുന്നവര്‍ക്കും ആകണം. ആദ്യഘട്ടത്തില്‍ ഫലമല്ല പ്രധാനമെന്ന് പഠിപ്പിക്കുക. താളവും ചുവടും രൂപപ്പെടാന്‍ അനുവദിക്കുക. താളത്തിന് ക്രമമുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ. എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് എന്തെങ്കിലും ചെയ്യുന്നതിനോട് പലര്‍ക്കും വിമുഖതയുണ്ടാകുന്നത്. ചിട്ട വരുന്നതോടെ ഇതിന് പരിഹാരമാകും.
ഒരു ആശയം ആശയമായി അവശേഷിച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അവ പ്രവര്‍ത്തനത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടണം. വ്യക്തിയുടെ മനസിലുള്ള ആശയത്തിന് പങ്കുവെപ്പിലൂടെ സഹപ്രവര്‍ത്തകരില്‍ നിന്ന് സ്വീകാര്യത ലഭിക്കണമെങ്കില്‍ പോലും അവന്‍ പ്രവര്‍ത്തകനായേ മതിയാകൂ. ആശയോല്‍പാദന യന്ത്രം ചലനാത്മകമല്ല തന്നെ. ആശയസമര്‍പണത്തിനുള്ള അവസരം ഒന്നിച്ചുള്ള, നിരന്തര സ്വഭാവമുള്ള നീക്കത്തിന്റെ സൃഷ്ടിയാണ്.
കൂട്ടമായ പ്രവര്‍ത്തനങ്ങളിലൂടെ അലസതയെ വകഞ്ഞുമാറ്റാന്‍ കഴിയും. നാളേയ്ക്ക് നീട്ടിവെക്കുന്ന ഓരോ കാര്യങ്ങളിലും പരാജയമാണുണ്ടാകുക. ചെയ്യേണ്ടത് അപ്പപ്പോള്‍ ചെയ്യുക എന്നതാണല്ലോ ചലനാത്മകതയുടെ അടയാളം. ഇത് വ്യക്തിയെയും ചുറ്റുപാടിനെയും മാറ്റും. ആ മാറ്റം നല്‍കുന്ന ഫലം മുറിയാത്തതും വലുതുമാകും ■

Share this article

About സല്‍മാന്‍ വെങ്ങളം

salmanvengalam@gmail.com

View all posts by സല്‍മാന്‍ വെങ്ങളം →

Leave a Reply

Your email address will not be published. Required fields are marked *