നിലപാടുകളുടെ ടൂൾകിറ്റ്

Reading Time: 2 minutes

ഈ വര്‍ഷത്തെ രിസാലക്കാല സന്ദേശമാണിത്. വായനക്കാരുടെയും സമൂഹത്തിന്റെയുംവൈയക്തികവും സ്വത്വപരവുമായ നിലപാടുകളെയും നിലവാരങ്ങളെയും നിര്‍ണയിക്കാനും അവരുടെ രാഷ്ട്രീയ ഉള്ളടക്കം ജൈവികമായി അവതരിപ്പിക്കാനും പ്രവാസി രിസാല നടത്തിവന്ന ശ്രമങ്ങളുടെ ഊര്‍ജപുനരുത്പാദനകാലമാണിത്. പ്രവാസികളുടെ ഉണര്‍വുകളില്‍ തെളിച്ചം വരുത്താനും കാഴ്ചപ്പാടുകള്‍ മൂര്‍ച്ചകൂട്ടി പ്രയോഗിക്കാനും പ്രാപ്തമാക്കി രിസാല നടത്തിയ ഒരു വ്യാഴവട്ടക്കാലത്തിന്റെ ചരിത്രം അതാണ് പറയുന്നത്.
അനുവര്‍ത്തിച്ചുവന്ന രീതികള്‍ തുടരുന്നതിനോ പുതിയ വ്യവഹാരങ്ങളും ശൈലികളും സ്വീകരിക്കുന്നതിനോ പ്രാപ്തമായ വിവരങ്ങള്‍ ലഭ്യമാകുന്ന ഉപയോജക സ്രോതസ് ആണ് ഈ ടൂള്‍കിറ്റ്. രിസാല സ്റ്റഡി സര്‍ക്കിള്‍ സഹയാത്രികന് വിശേഷിച്ചും വായക്കാര്‍ക്കു പൊതുവേയും അവരുടെ ആശയങ്ങളും പ്രവര്‍ത്തന മുന്‍ഗണനകളും തീര്‍ച്ചപ്പെടുത്തുന്നതില്‍ എന്തുമാത്രം രിസാല സഞ്ചിത സ്രോതസായിട്ടുണ്ട് എന്ന ചര്‍ച്ചയുടെ വാതില്‍ തുറന്നിടുകയാണ്, ഈ പ്രചാരണകാലത്തെ പ്രമേയം.
സാമൂഹിക വ്യവഹാരങ്ങള്‍, സാംസ്‌കാരിക ഇടപെടലുകള്‍, രാഷ്ട്രീയ നയങ്ങള്‍, സാഹിത്യത്തിലും ഭാഷയിലും മാനവികചിന്തകളിലും ഇസ്‌ലാമികവിശ്വാസത്തിന്റെയും ആചാരത്തിന്റെയും തലങ്ങളില്‍ വായനക്കാര്‍ക്കു മുന്നില്‍ ബോധനങ്ങള്‍ സംവാദാത്മകമായി അവതരിപ്പിക്കാന്‍ രിസാല ശ്രദ്ധിച്ചുവരുന്നുണ്ട്. അനുവാചകരില്‍ നിലപാടുകള്‍ ഉണ്ടായിത്തീരുക എന്ന സാംസ്‌കരിക ശാഠ്യം രിസാല പുലര്‍ത്തുന്നു. അടിസ്ഥാന ലക്ഷ്യത്തിലേക്കുള്ള സൂക്ഷ്മ സഞ്ചാരത്തിന് സാംസ്‌കാരിക പാരസ്പര്യത്തിലൂടെ ആര്‍ജിതമാകുകയും ചുറ്റുപാടുകളെക്കുറിച്ചുള്ള പഠന-മനനങ്ങളിലൂടെ സംഭരിക്കുകയും ചെയ്യുന്ന വ്യായാമങ്ങളെയാണ് രിസാല പ്രോത്സാഹിപ്പിക്കുന്നത്. ഈ ആശയമാണ് രിസാല പ്രചാരണ കാലത്തെ നിലപാടുകളുടെ ടൂള്‍കിറ്റ് സന്ദേശത്തിലൂടെ സംവാദത്തിനു വെക്കുന്നതും.
കൊണ്ടുനടക്കാന്‍ വ്യക്തതയുള്ള ആശയങ്ങളായിരിക്കുക എന്നതാണ് നിലപാടുകളുടെ പ്രത്യേകത. ബഹുന്യായങ്ങളില്‍നിന്ന് സ്വന്തം നയങ്ങളില്‍ എത്തിച്ചേരാനുള്ള വിചാരശേഷിയാണ് പ്രധാനം. മനുഷ്യരോടും പ്രകൃതിജാലങ്ങളോടും ബന്ധപ്പെട്ടു കിടക്കുന്ന മനോഭാവത്തെ ചുറ്റിപ്പറ്റിയുള്ള തീര്‍പ്പുകളാണ് നിലപാടുകള്‍. അതിന്റെ മാപിനി നന്മയും നീതിയും ആകുക എന്നിടത്ത് ഇളവുണ്ടാകരുത്. എന്നാല്‍, നിലപാടിന് ഏകശിലാത്മക ഭാവമല്ല ഉള്ളത്. അയവും അടവും നിലപാടുകളെ ഉറച്ചതും മികച്ചതും ആക്കുന്നു. ഈ ദിശയില്‍ രിസാല പ്രവാസികള്‍ക്കിടയില്‍ സാധിച്ചെടുത്ത സ്വാധീനത്തിന്റെ പരിശോധനക്കുകൂടി രിസാലക്കാലം നീക്കിവെക്കുന്നു.
വിവേകവും ബഹുത്വവും ചേര്‍ന്ന സൂക്ഷ്മമായ ആദര്‍ശബോധം സൂക്ഷിക്കാന്‍ രിസാല എന്ന പണിസഞ്ചികക്ക് കഴിഞ്ഞിട്ടുണ്ട്. എപ്പോഴും ശേഷിപ്പിക്കുന്ന സംവാദാത്മകതയായിരുന്നു അതിന്റെ ഉള്ളടക്കം. വൈകാരികതകളോട് പൊരുതിയും സര്‍ഗാത്മക വിപ്ലവത്തെ പരിപോഷിപ്പിച്ചും പണിയായുധങ്ങള്‍ സജ്ജീകരിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഈ അക്ഷരക്കീശയെ വേറിട്ടു നിര്‍ത്തുന്നത്. എഴുത്തുകാരിലും വിഭവവൈവിധ്യത്തിലും ഉള്‍ക്കൊള്ളലുകള്‍ക്ക് ഇടം കൊടുത്തായിരുന്നു ഓരോ ലക്കവും.
വായിച്ച വിഷയമോ പ്രമേയമോ ചര്‍ച്ച ചെയ്യുന്ന സാംസ്‌കാരിക പ്രവര്‍ത്തനത്തിന് പ്രചോദിപ്പിക്കുന്ന ഒരാത്മബന്ധം വായനക്കാരുമായി നിലനിര്‍ത്താനും രിസാല ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ ജനകീയതയിലും പ്രചാരത്തിലും മേല്‍ക്കൈ സൂക്ഷിക്കുന്നതില്‍ പ്രവാസി രിസാലക്ക് മത്സരം നേരിടേണ്ടി വന്നില്ല. വിഭവങ്ങളിലും രൂപവിതാനങ്ങളിലും വേറിട്ടു നില്‍ക്കാന്‍ രിസാലക്കു സാധിക്കുന്നു. ഉള്ളടക്കത്തിലും സാങ്കേതിക മികവിലും നവീനത പുലര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായിരുന്നു അത്. എല്ലാ വിഭാഗം അനുവാചകരെയും അവരുടെ അഭിരുചിക്കനുസരിച്ച് ഉണര്‍വ് ഉത്പാദിപ്പിക്കപ്പെടുന്നതിന് രാസാല പ്രേരകമായി.
മുഖപത്രങ്ങള്‍ സംഘടനകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പൊലിപ്പിക്കാന്‍ ആവശ്യത്തിലധികം പേജുകള്‍ ചെലവഴിക്കുന്നു എന്ന ആരോപണം റദ്ദുചെയ്യാവുന്ന സമീപനത്തില്‍ രിസാലക്ക് പാളിയിട്ടില്ല. ആശയപ്രകാശനത്തെക്കാള്‍ ഭാഷാ പ്രയോഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സൃഷ്ടികള്‍ എന്ന വിമര്‍ശത്തെയും നേരിട്ടത് വായനക്കാരുടെ മനോഭാവം തിരുത്തിയും വായനാ നിലവാരം ഉയര്‍ത്തിയും ആയിരുന്നു.
ചുറ്റുപാടുകളിലെ ഏതുതരംസമസ്യകളെയും ഇസ്‌ലാമികവും സാമൂഹികവുമായ കാഴ്ചപ്പാടില്‍ വിശകലനം ചെയ്യുന്നതിനും അഭിപ്രായ രൂപീകരണത്തിന് ഉതകുംവിധം ക്രിയാത്മകമായി അവതരിപ്പിക്കുകയും ചെയ്തതാണ് രിസാലയെ നിലപാടുകളുടെ ടൂള്‍ കിറ്റായി നിലനിര്‍ത്തുന്നത്. രാഷ്ട്രീയ വ്യക്തതയും സാംസ്‌കാരിക തര്‍ക്കങ്ങളും ചരിത്രത്തിന്റെ പുനരെഴുത്തുകളും കൊണ്ട് സാമൂഹിക ജാഗരണം രിസാല പ്രധാന ഉന്നമായി കണ്ടു. കേരള മുസ്‌ലിംകളുടെ സവിശേഷ സാംസ്‌കാരിക പൈതൃകം രിസാലയുടെ ജൈവകമാണ്. അതുകൊണ്ടുതന്നെ ആശയ ദൃഢതയുടെ പണിയുപകരണമാണ് പ്രവാസി രിസാലയെന്ന് വിളിച്ചുപറയാം.

Share this article

Leave a Reply

Your email address will not be published. Required fields are marked *