മണ്ണ് തൊട്ട് മനുഷ്യനെ തൊട്ട്

Reading Time: 2 minutes

പ്രാദേശികവും ഭാഷാപരവുമായ വകഭേദങ്ങളോടുകൂടിയതും ഗ്രാമീണ ജീവിതരീതികളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നതുമാണ് കളികളും വിനോദങ്ങളും. പണ്ടു കാലം മുതലേ കായിക വിനോദങ്ങള്‍ക്ക് പേര് കേട്ട നാടാണ് കേരളം. വൈവിധ്യപൂര്‍ണവും വിത്യസ്തവുമായ നൂറുകണക്കിന് നാടന്‍ കളികള്‍ ഇവിടെയുണ്ടായിരുന്നു. ഗ്രാമങ്ങളുടെ ആത്മാവ് നാടന്‍ കളികളില്‍ കൂടിയായിരുന്നു. പണ്ട് കാലങ്ങളില്‍ കുട്ടികള്‍ അവധിക്കാലം ചിലവഴിച്ചിരുന്നത് പലതരം നാടന്‍ കളികളിലൂടെയായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. ടീവിക്കും കംപ്യൂട്ടറിനും മൊബൈലിനും മുന്‍പിലാണ് കുട്ടികള്‍ സമയങ്ങള്‍ ചെലവഴിക്കുന്നത്. കുട്ടികള്‍ക്ക് ശാരീരികമായി നല്ല ഉന്മേഷവും ഊർജവും നല്‍കിയിരുന്ന ആ നല്ല നാളുകളിലെ ചില നാടന്‍ കളികളിലേക്ക് പോകാം.

ചട്ടിപ്പന്ത്
ഗെയിം, ചട്ടിപ്പന്ത്, ചട്ടിപ്പുട്ടേറ് എന്നിങ്ങനെ പലപേരുകളില്‍ ഈ കളി അറിയപ്പെടുന്നു.
വൃത്താകൃതിയില്‍ ഉള്ള ഏതാനും പലകക്കഷണങ്ങളോ ഓട് കഷണങ്ങളോ മേര്‍ക്കുമേല്‍ അടുക്കിവച്ച്, കളിക്കാര്‍ രണ്ട് ചേരികളായിത്തിരിഞ്ഞ് രണ്ട് വശത്തായി കുറച്ചകലെ നിന്ന് ചെറുപന്തുകള്‍ കൊണ്ട് എറിഞ്ഞ് വീഴ് ത്തലാണ് കളി.
ഒളിച്ചുകളി
കുട്ടികളുടെ പഴയ കാല ഇഷ്ട വിനോദങ്ങളിലൊന്നാണ് ഒളിച്ചുകളി. “അമ്പാസാറ്റ്’ എന്ന പേരുമുണ്ട് ഇതിന്. രണ്ട് പക്ഷമായിട്ടാണ് കുട്ടികള്‍ ഈ കളിയില്‍ പങ്കെടുക്കുക. ഒരു കുട്ടി മാത്രമായിരിക്കും ഒരു ഭാഗം. ആ കുട്ടി ഒന്ന് മുതല്‍ പത്ത് വരെയോ ഇരുപത്തിയഞ്ച് വരെയോ എണ്ണും. എല്ലാവർക്കും സുരക്ഷിതമായി ഒളിക്കാനുള്ള സമയമാണിത്. ഒരു മരത്തിനോ ചുമരിനോ അഭിമുഖമായി നിന്ന് കണ്ണ് പൊത്തിയാണ് എണ്ണുക. അതിനിടെ മറ്റു കുട്ടികള്‍ ഓടിപ്പോയി എവിടെയെങ്കിലും ഒളിച്ചിരിക്കും. എണ്ണുന്ന കുട്ടി എണ്ണല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മറ്റ് കുട്ടികളെ തിരഞ്ഞ് പിടിക്കും. ഒളിച്ചിരിക്കുന്നവര്‍ ഓടി വന്ന് മരത്തില്‍ തൊട്ടാല്‍ അവരും, അവരെ അല്ല ആദ്യം കണ്ടെത്തി, എണ്ണിയ കുട്ടി ആദ്യം വന്ന് മരത്തില്‍ തൊട്ടാല്‍ അവനും വിജയിക്കും.

നരിയും പശുവും
ഏകദേശം ഇരുപത്, ഇരുപത്തിയഞ്ച് കുട്ടികള്‍ ചേര്‍ന്ന് കളിക്കുന്ന കളിയാണ് നരിയും പശുവും. കുട്ടികള്‍ വട്ടത്തില്‍ നിന്ന് കൈകോര്‍ത്ത് നില്‍ക്കും. വൃത്തവലയത്തിനകത്ത് പശുവായി ഒരു കുട്ടിയും പുറത്ത് നരിയായി ഒരു കുട്ടിയുമുണ്ടാകും. കൈബന്ധം മുറിച്ച് “നരി’ വൃത്തവലയത്തിനകത്തേക്ക് കടക്കുമ്പോള്‍ “പശു’ പുറത്തേക്ക് ഇറങ്ങും. “നരി’യെ പുറത്തേക്ക് വിടുകയുമില്ല. ശക്തി പ്രയോഗിച്ച് കൈബന്ധം വേർപെടുത്തിയാലേ “നരി’ക്ക് പുറത്തു കടക്കാനാവൂ. കൈബന്ധങ്ങള്‍ ഓരോന്നും ശക്തിപ്രയോഗിച്ച് വേര്‍പെടുത്തി നരി പുറത്തുകടക്കും. കൈബന്ധം ഇളക്കിയ കുട്ടികളാണ് പിന്നീട് നരിയും പശുവും ആകേണ്ടത്.

കൊത്തന്‍ കല്ല്
പെണ്‍കുട്ടികളുടെയും പ്രായമായ സ്ത്രീകളുടെയും ഒരു വിനോദമാണിത്. ഉരുണ്ട ചെറുകല്ലുകളാണ് ഈ കളിയുടെ കരുക്കള്‍. കരുക്കളുടെ എണ്ണത്തിനനുസരിച്ച് നാലു കല്ല്, അഞ്ചുകല്ല്, ഏഴു പൂട്ട്, പന്ത്രണ്ടു പൂട്ട് എന്നിങ്ങനെയാണ് ഈ കളിയുടെ വിത്യസ്ത ഘട്ടങ്ങള്‍.

കുട്ടിയും കോലും
ഇട്ടീം കോലും, ലട്ടീം കോലും, ഉണ്ടയും കോലും, കുട്ടിയും കോലും, ചൊട്ടയും മണിയും, കോടയും കോലും, കൊട്ടിയും പൂളും, ചേരിയും കോലും എന്നിങ്ങനെ, കളിക്കുന്ന കുട്ടികളുടെ തരവും പ്രാദേശിക പ്രയോഗവുമനുസരിച്ച് പല പേരുകളില്‍ ഈ കളി അറിയപ്പെടുന്നു. ഉത്തരേന്ത്യയില്‍ ഗുല്ലിസണ്ട എന്ന പേരിലറിയപ്പെടുന്ന ഈ കളി, ആണ്‍കുട്ടികളുടെ ഒരു കായികവിനോദമാണ്.

വള്ളിച്ചാട്ടം
പ്രധാനമായും പെണ്‍ക്കുട്ടികളുടെ കളിയായ വള്ളിച്ചാട്ടം ഉല്ലാസത്തിലൂടെ ശാരീരികക്ഷമത കൈവരുത്തുന്ന ഒന്നാണ്. കറക്കിക്കൊണ്ടിരിക്കുന്ന കയറിന്റെയോ വള്ളിയുടെയോ മുകളില്‍ക്കൂടി തുടര്‍ച്ചയായി ചാടുന്ന “സ്‌കിപ്പിങ്’ എന്ന കളിയുടെ ഒരു ചെറുരൂപമാണിത്.

കോട്ടിക്കളി
കോട്ടി (ഗോട്ടി, ഗോലി) ഉപയോഗിച്ചുള്ള കളിയാണിത്. ഓരോ മീറ്റര്‍ ഇടവിട്ട് തുല്യഅകലത്തില്‍ മൂന്ന് ചെറിയ കുഴികള്‍ കുഴിക്കുന്നു. ആദ്യ കുഴിയില്‍ നിന്നും രണ്ടാമത്തേതിലേക്കും അവിടെനിന്ന് മൂന്നാമത്തേതിലേക്കും അവിടെ നിന്നും തിരിച്ച് ഒന്‍പതു പ്രാവശ്യം കോട്ടി കുഴിയില്‍ വീഴ്്ത്തണം. വീഴ് ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവന് കളി നഷ്ടപ്പെടും. പിന്നെ അടുത്ത കുട്ടിയുടെ ഊഴമാണ്. ഇങ്ങനെ കളിക്കുമ്പോള്‍, മറ്റുള്ളവരുടെ കോട്ടികള്‍ അടുത്തെങ്ങാനും ഉണ്ടെങ്കില്‍ അവയെ അടിച്ച് അകലേക്കു തെറിപ്പിക്കാറുണ്ട്. കോട്ടി കൊണ്ട് നിരവധി പ്രാദേശിക വകഭേദങ്ങളുമുണ്ട്.
നൂറ്റാങ്കോല്‍
ഒരു ചാണ്‍ നീളമുള്ള നിശ്ചിത എണ്ണം ഈര്‍ക്കില്‍ ഉപയോഗിച്ചാണ് ഈ കളി കളിക്കുന്നത്. അവയെല്ലാം ഒന്നിച്ചെടുത്ത് നിലത്തിടുന്നു. അവയെ അകലെ തെറിച്ച ഒരു ഈര്‍ക്കിലെടുത്ത്, മേല്‍ക്കുമേല്‍ വീണ് കിടക്കുന്ന ഈര്‍ക്കിലുകള്‍ ഓരോന്നായി മറ്റുള്ളവ ഇളകാതെ തോണ്ടിയെടുക്കുകയാണ് വേണ്ടത്.
ഇന്ന് പല നാടന്‍ കളികളും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. നാടന്‍ കളികള്‍ ആധുനിക കളികളായ ക്രിക്കറ്റ്, ഫുട്‌ബോള്‍, ചെസ്സ്, ഗോള്‍ഫ് തുടങ്ങിയവയ്ക്ക് വഴിമാറിക്കൊടുക്കുന്നതായി നമുക്ക് കാണാന്‍ കഴിയും, പോരാത്തതിന് ഡിജിറ്റൽ ഗെയിമുകളിലേക്കും ■

Share this article

About അബൂബക്കര്‍ ടി പി പുത്തൂപാടം

hafizabutp18@gmail.com

View all posts by അബൂബക്കര്‍ ടി പി പുത്തൂപാടം →

Leave a Reply

Your email address will not be published. Required fields are marked *