അല്ലാഹു വാക്ക് മാറ്റുമോ?

Reading Time: 2 minutes

സര്‍വജ്ഞനായ ദൈവത്തിന്റെ ശാശ്വതവും പരിപൂര്‍ണവുമായ കലാമിനെ റദ്ദാക്കല്‍, മാറ്റംവരുത്തല്‍, പിന്‍വലിക്കല്‍ എന്നിവയുമായി എങ്ങനെ പൊരുത്തപ്പെടുത്താനാകും? (How could the concept of scripture as the eternal and perfect word of the omniscient God be reconciled with abrogation, change and withdrawal?)
വെളിപ്പെടുത്തിയ ഒരു വാക്യം പ്രവാചകന്‍ എങ്ങനെ മറക്കും അല്ലെങ്കില്‍ പ്രവാചകനെ എങ്ങനെ മറപ്പിക്കും? (How could the prophet forgot or be made to forget a revealed verse?)
ലോക വ്യാപകമായി ഇസ്‌ലാമിനെ പഠിക്കാനും മനസിലാക്കാനും റെഫര്‍ ചെയ്തു വരുന്ന the quran an encyclopedia എന്ന പുസ്തകത്തിലെ abrogation (നസ്ഖ്) അഥവാ ഖുര്‍ആനിലുണ്ടായ റദ്ദുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഭാഗത്ത് ഉന്നയിക്കുന്ന ചോദ്യ ശകലങ്ങളാണ് ഇത്. ചോദ്യങ്ങള്‍ക്കു മറുപടി പറയും മുമ്പ് ഖുര്‍ആനിലെ നസ്ഖിനെ ചര്‍ച്ചക്കെടുക്കാം.
ഉലൂമുല്‍ ഖുര്‍ആനിലെ നാസിഖ് (അധികൃതമായി റദ്ദ് ചെയ്യുന്നത്) മന്‍സൂഖ് (അധികൃതമായി റദ്ദ് ചെയ്യപ്പെട്ടത്) ഇവകളെ പഠിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങള്‍ കിതാബുകളില്‍ കാണാന്‍ സാധിക്കും. സൂറത് ബഖറയിലെ 269-ാം സൂക്തത്തിലെ ഹിക്മത് നല്‍കപ്പെട്ടവര്‍ക്കു ധാരാളം സുകൃതങ്ങള്‍ ലഭിച്ചു എന്നതിലെ “ഹിക്മതിനെ’ ലോക പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനായ അബ്ദുല്ലാഹി ബ്‌നു അബ്ബാസ്(റ)വിശദീകരിച്ചതില്‍ പ്രത്യേകമായി നാസിഖ്, മന്‍സൂഖ് എന്നിങ്ങനെ കാണാം.
മറ്റൊരു സംഭവത്തില്‍, അലി(റ) ഒരിക്കല്‍ പള്ളിയിലേക്ക് പ്രവേശിച്ചപ്പോള്‍ അവിടെ ഒരാള്‍ക്കൂട്ടം കണ്ടു, ആരോ ഒരാള്‍ അവര്‍ക്ക് ക്ലാസ് എടുത്തുകൊടുക്കുന്നത് കണ്ടപ്പോള്‍ അതാരാണെന്ന് തിരക്കി. ഇന്നാലിന്ന വ്യക്തിയാണെന്ന് പറഞ്ഞുകൊടുത്തപ്പോള്‍ അദ്ദേഹത്തിന് നാസിഖ്, മന്‍സൂഖ് അറിയുമോ എന്ന് ചോദിക്കാന്‍ ഏല്‍പിച്ചു. ഇല്ല എന്ന പ്രതികരണം വന്നപ്പോള്‍ അയാളോട് നമ്മുടെ പള്ളിയില്‍ നിന്ന് പുറത്തുപോകാന്‍ കല്പിച്ചു. ഇങ്ങനെ നിരവധി ഉദ്ധരണികള്‍.
സാങ്കേതികമായി നസ്ഖിനെ ഇങ്ങനെ വിവക്ഷിക്കാം “ശറഇയ്യായ ഒരു വിധിയെ ശറഇയ്യായ ഒരു തെളിവ് കൊണ്ട് നീക്കം ചയ്യുക.’ സമാനമായ വേറെയും ചില നിര്‍വചനങ്ങള്‍ കാണാം. നസ്ഖിന്റെ ഇനങ്ങള്‍ വ്യക്തമാക്കുമ്പോള്‍ കൂടുതല്‍ വ്യക്തമാവും. ഇസ്‌ലാമിലെ വിധിവിലക്കുകളെ എടുത്തുകളയുന്നതിലും പിന്നീട് മറ്റൊന്ന് പകരമാക്കുന്നതിലും പലരൂപത്തിലുള്ള നസ്ഖുകള്‍ നടന്നിട്ടുണ്ട്. ഒന്ന്: ഖുര്‍ആന്‍ വാക്യങ്ങളെ ഖുര്‍ആന്‍ വാക്യങ്ങള്‍ കൊണ്ടുള്ളത്. രണ്ട്: ഹദീസിന് ഹദീസ് കൊണ്ടുള്ളത്. മൂന്ന്: ഖുര്‍ആന് ഹദീസ് കൊണ്ടുള്ളത്. നാല്: ഹദീസിന് ഖുര്‍ആന്‍ കൊണ്ടുള്ളത്.
ഇവിടെ പൊതുവെ വിമര്‍ശകര്‍ ഖുര്‍ആനിലെ നസ്ഖ് മാത്രമേ എടുത്തുപറയാറുള്ളൂ. ഹദീസ് അല്ലാഹുവില്‍ നിന്നാണെന്ന് അവര്‍ക്കറിയില്ല. പ്രവാചകര്‍ പറയുന്നതെല്ലാം അല്ലാഹുവിന്റെ വഹ്‌യ് മുഖേനെ മാത്രമാണെന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്.
ഖുര്‍ആനിലെ നസ്ഖുകളെ മൂന്നായി തിരിക്കാം. ഒന്ന്: പാരായണവും വിധിയും ഒന്നിച്ചു റദ്ദ് ചെയ്യപ്പെട്ടത്. രണ്ട്: വിധി നിലനിര്‍ത്തി പാരായണം റദ്ദ് ചെയ്യപ്പെട്ടത്. മൂന്ന്: പാരായണം നിലനിര്‍ത്തി വിധി റദ്ദ് ചെയ്യപ്പെട്ടത്. നസ്ഖിനെ കുറിച്ച് ധാരണ കിട്ടാന്‍ പ്രാഥമികമായി ഇത് മതിയെന്ന് തോന്നുന്നു.
ഇനി തുടക്കത്തില്‍ ഉദ്ധരിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി. അല്ലാഹുവിന്റെ കലാമില്‍ മാറ്റം വരുത്തല്‍ അവന്റെ ഒരു ന്യൂനതായി ഗണിക്കപ്പെടുമോ? ഭാവി അറിയാത്തവനാണോ അവന്‍?
ഒരിക്കലുമല്ല! എന്തിനാണ് ഇത്തരത്തില്‍ റദ്ദ് നടപ്പിലാക്കിയത്? യഥാര്‍ഥത്തില്‍ ഇത് ഖുര്‍ആന്റെ പ്രായോഗികതയേയും സത്യസന്ധതയേയുമാണ് മനസിലാക്കിത്തരുന്നത്. 23 വര്‍ഷക്കാലം ഒരു സമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ച് തുടക്കത്തില്‍ ഉണ്ടായ നിയമം തന്നെ അവസാനം വരെ ഉണ്ടാവണം എന്ന് വാശിപിടിക്കുകയല്ല അല്ലാഹു. മറിച്ച് നിയമങ്ങള്‍ സമൂഹത്തിന്റെ മാറ്റത്തിനനുസരിച്ച് മാറ്റിക്കൊടുക്കുകയും ലോകത്തിന് മുഴുവനും മാതൃകയായി ആ സമൂഹത്തെ വളര്‍ത്തിയെടുക്കുകയുമാണ് ചെയ്തത്. 23 വര്‍ഷം കൊണ്ട് ഒരു ജനതയെ സാംസ്‌കാരികമായി ഏറ്റവും ഉന്നതമായ ശീര്‍ഷത്തില്‍ എങ്ങനെ എത്തിക്കും എന്നതിനുള്ള പ്രായോഗികമായ പദ്ധതിയായാണ് ഇത്.
രണ്ടാമതായി അതില്‍ ഉന്നയിച്ച ഒരു ചോദ്യം, എങ്ങനെ പ്രവാചകന് മറക്കാന്‍ കഴിയും, അല്ലെങ്കില്‍ മറപ്പിക്കപ്പെടും? ഈ ചോദ്യത്തിന് ആധാരമായി പ്രസ്തുത പുസ്തകത്തില്‍ കൊണ്ടുവന്ന സൂക്തമണ് അധ്യായം ഹജ്ജിലെ 52-ാം വചനം. ഈ സൂക്തത്തില്‍ പറയുന്നതും നസ്ഖും തമ്മില്‍ യാതൊരു ബന്ധവുമില്ല. സൂക്തത്തിന്റെ ആശയതലത്തിലേക്ക് നോക്കൂ, “നബിയെ, അങ്ങേക്കു മുമ്പ് ഏത് പ്രവാചകനെയും ദൂതനെയും നാം നിയോഗിച്ചപ്പോഴും അദ്ദേഹം പരായണം ചെയ്യുമ്പോള്‍ പിശാച് അതില്‍ ദുര്‍ബോധനം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്, എന്നാല്‍ അത്തരം പൈശാചിക നിക്ഷിപ്തങ്ങള്‍ അല്ലാഹു മായിച്ചുകളയുകയും തന്റെ സൂക്തങ്ങള്‍ ദൃഢീകരിക്കുകയും ചെയ്യും.’ പ്രസ്തുത സൂക്തത്തില്‍ പ്രതിപാദിക്കുന്ന ആദ്യ വിഷയം പൂര്‍വകാല പ്രവാചകരെ കുറിച്ചാണ്. മറ്റൊന്ന് അവര്‍ക്കുണ്ടാകുന്ന ആത്മസംസാരമാണ്. ഈ ആത്മ സംസാരം പ്രാബല്യത്തില്‍ വരുത്താന്‍ പിശാച് ശ്രമിക്കുമ്പോള്‍ അല്ലാഹു മറയിടും എന്നാണ് സാരം. ഇതും നസ്ഖും തമ്മിൽ ഒരു ബന്ധവുമില്ല. മറ്റുള്ളവരില്‍ പുകമറയുണ്ടാക്കി ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.
സുഡാനി സ്‌കോളറായ മഹ് മൂദ് മുഹമ്മദ് താഹയുടെ തിയറിയെ അതില്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്, “യഥാര്‍ഥത്തില്‍ ഇസ്‌ലാം മക്കയില്‍ ലഭിച്ച സന്ദേശങ്ങളാണ്, അതാണ് മനുഷ്യകുലത്തിന് ഒന്നാകെ സ്വീകരിക്കാന്‍ പറ്റിയത്. മദീനയിലെ സന്ദേശം താത്കാലികവും പുതുവിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാൻ വിധവുമാണ്. അതുകൊണ്ട് ഈ നൂറ്റാണ്ടിലെ നമ്മള്‍ അനുവര്‍ത്തിച്ചുപോരേണ്ടത് മക്കയിലെ സന്ദേശമാണ്. അതാണ് ഓര്‍ജിനല്‍ മെസേജ്.’ നേരത്തെ വിശദീകരിച്ചത് പോലെ, ഘട്ടം ഘട്ടമായി ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കയാണ് ഇസ്‌ലാം. പ്രവാചക ജീവിതത്തിന്റെ തുടക്കകാലമായ മക്ക ജീവിതം തികച്ചും ഇസ്‌ലാമിനെ പരിചയപ്പെടുത്തലും വിശ്വസിച്ചിവരെ വിശ്വാസപരമായി ഉറപ്പിച്ചു നിർത്തലുമായിരുന്നു. ആ കാലയളവില്‍ വിധിവിലക്കുകള്‍ താരതമ്യേനെ കുറവായിരുന്നു. എന്നാല്‍ മദീനാവാസക്കാലം ആയപ്പോഴക്കും ഇസ്‌ലാം അംഗബലം കൊണ്ടും മറ്റും വളര്‍ന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ വിധിവിലക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതും അവിടുന്നാണ്. അപ്പോള്‍ താരതമ്യേന റദ്ദാക്കല്‍ കൂടുതല്‍ സംഭവിച്ചതും മദീനയിലാണ്. ആയതിനാല്‍ ഇസ്‌ലാം കേവലം മക്കാജീവിതമോ മദീനജീവിതമോ അല്ല, മറിച്ച് രണ്ടും കൂടിയതാണ്.
അതേപോലെ ചിലരെങ്കിലും ഉന്നയിക്കുന്ന മറ്റൊരു സംശയമാണ്, എന്തിനാണ് വിധി റദ്ദ് ചെയ്തതിനു ശേഷവും പാരായണം നിലനിര്‍ത്തിയത്? ലളിതമായി പറഞ്ഞാല്‍ പരിശുദ്ധ ഖുര്‍ആന്‍ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പാരായണം പോലും വലിയ പുണ്യമുള്ളതാണ്. ഖുര്‍ആന്റെ വിശേഷണം പറയുന്ന കൂട്ടത്തില്‍ “അത്തഅബ്ബുദു ബില്‍ഖിറാഅത്’ (പാരായണം കൊണ്ട് ഇബാദത് എടുക്കുല്‍) എന്ന് കാണാം. വേറെയും ഒരുപാട് ഹിക്മത്തുകള്‍ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.
ഖുര്‍ആനിലെ നാസിഖ്, മന്‍സൂഖ് എന്നിവയെ കുറിച്ച് മാത്രം പ്രത്യേക ഗ്രന്ഥങ്ങളുണ്ട്. സത്യവിശ്വസിയെ സംബന്ധിച്ചിടത്തോളം ഈ വിഷയ പഠനവും ഓറിയന്റലിസ്റ്റ് നരേഷനുകളില്‍ വീഴാതിരിക്കലും അനിവാര്യമാണ് ■

Share this article

About ഹാഫിസ് മിഹ്ജഅ് വാണിമേല്‍

mihjahpk7@gmail.com

View all posts by ഹാഫിസ് മിഹ്ജഅ് വാണിമേല്‍ →

Leave a Reply

Your email address will not be published. Required fields are marked *