ഫിൻലാൻ്റിലെ ആളോഹരി ആനന്ദം

Reading Time: 2 minutes

സമീപകാലത്ത് ലോകശ്രദ്ധയാകര്‍ഷിച്ച പ്രധാന സൂചികകളിലൊന്നാണ് ആഗോള സന്തോഷ സൂചിക.
മാനസിക സംതൃപ്തിയെ ക്വാണ്ടിറ്റേറ്റീവായി കണക്കാക്കപ്പെടുന്ന ഈ സൂചികയിലൂടെ സാമ്പത്തികവും സാമൂഹികവുമായ ബൃഹദ് പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുന്നു.
1971ല്‍ ബൂട്ടാന്‍ ഗവണ്മെന്റാണ് മാനുഷിക സംതൃപ്തിയെ അളക്കാനുള്ള പുത്തന്‍ രീതി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. രാജ്യത്തെ ആഭ്യന്തര ഉത്പാദനത്തോടൊപ്പം ആഭ്യന്തര സന്തോഷവും വ്യത്യസ്തമായി അവര്‍ കണക്കുകൂട്ടി. ജനങ്ങള്‍ എത്രത്തോളം സന്തുഷ്ടരാണെന്ന് മനസിലാക്കാനും മാനസിക സംതൃപ്തിയെ സ്വാധീനിക്കുന്ന ഘടകങ്ങളെ വേര്‍തിരിച്ച് സാമ്പത്തിക ആസൂത്രണത്തില്‍ അവക്ക് പ്രധാന പങ്ക് നല്‍കാനുമായിരുന്നു ബൂട്ടാന്‍ ഗവണ്മെന്റിന്റെ ലക്ഷ്യം. അതവര്‍ നേടിയെടുത്തു.
കാലക്രമേണ ആഗോള സന്തോഷ സൂചികയില്‍ ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വരുമാനം, സ്വാതന്ത്ര്യം, ഭരണകൂടത്തിന്മേലുള്ള വിശ്വാസം, ആയുര്‍ ദൈര്‍ഘ്യം, സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള സാമുഹിക പിന്‍ബലം, ഉദാരത എന്നിവയാണ് ഇന്ന് ലോക രാജ്യങ്ങളുടെ സന്തോഷ സൂചികയിലെ സ്ഥാനം കണക്കാക്കാന്‍ ഉപയോഗിക്കുന്നത്.
സൂചികയിലെ ഓരോ ഘടകങ്ങളും ചേര്‍ന്നാണ് മാനുഷിക സംതൃപ്തിയെ അളക്കുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ വര്‍ധനവുണ്ടായതുകൊണ്ട് ജനങ്ങളുടെ ആന്തരിക സംതൃപ്തി വര്‍ധിക്കണമെന്നില്ല. എല്ലാ ഘടകങ്ങളിലും ആപേക്ഷിക വര്‍ധനവുണ്ടാകണം. താരതമ്യേന ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഒരാള്‍ക്ക് സമൂഹത്തില്‍ നിന്ന് മാനസികമായ പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ അയാള്‍ സന്തോഷവാനായിരിക്കണമെന്നില്ല. സൂചിക പ്രകാരം മാസത്തില്‍ ശരാശരി 45,284 ഡോളര്‍ ശബളം ലഭിക്കുന്ന അമേരിക്കക്കാരനേക്കാള്‍ സംതൃപ്തിയുള്ളത് മാസത്തില്‍ 29,606 ഡോളര്‍ ലഭിക്കുന്ന ഡെന്മാര്‍ക്കുകാരനാണ്.
ഓരോ ഘടകവും മാനസിക സംതൃപ്തിയുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നു നോക്കാം.
വരുമാനം: നിശ്ചിത അളവിലുള്ള വരുമാനം ഉണ്ടാകുമ്പോള്‍ സമൂഹത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്വതന്ത്രമായി ഇടപെടാന്‍ സാധിക്കുന്നു. അല്ലാത്തപക്ഷം മറ്റൊരാളെ അവലംബിക്കേണ്ടതായി വരും. ഇത് മാനസിക സംതൃപ്തിയെ കുറക്കുന്നു.
സ്വാതന്ത്ര്യം: സ്വാതന്ത്ര്യബോധമുള്ള ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ വ്യക്തികള്‍ക്ക് അവരുടെ ഓരോ ഇടപെടലുകളിലും സുതാര്യത കൈവരുന്നു. അപരന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതിലൂടെ മഹത്തായ ഒരു സമൂഹ രൂപീകരണം സാധ്യമാകുന്നു.
ഗവണ്മെന്റിന്മേലുള്ള വിശ്വാസം: രാജ്യത്തെ ഭരണകൂടം പൗരന്മാരുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമാണ് പ്രവര്‍ത്തിക്കുന്നത് എന്ന മിഥ്യയല്ലാത്ത ബോധ്യം മനഃസന്തുഷ്ടി വര്‍ധിപ്പിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ സഹായിക്കാന്‍ ഗവണ്മെന്റ് കൂടെയുണ്ടാവും എന്ന വിശ്വാസം ആന്തരികോന്മേഷം കൂട്ടുന്നു എന്നു പറയേണ്ടതില്ലല്ലോ.
ആരോഗ്യത്തോടെയുള്ള ആയുര്‍ ദൈര്‍ഘ്യം: ഒരുപാട് വര്‍ഷം രോഗിയായി ജീവിക്കുന്നതിലും നല്ലത് ഇത്തിരിനാള്‍ ആരോഗ്യത്തോടെ ജീവിക്കുന്നതാണ് എന്നു കരുതുന്നവരാണ് നാം. ഒരുപാടു കാലം ആരോഗ്യത്തോടെ ജീവിക്കുക എന്നാകുമ്പോള്‍ അത്രത്തോളം മാനസിക സംതൃപ്തി നല്‍കുന്നു.
സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള സാമൂഹിക പിന്‍ബലം. സമ്മര്‍ദ ഘട്ടങ്ങളില്‍ ധൈര്യം നല്‍കാന്‍ ഒരാള്‍ കൂടെ ഉണ്ടാവുന്നത് വലിയ സന്തോഷമാണ്. ഇത് സമ്മര്‍ദം കുറച്ച് മാനസികോല്ലാസം വര്‍ധിപ്പിക്കുന്നു.
ഉദാരത: ദരിദ്രരായ ആളുകളെ സഹായിക്കല്‍ സമൂഹത്തിലെ സമ്പന്നരുടെ ബാധ്യതയാണ്. ഉദാരമനസ്‌കതയുള്ള സമൂഹം ഉണ്ടാകുമ്പോള്‍ അവിടം ദാരിദ്ര്യം കുറയുന്നു. പരസ്പര സഹകരണത്തോടെ, അപരനെ സ്‌നേഹിക്കുകയും സൗഹാര്‍ദപൂരിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഓരോ വേരിയബിള്‍ ഘടകത്തിനും സന്തോഷനിര്‍മാണ സൂചികയില്‍ അനിഷേധ്യ സ്വാധീനമുണ്ട്.
എന്തുകൊണ്ട് നോടിക് രാജ്യങ്ങള്‍ സൂചികയില്‍ മുന്നിട്ടുനില്‍ക്കുന്നു? ഇതില്‍ അനവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് ചീഫ് എഡിറ്ററും കൊളംബിയ യൂനിവേഴ്‌സിറ്റി പ്രൊഫസറുമായ ജെഫ്രി സാക്‌സിന്റെ പഠനം അതിലൊന്നാണ്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ സമൂഹത്തിനുള്ള പങ്കിനെ അദ്ദേഹം ഉയര്‍ത്തി കാണിക്കുന്നുണ്ട്. പരസ്പര സഹകാരികളായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ അവരെ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടം തീര്‍ത്തും ജനസേവന സന്നദ്ധമാകണം. ഇത്തരത്തിലുള്ള അന്തരീക്ഷം നോടിക് രാജ്യങ്ങളിലുണ്ടെന്നതാണ് ആഗോള സന്തോഷ സൂചികയില്‍ അവരുടെ ആധിപത്യത്തിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
ഫിന്‍ലാന്റിലെ ജനങ്ങളെ റാന്‍ഡം സാംപ്ലിങ് മെത്തേഡ് പ്രകാരം ഇന്റര്‍വ്യൂ ചെയ്ത് CNBC ചാനല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരിലോരോരുത്തരും കല, ഗവേഷണം, ബിസിനസ്, പഠനം തുടങ്ങിയ സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ ഏര്‍പ്പെടുന്നവരാണ്. വിദ്യാര്‍ഥികള്‍ക്ക് ഫിന്‍ലാന്‍ഡ് സൗജന്യ വിദ്യാഭ്യാസം ഒരുക്കുന്നു. കലാപ്രവര്‍ത്തകര്‍ക്ക് വേതനം ലഭിക്കാത്ത അവസ്ഥയില്‍ ഗവണ്‍മെന്റ് മാസ നിരക്കില്‍ നിശ്ചിത തുക നല്‍കുന്നു. ഗര്‍ഭിണികള്‍ക്ക് പ്രസവവും പ്രസവാനന്തര ശുശ്രൂഷയും സൗജന്യമാണ്. കൂടാതെ, കുട്ടികളുടെ മാനസിക വളര്‍ച്ചക്കായി മാതാപിതാക്കള്‍ക്ക് സുതാര്യമായ അവധിദിനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പ്രസവാനന്തരം ആശുപത്രി വിടുമ്പോള്‍ ആദ്യകാലങ്ങളില്‍ കുട്ടിക്ക് ആവശ്യമായ വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ വരെ നല്‍കുകയും ചെയ്യുന്നു. ബിസ്്നസുകാരന്, ഗവണ്‍മെന്റ് നല്‍കി പോരുന്ന പരിശീലനങ്ങളിലൂടെ ആര്‍ജിച്ചെടുക്കുന്ന സൗമ്യമായ പെരുമാറ്റരീതിയും സഹകരണ മനോഭാവവും അയാളെ എംപ്ലോയി ഫ്രന്റ്‌ലി ബിസ്്നസുകാരന്‍ ആക്കുന്നു. പണിക്കാരുമായുള്ള ബന്ധം അവരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കാനും ബിസ്്നസ് മെച്ചപ്പെടാനും കാരണമാകുന്നു. ഇത്തരത്തില്‍ ഗവണ്‍മെന്റും സമൂഹവും ഒന്നായി ലക്ഷ്യത്തിലേക്ക് വഞ്ചി തുഴയുമ്പോള്‍ മാര്‍ഗം വളരെ എളുപ്പമാകുന്നുവെന്ന് ചുരുക്കം.
ഷോപുകളില്‍ പേഴ്‌സോ മറ്റു വില പിടിപ്പുള്ള വസ്തുക്കളോ മറന്നുവെച്ചാല്‍ തിരിച്ചുവരുമ്പോഴും അതവിടെ തന്നെ കാണുമെന്ന് CNBC ചാനല്‍ ഇന്റര്‍വ്യൂവില്‍ ഫിന്‍ലന്റുകാരന്‍ പറയുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ കൃത്യമായ മുന്‍കരുതലുകളില്ലാതെ വാഹനങ്ങളിട്ട് പോകുന്നത് അവര്‍ക്ക് ഒരു തരത്തിലുള്ള സുരക്ഷാഭീഷണിയും ഉണ്ടാക്കിയിട്ടില്ലത്രെ. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി സാമൂഹികബോധം ഉണ്ടാക്കിയെടുക്കാനും മോശമല്ലാത്ത ജീവിതനിലവാരം എല്ലാ ജനങ്ങള്‍ക്കും ഉറപ്പുവരുത്താനും ഫിന്‍ലാന്റിന് കഴിഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം.
ഇന്ത്യയുടെ കാര്യമെടുത്തുനോക്കൂ, സൂചികയിലെ ആദ്യത്തെ വേരിയബ്ള്‍ ആയ വേതനത്തില്‍ തന്നെ രാജ്യത്ത് അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു. കൂടാതെ വിവേചനവും അടിച്ചമര്‍ത്തലും ഉള്‍പ്പെടുമ്പോള്‍ ഒന്നാമത്തെ വേരിയബ്ള്‍ പ്രകാരം ഇന്ത്യ സന്തോഷ സൂചികയില്‍ പിന്നോക്കാവസ്ഥ ഉറപ്പിക്കുന്നു. സമകാലിക ഇന്ത്യനവസ്ഥ പ്രകാരം രാജ്യത്ത് ജനാധിപത്യം തകര്‍ച്ചയുടെ വക്കിലാണ്. ഏകാധിപത്യപ്രവണത തെളിഞ്ഞു നില്‍ക്കുന്ന നീക്കങ്ങള്‍ ഗവണ്‍മെന്റ് നേരിട്ട് നടത്തുന്നു, സ്വാതന്ത്ര്യം അതോടെ കൂമ്പടയുന്നു. മറ്റു വേരിയബ്ള്‍ ഘടകങ്ങളും ഇതേ മട്ടില്‍ തന്നെ. ജനങ്ങള്‍ക്ക് അഭിപ്രായ, ആവിഷ്‌കാര, ഭക്ഷണം സ്വാതന്ത്ര്യം വരെ വിലക്കപ്പെടുകയാണ്. ഗവണ്‍മെന്റിലുള്ള വിശ്വാസം രാഷ്ട്രീയബോധമുള്ള പൗരന് സാധിക്കാതെ വരുന്നു. ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യമോ, ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കുള്ള പോഷകാഹാരങ്ങളുടെ വിതരണത്തിന്റെ കണക്കെടുത്താല്‍ മാത്രം മതി എത്ര അലംഭാവവും അരക്ഷിതവുമാണ് രാജ്യത്തെ ആരോഗ്യരംഗമെന്ന് വിലയിരുത്താന്‍. ഈയിടെ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കിയ രാജ്യമാണ് ഇന്ത്യ. നിര്‍ബന്ധിത ബാല വിവാഹങ്ങളും കുടുംബങ്ങളില്‍ നിന്നുള്ള പീഡനങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുപ്പെടുന്നതിന്റെ തോത് ചെറുതല്ല. ഉദാരതയുടെ കാര്യമോ, സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ അതിദരിദ്രരും ആയിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥക്കുള്ളത്. ചൂഷണം മാത്രമാണ് ഉദാരമായി വിതരണം ചെയ്യപ്പെടുന്നത്. പിന്നെ ഏതു ബലത്തിലാണ് നമ്മള്‍ സന്തോഷ സൂചികയില്‍ പിടിച്ചുനില്‍ക്കുന്നത്? ജനസേവന സന്നദ്ധരായ ഗവണ്‍മെന്റും പൗരബോധമുള്ള ജനസമൂഹവുമാണ് ആദ്യമായി വേണ്ടത്. അതാണടിസ്ഥാനം. അതിനു മുകളിലാണ് ബാക്കിയെല്ലാം ■

Share this article

About റിഷാദ് ഇഖ്ബാല്‍

rishadcp58@gmail.com

View all posts by റിഷാദ് ഇഖ്ബാല്‍ →

Leave a Reply

Your email address will not be published. Required fields are marked *