യുദ്ധ’മെന്ന്’പേരുള്ളൊരാൾ

Reading Time: < 1 minutes

പ്രത്യക്ഷത്തിലൊരു
യുദ്ധമുഖത്തല്ലെങ്കിലും
“യുദ്ധം യുദ്ധ’മെന്നിരമ്പും.
കവചിത വാഹനങ്ങളുടെ നേര്‍ക്ക്
കൈവീശി കാണിക്കുന്നു,
ശത്രുരാജ്യത്തെ കൊന്നുതീര്‍ക്കുന്ന
പട്ടാളക്കാരനായി
സങ്കല്പിച്ചുണരുന്നു

നോക്കൂ…
“യുദ്ധം.. യുദ്ധ’മെന്ന് നൃത്തംചെയ്യുന്ന
കൈകാലുകളുള്ളയാള്‍ ഞാനാണ്.
ഉന്നംതെറ്റിയ വെടിയുണ്ടകളെയോര്‍ത്ത്
അതിര്‍ത്തിയോളം ചെന്ന്
പൊട്ടിത്തെറിച്ചേക്കാവുന്നയാളും
ഞാന്‍ തന്നെയാണ്.
വാക്കില്‍ പൊതിഞ്ഞ മൈനുകളുമായി
ഉറക്കത്തില്‍ ശത്രുരാജ്യം താണ്ടുന്നു,
വീടുകള്‍ കൊള്ളയടിക്കുന്നു,
കുഞ്ഞുങ്ങളുടെ കരച്ചിലിനെ
കുഴിവെട്ടി മൂടുന്നു.

എന്റെയാകാശം ,
“സമാധാന’മെന്ന് പറന്ന്
രോമാഞ്ചപ്പെടും പ്രാക്കൂട്ടങ്ങള്‍ക്കുള്ളതല്ല
ഞങ്ങള്‍ യുദ്ധവിമാനങ്ങളായി പറന്നുചെല്ലും,
കല്ലുവെച്ച നുണകളുടെ വെടിച്ചില്ല് തുപ്പും
നോക്കൂ.. നോക്കൂ..
ഏതാള്‍ക്കൂട്ടത്തിലും
യുദ്ധത്തിന്റെ മൂളക്കമുള്ളത് പേലെ
ഏത് വിചാരവും മൂര്‍ച്ചകൊണ്ട്

രക്തം പൊടിയുന്നത് പോലെ
ഓരോ കൈക്കുഴയും ഓരോ കരച്ചിലിനെ
ഉന്നംവെക്കുന്നത് പോലെ
ഏതൊരു ലോലഹൃദയവും
ശത്രുരാജ്യമെന്ന് മണം പിടിച്ച്
കഠിനമാകും പോലെ.

പടക്കോപ്പുകളെയല്ല
അതിന്റെ മുരള്‍ച്ചയേയുമല്ല
എന്നെ,
എന്നെമാത്രം
യുദ്ധമെന്ന് പേരിട്ട് വിളിക്കൂ.

Share this article

About മുനീർ കെ ഏഴൂർ

muneerabdul.ezhur@gmail.com

View all posts by മുനീർ കെ ഏഴൂർ →

Leave a Reply

Your email address will not be published. Required fields are marked *