ബോട്ടണി; മുസ്ലിം ഇടപെടലുകളുടെ കാലം

Reading Time: 2 minutes

ശാസ്ത്രസാങ്കേതിക വ്യവഹാരങ്ങളുടെ ചരിത്രം വന്‍കരകള്‍ക്കു കുറുകെ നടന്ന സഞ്ചാരങ്ങളുടെ കൂടി ചരിത്രമാണ്. ലോകത്ത് ശാസ്ത്രം വളര്‍ന്നതും വികസിച്ചതും വിജ്ഞാനകുതുകികളും ബഹുഭാഷാ നിപുണരുമായ പണ്ഡിതന്മാരുടെ ദേശാടനം മൂലമാണ്. ഇസ്‌ലാമിക സംസ്‌കൃതിയില്‍, സ്രഷ്ടാവിന്റെ കലാമിനെ കുറിച്ചും സൃഷ്ടി വൈഭവങ്ങളെ കുറിച്ചുമുള്ള വിചിന്തനങ്ങളാണ് പ്രകൃതിയെ പറ്റി വായിക്കാനും അന്വേഷിക്കാനും മധ്യകാല മുസ്‌ലിം യുവതയെ പ്രാപ്തമാക്കിയത്. ദൈവിക സൂക്തങ്ങളെ മനസിലാക്കാനും പ്രകൃതിയിലെ സസ്യ വൈവിധ്യങ്ങളെ ഇഴകീറി പരിശോധിക്കാനുമുള്ള ജിജ്ഞാസ അക്കാലത്തെ മുസ്‌ലിം പണ്ഡിതരില്‍ കുരുത്തു.
ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിക്കപ്പെട്ട ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ഇസ്‌ലാമിക് ബോട്ടണി ഉരുവം കൊള്ളുന്നത്. ഈ മേഖലയില്‍ ഗവേഷകര്‍ക്ക് ഏറ്റവും സഹായകമായ മൂലഗ്രന്ഥം ജാമി ബിന്‍ ബയ്യാറിന്റേതായിരുന്നു. 1248ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ പുസ്തകത്തിൽ സസ്യവര്‍ഗമടങ്ങുന്ന രണ്ടായിരത്തിൽപരം ഔഷധ വസ്തുക്കളെപ്പറ്റിയാണ് പ്രതിപാദ്യം. പിന്നീട്, ക്രൂസൈഡില്‍ (മുസ്‌ലിം ഭരണപ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ യൂറോപ്പ് അടിയന്തിരമായി പട്ടാളത്തെ അയക്കുന്ന സമ്പ്രദായം) പങ്കുചേര്‍ന്നിരുന്ന വൈദ്യന്മാര്‍ അറബികളുടെ ഈ ഔഷധ സൂത്രവാക്യങ്ങളുമായി യൂറോപിലേക്ക് ചേക്കേറി. ഇതുമൂലം, മധ്യകാലത്തെ സസ്യവിഭവങ്ങളുടെ കമ്പോളം അന്താരാഷ്ട്ര വിപണികളില്‍ തന്നെ കൊടിയ ലാഭമുണ്ടാക്കി.
ഒരുഭാഗത്ത്, ഖിലാഫത്ത് വ്യവസ്ഥയിലേക്കുള്ള ജൂത ക്രൈസ്തവരുടെ കടന്നുകയറ്റവും മറുഭാഗത്ത് മുസ്‌ലിം സമുദായത്തിന്റെ ദൈനംദിന ആവശ്യങ്ങളും സസ്യശാസ്ത്രം പഠിക്കാന്‍ മുസ്‌ലിംകളെ നിര്‍ബന്ധിതരാക്കി. ചൈനയടങ്ങുന്ന കിഴക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് മൂല്യം ചോരാതെ പകര്‍ത്തിയെഴുതിയ ഗ്രന്ഥങ്ങള്‍ മാതൃഭാഷയിലേക്കു മൊഴിമാറ്റം നടത്തുക എന്നതായിരുന്നു ശ്രമകരമായ പ്രഥമ ദൗത്യം. സസ്യ ശാസ്ത്രത്തിന്റെ അടിസ്ഥാന ശിലകളില്‍ നിന്നും സ്വായത്തമാക്കിയ നിരീക്ഷണങ്ങള്‍ അവരെ പുതിയ സമവാക്യങ്ങളിലെത്തിച്ചു. ഇവയില്‍ പലതും പിന്നീട് വിപ്ലവാത്മകമായ കണ്ടുപിടുത്തങ്ങളിലേക്കും അറബികളെ നയിച്ചിട്ടുണ്ട്.
അബ്ബാസി ഭരണകാലത്ത് ലോകത്തു സംഭവിച്ച ശാസ്ത്ര സാങ്കേതിക മികവുകളെ പൊതുവത്കരിക്കപ്പെടുമ്പോഴും മുസ്‌ലിം എന്ന ഘടകം കേന്ദ്രബിന്ദുവാകേണ്ട സ്ഥിതിവിശേഷം സംജാതമായിടത്താണ് ഇസ്‌ലാം വിജയിക്കുന്നത്. ഇതിനുപിന്നില്‍ സമകാലത്തെ പണ്ഡിത വരേണ്യരുടെ സ്വാധീനം ചെറുതല്ല. ബഹുഭാഷാ പണ്ഡിതര്‍ ശാസ്ത്ര മേഖലയുടെ പുരോഗതിക്കു ബീജാവാപം നല്‍കി. ഗ്രീക്കില്‍ നിന്നും ഹിന്ദിയില്‍ നിന്നും അറബിയിലേക്ക് അസംഖ്യം കൃതികള്‍ ഭാഷാന്തരം ചെയ്യപ്പെട്ടു. അക്കാലത്ത് സസ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നതില്‍ ഹനാന്‍ ബിന്‍ ഇസ്ഹാഖിനു കാതലായ പങ്കുണ്ടായിരുന്നു. ലെക്ലെര്‍ക്കിന്റെ അഭിപ്രായത്തില്‍ ഹനാന്‍ ഇങ്ങനെ മൊഴിമാറ്റം നടത്താന്‍ കൂട്ടാക്കിയിരുന്നില്ലായിരുന്നുവെങ്കില്‍ പൗരസ്ത്യദേശം ശാസ്ത്രത്തിന്റെ വെളിച്ചമെത്താത്ത മണ്ണായി കാലങ്ങളോളം ശോഷിച്ചുപോയേനെ. തല്‍ഫലമായി മുസ്‌ലിം ചിന്തകര്‍ക്ക് ശാസ്ത്രീയ അവബോധം കൈവരികയും ഇസ്‌ലാമിക നാഗരികതയില്‍ ബോട്ടണിയുടെ ശില പാകുകയും ചെയ്തു.
ഹിജ്‌റ അഞ്ചാം നൂറ്റാണ്ട് ബൊട്ടാണിക്കല്‍ സയന്‍സിന്റെ വളര്‍ച്ചയുടെയും ഈടുവയ്പ്പിന്റെയും ആവിര്‍ഭാവകാലമാണ്. മുസ്‌ലിംകളായ സസ്യ ശാസ്ത്ര വിചക്ഷണരുടെ ആഗമനവും നിരീക്ഷണ പരീക്ഷണങ്ങളും അറിവു തേടിയുള്ള പ്രയാണങ്ങളുമെല്ലാം ഈ ശാഖയുടെ വളര്‍ച്ചക്ക് കരുത്തു പാകി. ഇസ്‌ലാമിക സ്‌പെയിനിലെ സസ്യ ഗവേഷകരും ശാസ്ത്രസാഹിത്യകാരൻമാരും ചേര്‍ന്നു തയാറാക്കിയ കൃഷിയിടത്തിലെ പ്രവാചക മാതൃകകളും ഹദീസിലെ വൃക്ഷ സങ്കല്‍പങ്ങളുമടങ്ങുന്ന ഗ്രന്ഥങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി. ഈ കാലഘട്ടത്തില്‍ അന്തലൂസിലെ മുസ്‌ലിംകള്‍ ഇറാനിയന്‍ മാതൃകയിലുള്ള പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചു. അതിനുവേണ്ട ജലസേചന പദ്ധതികളും ആവിഷ്‌കരിച്ചു. ഇതിലൂടെ പുറംനാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന സസ്യങ്ങളെ വളര്‍ത്താനും കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കാനും അവര്‍ക്കു സാധിച്ചു.
ഇസ്‌ലാമിക നാഗരികതയില്‍ ബോട്ടണി വളരെ പ്രോജ്വലമായി വിളങ്ങിയ കാലയളവാണ് ശേഷം വന്ന രണ്ടു ശതകങ്ങള്‍. സസ്യ മേഖലയിലുണ്ടായ പുതിയ കണ്ടെത്തലുകളുടെയും വലിയ നേട്ടങ്ങളുടെയും അനന്തരഫലമായി എണ്ണമറ്റ ശാസ്ത്ര പ്രതിഭകള്‍ ബോട്ടണിയില്‍ തത്പരരായി മുന്നോട്ടുവന്നതാണ് ഇതിനു കാരണം. നേട്ടങ്ങളില്‍ എടുത്ത് പറയാവുന്നത് ശാസ്ത്ര ബന്ധിത ട്രിപ്പുകളുടെ വൈപുല്യമാണ്. ചെടികളിലെ ഔഷധങ്ങളെപ്പറ്റിയും മറ്റുമായി മുന്‍കഴിഞ്ഞ കാലത്തേതിനേക്കാള്‍ കുറ്റമറ്റ പ്രബന്ധരചനകളും ശാസ്ത്രകൃതികളുടെ പ്രസാധനവും ഉജ്വലമായ വിജയത്തിന് ആക്കംകൂട്ടി. ഔഷധ ശാഖയുടെ പ്രഥമ എന്‍സൈക്ലോപീഡിയ വികസിപ്പിച്ചെടുക്കാനും ചെടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളെയും സമൂലമായി ചിത്രീകരിക്കാനും മുസ്‌ലിം ബോട്ടണിസ്റ്റുകള്‍ക്കു സാധിച്ചു. ഗവേഷണങ്ങളുടെ ആത്യന്തികവും ധാര്‍മികവുമായ ലക്ഷ്യങ്ങൾ കൃത്യമായി രേഖപ്പെടുത്താനും അവര്‍ ശ്രമിച്ചു.
എട്ടാം നൂറ്റാണ്ട് ഇസ്‌ലാമിക് ബോട്ടണിക് പതനത്തിന്റെ കാലമായിരുന്നു. ശാസ്ത്ര ഗവേഷണരംഗത്തെ മുസ്‌ലിംകള്‍ നിയന്ത്രിച്ച നീണ്ട മൂന്ന് ശതകങ്ങളുടെ അന്ത്യം അതോടെ സംഭവിച്ചു. പക്ഷേ, ബോട്ടണിയും മെഡിസിനുമടങ്ങുന്ന പല ശാസ്ത്ര മേഖലകളിലും മുസ്‌ലിംകളുടെ തീവ്രപരിശ്രമത്തിനു കാലം സാക്ഷിയായ നൂറുവര്‍ഷം കൂടിയായിരുന്നു അത് ■

Share this article

About ഉവൈസ് കല്‍പകഞ്ചേരി

pkmuvais57@gmail.com

View all posts by ഉവൈസ് കല്‍പകഞ്ചേരി →

Leave a Reply

Your email address will not be published. Required fields are marked *