ഓട്ടോമൻ കാലത്തെ റമളാൻ

Reading Time: 3 minutes

മതപരമായും സാംസ്‌കാരികപരമായും ഒരുപാട് പാരമ്പര്യാനുഭവങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഓര്‍മിക്കുകയും ജീവസുറ്റതാക്കുകയും ചെയ്യുന്ന കാലം കൂടിയാണ് റമളാന്‍. ഓരോ റമളാനിലും കുടുംബത്തിലെ മൂത്ത അംഗങ്ങള്‍, അവരുടെ കുട്ടിക്കാലം മുതലുള്ള റമളാന്‍ അനുഭവങ്ങള്‍ വലിയ ഗൃഹാതുരത്വത്തോടെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നു. അത്തരത്തിൽ കൗതുകകരമായ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ചില റമളാന്‍ ആചാരങ്ങളെ നോക്കൂ.
ചന്ദ്രോദയം കണ്ടുകൊണ്ടാണ് മറ്റു മാസങ്ങളെ പോലെ റമളാന്‍ മാസത്തിന്റെയും ആരംഭം നിര്‍ണയിച്ചിരുന്നത്. നിരവധി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആളുകള്‍ പരമ്പരാഗതമായി ഉപയോഗിച്ചു പോന്ന രീതിയാണിത്. ഓട്ടോമന്‍മാരും ഈ രീതി തന്നെയാണ് പിന്തുടര്‍ന്നത്. ഇസ്‌ലാമിക/ ചന്ദ്ര കലണ്ടര്‍ അനുസരിച്ച് പുതിയ മാസത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്ന ഹിലാലിന്റെ/ചന്ദ്രക്കലയുടെ വ്യക്തമായ അടയാളം കണ്ടെത്താന്‍ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നല്ല കാഴ്ചയുള്ള നിരീക്ഷണ യോഗ്യരെ നിയമിക്കും. ജോലിയില്‍ ഏർപെട്ടിരിക്കുന്നവരില്‍ ഒരാള്‍ ഹിലാലിനെ കണ്ടുകഴിഞ്ഞാല്‍, അദ്ദേഹം കോടതിക്ക് മുന്നില്‍ ഖാളിയെ (മുസ്‌ലിം ജഡ് ജിയെ) അറിയിക്കും. രണ്ട് സാക്ഷികള്‍ ഹാജരായി, “ഈ സമയത്ത് ഹിലാലിനെ കണ്ടതായി ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു’ എന്ന് സത്യം ചെയ്യണം. ഈ വിവരം ഖാളി സ്ഥിരീകരിച്ച് പ്രഖ്യാപിക്കുന്നതോടെ വിശുദ്ധ റമളാന്‍ മാസം ഔദ്യോഗികമായി ആരംഭിക്കും. കോടതിക്ക് പുറത്ത് കാത്തുനില്‍ക്കുന്ന മഹയ എന്ന പേരില്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥര്‍ റമളാന്റെ ആഗമനത്തെക്കുറിച്ച് അറിയിക്കുകയും അത് പള്ളികളുടെ മിനാരങ്ങളില്‍ നിന്ന് ജനങ്ങളോട് വിളിച്ചുപറയുകയും ചെയ്യുന്നു. രണ്ട് സാക്ഷികളോടൊപ്പം ഹിലാലിനെ ദര്‍ശിച്ച കാര്യം ആദ്യമായി കോടതിയെ അറിയിക്കുന്ന വ്യക്തിക്ക് കോടതി പ്രതിഫലവും നല്‍കും.
റമളാന്‍ വരുന്നതിന് തൊട്ടുമുമ്പ്, ആളുകള്‍ ചെവി കൊള്ളേണ്ട ഉപദേശങ്ങളുടെ (വറഖായെ മഖ്‌സൂസ) ഔദ്യോഗിക പ്രഖ്യാപനം അതാത് സമയങ്ങളിലെ ഭരണകൂടം പ്രസിദ്ധീകരിക്കും. ഇത് ചെയ്യുന്നതിലൂടെ റമളാന്‍ മാസത്തില്‍ ജനങ്ങളുടെ സമാധാനവും ക്ഷേമവും ഉറപ്പാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു. വീടുകളിലും തെരുവുകളിലും കടകളിലും ശുചിത്വം പാലിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു. തെരുവുകളിലും കടകളിലും സ്ത്രീകളോട് ആദരവ് കാണിക്കാനും പ്രത്യേകം പറയാറുണ്ട്. തിരിച്ചറിയപ്പെടാതിരിക്കാന്‍ സുൽത്ത്വാന്‍, സാധാരണ ജനങ്ങളുടെ വസ്ത്രം ധരിച്ച് പൊതു സന്ദര്‍ശനങ്ങള്‍ നടത്തിയേക്കുമെന്ന് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കും. ആരെങ്കിലും അദ്ദേഹത്തെ തിരിച്ചറിഞ്ഞാല്‍, എങ്ങനെ പെരുമാറണമെന്ന് ഔദ്യോഗിക സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ടാവാം. നര്‍ഹ് വിലകള്‍ ശരിയായി പ്രയോഗിച്ചിട്ടുണ്ടോ ഇല്ല യോ എന്ന് പരിശോധിക്കാന്‍ ഷോപുകളും ബസാറുകളുമാണ് സുല്‍ത്താന്മാര്‍ ഏറ്റവുമധികം സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍.
പ്രധാനപ്പെട്ട ചില ഭക്ഷ്യവസ്തുക്കള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വിലയാണ് നര്‍ഹ്. ഇത് പൊതുവെ വളരെ കുറവായിരിക്കും. റമളാന്‍ മാസത്തില്‍ പാവപ്പെട്ടവരുടെ ഷോപിങ് ചെലവുകള്‍ ലഘൂകരിക്കുന്നതിനും സ്വമേധയാ ഉള്ള വിലക്കയറ്റം തടയുന്നതിനും ഉപയോഗിക്കുന്ന വിലനിശ്ചയ നയമാണിത്. ഓട്ടോമന്‍ സാമ്രാജ്യത്തിലെ പള്ളി ഇമാമുമാർ മുഖേനയാണ് കടയുടമകള്‍ക്ക് നര്‍ഹ് രേഖകള്‍ കൈമാറിയിരുന്നത്.
റമളാന്‍ ദാനധര്‍മത്തിന്റെ മാസം കൂടി ആയതിനാല്‍, സകാത്ത്, ഫിത്വര്‍ സകാത്ത് എന്നിവക്ക് പുറമേ റമളാനില്‍ ദരിദ്രരെ സഹായിക്കുന്നതിനായി “സ്വദഖ തശി’ പോലോത്ത (charity stone) നിരവധി പാരമ്പര്യ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ഓരോ പള്ളിമുറ്റത്തും ഒരു വ്യക്തിയോളം ഉയരമുള്ള ശിലാസ്തംഭങ്ങള്‍ സ്ഥാപിക്കുന്നു. ഈ ചാരിറ്റി കല്ലുകളുടെ മുകള്‍ ഭാഗം ഒരു പാത്രത്തിന്റെ ആകൃതിയിലായിരിക്കും ഉണ്ടാവുക. സമ്പന്നരായ ആളുകള്‍ അസര്‍ നിസ്‌കാരത്തിന് പള്ളിയില്‍ വരുമ്പോള്‍ ആ പാത്രത്തില്‍ പണം നിക്ഷേപിക്കുന്നു. സൂര്യാസ്തമയ സമയത്ത്, ദരിദ്രര്‍ വന്ന് അവന് ആവശ്യമുള്ളത്രയും എടുക്കുകയും ബാക്കി പണം ആ പാത്രത്തില്‍ തന്നെ തിരിച്ചിടുകയും ചെയ്യുന്നു. ആവശ്യമുള്ളവര്‍ക്കെല്ലാം ചാരിറ്റി കല്ലുകളില്‍ നിന്ന് മതിയായ പണം ലഭിക്കും. ഈ സമ്പ്രദായത്തിലൂടെ, ദരിദ്രരെ അവരുടെ സാമ്പത്തിക പരിതാവസ്ഥയില്‍ നിന്ന് അതിജീവിക്കാന്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുമ്പോള്‍ ഉണ്ടാകുന്ന അപമാനത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. ഓട്ടോമന്‍ സംസ്‌കാരത്തില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച ചാരിറ്റി കല്ലുകളില്‍ ചിലത് ഇപ്പോഴും തുര്‍ക്കിയിലും ബാല്‍ക്കണിലും ശേഷിക്കുന്നുണ്ട്. ഉസ്‌കുദാര്‍ മുനിസിപ്പാലിറ്റിയില്‍ ഒരു കാലത്ത് ഏറ്റവും അറിയപ്പെട്ട ചാരിറ്റി കല്ല് ഇപ്പോഴും കാണാം.
ഓട്ടോമന്‍ ചാരിറ്റി പാരമ്പര്യത്തിലെ മറ്റൊരു ആചാരമാണ് റൊട്ടി തൂക്കിയിടല്‍. ഇത് റമളാനില്‍ മാത്രമായിരുന്നില്ല. പക്ഷേ കൂടുതലായും റമളാന്‍ മാസത്തിലായിരുന്നു. റൊട്ടി വാങ്ങുന്നവര്‍ ആവശ്യത്തിനു പുറമേ മറ്റൊരു റൊട്ടി കൂടി വാങ്ങും. കടയുടെ മുന്‍വശത്തുള്ള ഒരു ഹാംഗറില്‍ ആ അധികറൊട്ടി തൂക്കിയിടും. നിര്‍ധനരായ ആവശ്യക്കാര്‍ ഭക്ഷണം വേണ്ട സമയമത്ത് അതെടുത്ത് ഭക്ഷിക്കും. ചില സമ്പന്നരായ ഓട്ടോമന്‍സ് ചന്തയിലെ കടകളില്‍ ചെന്ന് ദരിദ്രരായ ആളുകള്‍ കൊടുത്തുവീട്ടാനുള്ള കടം സ്വന്തം സമ്പത്തില്‍ നിന്ന് വീട്ടുകയും ചെയ്യും.
മുഹമ്മദ് നബി(സ്വ) പറയുന്നു: “നിങ്ങളുടെ അടിമകള്‍ നിങ്ങളുടെ സഹോദരന്മാരാണ്, അല്ലാഹു അവരെ നിങ്ങളുടെ കല്‍പനക്ക് വിധേയമാക്കി തന്നിട്ടുണ്ട്. അതിനാല്‍ നിങ്ങളിലാര്‍ക്കെങ്കിലും നിങ്ങളുടെ കല്‍പനക്ക് കീഴിലുള്ള സഹോദരനുണ്ടെങ്കില്‍ നിങ്ങള്‍ ഭക്ഷിക്കുന്നത് അവനെ ഭക്ഷിപ്പിക്കുകയും നിങ്ങള്‍ ധരിക്കുന്നവയില്‍ നിന്ന് അവനെ ധരിപ്പിക്കുകയും വേണം. അവരുടെ കഴിവിനപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ അവരോട് ആവശ്യപ്പെടരുത്. ഇനി അങ്ങനെ ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കുക.’ ഈ ഹദീസിന്റെ വെളിച്ചത്തില്‍, അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് നോമ്പുകാലത്ത് ജോലിചെയ്യുന്നത് മൂലമുണ്ടാകുന്ന ക്ഷീണത്തെ ലഘൂകരിക്കുന്നതിനും റമളാന്‍ വേളയില്‍ ആരാധനക്ക് ആവശ്യമായ സമയം നല്‍കുന്നതിനും ഒട്ടോമന്‍ ഭരണകൂടം വ്യത്യസ്ത പ്രവൃത്തി സമയം നിര്‍ദേശിച്ചുകൊണ്ട് സാമൂഹിക ജീവിതത്തെ പുനഃസംഘടിപ്പിച്ചിരുന്നു. കൂടാതെ, വിശുദ്ധ മാസത്തിലെ അവസാന പത്തു ദിവസങ്ങള്‍ക്ക് മുഹമ്മദ് നബി(സ്വ) പ്രത്യേക പദവി നല്‍കിയതിനാല്‍ ഭരണകൂടം പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. വിശ്വാസികള്‍ക്ക് പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാനും ആരാധന കര്‍മങ്ങളില്‍ മുഴുകാനുമാണ് സര്‍ക്കാര്‍ അവധി നല്‍കിയിരുന്നത്. റമളാനില്‍ ആസ്വാദനത്തിനു കൂടി സമയം കണ്ടെത്തിയിരുന്നു. ആളുകള്‍ പകലില്‍ നോമ്പും പ്രാര്‍ഥനകളും മറ്റു ആരാധനാ കര്‍മങ്ങളുമായി വ്യാപൃതായിരിക്കും. പക്ഷേ, നോമ്പ് മുറിച്ചശേഷം രാത്രികളില്‍ സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന സല്‍പ്രവൃത്തികളില്‍ ഏര്‍പ്പെടും.
റമളാനില്‍ നഗരത്തിന് ചുറ്റും, പ്രത്യേകിച്ച് പള്ളികളില്‍ എണ്ണ വിളക്കുകള്‍ കൊണ്ട് പ്രകാശിപ്പിക്കും. പള്ളികളുടെ മിനാരങ്ങള്‍ക്കിടയില്‍ പതിച്ചിരുന്ന വിളക്കുകള്‍ക്കടിയില്‍ പുണ്യ റമളാന് സ്വാഗതം എന്ന് എഴുതി വെക്കും. ഓട്ടോമന്‍ കാലത്ത് പിറവിയെടുത്ത, തിളങ്ങുന്ന വിളക്കുകള്‍ കൊണ്ട് എഴുതുന്ന ഈ രീതിക്ക് മാഹ്‌യ എന്നാണ് പറയുക. റമളാന്‍ അവസാനിക്കുമ്പോള്‍ അല്‍ ഫിറാഖ് (വിടവാങ്ങല്‍) എന്നെഴുതി തൂക്കും. മാഹ്‌യ സംസ്‌കാരം അക്കാലത്തെ റമളാന്റെ സ്വഭാവമായിരുന്നു. ഇന്നും അത് തുടരുന്നു.
ഇഫ്താര്‍ കഴിഞ്ഞ് ആളുകള്‍ പൊതു ചത്വരങ്ങളില്‍ ഒത്തുകൂടും. സൂഫി സംഗീതജ്ഞരുടെ പ്രകടനങ്ങളും കരാഗോസ് നിഴല്‍നാടകങ്ങളും മാജിക് ഷോകളും കവിതാ പാരായണവും ആസ്വദിക്കും. റമളാന്‍ മാസത്തില്‍ കോഫി ഹൗസുകള്‍ കലയുടെ കേന്ദ്രങ്ങളായി മാറും. വസന്തകാലത്താണ് റമളാന്‍ വന്നതെങ്കില്‍ ബോസ് ഫറസിലൂടെ മൂണ്‍ലിറ്റ് ബോട്ട് യാത്രകളും ഉണ്ടാകും.
റമളാനിലെ പ്രധാന സവിശേഷതകളിലൊന്ന് ഡാവുജുലാര്‍ ആണ്. റമളാന്‍ വേളയില്‍ ഡ്രമ്മുകള്‍ അടിച്ചും കവിതകള്‍ വായിച്ചും വിശ്വാസികളെ അത്താഴം കഴിക്കാന്‍ ഉണര്‍ത്തുക എന്ന ചുമതലയായിരുന്നു ഡാവുജുലാര്‍ക്കുണ്ടായിരുന്നത്. റമളാന്‍ അവസാനിക്കുമ്പോള്‍, ഡ്രമ്മര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ സേവനത്തിനുള്ള കൂലി ശേഖരിക്കും. അലാറം ക്ലോക്കുകള്‍ വിനിയോഗിക്കുന്ന ആളുകളുടെ പരാതികളുണ്ടെങ്കിലും തുര്‍ക്കിയില്‍ ഈ പാരമ്പര്യം ഇന്നും നിലനില്‍ക്കുന്നു.
ഒത്തൊരുമയുടെയും സമൃദ്ധിയുടെയും നനവുള്ള ചില റമളാന്‍ ഓര്‍മകള്‍ ആണിവ. ഓട്ടോമന്‍ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഇത്തരം പല റമളാന്‍ അനുഭവങ്ങളും ആചാരങ്ങളും നമുക്ക് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, ആധുനിക ജീവിതത്തിന്റെ തിരക്കിലും സമ്മര്‍ദത്തിലും ഇത്തരം കാര്യങ്ങള്‍ ക്രമീകരിക്കാന്‍ നമുക്ക് കഴിയുന്നില്ല. അതിനാല്‍ റമളാനിന്റെ മൗലികഭാവം തിരിച്ചറിയുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നു. തനദ്‌ രുചി അനുഭവിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട് ■

Share this article

About ആയിഷ ബതൂല്‍ കയഹാന്‍, വിവര്‍ത്തനം: എന്‍. മുഹമ്മദ് ഖലീല്‍

View all posts by ആയിഷ ബതൂല്‍ കയഹാന്‍, വിവര്‍ത്തനം: എന്‍. മുഹമ്മദ് ഖലീല്‍ →

Leave a Reply

Your email address will not be published. Required fields are marked *