അമേരിക്കയിലെ ന്യൂനപക്ഷാതിക്രമങ്ങളുടെ പിന്നാമ്പുറങ്ങള്‍

Reading Time: 3 minutes

ദേശ-വംശീയാതിക്രമങ്ങള്‍ അമേരിക്കയില്‍ തുടര്‍ക്കഥകളാണ്. ന്യൂനപക്ഷ സമുദായാഗംങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങളും നിരന്തരം നടക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ കൂട്ടവെടിവെപ്പുകള്‍ മൂന്ന് സ്പാകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആറ് ഏഷ്യന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരുപതുകാരനായ ഒരു വെള്ളക്കാരനെയാണ് പ്രതിയായി അറസ്റ്റ് ചെയ്തത്. യുഎസ്സിലുടനീളം വ്യാപിച്ച ബഹുജന പ്രതിഷേധം രാജ്യത്തെ വംശവിദ്വേഷത്തിന്റെ പുതിയ സംഭവം ആഗോള ശ്രദ്ധനേടാനിടയാക്കി.
വെള്ളക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന അക്രമകാരികള്‍ മാരകായുധങ്ങളേന്തി ഏഷ്യക്കാര്‍, ആഫ്രിക്കന്‍ അമേരിക്കക്കാര്‍, അറബികള്‍, മുസ്‌ലിംകള്‍, ജൂതന്മാര്‍, സിഖുകാര്‍ തുടങ്ങിയവര്‍ക്ക് നേരെ ക്രൂരകൃത്യങ്ങള്‍ നടത്തുകയാണ്. തങ്ങള്‍ക്ക് അഭികാമ്യരല്ലെന്ന് കരുതുന്ന ജനങ്ങളെ “അവരുടെ രാജ്യത്ത്’ നിന്ന് നീക്കി വംശീയ ശുദ്ധീകരണമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
ഈ പ്രക്രിയക്ക് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. ഈ നാട് “കണ്ടെത്തിയ’ സ്‌പെയിന്‍കാര്‍ അവിടത്തെ നിവാസികളെ കൊല ചെയ്യാന്‍ തുടങ്ങി. ഒരുപാട് കൊലപാതകങ്ങള്‍ക്കിടയാക്കിയ അറ്റ്‌ലാന്റിക് രാജ്യങ്ങളിലെ അടിമക്കച്ചവടവും “ആഫ്രോ അമേരിക്കക്കാരെ’ കൊന്നൊടുക്കലും ഇതിന്റെ തുടര്‍ച്ചകളായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ ക്രിമിനല്‍ വെള്ളക്കാര്‍ “അവരുടെ രാജ്യത്ത്’ കാണാനാഗ്രഹിക്കാത്ത മറ്റ് കുടിയേറ്റ വിഭാഗങ്ങളിലേക്കും ഈ നീച പ്രവൃത്തികളെ വ്യാപിപ്പിച്ചിരിക്കുകയാണ്.
അവര്‍ക്ക് “വെള്ളക്കാര്‍ മാത്ര’മായ ഒരു രാജ്യം വേണം. അത് സാക്ഷാത്കരിച്ചാല്‍ അവര്‍ പരസ്പരം കടിച്ചുകീറാന്‍ തുടങ്ങും. ഇറ്റലിക്കാര്‍, ഐറിഷ്, ജർമന്‍സ്, സ്‌കോട്ട്‌ലാന്റുകാര്‍, പോളണ്ടുകാര്‍ സ്‌കാന്‍ഡിനേവിയന്‍സ് തുടങ്ങിയവർക്ക് നേരെ വംശീയാതിക്രമങ്ങള്‍ പുനരാരംഭിക്കും. കാരണം “വൈറ്റ് മാന്‍’ എന്നത് ഒരു ‘ക്രിമിനല്‍ സങ്കർപം’ മാത്രമാണ്.

ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള
അക്രമങ്ങള്‍
2012 ഓഗസ്റ്റ് 5 ന് വൈറ്റ് സൂപർമാസിറ്റായ വേഡ് മൈക്കല്‍ പേജ് എന്ന യു എസ് സൈനികന്‍ വിസ്‌കോണ്‍സിനിലുള്ള ഓക്ക് ക്രീക്കിലെ ഒരു സിഖ് ക്ഷേത്രത്തില്‍ ആക്രമണം നടത്തി ആറ് പേരെ മാരകമായി വെടിവെച്ചു കൊല്ലുകയുണ്ടായി. മാരകമായി മുറിവേറ്റ ഏഴാമത്തെ ഇര 2020ലാണ് മരിച്ചത്. കൂട്ടക്കൊലക്ക് ശേഷം ക്ഷേത്രത്തിന് പുറത്ത് ഈ പോലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റു.
2015 ഫെബ്രുവരി 10 ന് ഫലസ്തീന്‍ വംശജരും ജോര്‍ദാന്‍ അമേരിക്കക്കാരനുമായ ഡേ ഷാഡി ബറകാത്ത്, ഭാര്യ യൂസര്‍ മുഹമ്മദ് അബൂസല്‍ഹ, അവരുടെ സഹോദരി റസാന്‍ മുഹമ്മദ് അബൂസല്‍ഹ എന്നിവരെ നോര്‍ത്ത് കരോലിനയിലെ ചാപല്‍ ഹില്ലിലുള്ള വീട്ടില്‍ കൊലപ്പെടുത്തുകയുണ്ടായി. അവരെല്ലാം അവിടെയുള്ള പ്രാദേശിക സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളായിരുന്നു.സംഭവത്തെ തുടര്‍ന്ന് അവരുടെ വെളുത്ത വര്‍ഗക്കാരനായ അയല്‍വാസി “ക്രെയ്ഗ് സ്റ്റീഫന്‍ ഹിക്‌സ്’ അറസ്റ്റു ചെയ്യപ്പെടുകയും ഗുരുതരമായ കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും തുടര്‍ച്ചയായി മൂന്ന് ജീവപര്യന്തം തടവേര്‍പ്പെടുത്തുകയും ചെയ്തു. “പാർക്കിങ് തര്‍ക്ക’മാണ് ഈ കൂട്ടക്കൊലപാതകത്തിന് കാരണമായതെന്നും എന്നാല്‍ അടിസ്ഥാനപരമായി വംശീയമായി വൈറ്റ് വാഷ് ചെയ്യപ്പെട്ടത് കൊണ്ടാണ് ഈ ക്രൂരതക്ക്, പ്രതി തയാറായതെന്നുമാണ് യുഎസിലെ സ്വാതന്ത്രമാധ്യമങ്ങള്‍ പറഞ്ഞത്.
2015 ജൂണ്‍ 17ന്, സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണില്‍, അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ ഏറ്റവും പഴയ പള്ളികളിലൊന്നായ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ ബൈബിള്‍ പഠനത്തിനിടെ ഒമ്പതു ആഫ്രിക്കന്‍ അമേരിക്കക്കാരെ കൊലപ്പെടുത്തി. കൊലപാതകം നടത്തിയതിന് ഡിലന്‍ റൂഫ് എന്ന വെളുത്ത മേധാവിത്വ തീവ്രവാദിയെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
2018 ഒക്ടോബര്‍ 27 ന് 46 കാരനായ റോബര്‍ട്ട് ഗ്രിഗറി ബോവേഴ്‌സ് എന്ന വെള്ളക്കാരന്‍ ശബ്ബത്ത് (ഒരു ആഘോഷം) പ്രഭാത ശുശ്രൂഷക്കിടെ പിറ്റ്‌സ്ബര്‍ഗിലെ ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ ആക്രമണം നടത്തി 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അറസ്റ്റിലായ അദ്ദേഹമിപ്പോള്‍ ജീവപര്യന്തം തടവിലാണ്.
വര്‍ഷത്തിലൊരിക്കലെങ്കിലും “ന്യൂനപക്ഷങ്ങള്‍’ എന്ന് വിളിക്കപ്പെടുന്നവര്‍ക്കെതിരായ അക്രമാസക്തമായ കൊലപാതകങ്ങളും ക്രൂരതകളും ഇല്ലാത്ത ഒരു അമേരിക്കയെ കണ്ടെത്തല്‍ അസാധ്യമാണ്. ഈ ന്യൂനപക്ഷങ്ങളെയെല്ലാം ഒരുമിച്ച് ചേര്‍ക്കുകയാണെങ്കില്‍ “വൈറ്റ് പീപ്പിള്‍’ എന്ന സാങ്കല്‍പിക വിഭാഗമൊഴികെ വലിയൊരു ഭൂരിപക്ഷത്തെ തന്നെ നിങ്ങള്‍ക്ക് കാണാനാവും.

‘ഭാരം
ചുമക്കുന്നവരുടെ’
മൃഗീയതകള്‍
ഈ ക്രൂരവ്യവഹാരങ്ങളുടെ തുടര്‍ക്കഥകള്‍ക്കുള്ള അടിസ്ഥാന കാരണം “നാഗരികന്‍’ എന്നും ലോകത്തെ പരിഷ്‌കരിക്കാന്‍ താന്‍ “ഭാരം’ വഹിക്കുന്നുവെന്നും സ്വയം കരുതുന്ന ഒരുതരം മിഥ്യാധാരണയാണ്.
“വൈറ്റ് മാന്‍സ് ബര്‍ഡന്‍: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫിലിപ്പൈന്‍ ഐലണ്ട്‌സ്’ (1899) പ്രശസ്ത വംശീയ, ഇംഗ്ലീഷ് കവി റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ഒരു കവിതയാണ്. ലോകത്തെ ക്രൂരതയോടെ നാഗരികമാക്കുകയെന്ന ചുമതല സ്വയം ഏല്‍പിക്കപ്പെട്ട രീതിയിലാണ് കവി സംസാരിക്കുന്നത്.
“വെള്ളക്കാരന്റെ ഭാരം നിങ്ങള്‍ ഏറ്റെടുക്കുക’യെന്നാണ് അദ്ദേഹം തന്റെ വെള്ളക്കാരോട് കല്‍പിച്ചത്.
ഫിലിപ്പീന്‍സിലെ യുഎസ് അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് കിപ്ലിംഗ് ഈ “ക്രൂരമായ’ കവിത രചിച്ചത്.(ഒരു കവി എങ്ങനെ ഇത്രയും നികൃഷ്ടനാകും? ഏത് തരത്തിലുള്ള രോഗാതുരമായ മനസാവും അയാള്‍ക്ക് പ്രചോദനമായത്?)
ഫിലിപ്പീന്‍സ്, ചൈനീസ്, ജാപ്പനീസ്, കൊറിയന്‍, ഏതെങ്കിലും ഏഷ്യന്‍, ആഫ്രിക്കന്‍, അല്ലെങ്കില്‍ ലാറ്റിന്‍ അമേരിക്കന്‍, ജൂതര്‍, മുസ്‌ലിം, സിഖ് കാര്‍ പോലോത്തവര്‍ക്ക് യു എസിലെ ജീവിതം എങ്ങനെയാവും അനുഭവപ്പെടുന്നത്?
വെള്ളക്കാരന് തന്റെ “തലയിലെ ഭാരമിറക്കുന്നതിന്’ സഹായകമാകുന്ന കൊല ചെയ്യപ്പെടാന്‍ ഊഴവും കാത്തിരിക്കുന്ന താറാവുകളാണ് നമ്മളോരോരുത്തരും.
യുഎസിലെ മുസ്‌ലിംകള്‍, കറുത്തവര്‍, ഏഷ്യക്കാര്‍, ജൂതന്മാര്‍, സിഖുകാര്‍ എന്നിവര്‍ക്കെതിരായ നിരന്തരമായ ആള്‍ക്കൂട്ട അക്രമങ്ങള്‍, ലോകമെമ്പാടുമുള്ള അമേരിക്ക നടത്തുന്ന യുദ്ധങ്ങളുടെ പ്രതിഫലനങ്ങളാണ്. എന്നിരുന്നാലും യുഎസിലേക്കുള്ള കൂട്ടമായ കുടിയേറ്റങ്ങള്‍ ഇന്നും തുടരുന്നു.
അമേരിക്കയിലെ “വെള്ളക്കാര്‍’ കറുത്തവരെയും തവിട്ട്‌നിറമുള്ളവരെയും ഏഷ്യന്‍ ജനതയെയും ദ്രോഹിക്കാനും കൊലപ്പെടുത്താനും മുമ്പ് വിദേശത്ത് പോകാറുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് “വിദേശത്തേക്ക്’ പോകേണ്ടതില്ല, കാരണം “വിദേശികള്‍’ അവരുടെ അടുത്തെത്തിയിട്ടുണ്ട്.അതുകൊണ്ടാണ് അവര്‍ ഇടക്കിടെ സ്വന്തം അയല്‍പ്രദേശങ്ങളില്‍ ഇത്തരത്തില്‍ വേട്ടയാടുന്നത്.

‘ഈ മണ്ണ്
ഞങ്ങളുടെ മണ്ണാണ്’
ധീരവും വെള്ളക്കാരുടെ അധാര്‍മികതകള്‍ക്കെതിരെ വെല്ലുവിളിയുയര്‍ത്തുന്നതുമായ 2019ല്‍ പുറത്തിറങ്ങിയ This Land Is Our Land: An Immigrant’s Manifesto എന്ന “സുകേതു മേത’യുടെ പുസ്തകം ശ്രദ്ധേയമാണ്. ആഗോള കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും ആഗോളതലത്തില്‍ കൊള്ളയടിക്കുന്ന മുതലാളിത്തത്തിന്റെ ക്രൂരസമീപനങ്ങളെ ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയുമാണ് ഈ പുസ്തകം ചെയ്യുന്നത്.
തന്റെ മുത്തഛന്റെ ഒരു കഥ പറഞ്ഞാണ് മേത പുസ്തകം ആരംഭിക്കുന്നത്. ലണ്ടനിലെ ഒരു പാര്‍ക്കിലിരിക്കുന്ന മുത്തഛന്റെ അടുത്തേക്ക് വംശീയവാദിയായ ഒരു “വെള്ളക്കാരന്‍’, (ക്ലിപ്പിങിന്റെ കവിതയുടെ കടുത്ത ആരാധനകനാണെന്നത് ഉറപ്പാണ്) “തന്റെ രാജ്യത്ത് എന്തിനാണ് വന്നതെന്ന’ തരത്തില്‍ കൈ കൊണ്ട് ആംഗ്യം കാണിക്കുകയുണ്ടായി.”കാരണം നിങ്ങള്‍ പണം തിരികെയേല്‍പ്പിക്കാനുള്ള കടക്കാരാണ് ഞങ്ങള്‍, നിങ്ങള്‍ അവിടെയുണ്ടായിരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ ഇവിടെയുള്ളത്’എന്നായിരുന്നു മുത്തഛന്റെ മറുപടി.
സാമ്രാജ്യത്വ- കോളനിശക്തികളുടെ കാടത്തത്തിനു കീഴില്‍ കാരുണ്യം തേടിയിരുന്ന രാജ്യങ്ങളിലെ ആളുകളാണിന്ന് ഉറ്റവര്‍ക്ക് ഒരു കൂര തേടി ലോകമെമ്പാടും അലയുന്നത്.
ദരിദ്ര്യ രാജ്യങ്ങളില്‍ നിന്ന് സമ്പന്ന രാഷ്ട്രങ്ങളിലേക്കുള്ള കുടിയേറ്റം ശക്തമാണ്. ഇതുവഴി പട്ടിണി, കാലവസ്ഥാ വ്യതിയാനം, പ്രാദേശിക ദുര്‍ഭരങ്ങള്‍ക്കിടയില്‍ വ്യാപകമായി കാണുന്ന ഹിംസാത്മക കലാപങ്ങള്‍, അമേരിക്കയും അവരുടെ യൂറോപ്യന്‍ -പ്രാദേശിക സഖ്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ആഗോള സാമ്രാജ്യത്വ ശക്തികളുടെ സ്വാധീനം എന്നിവയില്‍ നിന്നെല്ലാം മോചനം നേടാനാകുന്നുണ്ട്. ചൈനയും റഷ്യയും ഇതേ സ്വഭാവക്കാരാണെന്നു മാത്രമല്ല ചിലപ്പോഴൊക്കെ കൂടുതല്‍ ക്രൗര്യം അവരാണ് പുറത്തെടുക്കാറുള്ളത്.
ഒരു സ്ഥിതിവിവരക്കണക്കില്‍, 1503നും 1800കളുടെ തുടക്ക കാലത്തിനുമിടയില്‍ മോഷ്ടിച്ച വെള്ളിയുടെ അളവ് “യൂറോപ്പ് ഇന്ന് ലാറ്റിനമേരിക്കയോട് കടപ്പെട്ടിരിക്കുന്ന 165 ട്രില്യണ്‍ ഡോളറിന്റെ കടമാണ്’ എന്ന് മേത പറയുന്നു. ആ സംഖ്യ നോക്കി അതിന്റെ വ്യാപ്തി മനസിലാക്കൂ- തകര്‍ന്നുകിടക്കുന്ന ഈ രാജ്യം പുനര്‍നിര്‍മിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ സേവനത്തില്‍ ചെലവഴിക്കുന്നത് വെറും മൂന്ന് ട്രില്യണ്‍ മാത്രമാണ്.
“How Britain stole $45 trillion from India – and lied about it’ എന്ന തലക്കെട്ടില്‍ ജേസണ്‍ ഹൈക്കല്‍ 2018 ല്‍ അല്‍ ജസീറക്ക് വേണ്ടി ഒരു ലേഖനമെഴുതിയിരുന്നു.കൊളമ്പിയ യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഉത്സ പട്‌നായികിന്റെ പുസ്തകമാണ് ലേഖനത്തില്‍ അദ്ദേഹം ഉദ്ധരിക്കുന്നത്. 1765 മുതല്‍ 1938 വരെയുള്ള കാലയളവില്‍ ബ്രിട്ടന്‍ മൊത്തം 45 ട്രില്യൻ ഡോളര്‍ ഇന്ത്യയില്‍ നിന്ന് കവര്‍ന്നിട്ടുണ്ടെന്ന് ഈ പുസ്തകം സമര്‍ഥിക്കുന്നുണ്ട്.
ഈ അമ്പരപ്പിക്കുന്ന സംഖ്യകള്‍ സൂചികകള്‍ മാത്രമാണ്. മോഷ്ടാക്കളായ മുതലാളിത്തവും വംശീയ കൊളോണിയലിസവും മൂലം “വെള്ളക്കാരന്റെ ഭാരം’ ലോകത്തിനുമേല്‍ വരുത്തിയ അനേകം മനുഷ്യരുടെ കഷ്ടതകളുടെ ഒരു ശകലം മാത്രമാണിത്.
അപഹരിക്കപ്പെട്ട ഭൂമികളില്‍ “വെള്ളക്കാരന്‍’ ചെയ്ത് കൂട്ടിയ മനുഷ്യനശീകരണങ്ങളുടെ ചരിത്രത്തിന് കൈയുംകണക്കുമില്ല. അമേരിക്കന്‍ ഫോക് ഗായകനായ വുഡി ഗുത്രിയുടെ 1940കളിലെ “This land is our land’ എന്ന ഗാനത്തിനു സാഹിത്യപരമായ ഒരു അവലംബവുമില്ല. കാരണം ഈ നാട് നമ്മുടേതല്ല, മറിച്ച് നാറ്റീവ് അമേരിക്കക്കാരുടേതാണ്. കൊളമ്പിയ യൂനിവേഴ്‌സിറ്റി സ്ഥാപിക്കപ്പെട്ട ലെനാപ് പ്രദേശത്തിന് സമീപത്തു നിന്നാണ് ഞാന്‍ ഈ പ്രബന്ധമെഴുതുന്നത്.ഞാന്‍ അവരുടെ ക്ഷണിക്കപ്പെടാത്തവനാണെങ്കിലും ഒരു നന്ദിയുള്ള അഥിതിയാണ്.
ചുരുക്കത്തില്‍ “വൈറ്റ് മാന്‍സ് ബര്‍ഡന്‍’ എന്നത് ഒരിക്കലുമൊരു യാഥാര്‍ഥ്യമല്ല. മറിച്ച് അന്യനോടുള്ള ക്രൂരതകളില്‍ ആനന്ദം കൊള്ളുന്ന ഒരുതരം ഫലിതമാണ്. ഒരു വംശീയവാദിയായ കവിയുടെ ഹീനമായ കവിതയാണെങ്കിലും കാലങ്ങളായി ക്രൂരതകള്‍ നിറഞ്ഞ ഈ ലോകത്ത് നിലനില്‍ക്കുന്നതും അമേരിക്കയില്‍ ഇപ്പോഴും വന്‍പ്രചാരത്തിലുള്ളതുമാണിത് ■

Share this article

About ഹാമിദ് ദബാഷി, മൊഴിമാറ്റം: മുജ്തബ സി ടി കുമരംപുത്തൂര്‍

View all posts by ഹാമിദ് ദബാഷി, മൊഴിമാറ്റം: മുജ്തബ സി ടി കുമരംപുത്തൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *