ദക്ഷിണേഷ്യയിലെ അത്താഴംവിളി പാരമ്പര്യങ്ങള്‍

Reading Time: 3 minutes

ജോര്‍ദാനിലെ അവശേഷിക്കുന്ന ഗായകരെപ്പോലെ, പ്രഭാതത്തിനു മുമ്പുള്ള അത്താഴത്തിനായി വിശ്വാസികളെ വിളിച്ചുണര്‍ത്തുന്നതിന് ലോകമെമ്പാടുമുള്ള നിരവധി പാരമ്പര്യങ്ങള്‍ക്ക് റമളാന്‍ ജന്മം നല്‍കിയിട്ടുണ്ട്. ലോകമുസ്‌ലിം ജനസംഖ്യയുടെ മൂന്നിലൊന്ന് ജനസംഖ്യയുള്ള ദക്ഷിണേഷ്യയിലും ഇത്തരത്തില്‍ കൗതുകമുണര്‍ത്തുന്നതും നാമാവശേഷമായി കൊണ്ടിരിക്കുന്നതുമായ പാരമ്പര്യങ്ങളുണ്ട്.

കശ്മീരിലെ സഹര്‍ഖാന്‍മാര്‍
പുലര്‍ച്ചെ രണ്ടര മണിയാവുമ്പോഴേക്കും ഇന്ത്യന്‍ അധീന കശ്മീരിലെ കോലി സ്വദേശിയായ പതിനെട്ടുകാരന്‍ താരീഖ് അഹ്‌മദ് ശൈഖും അവന്റെ അമ്പത്തൊന്നുകാരനായ പിതാവ് ശൗകത്തും തങ്ങളുടെ ഗ്രാമത്തിലെ ഇരുട്ടു നിറഞ്ഞ ഇടവഴികളിലൂടെയും കൈവഴികളിലൂടെയും സഞ്ചരിക്കും. കഴുത്തില്‍ തൂക്കിയ നകാരയില്‍ രണ്ടു കോലുകള്‍ കൊണ്ട് അടിക്കുന്നതൊടൊപ്പം വഖ്‌തേ സഹര്‍ (അത്താഴ സമയം) എന്ന് വിളിച്ചുപറഞ്ഞ് ആ പിതാവും മകനും അയല്‍പക്കത്തെ താമസക്കാരെ വിളിച്ചുണര്‍ത്തും. ഉദ്ദേശം അഞ്ച് കിലോമീറ്ററുകള്‍ നടന്ന്, ഏകദേശം ഇരുന്നൂറോളം വീടുകളെ ഉണര്‍ത്തി ഒരു മണിക്കൂറിന് ശേഷം തങ്ങളുടെ അത്താഴത്തിനായി അവര്‍ വീട്ടിലേക്ക് മടങ്ങും.
മുസ്‌ലിം ഭൂരിപക്ഷ ഹിമാലയന്‍ മേഖലയില്‍ സഹര്‍ ഖാന്‍ എന്നാണ് താരിഖും ശൗകത്തും അറിയപ്പെടുന്നത്. മറ്റു സമയങ്ങളിലെല്ലാം കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന ശൗകത്ത് ഇരുപത് വര്‍ഷത്തിലേറെയായി റമളാനില്‍ സഹര്‍ഖാന്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന് ഈ ജോലി തന്റെ പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി, ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന തരത്തില്‍ അദ്ദേഹം മകനെ അനുഗമിപ്പിക്കുകയായിരുന്നു.
അലാറം ക്ലോക്കുകളും സ്മാര്‍ട്ട് ഫോണുകളും ജോലിയെയും വരുമാനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ ഈ “മഹത്തായ പ്രവൃത്തി’ തുടരുന്നത് പ്രതിഫലം ലഭിക്കുന്നതിനാലാണെന്ന് ശൗകത്ത് പറയുന്നു. അതൊടൊപ്പം, സഹര്‍ഖാന്‍ പാരമ്പര്യം നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നുമുണ്ട്. ഞങ്ങള്‍ ശല്യപ്പെടുത്തരുതെന്ന് കുറച്ചുപേര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍പോലും നിലവില്‍ ഈ ജോലിയിലൂടെ ഞങ്ങള്‍ക്ക് ചെറിയ വരുമാനമുണ്ടെന്നും എല്ലാ റമളാനിലും ഈ പ്രവൃത്തി ഞങ്ങള്‍ തുടരുമെന്നും ശൗകത്ത് പറയുന്നു. റമളാന്‍ മാസത്തിന്റെ അവസാനത്തില്‍ സഹര്‍ഖാന്‍മാര്‍ തങ്ങള്‍ സേവനമനുഷ്ഠിച്ച അയല്‍പക്കങ്ങളിലെ താമസക്കാരെ സന്ദര്‍ശിക്കുകയും ആളുകള്‍ നല്‍കുന്നതെന്തും സ്വീകരിക്കുകയും ചെയ്യും. അരിയും പണവുമാണ് അവര്‍ക്ക് മുഖ്യമായും ലഭിക്കാറുള്ളത്.
വടക്കന്‍ കശ്മീരിലെ ഹജിന്‍ ഗ്രാമത്തിലെ സഹര്‍ഖാനായ നാല്‍പത്തിയെട്ടുകാരന്‍ നാസിര്‍ അഹ്‌മദ് പരായിക്കും ഇളയ സഹോദരനും ഈ ചുമതല കൈമാറുന്നത് വരെ അദ്ദേഹത്തിന്റെ പിതാവ് 70 വര്‍ഷം ഈ ജോലി ചെയ്തിരുന്നു. കാര്യമായി വരുമാനമൊന്നുമില്ലെങ്കില്‍ പോലും ഈ പാരമ്പര്യം തുടരണമെന്നും പരലോകത്ത് പ്രതിഫലമുള്ള ഒരു ദൈവിക പ്രവൃത്തിയായി ഇതിനെ കാണമെന്നും മരണത്തിന് മുമ്പായി തന്റെ പിതാവ് ഉപദേശിച്ചതായി നാസിര്‍ അഹ്‌മദ് പരായി പറയുന്നു.
മുന്‍കാലങ്ങളില്‍ പ്രകടിപ്പിച്ച തരത്തിലുള്ള പ്രതീക്ഷയോടെ ആളുകള്‍ തങ്ങളുടെ വരവിന് കാത്തിരിക്കാറില്ല എന്നാണ് 30 വര്‍ഷമായി സഹര്‍ഖാനായി തുടരുന്ന പരായി പറയുന്നത്. അര്‍ധരാത്രിയില്‍ ഞങ്ങള്‍ “ശല്യപ്പെടുത്തുന്നത്’ ചിലയാളുകള്‍ക്ക് ഇഷ്ടപ്പെടാറില്ലെന്നും എന്നാല്‍ മറ്റു ചിലര്‍ ഈ പാരമ്പര്യം നിലനിര്‍ത്താനും തങ്ങളുടെ പ്രദേശങ്ങളിലേക്ക് വരാനായി ഞങ്ങളെ വിളിക്കാനും ആഗ്രഹിക്കുന്നതായും നാസിര്‍ അഹ്‌മദ് പരായി പറയുന്നു.
നിലവില്‍ യുവാക്കളായ അനന്തിരവന്മാര്‍ അനുഗമിക്കാറുണ്ടെന്നും പാക്കിസ്ഥാനും ഇന്ത്യയും ആധിപത്യത്തിനായി വാദമുന്നയിക്കുന്ന പ്രദേശത്ത് എങ്ങനെയാണ് നകാര ഉപയോഗിക്കേണ്ടതെന്നും ജനങ്ങളെ ഉണര്‍ത്തേണ്ടതെന്നും പഠിപ്പിക്കാറുണ്ടെന്നും അദ്ദേഹം തുടരുന്നു. സംഘര്‍ഷം രൂക്ഷമായപ്പോള്‍, രാത്രികളില്‍ പ്രാദേശിക ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നാസിര്‍ അഹ് മദ് പരായി ഓര്‍ക്കുന്നുണ്ട്. ആ സമയത്ത് സൈനിക നടപടികളും വീടുകളില്‍ പരിശോധനകളും പതിവായിരുന്നു. അദ്ദേഹത്തെപ്പോലുള്ള സഹര്‍ഖാന്‍മാരെ പട്രോളിങ് സൈനികര്‍ അര്‍ധരാത്രിയില്‍ തടഞ്ഞുനിര്‍ത്തി അവരുടെ പ്രവൃത്തിയെക്കുറിച്ച് ചോദ്യം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചിലപ്പോഴെല്ലാം റമളാനിലെ രാത്രിസഞ്ചാരത്തെ കുറിച്ച് അടുത്തുള്ള സൈനിക ക്യാംപില്‍ തങ്ങള്‍ അറിയിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
മധ്യേഷ്യയില്‍ നിന്നാണ് സഹര്‍ഖാന്‍ പാരമ്പര്യം കശ്മീര്‍ മേഖലയില്‍ വന്നതെന്നാണ് പ്രശസ്ത കശ്മീരി കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സരീഫ് അഹ് മദ് സരീഫ് പറയുന്നത്. അദ്ദേഹം കുട്ടിയായിരുന്നപ്പോള്‍ പ്രദേശത്തെ പ്രധാന നഗരമായ ശ്രീനഗര്‍ മുഴുവനായി ഗുലാം മുഹമ്മദ് ബെയിങ് എന്ന ഒരു സഹര്‍ഖാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വലിയ ശബ്ദമുണ്ടാക്കുന്ന ചെമ്മരിയാടിന്റെ പൊള്ളയായ കൊമ്പ് ഊതി ആളുകളെ ഉണര്‍ത്താന്‍ ബെയിങ്് കാല്‍നടയായി ദീര്‍ഘദൂരം സഞ്ചരിക്കുമായിരുവെന്ന് സരീഫ് പറയുന്നു. അര്‍ധരാത്രി ശ്രീനഗറിലെ ആളൊഴിഞ്ഞ തെരുവുകളിലൂടെ നടക്കുമ്പോള്‍ പ്രവാചകനെ സ്തുതിക്കുന്ന വാക്യങ്ങള്‍ അദ്ദേഹം ചൊല്ലും. ആളുകള്‍ (കൂടുതലും കുട്ടികള്‍) ആ ശബ്ദത്തിനായി കാത്തിരിക്കുകയും ചെയ്യുമത്രെ.

ഡല്‍ഹിയിലെ മുനാദികള്‍
നാല്‍പത്തിയാറുകാരനായ ഫരീദ് അഹ് മദ്, ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ മറ്റ് താമസക്കാരെപ്പോലെ അദ്ഭുതത്തിനായി കാത്തിരിക്കുകയായിരുന്നു. കോവിഡ് രോഗികളുടെ പെട്ടെന്നുള്ള വര്‍ധനവ് മൂലം പിരിമുറുക്കത്തിലായിരുന്നു അദ്ദേഹം. 20 ദശലക്ഷത്തിലധികം നിവാസികളുള്ള നഗരം അടച്ചുപൂട്ടിയതിനാല്‍, മഹാമാരി കഴിഞ്ഞ റമളാനിലെ ആഘോഷങ്ങളെ ഇല്ലാതാക്കിയിരുന്നു. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ അത്താഴസമയത്ത് ജനങ്ങളെ വിളിക്കുന്ന പാരമ്പര്യം ചരിത്രമായിത്തീരും എന്നാണ് അദ്ദേഹം പറയുന്നത്.
നഗരത്തിലെ തെരുവുകളില്‍ ചുറ്റിക്കറങ്ങി വിശ്വാസികളോട് അത്താഴത്തിനായി ഉണര്‍ന്നിരിക്കാന്‍ ആഹ്വാനം ചെയ്യുന്ന മുനാദികളില്‍ അവശേഷിക്കുന്ന ഒരാളാണ് ഫരീദ് അഹ് മദ്. 1980കള്‍ വരെ ഡല്‍ഹിയുടെ പഴയ ഭാഗങ്ങളില്‍ സ്ഥലത്തെ താമസക്കാര്‍ പണവും മികച്ച ഭക്ഷണവും സമ്മാനിച്ചിരുന്ന ധാരാളം മുനാദികള്‍ ഉണ്ടായിരുന്നു.
2015ലാണ് ഫരീദ് അഹ് മദിന്റെ ഉസ്താദ് (ശാസ്ത്രീയ ആലാപനത്തിലും സംഗീതത്തിലും വിദഗ്ധന്‍) രോഗബാധിതനായത്. താന്‍ ഒരു മുനാദിയായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചെന്നും അന്നുമുതല്‍, വീഴ്ച വരുത്താതെ താന്‍ ചുമതല നിര്‍വഹിച്ചിട്ടുണ്ടെന്നും ഫരീദ് പറയുന്നു. കുര്‍ത്തയും പൈജാമയും തൊപ്പിയും ധരിച്ച അഹ് മദ് മറ്റൊരു മുനാദിയുടെ മേഖലയിലേക്ക് കയറാതിരിക്കാന്‍ ജാഗ്രതയോടെ ലാല്‍ കുവാന്‍ ബസാര്‍, ഫറഷ് ഖാന, റകാബ്ഗഞ്ച് എന്നീ പ്രദേശങ്ങളിലെ ഒഴിഞ്ഞ തെരുവുകളിലാണ് പതിവായി സഞ്ചരിക്കുന്നത്. ഖുര്‍ആനില്‍ നിന്നും മറ്റ് പരമ്പരാഗത ഗ്രന്ഥങ്ങളില്‍ നിന്നുമുള്ള വാക്യങ്ങളാണ് അദ്ദേഹം പാരായണം ചെയ്യാറുള്ളത്. റമളാനിന്റെ പ്രാരംഭ ദിനങ്ങളില്‍, വിശുദ്ധ മാസത്തെ സ്വാഗതം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരണങ്ങളും പിന്നീട്, “അല്‍വിദ’ (വിടവാങ്ങല്‍) ഗാനങ്ങള്‍ക്കുമാണ് പ്രാമുഖ്യം നല്‍കുക.
“പണ്ഡിതന്മാരോടും കുടുംബത്തിലെയും സുഹൃത്തുകളിലും ആത്മീയ ചായ് വുള്ളവരെയും ബഹുമാനിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. ചിലരൊക്കെ സംഘങ്ങളായാണ് പോയിരുന്നത്. കോവിഡ് വന്നതോടെ എല്ലാം സ്തംഭിച്ചു.’ ഫരീദ് അഹമദ് പറയുന്നു. അടുത്തിടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ജോലി നഷ്ടപ്പെട്ട ഫരീദ് അഹമദ് ഒരു മുനാദി എന്ന പദവി ബഹുമാനത്തോടെയാണ് സ്വീകരിച്ചത്.
പഴയ ഡല്‍ഹിയിലെ തെലിവാരയില്‍ താമസിക്കുന്ന എഴുപത്തിരണ്ടുകാരന്‍ ലാഇഖ് ഖാന്‍ മറ്റൊരു മുനാദിയാണ്. ആദ്യലോക്ഡൗണ്‍ എല്ലാ ആഘോഷങ്ങളെയും തകര്‍ത്തിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും അപ്പോഴും തടസങ്ങള്‍ തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുലര്‍ച്ചെ 2.30ന് തന്റെ ദിവസം ആരംഭിക്കുന്ന ഖാന്‍ 20 വര്‍ഷത്തിലേറെയായി മുനാദി പാരമ്പര്യം പ്രചരിപ്പിക്കുന്നുണ്ട്. ഒരു ടോര്‍ച്ചും വടിയും പിടിച്ചാണ് സിസ്ഗഞ്ച്, കിഷന്‍ഗഞ്ച് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളെ അദ്ദേഹം അത്താഴസമയം അറിയിക്കുന്നത്. ഒരു പഴക്കച്ചവടക്കാരനായതിനാല്‍ തന്റെ ശബ്ദം ജനങ്ങളെ ഉണര്‍ത്താന്‍ അനുയോജ്യമാണ് എന്നാണ് അദ്ദേഹം ചിരിച്ചുകൊണ്ടു പറയുന്നത്. അയല്‍ക്കാരില്‍ ചിലര്‍ പണവും ഭക്ഷണവും നല്‍കാറുണ്ടെന്നും ചിലര്‍ അവരുടെ കുട്ടികള്‍ക്ക് പേര് വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ടെന്നും ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബംഗ്ലാദേശും ഖസീദ പാരമ്പര്യവും
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ റോസേദാര്‍സിനെ/ നോമ്പുകാരെ ഉണര്‍ത്താനായി ഉദ്ദേശം പുലര്‍ച്ചെ രണ്ടു മണിയാവുമ്പോള്‍ ഒരു സംഘം ഗാനങ്ങള്‍ ആലപിക്കുകയും നഗരത്തിലെ പഴയ ഭാഗങ്ങളിലെ ഇടവഴികളിലൂടെ സഞ്ചരിക്കുകയും ചെയ്യും. ഉര്‍ദു കവിതകളിലെ ഖസീദ വിഭാഗത്തില്‍ നിന്നുള്ള ഈ ഗാനങ്ങള്‍ റമളാനിലെ ഒരു അഭിവാജ്യഘടകമായി രൂപപ്പെട്ടിട്ടുണ്ട്.
ധാക്കയിലെ പഴയ ഇടങ്ങളിലെല്ലാം മുഗള്‍ കാലഘട്ടത്തില്‍ നിന്നുള്ള ഖസീദ ഗായകരുടെ സമ്പന്നമായ പാരമ്പര്യം ഉണ്ടായിരുന്നു. എന്നാല്‍ ഈ പാരമ്പര്യം പതുക്കെ മങ്ങികൊണ്ടിരിക്കുകയാണ്.
റമദാനിലെ ഖസീദ പാരമ്പര്യത്തോടൊപ്പമാണ് താന്‍ വളര്‍ന്നതെന്ന് പഴയ ധാക്കയിലെ ഖാജിദേവന്‍ പ്രദേശത്തെ തുകല്‍ വ്യവസായിയായ റഷീദ് അല്‍ അമിന്‍ പറയുന്നു. ചില ഖസീദ ഗാനങ്ങളുടെ വരികള്‍ തനിക്കിപ്പോഴും ഓര്‍ത്തെടുക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. റഷീദിന്റെ പിതാവിന്റെ പിതാവ് നന്നു സര്‍ദാര്‍ പ്രദേശത്തെ നേതാക്കളില്‍ ഒരാളായിരുന്നു.’
നഗരത്തിലെ സാംസ്‌കാരിക സംഘടനയായ ധാക്ക കേന്ദ്രയുടെ ചെയര്‍മാന്‍ അസിം ബക്ഷ്, ഉയരം കൂടിയ കെട്ടിടങ്ങളുടെ വരവ് ഇല്ലാതായി കൊണ്ടിരിക്കുന്ന ഖസീദപാരമ്പര്യത്തിന് പിന്നിലെ ഘടകമാണെന്ന് പറയുന്നു. ഒരു പാതയുടെ ഇരുവശങ്ങളിലും രണ്ടോ മൂന്നോ നില കെട്ടിടങ്ങളുള്ള ഒരു അയല്‍പക്കത്ത് ഖസീദ ഗാനങ്ങള്‍ ഉചിതമായിരുന്നു. ഇപ്പോള്‍ ആ വീടുകള്‍ക്ക് പകരം വന്‍തോതില്‍ വലിയ കെട്ടിടങ്ങള്‍ ഉയര്‍ന്നുവരുകയും കൂട്ടുകുടുംബങ്ങള്‍ അണുകേന്ദ്രമാവുകയും ചെയ്‌തെന്നും അതിനാല്‍ ഖസീദ സംസ്‌കാരത്തിന് പകരം ടിവികളും ഇന്റര്‍നെറ്റും സ്ഥാനം നേടിയിരിക്കുകയാണ് എന്നും അദ്ദേഹം പറയുന്നു. അതൊടൊപ്പം തന്നെ, ഖസീദ ഗാനങ്ങള്‍ കൂടുതലും ഉര്‍ദുവിലായതിനാല്‍, ഇത് ബംഗാളി ഇതര പാരമ്പര്യമാണെന്ന് പലരും കരുതുന്നുമുണ്ട്. പക്ഷേ അത് ശരിയല്ലെന്നും ധാക്കയിലെ ഉര്‍ദു പാക്കിസ്ഥാനിലെ ഉര്‍ദു പോലെയല്ലെന്നും ബംഗ്ലാ ഭാഷയിലെ ചില വാക്കുകളടങ്ങിയ പ്രാദേശിക ഉര്‍ദുവാണ് ഇവിടുത്തത് എന്നും അസീം ബക്ഷ് കൂട്ടിച്ചേര്‍ക്കുന്നു.
ധാക്കയിലെ ലാല്‍ബാഗ് പ്രദേശത്ത് താമസിക്കുന്ന ശംസീര്‍ റഹ്‌മാനെ പോലുള്ള ഗായകര്‍ ഖസീദ പാരമ്പര്യത്തിന്റെ പൈതൃകം തുടരുന്നുണ്ട്. 60 വര്‍ഷം ഖസീദ ഗായകനായിരുന്ന ഉസ്താദ് ജുമ്മന്‍ മിയ 2011ല്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനമേറ്റത്. താന്‍ തന്റെ ഉസ്താദില്‍ നിന്നാണ് ഖസീദ ഗാനങ്ങള്‍ പഠിച്ചതെന്നും പഴയ ധാക്കയുടെ വിവിധയിടങ്ങളിലും അദ്ദേഹത്തോടൊപ്പം അവ ആലപിച്ചിട്ടുണ്ടെന്നും ശംസീര്‍ റഹ്‌മാന്‍ പറയുന്നു. ആളുകള്‍ തങ്ങള്‍ക്ക് സമ്മാനങ്ങളും പണവും തരുമെന്നും റമളാനിന്റെ അവസാനത്തിലോ ഈദുല്‍ഫിത്വ് റിന്റെ ദിവസത്തിലോ തങ്ങള്‍ക്ക് ബക്ഷിഷ് (പണ സമ്മാനങ്ങള്‍) ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇപ്പോഴും ചില സംഘങ്ങള്‍ ഖസീദ പാരമ്പര്യം കൊണ്ടു നടക്കുന്നതിനാല്‍ അത് പൂര്‍ണമായി ഇല്ലാതായെന്ന് പറയാനാവില്ലെന്നും വൈകാതെ ഈ പരീക്ഷണഘട്ടം അതിജീവിക്കപ്പെടുമെന്നുമാണ് ശംസീര്‍ റഹ്‌മാന്റെ വിശ്വാസം ■

Share this article

About മാജിദ് മഖ്ബൂല്‍, ഫൈസല്‍ മഹ്‌മൂദ്, നീലിമ പതക്, സംഗ്രഹവിവര്‍ത്തനം: മുഹമ്മദ് സിറാജ് റഹ്‌മാന്‍

View all posts by മാജിദ് മഖ്ബൂല്‍, ഫൈസല്‍ മഹ്‌മൂദ്, നീലിമ പതക്, സംഗ്രഹവിവര്‍ത്തനം: മുഹമ്മദ് സിറാജ് റഹ്‌മാന്‍ →

Leave a Reply

Your email address will not be published. Required fields are marked *