സോഷ്യല്‍ എന്‍ജിനിയറിങ് ഇസ്‌ലാമും പടിഞ്ഞാറും

Reading Time: 4 minutes

മനുഷ്യന്‍ ഉത്തരാധുനികതയുടെ വൈവിധ്യങ്ങളായ സാങ്കേതിക വികാസങ്ങളിലേക്ക് അതിവേഗം പ്രവേശനം സാധ്യമാക്കുമ്പോഴും അവനെ പുറകോട്ട് വലിക്കുന്ന ചില സാമൂഹിക ദുര്‍ഭൂതങ്ങള്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. വംശീയതയും വര്‍ണ സങ്കല്‍പവുമാണത്. തന്റെ മതവും വിശ്വാസവും ഭാഷയും പാരമ്പര്യവും വര്‍ണവും ജന്‍മസ്ഥലവുമെല്ലാം അപരന്റേതിനേക്കാള്‍ മഹോന്നതവും ആ മേല്‍ക്കോയ്മ നിര്‍ബന്ധ ബുദ്ധ്യാ മറ്റുള്ളവര്‍ അംഗീകരിച്ചുകൊള്ളണമെന്നും അവര്‍ക്ക് വഴിപ്പെടുകയും വേണമെന്നുള്ള ധാര്‍ഷ്ട്യ സങ്കല്‍പമാണ് വംശീയത.
ഈ വ്യവസ്ഥിതിക്കെതിരെ സാമൂഹിക നീതി സങ്കല്‍പമോ സമത്വ മുദ്രാവാക്യങ്ങളോ ആയി കടന്നുവരുന്ന ശബ്ദങ്ങളെ ഭീഷണിപ്പെടുത്തിയും ഉന്‍മൂലനം ചെയ്തുമൊക്കെയാണ് നാളിതുവരെ വംശീയ ശക്തികള്‍ നിലകൊണ്ടത്. വംശീയതയുടെ ഉപോത്പന്നമാണ് കളറിസം അഥവാ വര്‍ണ വ്യവസ്ഥ. നവ ഇന്ത്യന്‍ സാഹചര്യത്തില്‍ വംശീയത അപരമതദ്വേഷത്തിലും ജാതീയതയിലും അധിഷ്ഠിതമാണ്.
ആധുനിക ലോകത്ത് സാമൂഹിക നവോത്ഥാന വിപ്ലവങ്ങളിലൂടെയും വര്‍ണ വിവേചനത്തിനെതിരായ അവകാശ പോരാട്ടങ്ങളിലൂടെയും പ്രത്യക്ഷത്തില്‍ സാമൂഹിക നീതിയെ ബാലന്‍സ് ചെയ്യുന്ന ഭരണഘടനയും ഭേദഗതികളും ഭരണവ്യവസ്ഥയും മിക്ക രാജ്യങ്ങളിലും രൂപപ്പെട്ടുവെങ്കിലും പ്രായോഗിക തലത്തില്‍ വംശീയതയുടെ ജാതിക്കോമരങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നൃത്തം ചെയ്യുന്നുണ്ട്. ജനാധിപത്യത്തിലും മനുഷ്യ പുരോഗതിയിലും വലിയ മേനി നടിക്കുന്ന അമേരിക്കയില്‍ മുന്‍വര്‍ഷമാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡ് ഒരു വെള്ളക്കാരന്റെ ബൂട്‌സിനടിയില്‍ ശ്വാസം മുട്ടി മരിച്ചത്. 8 മിനുട്ട്, 46 സെക്കന്‍ഡാണ് അയാള്‍ മരണവുമായി മല്ലിട്ട് മിനിസോട്ടയിലെ റോഡരികില്‍ കിടന്നത്. എബ്രഹാം ലിങ്കണ്‍ എന്ന അമേരിക്കയുടെ യശശ്ശരീരനായ ഭരണാധികാരി 1863ല്‍ അടിമത്തത്തിനും വംശീയതക്കുമെതിരെയുള്ള വിമോചന വിളംബരം പുറപ്പെടുവിക്കുകയും നിയമമാക്കുകയും ചെയ്തു. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ മാര്‍ട്ടിന്‍ ലൂതര്‍, മാല്‍കം എക്‌സ് പോലുള്ള നേതാക്കള്‍ കറുത്തവരുടെ അവകാശങ്ങള്‍ക്കായി നിരന്തരം തെരുവില്‍ കലഹിച്ചുകൊണ്ടിരുന്നു. എന്നിട്ടും വേരറ്റുപോയ ഒരു ചിന്താഗതിയായി അമേരിക്കയില്‍ വംശീയത മാഞ്ഞില്ല. അത് അമേരിക്കയുടെ സാമൂഹിക നീതിക്ക് നോരെ പല്ലിളിച്ചുകാട്ടുന്ന ഒരു ചോദ്യചിഹ്നമായി ഇന്നും അവശേഷിക്കുന്നു. കുടിയേറ്റക്കാര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരായ വലതുപക്ഷ തീവ്രവാദം സമര്‍ഥമായി വിനിയോഗിച്ചാണല്ലോ ട്രംപ് അധികാരത്തിലേറിയിരുന്നത്.
ലോകത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. മതത്തെയും വംശീയതയെയും ആളിക്കത്തിക്കുന്നവരാണ് ഇന്ത്യ ഭരിക്കുന്നത്. ഭരണ നേട്ടങ്ങളും വികസനവും ഭരണനിര്‍വഹണത്തിലെ ജനാധിപത്യപരമായ വിമര്‍ശനങ്ങള്‍ക്കുമപ്പുറം ഇന്ത്യന്‍ ഡെമോക്രസിയെ മുന്നോട്ട് നയിക്കുന്നത് ജാതിസമവാക്യങ്ങളും മതാന്ധതയും മാത്രമാണ്. അതിന് നേതൃത്വം നല്‍കുന്നത് ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്ന ഉന്നതരാണ്. ഈയടുത്ത് ബംഗാളിലെ ഇലക്ഷന്‍ റാലിയെ അഭിസംബോധന ചെയ്ത ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഇന്ത്യന്‍ പ്രധാനമന്ത്രി പരിഹസിച്ചത് മമതാ ബാനു, മമതാ ബീഗം എന്നീ പ്രയോഗങ്ങള്‍ നടത്തിയാണ്. അപരമത വിദ്വോഷമുണര്‍ത്തി ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് അധികാര ഇടനാഴി എങ്ങനെ വികസിപ്പിക്കാം എന്ന് രാഷ്ട്രീയക്കാര്‍ ഗൃഹപാഠം ചെയ്ത് പ്രസംഗിക്കുകയും കലാപങ്ങള്‍ക്ക് ആഹ്വാനം നടത്തുകയും ചെയ്യുന്നത് ഇന്ത്യയില്‍ നിത്യസംഭവമാണ്. ഉത്തരേന്ത്യയിലെ ജാതീയ പഞ്ചായത്തുകള്‍ എന്നറിയപ്പെടുന്ന ഖാപ് പഞ്ചായത്തുകളില്‍ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ നടത്തുന്ന ഇലക്ഷന്‍ കാംപയിനുകള്‍ ശുദ്ധ വംശീയതയുടെ പര്യായങ്ങളാണ്. ഭരണഘടനാനുസൃതമായി തദ്ദേശസ്ഥാപനങ്ങളില്‍ പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് അനുവദിക്കപ്പെട്ട ചെയര്‍മാന്‍, പ്രസിഡന്റ് സ്ഥാനങ്ങളില്‍ എത്തുന്ന അവര്‍ണര്‍ നിലത്തിരുന്ന് ജോലി ചെയ്യണമെന്നതും കീഴിലുള്ള സവര്‍ണ മെമ്പര്‍മാര്‍ കസേരയില്‍ തന്നെ ഇരിക്കണമെന്നതും അവിടത്തെ അലിഖിത നിയമമാണ്.
അയ്യങ്കാളി, ചട്ടമ്പി സ്വാമി, ശ്രീനാരായണ ഗുരു തുടങ്ങി അനവധി സാമൂഹിക/ സാമുദായിക നവോത്ഥാന നായകര്‍ക്ക് ജന്‍മം നല്‍കിയ നവോത്ഥാനത്തിന്റെ ഈറ്റില്ലമായിട്ടാണ് കേരളത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെയും സാമൂഹിക നീതിയുടെയും പരിണത ഫലമായി സാമൂഹിക നീതിയില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട നിലയിലാണെന്ന് തോന്നുമെങ്കിലും ജാത്യാലുള്ളത് തൂത്താല്‍ പോവില്ല എന്ന വിചാരം ഉള്ളില്‍ വെച്ച് എരിഞ്ഞ് ജീവിക്കുന്ന ഒരുപാട് സവര്‍ണരുണ്ടിവിടെ.സാമൂഹിക മാധ്യമങ്ങളില്‍ അവരുടെ മനോവ്യാപാരങ്ങള്‍ പലപ്പോഴായി വെളിപ്പെടാറുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ മുന്‍വര്‍ഷങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന അധികാര മാറ്റത്തില്‍ അവര്‍ണരായ മുന്‍ പ്രസിഡന്റുമാര്‍ ഉപയോഗിച്ച കസേരയും ഫര്‍ണിച്ചറുകളും ചാണകം തളിച്ചു പുണ്യാഹം ചെയ്ത വാര്‍ത്ത മലയാളിയുടെ വംശീയ ബോധത്തെയാണ് വെളിപ്പെടുത്തുന്നത്. വംശീയത പരമാധികാരം നേടുമ്പോഴാണ് ഉന്‍മൂലനങ്ങളും അടിച്ചമര്‍ത്തലുകളും തലപൊക്കുന്നത്. വംശീയതക്കെതിരെയുള്ള നിയമ സംവിധാനങ്ങള്‍ നിലനില്‍ക്കുന്നത് അത് കൈകാര്യം ചെയ്യുന്നവരുടെ ഉള്‍ബോധ്യങ്ങള്‍ക്കനുസരിച്ചാണ്. സാമൂഹിക മൂല്യങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്ന നീതിപാലകന്‍മാര്‍ക്കേ വംശീയതയെ പ്രതിരോധിക്കാനാവൂ. നിര്‍ഭയത്വവും വേണം. അല്ലാത്തിടത്ത് നിയമ പുസ്തകങ്ങള്‍ക്ക് കടലാസുവിലയും ജുഡീഷ്യറി നോക്കുകുത്തിയുമാകും.

ഇസ്‌ലാമിന്റെ
വംശീയ
ബോധ്യങ്ങള്‍
ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം മതം എന്നത് ഏകത്വത്തില്‍ അധിഷ്ഠിതവും അതിനോടനുബന്ധിച്ച ആചാര, അനുഷ്ടാനങ്ങളില്‍ ബന്ധിതവുമായ ഒരു പ്രത്യയശാസ്ത്രം എന്നതിലപ്പുറം അത് മനുഷ്യ മൂല്യങ്ങളുടെ ഒരുള്‍ച്ചേരല്‍ കൂടിയാണ്.
പ്രവാചകർ ജനിക്കുന്നത് ഭാഷക്കും വംശീയതക്കും വിവേചനാത്മകമായ പരികല്‍പനകള്‍ നല്‍കുന്ന ഒരു സമൂഹത്തിലായിരുന്നു. പ്രവാചക ലബ്ധിക്ക് മുമ്പേ മക്കയില്‍ നിലനിന്നിരുന്ന ഗോത്ര സംഘട്ടനങ്ങള്‍, സ്ത്രീ വിവേചനങ്ങള്‍ അടിമവേല തുടങ്ങിയ സാമൂഹിക ഉച്ച നീചത്വങ്ങള്‍ കണ്ടും കേട്ടും തന്നെയാണ് പ്രവാചകർ വളര്‍ന്നത്. പ്രവാചക ജീവിതത്തിലേക്ക് ഒരു സൂക്ഷ്മ ദര്‍ശിനി വെച്ചുനോക്കിയാല്‍ വംശീയതയിലും വര്‍ണത്തിലും പ്രവാചകന്‍ കണ്ട അപര്യാപ്തതകള്‍ നമുക്കും ബോധ്യപ്പെടും. പ്രവാചകരുടെ നിലപാടുകള്‍ക്ക് ദൈവികമായ നിദര്‍ശനങ്ങളുടെ പിന്‍ബലമുണ്ടെന്നിരിക്കെ ‘മനുഷ്യന്‍’ എന്ന ഉദാത്ത സങ്കല്‍പത്തിന്റെ സാര്‍വലൗകികമായ മാനവിക മൂല്യങ്ങളാണ് ഇസ്‌ലാമിലെ ജീവിത ചര്യകളായി രൂപാന്തരപ്പെടുന്നത്.
അറബികള്‍ കാലാന്തരങ്ങളായി ധരിച്ചുവശായ വര്‍ണ സങ്കല്‍പത്തെ പ്രവാചകര്‍ (സ്വ) തിരുത്തുന്നുണ്ട്.
ഒരിക്കല്‍ അബൂ ദര്‍റ് (റ) ആഫ്രിക്കന്‍ അടിമയായിരുന്ന ബിലാല്‍(റ) ന്റെ നിറത്തെ അധിക്ഷേപിച്ച് “കറുത്തവന്റെ മകനേ’ എന്ന് വിളിച്ചു. ഇതറിഞ്ഞ പ്രവാചകന്റെ മുഖം വിവര്‍ണമായി. അല്‍പം നീരസത്തോടെ പ്രവാചകന്‍ അബൂദർറിനോടായി പറഞ്ഞു. വിഢ്ഡിത്തം (ജാഹിലിയ്യത്ത് ) പേറുന്ന മനുഷ്യനാണ് നീ. ഈ വാക്കുകളിലൂടെയും ഭാവത്തിലൂടെയും വര്‍ണവെറിയുടെ നിരര്‍ഥകത തന്റെ അനുയായികളെ ബോധ്യപ്പെടുത്തുകയായിരുന്നു തിരു നബി(സ്വ).
പ്രവാചകന്റെ അധ്യാപനങ്ങളും ഇടപെടലുകളും വംശീയതക്കും വര്‍ണത്തിനും അതീതമായ പ്രഖ്യാപനങ്ങളായിരുന്നു. അവിടുന്ന് കറുത്തവനായ സൈദ് ബ്‌നു ഹാരിസ് (റ) നെയും പിന്നീട് മകന്‍ ഉസാമയെയും സൈന്യത്തിന്റെ കമാന്‍ഡറാക്കിയിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാനമായ മക്ക വിജയത്തിന് ശേഷം ബിലാല്‍ (റ) വിശ്വാസികള്‍ക്ക് ബാങ്ക് വിളിക്കാന്‍ അവിടുന്ന് കല്‍പനയിറക്കി. നബി തങ്ങളുടെ വിടവാങ്ങല്‍, മനുഷ്യത്വത്തിന്റെ അവകാശ പ്രഖ്യാപനങ്ങളായിരുന്നു. 1948 ഡിസംബര്‍ 10 നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം നടക്കുന്നത്. അതിലെ പ്രമേയങ്ങളെ സാധൂകരിക്കുന്ന നിയമ സാരാംശങ്ങള്‍ പ്രവാചകന്റെ പ്രസ്തുത പ്രഭാഷണങ്ങളിലും വര്‍ധമാനമായ രീതിയില്‍ കാണപ്പെടുന്നുണ്ട്. വംശീയതയുടെ തീക്ഷ്ണതയില്‍ ജീവിച്ച ഒരു സമൂഹത്തെ ആത്മീയമായി സംസ്‌കരിച്ച് തന്റെ ദൗത്യനിര്‍വഹണം പൂര്‍ത്തിയാക്കി യാത്രയാവുന്ന പ്രവാചകന്‍ തന്റെ കാലശേഷവും ഉമ്മത്ത് പിന്‍തുടരേണ്ട മാനുഷിക മൂല്യങ്ങളെ ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു:
ഓ.. ജനങ്ങളെ.. നിങ്ങളുടെ റബ്ബ് ഏകനാണ്. നിങ്ങളുടെ പിതാവും ഒന്നാണ്. അറബിക്ക് അനറബിയേക്കാളൊ കറുത്തവന് വെളുത്തവനെക്കാളൊ അല്ലാഹുവിലുള്ള ഭക്തി കൊണ്ടല്ലാതെ ഒരു പ്രധാന്യവുമില്ല. മനുഷ്യനെന്ന സ്വത്വത്തെ ഒന്നിപ്പിക്കുന്ന ഏകമാനമായ ഒരു ലക്ഷ്യമുണ്ടെന്നും ആ പരമാര്‍ഥത്തിലേക്ക് ഭക്തിയുടെ പ്രവാഹത്തില്‍ യാത്ര ചെയ്തെത്തണമെന്നും സഹജീവികളെ മതം മുന്നോട്ട് വെക്കുന്ന സാര്‍വലൗകികമായ മാനവിക മൂല്യങ്ങളുള്‍ക്കൊണ്ട് സ്‌നേഹിക്കുകയും സ്രഷ്ടാവിനോടുള്ള ധാര്‍മിക ഉത്തരവാദിത്തം പോലെ സൃഷ്ടികളോടുള്ള കടപ്പാടും നിര്‍വഹിക്കുമ്പോള്‍ മാത്രമേ ഓരോ വ്യക്തിയും അന്തിമ വിജയം നേടുകയുള്ളൂ എന്ന് പ്രവാചകർ നിരന്തരം ഓര്‍മപ്പെടുത്തുന്നുണ്ട്.
പ്രവാചകരെ അതിരറ്റ് സ്‌നേഹിക്കുന്ന വിശ്വാസികള്‍ മനുഷ്യനെ വിശാലാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുകയും അവനിലുണ്ടാവുന്ന സൃഷ്ടി വൈവിധ്യങ്ങളെ സ്രഷ്ടാവിന്റെ അപാരമായ സോഷ്യല്‍ എൻജിനീയറിങാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഇതാണ് ഇസ്‌ലാം മത വിശ്വാസികളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇത്തരം ബോധ്യങ്ങളില്‍ നിന്നുള്ള തിരിച്ചറിവാണ് വംശീയതാ സങ്കല്‍പങ്ങളില്‍ നിന്ന് അതിജയിക്കാനുള്ള ഫലപ്രദമായ വഴി.
ഈ ബോധ്യങ്ങളെ അടിവരയിട്ടുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
“നിങ്ങളുടെ നിറങ്ങളിലും ഭാഷകളിലുമുള്ള വ്യത്യസ്തതയും ആകാശഭൂമികളെ സൃഷ്ടിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. ചിന്തിക്കുന്നവര്‍ക്ക് ഇവയില്‍ ദൃഷ്ടാന്തമുണ്ട്.’ (സൂറത് റൂം: 22)
ഇസ്‌ലാം വിമര്‍ശകരില്‍ ചിലര്‍ ഇസ്‌ലാമിലെ അടിമ സമ്പ്രദായം മതത്തിലെ സാമൂഹിക നീതിയുടെ അപചയമായി ചൂണ്ടിക്കാട്ടുന്നുണ്ട്. യഥാര്‍ഥത്തില്‍ പ്രവാചക ജീവിതം പരിശോധിക്കുമ്പോള്‍ അടിമവത്കരണത്തേക്കാളുപരി അടിമ വിമോചനത്തിനാണ് അവിടുത്തെ പരിശ്രമങ്ങള്‍ എന്നു കാണാനാവും.
ഇസ്‌ലാമില്‍ അടിമവത്കരണം നടക്കുന്നത് പ്രധാനമായും യുദ്ധം പോലെയുള്ള ഘട്ടങ്ങളിലാണ്. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഇമാമിന്റെ വിവേചനാധികാരവുമായി ബന്ധപ്പെട്ടുണ്ടാവുന്ന സുപ്രധാനമായ തീരുമാനമാണത്. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരെ തടവുപാളയത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയൊ രാജ്യദ്രോഹ കുറ്റം ചുമത്തി വധിക്കുകയൊ ആണ് ആധുനിക ജനാധിപത്യ സമ്പ്രദായത്തില്‍ പോലും സംഭവിക്കുന്നത്. അമേരിക്കയുടെ ഗോണ്ടനാമോയും അബൂ ഗുറൈബും ഇസ്‌റാഈലിന്റെ രഹസ്യ തടങ്കല്‍ പാളയങ്ങളും യുദ്ധക്കുറ്റം ചാര്‍ത്തപ്പെട്ടവരുടെ കുപ്രസിദ്ധ നരകങ്ങളാണ്. എന്നാല്‍ യുദ്ധത്തടവുകാരോടുള്ള മാനുഷികമായ സമീപനത്തില്‍ ഇസ്‌ലാം ബഹുദൂരം മുന്നോട്ടാണ്. ഇസ്‌ലാമിക ഭരണാധികാരിയായ ഇമാമിന് യുദ്ധത്തടവുകാരില്‍ പ്രായപൂര്‍ത്തിയായവരെ വധിക്കുകയോ അടിമയാക്കുകയോ നഷ്ടപരിഹാരം സ്വീകരിച്ച് വിട്ടയക്കുകയോ നിരുപാധികം മാപ്പുനല്‍കുകയോ ആവാം. യുദ്ധത്തടവുകാരുടെ സമീപനവും അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവുമനുസരിച്ച് ഇമാം യുക്തിസഹമായ തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. ബദര്‍ യുദ്ധം അവസാനിച്ചപ്പോള്‍ മക്കക്കാരായ അനവധി പേര്‍ യുദ്ധത്തടവുകാരായുണ്ടായിരുന്നു. ബദര്‍ യുദ്ധത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം വെച്ചു നോക്കുമ്പോള്‍ അവര്‍ വധശിക്ഷക്കും കടുത്ത പീഡനത്തിനും വിധേയരാവേണ്ടവരായിരുന്നു. കാരണം പ്രവാചകരെയും അനുയായികളെയും അവര്‍ മക്കയില്‍ കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ക്കും പുറമേ അന്നപാനീയങ്ങള്‍ക്കു ബഹിഷ്‌കരണവും ഊരു വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ശേഷം ദേശത്യാഗത്തിന് വിധേയരായി. പൂര്‍ണ സന്നാഹത്തോടെ യുദ്ധോത്സുകരായി ആയിരം പേരുമായി തങ്ങളെ അക്രമിക്കാന്‍ വന്ന സൈന്യത്തെ പൂര്‍ണമായി പരാജയപ്പെടുത്തിയപ്പോള്‍ അവരുടെ യുദ്ധത്തടവുകാരോട് പ്രവാചകർ കാണിച്ച വിട്ടുവീഴ്ച്ചയോളം ഏതു നൈതികതയുടെ പാരാമീറ്റര്‍ വെച്ചു നോക്കിയാലും എത്തില്ല. പല നിതാന്ത ശത്രുക്കളെയും വെറുതെ വിട്ടു. അവരില്‍ വിജ്ഞാനമുള്ളവരോട് തന്റെ അനുയായികളില്‍ പത്തുപേര്‍ക്ക് എഴുത്തും വായനയും അഭ്യസിപ്പിച്ചാല്‍ മോചനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി. പറഞ്ഞല്ലോ ആധുനിക കാലത്ത് തടങ്കല്‍ പാളയവും വധശിക്ഷയുമാണ് യുദ്ധത്തടവുകാര്‍ക്കുള്ള പരമാവധി ഓപ്ഷന്‍. ഇത് ഒട്ടും പുരോഗമനാത്മകമല്ല.
ഇനി അടിമകളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പ്രവാചകർ അനുചരന്‍മാരെ പഠിപ്പിക്കുന്നുണ്ട്. അബൂ മസ്ഊദ് (റ) പറയുന്നു. ഞാന്‍ ഒരിക്കല്‍ എന്റെ അടിമയെ ചാട്ടവാറ് കൊണ്ട് തല്ലി. ചാട്ട എന്റെ കയ്യില്‍ നിന്ന് വഴുതി വീണപ്പോള്‍ ഞാന്‍ എടുക്കാന്‍ കുനിഞ്ഞു. തല ഉയര്‍ത്തി നോക്കുമ്പോള്‍ പ്രവാചകർ എന്റെ മുന്നില്‍ നില്‍ക്കുന്നു. നബി എന്നെ വിളിച്ചു കൊണ്ടു പറഞ്ഞു. “നിനക്ക് നിന്റെ ശരീരത്തില്‍ അധികാരമുള്ളതിനെക്കാള്‍ അല്ലാഹുവിന് നിന്റെ മേല്‍ അധികാരമുണ്ട്. പ്രവാചകന്‍ തുടര്‍ന്നു. അവര്‍ നിന്റെ സഹോദരങ്ങളാണ്. അല്ലാഹു ഒരാള്‍ക്ക് തന്റെ സഹോദരനെ ഏല്‍പിച്ചു നല്‍കിയാല്‍ അവന്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് തന്റെ സഹോദരനെ ഭക്ഷിപ്പിക്കുകയും അവന്‍ ധരിക്കുന്നതില്‍ നിന്ന് ധരിപ്പിക്കുകയും ചെയ്തുകൊള്ളട്ടെ. അവന് അസാധ്യമായ ജോലികള്‍ നല്‍കി ബുദ്ധിമുട്ടിക്കരുത്. അവന് പ്രയാസമുള്ള ജോലികളില്‍ നിങ്ങള്‍ അവനെ സഹായിക്കണം.’ അറബികള്‍ നൂറ്റാണ്ടുകളായി അടിമകളെ പരിചരിച്ച രീതിയെ തിരുത്തുകയായിരുന്നു പ്രവാചകർ. ആധുനിക ജനാധിപത്യ സമ്പ്രദായത്തില്‍ കഠിന തടവിന് ശിക്ഷിക്കപ്പെടുന്ന ഒരു തടവ് പുള്ളിക്ക് ജയിലിലെ പാരതന്ത്ര്യത്തോടൊപ്പം കുറഞ്ഞ വേതനത്തിന് ജോലിയും ചെയ്യേണ്ടതായിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമിക് ഭരണത്തിലെ അടിമകള്‍ മാനുഷികമായ സ്വാതന്ത്ര്യം ഭാഗികമായെങ്കിലും ആസ്വദിക്കുന്നവരാണ്. അടിമകള്‍ക്ക് ഒരു സ്വതന്ത്രനെ പോലെ മാനുഷിക പരിഗണന നല്‍കുക എന്നതിലപ്പുറം അവരുടെ വിമോചനത്തിന് പ്രവാചകന്‍ മുൻകൈയെടുത്തു. 63 ഓളം അടിമകളെ നബി (സ്വ) മോചിപ്പിച്ചിട്ടുണ്ട്. ആ മാതൃക പിന്‍തുടര്‍ന്ന് സ്വഹാബി പ്രമുഖരും നബി പത്‌നിമാരും മോചനം നടത്തിയിട്ടുണ്ട്.അബ്ദു റഹിമാനു ബ്‌നു ഔഫ് (റ) 3000വും അബ്ദു റഹിമാനു ബ്‌നു ഉമര്‍ 1000 അടിമകളെയും മോചിപ്പിച്ചതായി ചരിത്രത്തില്‍ കാണാം. അതു പോലെ ഇസ്‌ലാമില്‍ ചില പാപങ്ങള്‍ക്കുള്ള പ്രയാശ്ചിത്തമായും അടിമയെ മോചിപ്പിക്കല്‍ പ്രഥമസ്ഥാനീയമായി വരുന്നുണ്ട് ■

Share this article

About ഇർഷാദ് കിഴിശ്ശേരി

irshad16@gmail.com

View all posts by ഇർഷാദ് കിഴിശ്ശേരി →

Leave a Reply

Your email address will not be published. Required fields are marked *