ബീവി ഖദീജ: സ്‌നേഹത്തിന്റെ പേര്‌

Reading Time: 3 minutes

“ഇതെന്താണെന്ന് നിങ്ങള്‍ക്ക് മനസിലായോ?’ നിലത്ത് നാലുവര വരച്ചിട്ട് മുത്ത്‌നബി അനുചരരോട് ചോദിച്ചു. “അല്ലാഹുവും അവന്റെ റസൂലുമാണ് അറിയുക’. സ്വഹാബികളുടെ നിഷ്‌കളങ്ക മറുപടി. മുത്ത്‌നബി വിശദീകരിച്ചതിങ്ങനെ: “സ്വര്‍ഗീയ സ്ത്രീകളില്‍ ഏറ്റവും ശ്രേഷ്ഠരായ നാല് ആളുകളാണ് ഇവര്‍, ഖദീജ, ഫാത്വിമ, മര്‍യം, ആസിയ.’
ഖദീജ(റ), മുത്ത്‌നബിയുടെ പ്രഥമ ഭാര്യ. ജാഹിലിയ്യത്തില്‍ തന്നെ ത്വാഹിറ (വിശുദ്ധ) എന്ന വിളിപ്പേര് കൊണ്ട് പ്രസിദ്ധയായവര്‍. കുടുംബമഹിമ, സമ്പത്ത്, ഭംഗി എന്നിവയാല്‍ ഉന്നതി പ്രാപിച്ചവര്‍. ഖുറൈശി സ്ത്രീകളുടെ നേതൃത്വവും വ്യാപാരരംഗത്ത് വിസ്മയകരമായ ചുവടുവെപ്പും കാഴ്ച വെച്ചവർ. പിന്നീട് പ്രവാചകരുടെ ജീവിതത്തിലേക്ക് കടന്നുവന്ന മഹതി നബി (സ്വ)യുടെ ജീവിതത്തിലെ പ്രധാന വേളകളിലെല്ലാം നെടുംതൂണായി വര്‍ത്തിച്ചു. നുബുവ്വത്തിന് ശേഷം ഒരു പതിറ്റാണ്ട് മാത്രമേ ജീവിക്കാന്‍ കഴിഞ്ഞുള്ളുവെങ്കിലും, മഹതിയുടെ ബുദ്ധിസാമര്‍ഥ്യം കൊണ്ടും പ്രവൃത്തിയിലുള്ള കാര്യക്ഷമത കൊണ്ടും ഒരുപാട് കാലത്തെ ജീവിതത്തിനത് തുല്യമായി. അത്കൊണ്ട് തന്നെ വഫാത്തിന് ശേഷവും പ്രവാചക വചനങ്ങളിലും പ്രവര്‍ത്തനങ്ങളിലും മഹതിയുടെ സ്മരണ പ്രോജ്വലിച്ച് നിന്നു .
ജനനം
ക്രിസ്താബ്ദം 556ല്‍ ഖുവൈലിദ് ബിന്‍ അസദിന്റെയും ഫാത്വിമ ബിന്‍ത് സാഇദയുടെയും മകളായി മക്കയില്‍ ഖദീജ ജനിച്ചു. നാല് സഹോദരങ്ങളും ഹാല എന്ന ഒരു സഹോദരിയുമുണ്ടായിരുന്നു. ശാം, യമന്‍ തുടങ്ങിയ പുറംനാടുകളിലേക്ക് കച്ചവട ആവശ്യത്തിന് തന്റെ സംഘത്തെ വിശ്വസ്തരായ ആളുകളെ ഏൽപിക്കുക പതിവായിരുന്നു.
മുത്ത്നബിയുടെ ഭാര്യയാകുന്നതിനുമുമ്പ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഉതയ്യബ്നു ആബിദില്‍ മഖ്‌സൂമി എന്നവരാണ് ആദ്യം വിവാഹം ചെയ്തത്. അവരില്‍ ഉണ്ടായ ഹിന്ദ് എന്ന മകള്‍ പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. ശേഷം അബൂ ഹാല എന്നവരെ ഭര്‍ത്താവായി സ്വീകരിച്ചു. അവരില്‍ നിന്ന് ഹിന്ദ്, ഹാല എന്നീ രണ്ട് ആണ്‍മക്കള്‍ക്ക് ജന്മം നല്‍കുകയുണ്ടായി. ഹിന്ദ് ഉമ്മയോട് കൂടെ മുസ്‌ലിമാവുകയും ബദ്‌റിലും ഉഹ്ദിലും പങ്കെടുക്കുകയും ചെയ്തു. ജമല്‍ യുദ്ധത്തിലാണ് ശഹീദായത്. അബൂ ഹാല എന്നവര്‍ ഇസ്‌ലാമിന് മുമ്പേ മരണപ്പെട്ടു. ശേഷം മക്കാ ദേശത്തെ പല പ്രമുഖരും വിവാഹാഭ്യര്‍ഥനയുമായി ബീവിയെ സമീപിച്ചിട്ടുണ്ട്. ബീവി എല്ലാം നിരസിച്ചു.

നബിയിലേക്ക്
“ഞാന്‍ സാമ്പത്തികമായി വളരെ പുറകിലാണെന്ന് നിനക്കറിയാമല്ലോ. നമ്മുടെ ആളുകള്‍ ശാമിലേക്ക് പോകുന്ന സമയമാണ്. ഖദീജ കച്ചവട സംഘത്തെ അയക്കുന്നുണ്ടെന്ന് കേട്ടു. നീ ചെന്ന് നോക്ക്. അതില്‍ നിനക്ക് പോകാന്‍ കഴിയും.’ മുത്ത്‌നബിയോട് പിതൃവ്യന്‍ അബൂത്വാലിബിന്റെ വാക്കുകള്‍. സാമ്പത്തിക പരാധീനയുള്ള പിതൃവ്യന് അതൊരു സമാധാനമാകുമെന്ന് നബി വിചാരിച്ചു. ഇത് മഹതി അറിഞ്ഞു. സത്യസന്ധതയിലും വിശ്വസ്തതയിലും പരിചിതനായ മുഹമ്മദിനെ തന്റെ കച്ചവട സാരഥ്യമേൽപിക്കുന്നതില്‍ പൂര്‍ണ സംതൃപ്തയായിരുന്നു ഖദീജ. മുത്ത്‌നബിയെ വിളിച്ച് ഖദീജ പറഞ്ഞു: “നിങ്ങളുടെ വിശ്വാസ്യതയാണ് നിങ്ങളെ ഈ കച്ചവടമേല്‍പ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. മറ്റുള്ളവര്‍ക്ക് നല്‍കുന്നതിന്റെ ഇരട്ടി പ്രതിഫലം നല്‍കാം.’ അടിമയായ മൈസറത്തിനെയും കൂടെ അയച്ചു. യാത്രയില്‍ ഉണ്ടായ അസാധാരണ സംഭവങ്ങള്‍ മൈസറത്തിനെ കൂടുതല്‍ അദ്ഭുതപ്പെടുത്തി. നാല്‍പത് വര്‍ഷമായി. ഇത് വരെ ലഭിക്കാത്ത ലാഭമാണ് ലഭിച്ചിരിക്കുന്നത്. മക്കയില്‍ മടങ്ങിയെത്തിയ മൈസറത്ത് ഖദീജയോട് എല്ലാം വിശദീകരിച്ച് കൊടുത്തു. ഇതെല്ലാം കേട്ട് മഹതിയുടെ മനസ് തളിര്‍ത്തു. ഖദീജ ബീവിയുടെ മനസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചില സംസാരങ്ങളെ ഓര്‍ത്തെടുത്തു. “ഖുറൈശി സ്ത്രീകളെ, നിങ്ങള്‍ സന്തോഷിക്കുക. നിങ്ങളില്‍ നിന്ന് ഒരു നബി വരാനുണ്ട്. ആര്‍ക്കെങ്കിലും ആ നബിയുടെ ഭാര്യയാകാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യുക.’
നബിയോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. അവിടുന്ന് സമ്മതിച്ചു. അബൂ ത്വാലിബ് ഖുത്വുബ ഓതി. ഖദീജയുടെ പിതൃവ്യന്‍ അംറുബ്‌ന് അസദ് ഖദീജയെ മുത്ത്‌നബിക്ക് വിവാഹം ചെയ്ത് കൊടുത്തു. തന്റെ നാല്‍പതാം വയസില്‍ ഇരുപത്തിയഞ്ചു വയസുകാരനായ മുത്ത്‌നബിയുടെ ജീവിതത്തിലേക്ക്.
ദാമ്പത്യ ജീവിതം
“സമ്മിലൂനീ… സമ്മിലൂനീ…. (എന്നെ പുതപ്പിട്ടു മൂടൂ..)’ ഹിറാഗുഹയില്‍ ധ്യാനനിരതനായി ഏകാന്തവാസം അനുഷ്ഠിച്ചിരുന്ന തന്റെ ഭര്‍ത്താവ് വീട്ടിലേക്ക് ഓടി വരുന്നത് കണ്ട് ഖദീജ ബീവി ആദ്യമൊന്ന് അമ്പരന്നു. പിന്നെ ധൈര്യം സംഭരിച്ച് ഭര്‍ത്താവിനെ പുതപ്പിച്ച് കിടത്തി. ബുദ്ധിസാമര്‍ഥ്യമുള്ള മഹതി പ്രവാചകരുടെ പേടിയും അമ്പരപ്പും ഒന്ന് അമര്‍ന്നതിന് ശേഷമാണ് കാര്യങ്ങള്‍ അന്വേഷിച്ചത്. ഹിറാഗുഹയിലേക്ക് ഒരാള്‍ വന്നതും “ഇഖ്‌റഅ്’ ഓതിത്തന്നതും ഭയപ്പാടോടെ വിശദീകരിച്ച് കൊടുത്തപ്പോള്‍ മഹതി മറുപടി നല്‍കിയതിങ്ങനെ: “എന്തിന് പേടിക്കണം, നിങ്ങള്‍ സന്തോഷിക്കുക, അല്ലാഹു തന്നെ സത്യം. അവന്‍ കൈവെടിയുകയില്ല. നിങ്ങള്‍ കുടുംബ ബന്ധം ചേര്‍ക്കുന്നു. അതിഥികളെ സല്‍കരിക്കുന്നു. വിശ്വസ്തതയും സത്യസന്ധതയും കൈമുതലാക്കുന്നു. പാവപ്പെട്ടവരെ സഹായിക്കുന്നു. പ്രയാസമനുഭവിക്കുന്നവനെ സംരക്ഷിക്കുന്നു. ഇത് അല്ലാഹുവില്‍ നിന്നുള്ള യാഥാര്‍ഥ്യമാണ്.’ പുറമേ, ഭര്‍ത്താവിനെയും കൂട്ടി പിതൃവ്യപുത്രനും പുരോഹിതനുമായ വറഖത്ബ്‌നു നൗഫലിന്റെ അടുക്കലേക്ക്. വന്നത് മൂസാനബിയുടെ അടുക്കല്‍ വന്ന ജിബ് രീല്‍ മാലാഖയാണെന്ന് വറഖത് പറഞ്ഞപ്പോള്‍ സന്തോഷത്തിന് ആധിക്യമേറി.
ഇസ്‌ലാമിലേക്ക് ആദ്യം കടന്നുവന്നത് മഹതിയായിരുന്നു. ഇസ്‌ലാമിക പ്രബോധനവുമായി ബന്ധപ്പെട്ട് ഖുറൈശികള്‍ മുത്ത്‌നബിയെ ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തപ്പോള്‍ സാന്ത്വനമായി കൂടെ നില്‍ക്കാന്‍ ഖദീജയുണ്ടായിരുന്നു. സമ്പത്ത് നല്‍കി. എല്ലാവരും അവിശ്വസിച്ചപ്പോള്‍ വിശ്വസിച്ച് കരുത്ത് പകർന്നു. മഹതിയുടെ വഫാതിന് ശേഷം മുത്ത്‌നബി പലയാവര്‍ത്തി ഇത് പറഞ്ഞിട്ടുമുണ്ട്. ഹിറാഗുഹയില്‍ ആരാധനയില്‍ കഴിഞ്ഞ് കൂടിയപ്പോള്‍ സമയത്തിന് ഭക്ഷണം എത്തിച്ച് കൊടുക്കാന്‍ മഹതി ശ്രദ്ധിച്ചു. ഒരിക്കല്‍ ഭക്ഷണവുമായി വരുമ്പോള്‍ മുത്ത്‌നബിയോട് ജിബ് രീല്‍ (അ) പറഞ്ഞു: “ഇത് ഖദീജ, അവള്‍ നിങ്ങള്‍ക്കുള്ള ഭക്ഷണവുമായി വരുന്നു. അവളോട് അല്ലാഹുവില്‍ നിന്നും എന്നില്‍ നിന്നുമുള്ള സലാം പറയുക. അവർക്ക് അല്ലാഹു സ്വര്‍ഗത്തില്‍ നല്ലൊരു ഭവനം പണിതുവെച്ചിട്ടുണ്ട്’. നബി(സ്വ) ഖദീജ ബീവി വഫാതാകുന്നത് വരെ ഒരാളെയും വിവാഹം കഴിച്ചില്ല. മുത്ത്‌നബിക്ക് ഇബ്‌റാഹീം ഒഴിച്ചുള്ള ബാക്കി ആറു മക്കളും ജനിച്ചത് ഖദീജയില്‍ നിന്നാണ്. മറ്റു ഭാര്യമാരില്‍ നിന്നൊക്കെ ചില അനിഷ്ടങ്ങള്‍ മുത്ത് നബിക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടക്ക് ഖദീജയില്‍ നിന്ന് അത്തരത്തില്‍ ഒന്ന് പോലും ഉണ്ടായില്ല എന്ന് ഇബ്‌നു ഹജറില്‍ അസ്ഖലാനി പറയുന്നുണ്ട്.
മുത്ത്‌നബിയുടെ ജീവിതത്തില്‍ ഏറെ പ്രതിസന്ധിയുണ്ടായ കാലയളവാണ് ശിഅ്ബു അബീത്വാലിബ്. പൂര്‍ണമായ മൂന്നുവര്‍ഷം നബിയും കുടുംബവും ഈ താഴ് വരയില്‍ ഉപരോധത്തില്‍ കഴിഞ്ഞുകൂടേണ്ടിവന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ പച്ചില ഭക്ഷണമാക്കിയ സാഹചര്യം വരെ എത്തി. തന്റെ കുടുംബത്തെ മാറ്റിനിര്‍ത്തി തന്റെ ഭര്‍ത്താവിനോട് കൂടെ എല്ലാം സഹിക്കാന്‍ ഖദീജ ബീവി ഇറങ്ങിച്ചെന്നു. ഉപരോധം നീക്കി അധികം താമസിയാതെ ബീവി രോഗിയായി. അബൂ ത്വാലിബ് വിട പറഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞ് റമളാനില്‍ മഹതിയും വഫാതായി. ഖദീജയുടെയും അബൂ ത്വാലിബിന്റെയും വിയോഗം നബിക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. അവിടുന്ന് അതീവ ദുഃഖിതനായി. ആ വര്‍ഷം സങ്കടത്തിന്റെ വര്‍ഷം എന്ന പേരില്‍ അറിയപ്പെട്ടു.
മൂന്ന് പേർ: അലി(റ) വളർന്നത് ഖദീജയുടെ മടിത്തട്ടിലാണ്. കുട്ടികളില്‍ നിന്ന് ആദ്യം ഇസ്‌ലാം സ്വീകരിച്ചതും അലി(റ)വാണ്.
സുബൈറുബ്‌നു അവ്വാം, ആദ്യം ഇസ്‌ലാം സ്വീകരിച്ചവരില്‍ പ്രമുഖന്‍. പിതാവും ഖദീജയുടെ സഹോദരനുമായ അവ്വാമുബ്‌നു ഖുവൈലിദ് കൊല്ലപ്പെട്ടപ്പോള്‍ അനാഥനായ സുബൈറിനെ വളര്‍ത്തിയത് മഹതിയാണ്. മറ്റൊന്ന് സൈദ്ബ്‌നു ഹാരിസ. സഹോദര പുത്രന്‍ ഹകീം ബ്‌നു ഹിശാം ശാമില്‍ നിന്ന് കൊണ്ടുവന്ന അടിമകളില്‍ പെട്ടവരായിരുന്നു. അമ്മായിയോട് ഇഷ്ടമുള്ളത് തിരെഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ ബീവി സ്വീകരിച്ചത് സൈദിനെ. വീട്ടിലെത്തി സൈദിനെ മുത്ത് നബിക്ക് ഹദ് യ കൊടുത്തു. അലിയാര്‍ക്ക് ശേഷം ഇസ്‌ലാം സ്വീകരിച്ച സൈദും, വളര്‍ന്നത് ഈ വീട്ടില്‍ തന്നെ. സ്വന്തം മക്കളോടൊപ്പം തന്നെ പില്‍ക്കാലത്ത് സ്വഹാബികളിലെ പ്രമുഖരായ ഈ മൂന്ന് പിഞ്ചോമനകളെ ഏറ്റെടുത്ത് വളര്‍ത്താന്‍ മഹതിക്ക് സാധിച്ചു ■

Share this article

About മുഹമ്മദ് വാസില്‍ അദനി കുറ്റാളൂര്‍

wasilmuhammed0@gmail.com

View all posts by മുഹമ്മദ് വാസില്‍ അദനി കുറ്റാളൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *