ഈജിപ്തില്‍ പിരമിഡുകള്‍ മാത്രമല്ല

Reading Time: 3 minutes

ലോകത്തെ അറിയ പ്പെട്ട ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയായ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ രണ്ട് മാസത്തെ കോഴ്സ് അറ്റൻഡ് ചെയ്ത മര്‍കസ് നോളെജ് സിറ്റി ഫാകല്‍റ്റി കൂടിയായ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫിയുടെ യാത്രകളുടെ ശേഷിപ്പാണ് “മരണമില്ലാത്തവരുടെ നാട്ടില്‍ നിന്ന്’ എന്ന ഈജിപ്ത് ഡയറിക്കുറിപ്പ്.

അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റി
ഈജിപ്തിലെ കയ്‌റോവില്‍ സ്ഥിതി ചെയ്യുന്ന വിഖ്യാത കലാലയമാണ് അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി. ഫാത്തിമിയ്യ ഖിലാഫത്ത് കാലത്ത്, തൊള്ളായിരത്തി എഴുപതിലാണ് യൂനിവേഴ്‌സിറ്റി സ്ഥാപിതമാകുന്നത്. നൂറു കണക്കിന് മലയാളികള്‍ ഇവിടെ നിന്ന് പഠിച്ച് ഇറങ്ങിയിട്ടുണ്ട്. അതില്‍ കൂടുതലും നാട്ടിലെ അറബിക് കോളേജുകളില്‍ നിന്ന് ബിരുദം എടുത്ത് ചെന്നവരാണ്.
യുനെസ്‌കോയുടെ പട്ടികയനുസരിച്ച് ലോകത്തിലെ പുരാതന യൂനിവേഴ്‌സിറ്റികളില്‍ രണ്ടാം സ്ഥാനമാണ് അസ്ഹറിനുള്ളത്. ഒന്നാം സ്ഥാനം മൊറോക്കോയിലെ ഫെസ്സിലെ ഖറവിയ്യീന്‍ യൂനിവേഴ്‌സിറ്റിക്കാണ്. ഹിജ്‌റ 245ലാണ് ഖറവിയ്യീന്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നത്. മുസ്‌ലിം സ്ത്രീ സമൂഹത്തിന് അഭിമാനിക്കാനാവുംവിധം ഫാത്തിമ അല്‍ ഫിഹ്‌രി എന്ന മുസ്‌ലിം വനിതയാണ് ഈ അതിപുരാതന യൂനിവേഴ്‌സിറ്റിയുടെ സ്ഥാപക.
അല്‍ അസ്ഹര്‍ ഈജിപ്തില്‍ ആയത് കൊണ്ട് തന്നെ ഒരുപാട് സവിശേഷത യൂനിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഈജിപ്ത്, മഹത്തുക്കളുടെ മുദ്രകള്‍ പതിഞ്ഞ നാടാണ്. മൂസാ നബിയുടെയും(അ) യൂസുഫ് നബിയുടെയും(അ) ഇമാം ശാഫിയുടെയും(റ) നഫീസത്തുല്‍ മിസ് രി യയുടെയും (റ) ആസിയ ബീവിയുടെയും(റ) മറ്റ് ലക്ഷകണക്കിന് ഔലിയാക്കളുടെയും കാല്‍പാദങ്ങള്‍ പതിഞ്ഞ നാട്.
ചരിത്രസമ്പന്നമായ ഈജിപ്ത് സന്ദര്‍ശിക്കുക എന്നത് ചരിത്രം പഠിക്കുന്ന, മഹത്തുക്കളെ സ്‌നേഹിക്കുന്ന ഏതൊരു മുസ്‌ലിമിന്റെയും വലിയൊരു ആഗ്രഹമായിരിക്കും. പലര്‍ക്കും കാണാന്‍ സാധിച്ചെന്ന് വരില്ല എന്ന് കണ്ടിട്ടാവണം വായനക്കാര്‍ക്ക് ചെന്നുകാണുന്ന പ്രതീതി നല്‍കുന്ന രൂപത്തില്‍ ഗ്രന്ഥകാരന്‍ എഴുത്ത് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവിടുന്ന് എയര്‍പോട്ട് മുതല്‍ തിരിച്ചുവരുന്നത് വരെയുള്ള കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കയ്‌റോ നഗരത്തെ ഇത്രത്തോളം ഒപ്പിയെടുത്ത മറ്റൊരു യാത്രാ വിവരണം മലയാളത്തില്‍ ഇല്ല എന്നു തന്നെ പറയാം. ഈജിപ്തിന്റെ സംസ്‌കാരം, ചരിത്രം, ഭാവി, മതം, രാഷ്ട്രീയം, തിരു ശേഷിപ്പുകള്‍, മ്യൂസിയങ്ങള്‍, ഷോപ്പുകള്‍, മഖ്ബറകള്‍ എല്ലാം തന്നെ സൗന്ദര്യാത്മകമായി ആവിഷ്‌കരിച്ചിരിക്കുന്നു.

അസ്ഹറിലെ ബിരുദം?
പൊതുവെ നമ്മുടെയെല്ലാം ധാരണ അസ്ഹറില്‍ പഠിച്ച് അവിടെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് യൂനിവേഴ്‌സിറ്റി നല്‍കുന്ന പ്രത്യേക ബഹുമതിയാണ്, ബിരുദമാണ് അസ്ഹരി എന്നാണ്. പക്ഷേ അത് നമ്മുടെ അന്വേഷണ പരിമിതിമൂലം തെറ്റിദ്ധരിച്ചതാണ്. എഴുത്തുകാരന്റെ വാക്കുകള്‍ നോക്കൂ, “അസ്ഹറില്‍ പഠിച്ചവര്‍ക്ക് ആഗോള മുസ്‌ലിം സമൂഹത്തില്‍ ചെറുതല്ലാത്ത സ്വാധീനമുണ്ട്. എന്നാല്‍ പ്രത്യേക പേരിലുള്ള ബിരുദമോ സനദോ അസ്ഹറിനില്ല. അഥവാ അസ്ഹരി എന്ന് നാം വിശേഷിപ്പിക്കുന്നത് അസ്ഹറില്‍ പഠിച്ചു എന്ന കാരണം കൊണ്ട് മാത്രമാണ്. അല്ലാതെ അസ്ഹര്‍ അങ്ങനെ ഒരു ബിരുദം നല്‍കുന്നില്ല. അസ്ഹറില്‍ രണ്ട് മാസം പഠിച്ചവരും പത്തു മാസം പഠിച്ചവരും ഈ പേര് ഉപയോഗിക്കുന്നുണ്ട്.’
ഈജിപ്തിലെ പ്രധാന ഭക്ഷണയിനമായ ഐഷിനെ പറയാന്‍ ഒരു അധ്യായം മുഴുവന്‍ നല്‍കിയിട്ടുണ്ട്. അതിന്റെ ചരിത്രവും രാഷ്ട്രീയവും അതില്‍ വിശദീകരിക്കുന്നുണ്ട്. അറബി ഭാഷയില്‍ ഐഷ് എന്നാല്‍ ജീവിതം എന്നാണ് അര്‍ഥം. അറബി സംസാരിക്കുന്ന നാടുകളിൽ പത്തിരിക്ക് സാധാരണ ഖുബ്‌സ് എന്നാണ് പറയുന്നത്. ഹദീസുകളില്‍ വന്നതും അങ്ങനെ തന്നെ. എന്നാല്‍ ഈജിപ്ത് ഇതിന് മറ്റൊരു പേരിട്ടു; ഐഷ്. ജീവന്‍ എന്നു തന്നെ. മറ്റുള്ള നാടുകളില്‍ നിന്ന് ഭിന്നമായി ഈജിപ്തുകാര്‍ ഈ ഭക്ഷണത്തെ കണ്ടു. അവര്‍ക്ക് അതിനോട് അമിതമായ ആത്മബന്ധം ഉണ്ടായിരുന്നു. ഐഷ് ഭക്ഷിക്കാതെ അവിടെ ഒരു ദിവസം കടന്നുപോകില്ല. ഐഷ് അവര്‍ക്ക് ജീവനാണ്. അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതായി കണക്കാക്കുന്ന ഐഷിനെക്കുറിച്ച് ഇന്നും പഠനങ്ങള്‍ വരുന്നു. ആദ്യകാലങ്ങളില്‍ കേരളത്തില്‍ പെണ്ണാലോചിക്കുന്ന സമയത്ത് മുഹ്‌യുദ്ദീന്‍ മാല അറിയുമോ എന്ന് ചോദിച്ചിരുന്നത് പോലെ, ഈജിപ്തില്‍ ഐഷ് ഉണ്ടാക്കാൻ അറിയുമോ എന്ന് ചോദിക്കുമായിരുന്നത്രെ.

ഈജിപ്തും ദര്‍സുകളും
ഈജിപ്ത് ഒരു മുസ്‌ലിം രാജ്യമാണല്ലോ. ഒരുപാട് പണ്ഡിതന്മാര്‍ക്ക് പിറവി നല്‍കിയ മണ്ണാണത്. സ്വാഭാവികമായും നിറയെ ദര്‍സുകളും അവിടെ കാണാന്‍ സാധിക്കുന്നു. ഓരോ പള്ളിയിലും വ്യത്യസ്ത ദര്‍സുകള്‍ ഉണ്ടാകും. പലതിലും അറിയപ്പെട്ട വ്യത്യസ്ത ഗുരുക്കന്മാര്‍. ഇത് വലിയ ഒരു പ്രതാപമായി തന്നെ എണ്ണപ്പെടുന്നുണ്ട്. ആഗോളാടിസ്ഥനത്തില്‍ തന്നെ പ്രഗദ്ഭരായ ഹബീബ് അലി ജിഫ്‌രി, അലി ജുമുഅ, ഉസാമ അല്‍ അസ്ഹരി തുടങ്ങിയ ധാരാളം പണ്ഡിതര്‍ അത്തരം ദര്‍സുകള്‍ നടത്തുന്നു. ഇവിടെ പല ദര്‍സുകളിലും മലയാളി വിദ്യാര്‍ഥികള്‍ എത്തുന്നു. ഗ്രന്ഥകാരനും പല ദര്‍സുകളില്‍ ചെന്ന് ശിക്ഷത്വവും അറിവും നേടിയിട്ടുണ്ട്. എല്ലാവര്‍ക്കും പങ്കെടുക്കാം എന്നതാണ് ഇതിലെ പ്രത്യേകത. കേരളം ഇത്തരം ദര്‍സുകളെ മാതൃക ആക്കിയെടുക്കേണ്ടതുണ്ടെന്നും പുസ്തകം ഇടക്കിടക്ക് ഓര്‍മിപ്പിക്കുന്നുണ്ട്. ദര്‍സ് നടത്താന്‍ ഇടം കിട്ടാത്തവര്‍, ആരോഗ്യം കുറവുള്ള ഉസ്താദുമാര്‍ തുടങ്ങിയവര്‍ തങ്ങളുടെ അറിവിന്റെ വെളിച്ചം തങ്ങളില്‍ ഒതുങ്ങിപ്പോകരുത് എന്ന്് വിശ്വസിച്ചുകൊണ്ടാകാം സ്വന്തം വീടുകളിലും ദര്‍സ് നടത്തുന്നുണ്ട്്. ഇത്തരം സദസുകളില്‍ സ്ത്രീകളെയും മക്കളെയും കാണാന്‍ സാധിക്കും. മള്‌യഫ് എന്നാണ് ഇതിന് പറയാറ്. അഥവാ അതിഥി മന്ദിരം.
ഈജിപ്തിലെ ത്വരീഖതുകളെ വിശദമായി ചര്‍ച്ച ചെയ്യുന്ന അധ്യായത്തിന് നല്‍കിയ പേര് “ഈജിപ്ത് ത്വരീഖതുകളുടെ പറുദീസ’ എന്നതാണ്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഭാഗമിതാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആദരിക്കപെടുന്ന ശാദുലി സില്‍സിലയുടെ മഹാനായ ശൈഖ് ശാദുലിയുടെ മഖ്ബറ സ്ഥിതി ചെയ്യുന്നത് ഈജിപ്തിലാണ്. അഞ്ച് ഖുതുബുകളില്‍ മൂന്ന് പേരുടെ മഖ്ബറ ഈജിപ്തില്‍ തന്നെ എന്നത് ഏറെ വിശേഷം നല്‍കുന്നു. അടുത്തിടെ നടത്തിയ ഒരു പഠനപ്രകാരം എമ്പതിനടുത്ത് ത്വരീഖത്തുകളുണ്ട് ഈജിപ്തില്‍.
ഓരോ വഴികളേയും വര്‍ണിക്കുന്നത് ഏറെ മനോഹരവും ചിന്തനീയവുമാണ്. മഹാരഥരുടെ ഖബര്‍ സിയാറത്ത് ചെയ്യുമ്പോള്‍ അവരുടെ ചരിത്രവും അവരുടെ ഗ്രന്ഥമഹിമയും പറയുന്നത് ഏറെ കൗതുകകരം. ഓരോ ശൈഖിന്റെയും ബറകത്ത് കൊണ്ട് തനിക്കും കൂട്ടര്‍ക്കും കിട്ടുന്ന ഭാഗ്യം പറയുന്നത് വായിക്കുമ്പോള്‍ എന്തന്നില്ലാത്ത ആവേശം.
എങ്ങനെയാണ് യാത്ര ചെയ്യേണ്ടതെന്നും സിയാറത്ത് ചെയ്യേണ്ടതെന്നും പുസ്തകത്തില്‍ പരോക്ഷമായി പറയുന്നുണ്ട്. ഒറ്റക്ക് യാത്ര ചെയ്തതായിട്ട് പുസ്തകത്തില്‍ എവിടെയും പറയുന്നില്ല. മറിച്ച് എപ്പോള്‍ യാത്ര ചെയ്യുമ്പോഴും കൂടെ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നു. പലപ്പോഴും മൂന്നില്‍ കൂടുതല്‍ പേരുണ്ടാകും. ഇതാണല്ലോ ശരിക്കും റസൂല്‍ (സ്വ) പഠിപ്പിച്ച് തന്ന ഒരു യാത്രാരീതി. ഏതു പണ്ഡിതന്റെ ഖബറാണോ സിയാറത്ത് ചെയ്യുന്നത് അവിടെ ഇരുന്ന് അവര്‍ രചിച്ച ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയോ അവരുടെ മേലിലുള്ള റാതീബുകള്‍ പാരായണം നടത്തുകയോ ചെയ്യും. ഈ രീതി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ലുഖ്മാന്‍ എന്നവരുടെ ഖബര്‍ സിയാറത്ത് ചെയ്തപ്പോള്‍ അവിടെ ലുഖ്മാന്‍ സൂറത്ത് ഓതുന്നു. ഇമാം ബൂസൂരിയുടെ (റ) ഖബര്‍ സിയാറത്ത് ചെയ്തപ്പോള്‍ ബുര്‍ദ ആലപിക്കുന്നു. ഇത്‌കൊണ്ടൊക്കെ തന്നെയാണ് മരണമില്ലാത്തവരുടെ നാടായി ഈജിപ്ത് മാറിയത്. കാരണം അവര്‍ ഇന്നും ജനങ്ങളില്‍ ജീവിക്കുന്നുണ്ട്.
പുസ്തകത്തില്‍ നിന്ന് ചില അധ്യായങ്ങള്‍ വായിക്കുമ്പോള്‍ ഇത് ചരിത്ര പുസ്തകമാണെന്ന് തോന്നും. മറ്റുചിലപ്പോള്‍ തോന്നും ഇത് ആത്മീയ പുസ്തകമാണെന്ന്. പിന്നെയും കുറച്ച് പോകുമ്പോള്‍ കരുതും ഇതൊരു അക്കാദമിക പഠന പുസ്തകമാണെന്ന്. ഇവിടെ ഇതുണ്ട് അവിടെ അതുണ്ട് എന്ന് പറഞ്ഞ് പോകുന്നതിലുപരി ഈ പുസ്തകം നിറയെ അനുഭവങ്ങളുടെ കലവറ തീര്‍ക്കുന്നു.
അലക്‌സാന്‍ഡ്രിയ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് അലക്‌സാന്‍ഡ്രിയ ലൈബ്രറി ആയിരിക്കും. ഈ നഗരത്തിന്റെ തന്നെ സ്ഥാപകനായ അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് തന്നെയാണ് ഈ ലൈബ്രറി നിര്‍മിച്ചതും. മരിക്കുന്ന സമയത്ത് താന്‍ നല്‍കിയ വസ്വിയത് കൂടി ചേര്‍ത്ത് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. ബാക്കി നിങ്ങള്‍ വിജ്ഞാനകൊതിയന്മാരാണെങ്കില്‍ പുസ്തകം വായിച്ചെടുക്കൂ. ഇരുപതിലേറെ അധ്യായങ്ങളും നൂറ്റി അമ്പതിലേറെ പേജുകളും അടങ്ങിയ ഈ കൈ പുസ്തകം ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോയാണ് (ipb) പ്രസിദ്ധീകരിച്ചത്. പുസ്തകത്തില്‍ മുഖവരയും എഴുത്തുകാരനെക്കുറിച്ചും ചേര്‍ക്കണമായിരുന്നു. അതുണ്ടാകാത്തതില്‍ വിയോജിപ്പ് ■

Share this article

About ജുറൈസ് പൂതനാരി

juraispoothanari@gmail.com

View all posts by ജുറൈസ് പൂതനാരി →

Leave a Reply

Your email address will not be published. Required fields are marked *