ഇമാം ബുഖാരി(റ): വൈജ്ഞാനിക ജീവിതം

Reading Time: 2 minutes

ഉസ്ബകിസ്ഥാനിലെ സമര്‍ഖന്ദിടുത്ത് സ്ഥിതി ചെയ്യുന്ന വിശ്രുത നഗരമാണ് ബുഖാറ. മുസ്‌ലിം ലോകത്ത് അറിയപ്പെട്ട നിരവധി പണ്ഡിത തേജസുകള്‍ക്ക് ജന്മം നല്‍കിയ പുരാതന ഖുറാസാനിന്റെ ഭാഗമായിരുന്നു ഈ നഗരം. ഇമാം ത്വിബ് രി, ഇമാം നസാഈ, ഇമാം ബൈഹഖി, മര്‍വസി, ഖവാരിസ്മി, ഇബ്‌നു സീന തുടങ്ങിയവരെല്ലാം ഖുറാസാനിന്റെ സന്തതികളാണ്. ബുഖാറയിലെ പ്രസിദ്ധ വ്യാപാരിയും തലയെടുപ്പുള്ള പണ്ഡിതനും സൂക്ഷ്മശാലിയുമായിരുന്നു ഇസ്മായില്‍ ഇബ്‌നു ഇബ്റാഹിം. അവരുടെ മകനായി ഹിജ്‌റ 194 ശവ്വാല്‍ 13നാണ് ഇമാം ബുഖാരി(റ) ജനിച്ചത്. ബാല്യകാലത്തുതന്നെ തന്നെ പിതാവ് മരിച്ചു. തുടര്‍ന്ന് മാതൃ ശിക്ഷണത്തില്‍ വളര്‍ന്ന ഇമാം ബുഖാരി(റ)യെ അനാഥത്വത്തിനു മേല്‍ അന്ധതയും പിടികൂടി. പരീക്ഷണങ്ങളെ ക്ഷമയോടെ നേരിട്ട ആ മാതാവിന്റെ മകനു വേണ്ടിയുള്ള ഭക്തിസാന്ദ്രമായ പ്രാര്‍ഥനകളുടെ ഫലമായി ഹസ്‌റത്ത് ഇബ്‌റാഹിം നബി(അ)യെ സ്വപ്‌നത്തില്‍ ദര്‍ശിക്കുകയും മകന്റെ അന്ധതയെ സുഖപ്പെടുത്തിയ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
അസാമാന്യമായ വിജ്ഞാന ദാഹവും ആത്മീയ വിശുദ്ധിയും ബാല്യകാലം മുതല്‍ തന്നെ ഇമാം ബുഖാരി(റ)യുടെ മുഖമുദ്രയായിരുന്നു. അസാധാരണമായ ബുദ്ധിശക്തിയും മനഃപാഠശേഷിയും താത്പര്യവും സമ്പത്തും വൈജ്ഞാനിക യാത്രയില്‍ മുതല്‍കൂട്ടായി. ശൈഖ് മുഹമ്മദ് ബ്‌നു സലാം, അബ്ദുല്ല ബ്‌നു മുഹമ്മദ് അല്‍ മുസ്‌നദി, ഇബ്റാഹിം ബ്‌നു അശ്അസ്, മുഹമ്മദ് ബ്‌നു യൂസഫ് തുടങ്ങിയവരായിരുന്നു അവിടുത്തെ പ്രാഥമിക ഗുരുനാഥന്മാര്‍. പ്രാഥമിക പാഠശാലയില്‍ നിന്നുതന്നെ ഇബ്‌നു മുബാറകിന്റെ ഹദീസ് ശേഖര ഗ്രന്ഥം മനഃപാഠമാക്കിയ ഇമാം ബുഖാരി(റ) തന്റെ പതിനാറാം വയസില്‍ അക്കാലത്ത് വിരചിതമായ ഹദീസ് ഗ്രന്ഥങ്ങളെല്ലാം അതുല്യ പ്രാഗദ്ഭ്യത്തോടെ പഠിച്ചെടുത്തു. തുടര്‍ന്ന് ജേഷ്ഠ സഹോദരനും മാതാവിനുമൊപ്പം ഹജ്ജിന് പുറപ്പെടുകയും മാതാവും ജേഷ്ഠനും മടങ്ങിയപ്പോള്‍ മഹാനവര്‍കള്‍ മക്കയില്‍ തങ്ങുകയും ചെയ്തു.
ദേശങ്ങള്‍ കടന്നുള്ള വിജ്ഞാനയാത്രകള്‍ക്കുള്ള തുടക്കമായിരുന്നു ഹിജ്‌റ 210ല്‍ നടന്ന ഈ ഹജ്ജ് തീര്‍ഥാടനം. പതിനെട്ടാം വയസില്‍ ഇമാം ബുഖാരി(റ) തന്റെ ആദ്യ ഗ്രന്ഥമായ “ഖളായ സ്വഹാബ വ താബിഈന്‍’ രചിച്ചു. തുടര്‍ന്ന് മദീനയില്‍ റൗളാ ശരീഫില്‍ വെച്ച് താരീഖും എഴുതിത്തീര്‍ത്തു. പല നാടുകളും ഗുരു മുഖങ്ങളും താണ്ടിയ ഇമാം ബുഖാരി(റ) പങ്കെടുക്കുന്ന വിജ്ഞാന സദസുകളില്‍ എല്ലാം വിസ്മയ വിലാസമായി മാറി. ഹിജാസില്‍ ആറുമാസക്കാലം താമസിച്ച് ഭാഷയില്‍ നൈപുണ്യം നേടി. സിറിയ, ഈജിപ്ത്, അല്‍ ജസീറ എന്നിവിടങ്ങളില്‍ രണ്ടുതവണയും ബസറയില്‍ നാലു തവണയും കൂഫ ബഗ്ദാദ് എന്നിവിടങ്ങളില്‍ നിരവധി തവണയും സന്ദര്‍ശനം നടത്തി. ഈ യാത്രയിലുടനീളം ആയിരത്തിലേറെ പ്രഗദ്ഭ പണ്ഡിതന്മാരില്‍ നിന്ന് അമൂല്യമായ വിജ്ഞാന മുത്തുകള്‍ ശേഖരിക്കാന്‍ മഹാനവര്‍കള്‍ക്ക് കഴിഞ്ഞു.
അഹ് മബ്‌നു മുഹമ്മദുല്‍ അസ്‌റഖി, അബ്ദുല്ലാഹിബ്‌നു യസീദുല്‍ മുഖരീ, ഇസ്മാഈല്‍ ബ്‌നു സ്വാലിഹ് തുടങ്ങിയവരില്‍ നിന്ന് മക്കയിലും ഇബ്‌റാഹീമുബ്‌നു മുന്‍ദിര്‍, മു ത്വ് രിഫുബ്‌നു അബ്ദുല്ല, അബൂ സാബിത്ത് തുടങ്ങിയവരില്‍ നിന്ന് മദീനയിലും വിജ്ഞാനം നേടി. നൈസാബൂരിലെ ഇസ്ഹാഖ് ബ്‌നു റാഹവൈഹിയാണ് ഇമാം ബുഖാരിയെ ഏറ്റവുമധികം സ്വാധീനിച്ച ഗുരു. അഹ്മദ് ബ്‌നു ഹംബല്‍(റ) ആയിരുന്നു ബഗ്ദാദിലെ പ്രധാന ഗുരു.
മഹാനവര്‍കള്‍ ബസ്വറയില്‍ പഠിക്കുന്ന സമയം മറ്റുള്ളവര്‍ ഗുരുവില്‍ നിന്ന് ഹദീസുകള്‍ കേള്‍ക്കുകയും കുറിച്ച് വെക്കുകയും തിരുത്തുകയും ചെയ്യുമ്പോള്‍ ഇമാം ബുഖാരി ശ്രദ്ധിച്ച് കേള്‍ക്കുക മാത്രമാണ് ചെയ്തത്. ഇമാമിന്റെ ഔല്‍സുക്യ കുറവുകൊണ്ടാണ് ഇങ്ങനെ ഇരിക്കുന്നത് എന്ന് സഹപാഠികള്‍ തെറ്റിദ്ധരിച്ചു. പതിനാറു ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ കുറിച്ചുവെച്ച ഹദീസുകള്‍ എല്ലാം തന്റെ ഓര്‍മയില്‍ നിന്നെടുത്ത് കൃത്യമായി അവര്‍ക്ക് വിശദീകരിച്ചു നല്‍കി. മാത്രമല്ല, അവരുടെ കുറിപ്പുകളിലെ തെറ്റുകള്‍ തിരുത്തുകയും ചെയ്തു. അവിടത്തെ അദ്ഭുതകരമായ ഓര്‍മശക്തിയുടെ ആഴമറിഞ്ഞ സംഭവങ്ങളില്‍ ഒന്നായിരുന്നു ഇത്. ഒറ്റനോട്ടത്തില്‍ തന്നെ എല്ലാം മനസില്‍ പതിയുകയും ഓര്‍മയില്‍ നിലനില്‍ക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു ഇമാം ബുഖാരി(റ)യുടേത്.
ചരിത്രത്തില്‍ ഇമാം ബുഖാരിയുടെ പകര്‍ത്തെഴുത്തുകാരനായി അറിയപ്പെട്ട (വര്‍റാഖുല്‍ ബുഖാരി) മുഹമ്മദ് ബ്‌നു അബൂ ഹാശിം എന്നവര്‍ ഒരിക്കല്‍ ഇമാമിനോട് ചോദിച്ചു:
“ഈ കുറിപ്പില്‍ രേഖപ്പെടുത്തുന്ന ഹദീസുകളെല്ലാം അങ്ങ് മനഃപാഠമാക്കിയിട്ടുണ്ടോ?’ മഹാനവര്‍കള്‍ പറഞ്ഞു: “അതെ, അവയിലൊന്നും എനിക്ക് അറിയാത്തതായിട്ടില്ല.’
ഈ വൈജ്ഞാനിക യാത്രയില്‍ എണ്ണിക്കണക്കാക്കാന്‍ കഴിയാത്തത്ര ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ ഇമാം ബുഖാരി(റ)ക്ക് കഴിഞ്ഞുവെന്ന് ഇമാം നവവി വിവരിക്കുന്നുണ്ട്. തന്റെ ഗുരുവര്യരില്‍ പ്രധാനിയായിരുന്ന ഇസ്ഹാഖ് ബ്‌നു റാഹവൈഹി പോലും തന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഇമാം ബുഖാരി(റ)യെ സമീപിക്കാറുണ്ടായിരുന്നു. സ്വഹീഹ് മുസ്‌ലിം രചിച്ച മുസ്‌ലിമുബ്‌നു ഹജ്ജാജ് (ഇമാം മുസ്‌ലിം (റ)), ബഗ്ദാദിലെ പ്രമുഖ പണ്ഡിതനായ ഇബ്റാഹിം ബ്‌നു ഇസ്ഹാഖുല്‍ ഹര്‍ബി, ശാഫിഈ കര്‍മശാസ്ത്ര വിശാരദനായ മുഹമ്മദ് ബ്‌നു നസ്‌റുല്‍ മര്‍വസി തുടങ്ങിയവര്‍ ഇമാം ബുഖാരി(റ)യുടെ ശിഷ്യഗണങ്ങളില്‍ പ്രമുഖരാണ്.
ഖുര്‍ആനിനു ശേഷം ഇസ്‌ലാമിക ലോകം ഏറ്റവും വലിയ പ്രമാണ ഗ്രന്ഥമായി അംഗീകരിക്കുന്ന സ്വഹീഹുല്‍ ബുഖാരിയാണ് അവിടുത്തെ രചനകളില്‍ മാസ്റ്റര്‍ പീസ്. ലക്ഷക്കണക്കിന് ഹദീസുകളില്‍ നിന്ന് കടഞ്ഞെടുത്ത എഴുപതിനായിരത്തിൽപരം ഹദീസുകളാണ് സ്വഹീഹുല്‍ ബുഖാരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹദീസുകള്‍ ശേഖരിക്കുന്നതിലും ക്രോഡീകരിക്കുന്നതിലും ഇമാം ബുഖാരി അതീവ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. പ്രസിദ്ധമായ നൂറിലധികം വ്യാഖ്യാനങ്ങള്‍ സ്വഹീഹുല്‍ ബുഖാരിക്ക് വിരചിതമായിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരി ഉള്‍പ്പെടെ ഇരുപത്തിയഞ്ചിലധികം രചനകള്‍ മഹാനവര്‍കള്‍ക്കുണ്ട്. ഹദീസ് വിജ്ഞാനീയങ്ങള്‍ക്കു പുറമേ സാഹിത്യത്തിലും ആയോധന കലകളിലും ഇമാം ബുഖാരിക്ക് പ്രാവീണ്യമുണ്ടായിരുന്നുവെന്ന് ചരിത്രഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഹിജ്‌റ 256 ശവ്വാല്‍ ഒന്നിന് (ചെറിയ പെരുന്നാള്‍ രാവില്‍) ഇമാം ബുഖാരി വഫാത്തായി. സമര്‍ഖന്ദിലെ ഖര്‍ദങ്കിലാണ് ഇമാം ബുഖാരി അന്ത്യവിശ്രമം കൊള്ളുന്നത് ■

Share this article

About ഇഎം സുഫ്‌യാന്‍ തോട്ടുപൊയില്‍

View all posts by ഇഎം സുഫ്‌യാന്‍ തോട്ടുപൊയില്‍ →

Leave a Reply

Your email address will not be published. Required fields are marked *