പേടി തിരതല്ലുന്ന പഴയകടപ്പുറം

Reading Time: 3 minutes

ഞാന്‍ പഴയക്കടപ്പുറത്തെത്തുന്നത് ഇതാദ്യമല്ല. പല തവണ അനേകം ആളുകളെ കാണാന്‍ വേണ്ടിയും മറ്റും പോയതോര്‍ക്കുന്നു. അന്നുണ്ടായിരുന്ന ഗ്രാമത്തിന്റെ ഉണര്‍ച്ചയും ഉന്മേഷവും എവിടെയോ നഷ്ടപ്പെട്ടത് പോലുണ്ട് ഇത്തവണ. എന്തോ ഒരു തരം മൗനം അനുഭവപ്പെടുന്നത് പോലെ. പഴയ കടപ്പുറത്തിന്റെ പഴയ പ്രസരിപ്പും സ്വഛന്ദതയുമെല്ലാം എവിടെയോ അസ്തമിച്ചിരിക്കുന്നു. ഒരു കൊലപാതകം ഒരു ഗ്രാമത്തിനെ എങ്ങനെ നിശബ്ദമാക്കുന്നുവെന്നറിയാന്‍ പഴയകടപ്പുറത്തേക്കൊന്ന് പോയാല്‍ മതി.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഴയ കടപ്പുറമെന്ന ഗ്രാമത്തിലെത്താം. പാരമ്പര്യ മുസ്‌ലിം ചൈതന്യം പൂര്‍ണതയോടെ നിലനില്‍ക്കുന്നുണ്ടിവിടെ. ഗള്‍ഫ് കുടിയേറ്റത്തോടെ ആളുകള്‍ വിദേശ നാടുകളില്‍ അഭയം തേടിയെങ്കിലും കൃഷിയെ ആശ്രയിച്ച് കഴിയുന്ന കര്‍ഷകരും മത്സ്യബന്ധനവുമായി കഴിയുന്ന മുക്കുവന്മാരുമാണ് നാട്ടിലധികവും. കാര്‍മേഘം കനത്തു നില്‍ക്കുന്ന, തണുത്ത കാറ്റ് ശക്തിയായി അടിച്ചുവീശുന്ന ഒരു സായാഹ്ന സമയത്താണ് പഴയ കടപ്പുറത്തെത്തുന്നത്. പള്ളിയോട് തൊട്ടു സമീപത്താണ് രാഷ്ട്രീയ കഠാരക്ക് ഇരയായ അബ്ദുറഹ്മാന്‍ ഔഫ് എന്ന യുവാവിന്റെ ഖബര്‍ സ്ഥിതി ചെയ്യുന്നത്. സിയാറത്ത് ചെയ്ത് മടങ്ങുമ്പോഴാണ് മീസാന്‍ കല്ലില്‍ കൊത്തി വെച്ച 23-12-2020 എന്ന തിയതി ശ്രദ്ധയില്‍ പതിഞ്ഞത്. കേരള രാഷ്ട്രീയ പരിസരത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഔഫിന്റെ കൊലപാതകം നടന്നിട്ട് അഞ്ച് മാസം പിന്നിട്ടിരിക്കുന്നു.

അനാഥമായ വീട്
പഴയകടപ്പുറം പള്ളിയുടെ എതിര്‍വശത്തുള്ള വഴി ഔഫിന്റെ വീട്ടിലേക്കുള്ളതാണ്. ഔഫ് മരിച്ചതോടെ വീട് ശരിക്കും അനാഥമായിരിക്കുന്നു. രോഗിയായ ഉമ്മയുടെയും ഭാര്യയുടെയും ഏക ആശ്രയവും അത്താണിയുമായിരുന്നു ഔഫ്. ഉമ്മയുടെ ഏക മകനായ അവന്‍ തന്നെയായിരുന്നു ആവശ്യമായ മരുന്നും മറ്റും വാങ്ങി വീട്ടിലെത്തിച്ചിരുന്നത്. മരണം നടന്നിട്ട് അഞ്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മാതാവിന്റെ നൊമ്പരം മാഞ്ഞ് പോയിട്ടില്ല. കണ്ണീരോടെയാണ് അവര്‍ പഴയ കാല കഥകള്‍ ഓര്‍ത്തെടുക്കുന്നത്. തന്നോടുള്ള സ്‌നേഹത്തെ പറ്റി, പരിചരണത്തെ പറ്റിയെല്ലാം വാചാലമാവുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നുണ്ട്. അല്ലെങ്കിലും ഏത് മാതാവാണ് സ്വന്തം മകന്റെ വെള്ള പുതപ്പിച്ച മയ്യിത്ത് കാണാനാഗ്രഹിക്കുക? എന്റെ കുഞ്ഞ് എന്ന പറച്ചിലില്‍ തന്നെ അവരുടെ സ്‌നേഹത്തിന്റെ ആഴം മനസിലാവും. കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷം തികയുന്നതിന് മുമ്പാണ് അക്രമികള്‍ അവനെ കൊന്നുകളഞ്ഞത്.
സന്തോഷത്തോടെ കയറി വരുന്ന ഭര്‍ത്താവിനെ സ്വീകരിക്കാന്‍ സ്‌നേഹത്തോടെ കാത്ത് നിന്ന ഭാര്യ എങ്ങനെയാവും തന്റെ പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഉപ്പ മരിച്ചുവെന്ന വാര്‍ത്ത കേട്ടിരിക്കുക. ഒന്നിച്ചിരുന്ന് കുഞ്ഞിനെ ലാളിക്കുന്നതും ചിരിപ്പിക്കുന്നതുമെല്ലാം ഒത്തിരി സ്വപ്‌നം കണ്ടിരിക്കുമെന്നുറപ്പ്. തന്റെ കുഞ്ഞിനെ താലോലിക്കുന്നത്, താരാട്ട് പാടിയുറക്കുന്നത്, കുഞ്ഞ് പിച്ച വെച്ച് നടക്കുന്നത്, വീടിന്റെ മുറ്റത്തൂടെ ഓടി നടക്കുന്നതെല്ലാം എല്ലാ പിതാക്കന്മാരെയും പോലെ ഔഫും സ്വപ്‌നം കണ്ടിരിക്കുമെന്നുറപ്പ്. അക്രമികളേ, സ്വപ്‌നങ്ങളുടെ നെഞ്ചത്ത് കൂടിയാണ് നിങ്ങള്‍ കത്തി കുത്തിയിറക്കിയത്. ഒരു മനുഷ്യനെയല്ല, ഒരു കുടുംബത്തെയാണ് നിങ്ങള്‍ കൊന്നുകളഞ്ഞത്.

കാരണം നിസാരം
കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പത്തിയഞ്ചാം വാര്‍ഡ് വര്‍ഷങ്ങള്‍ ഏറെയായി മുസ്‌ലിം ലീഗാണ് ഭരിക്കുന്നത്. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കാര്യമായി വാര്‍ഡ് അധികാരി ഇടപെടാറില്ലെന്ന പരാതി ഉയര്‍ന്ന അടിസ്ഥാനത്തിലാണ് നാട്ടിലെ യുവാക്കള്‍ ലീഗിനെതിരെ ശക്തമായി സംഘടിക്കുന്നത്. നാടിന്റെ അടിസ്ഥാന വികസന കാര്യങ്ങളായ റോഡ്- കുടിവെള്ളം തുടങ്ങി ജനങ്ങള്‍ക്ക് അടിയന്തിരമായി ആവശ്യമുള്ള കാര്യങ്ങളില്‍ കാണിച്ച അനാസ്ഥയായിരുന്നു കാരണം. മുരടിച്ച് തുടങ്ങിയ നാടിന്റെ വികസനങ്ങള്‍ സ്വപ്‌നം കണ്ടാണ് എതിര്‍ സ്ഥാനാർഥിക്ക് വോട്ട് പിടിക്കാന്‍ വേണ്ടി യുവാക്കള്‍ മുന്നിട്ടിറങ്ങുന്നത്. ഔഫിന്റെ സാന്നിധ്യം കാരണം നല്ലൊരു ശതമാനം വോട്ട് തന്നെ വാര്‍ഡിലെ പാര്‍ട്ടിക്ക് നഷ്ടപ്പെടുകയും എതിര്‍ സ്ഥാനാർഥി വിജയിക്കുകയും ചെയ്തു. വര്‍ഷങ്ങളായി തങ്ങളുടെ കൈയില്‍ ഭദ്രമായിരുന്ന വാര്‍ഡ് നഷ്ടപ്പെട്ട ദേഷ്യത്തിലാണ് മനുഷ്യ പ്രാണനെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. രാഷ്ട്രീയ ഭ്രാന്ത് തലക്ക് പിടിച്ച മനുഷ്യര്‍ വോട്ട് പിടിക്കാന്‍ മുന്നിലുണ്ടായിരുന്ന ഔഫിനെ കൊല്ലണമെന്ന് തീരുമാനിച്ചു. മുന്‍കൂട്ടി തയാറാക്കിയ പ്ലാന്‍ അനുസരിച്ച് ഒറ്റ വെട്ടിന് തന്നെ കൊന്നു. ഏത് പാര്‍ട്ടിക്ക് വേണമെങ്കിലും വോട്ട് നല്‍കാനുള്ള പൗരന്റെ അവകാശത്തിനു മേലുള്ള അക്രമമായിരുന്നു അന്ന് നടന്നത്. വോട്ടുകള്‍ സമാഹരിക്കാന്‍ നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഒരാളെ കൊല്ലാന്‍ സര്‍ഗാത്മക രാഷ്ട്രീയത്തെക്കുറിച്ച് ബോധമില്ലാത്തവര്‍ക്ക് മാത്രമല്ലേ സാധിക്കൂ. വികസനം സ്വപ്‌നം കണ്ടതിന്റെ പേരില്‍ തന്റെ പ്രാണനെടുക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരിക്കില്ല. കൊലപാതകം നടന്നിട്ട് 5 മാസം പിന്നിട്ടെങ്കിലും ഇപ്പോഴും ആളുകള്‍ ചോദിക്കുന്നത്, എന്തിനായിരുന്നു അക്രമികള്‍ സൗമ്യശീലനും സത്യസന്ധനും സല്‍സ്വഭാവിയുമായ ഔഫിനെ കൊന്നത് എന്നാണ്. നാട്ടിലെ ജാതി-മത ഭേദമന്യേ എല്ലാവര്‍ക്കും ഔഫിനെ പറ്റി പറയാന്‍ നൂറ് നാവാണ്. മനുഷ്യസ്‌നേഹിയായിരുന്നു ഔഫ്. പ്രയാസപ്പെടുന്നവരെ സഹായിക്കാനെത്തും. മരണവീട്ടുകാരെ ആശ്വസിപ്പിക്കും. നാട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായിക്കാന്‍ എന്നും മുന്നിലായിരുന്നു. നാട്ടുകാര്‍ക്കും സുഹൃത്തുകള്‍ക്കും നഷ്ടപ്പെട്ടത് സങ്കടങ്ങളെല്ലാം കേള്‍ക്കുന്ന നല്ലൊരു കൂട്ടുകാരനെയായിരുന്നു. സുഹൃത്തിന് വേട്ടേറ്റുവെന്ന വാര്‍ത്ത കേട്ട ഉടനെ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി റോഡില്‍ രക്തം വാര്‍ന്ന് കിടക്കുന്ന ഔഫിനെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചത് റിയാസാണ്. മദ്‌റസ ഒന്നാം തരം മുതല്‍ ഒന്നിച്ച് പഠിച്ച്, ഒന്നിച്ച് പ്രവര്‍ത്തിച്ച കൂട്ടുകാരന്റെ വിയോഗം തീര്‍ത്ത വേദനയില്‍ നിന്ന് റിയാസ് ഇത് വരെ കരകയറിട്ടില്ല. നബിദിന പരിപാടികളിലും നാട്ടിലെ മറ്റ് ആഘോഷങ്ങള്‍ക്കും തന്റെ കൂടെ മുന്നിലുണ്ടാവാറുള്ള ഔഫിന് പകരം ഇനിയാര് എന്ന് ചോദിക്കുകയാണ് റിയാസ്.

നാട് ഉറങ്ങാത്ത രാത്രി
പള്ളിയില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങാന്‍ നേരത്താണ് ഔഫ് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ബിരാന്‍ക്ക അറിയുന്നത്. നിസ്‌കാരം കഴിഞ്ഞ്, സംഘടന യോഗത്തില്‍ പങ്കെടുത്ത ശേഷം തിരക്കിട്ട ഏതോ ആവശ്യത്തിന് പുറത്തുപോവുന്ന സമയത്താണ് അക്രമികള്‍ പാതിവഴിയില്‍ പതിയിരുന്ന് കഠാരയെടുത്ത് ഒറ്റ വെട്ടിന് അബ്ദുറഹ്മാന്‍ ഔഫിനെ കൊലപ്പെടുത്തുന്നത്. പരിശീലനം ലഭിച്ച പ്രതിയുടെ ഒറ്റ വെട്ട് തന്നെ ധാരാളമായിരുന്നു ശ്വാസം നിലക്കാന്‍. കുത്തേറ്റ് പിടഞ്ഞ് വീണ ഔഫ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയാണുണ്ടായത്. നാട്ടിലൊരു കൊലപാതകം നടന്നുവെന്ന വാര്‍ത്ത വളരെ വേഗം പരന്നു. പത്രങ്ങളിലും ചാനലുകളിലും മാത്രം കേട്ടിരുന്ന കൊലപാതകം സ്വന്തം നാട്ടില്‍ നടന്നുവെന്ന നടുക്കമായിരുന്നു പ്രദേശ വാസികള്‍ക്ക്. വഴിയില്‍ പതിയിരുന്ന് ഒരു മനുഷ്യനെ ഒറ്റ വെട്ടിന് കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാന്‍ ഗ്രാമ പ്രദേശത്തുകാര്‍ക്ക് ഏറെ നേരം തന്നെ വേണ്ടി വന്നു. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ കൊല്ലാനാവുമോ എന്നാണവര്‍ അദ്ഭുതത്തോടെ ചോദിച്ചിരുന്നത്.
അന്തരീക്ഷത്തില്‍ ഭയം തളം കെട്ടിനില്‍ക്കുന്നുണ്ട്. പുറത്തിറങ്ങാന്‍ തന്നെ പേടി തോന്നുന്ന അവസ്ഥ. വീടിനകത്ത് അടക്കി പിടിച്ച സംസാരങ്ങള്‍ മാത്രം. പോലിസ് വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. അത്രയധികം പോലീസുകാരെ ഒന്നിച്ച് ബിരാന്‍ക്ക അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. പോലീസ് എന്ന് കേള്‍ക്കുമ്പോള്‍ എന്തോ ഒരു ഭയം മനസിനെ അലട്ടാറുണ്ട് എന്നും ബിരാന്‍ക്ക പറയുന്നുണ്ട്.
വാര്‍ത്തയറിഞ്ഞ ഉടനെ തന്നെ ചാനലുകാരും പത്രപ്രവര്‍ത്തകരുമെത്തുന്നു. മന്ത്രിമാര്‍ വരുന്നു. എംഎല്‍എമാര്‍ വരുന്നു. രാഷ്ട്രീയ നേതാക്കളുടെ നീണ്ട നിര തന്നെ എത്തുന്നു. എല്ലാവരുടെ മുഖത്തും സങ്കടം മാത്രം. എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നുമാത്രം. ഔഫിനെ എന്തിനാണവര്‍ കൊന്നത്? ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ കൊല്ലാനാവുമോ എന്നാണ് അവര്‍ത്തിച്ചാവര്‍ത്തിച്ച് ഉമ്മമാര്‍ നിഷ്‌കളങ്കതയോടെ ചോദിച്ചിരുന്നത്.

നടുക്കം മാറാതെ നാട്
ശാന്തതയോടെ കഴിഞ്ഞിരുന്ന നാട്ടിലാണ് ഭീതിയുടെ തീക്കനല്‍ വീണത്. സഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും വര്‍ത്തമാനങ്ങള്‍ മാത്രം പറഞ്ഞ് പരിചയമുള്ള നാട്ടിലാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകം നടന്നുവെന്ന വാര്‍ത്ത നാട്ടിലാകെ പരന്നതും വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാതെ ഭയന്നതും പോലീസ് സേനകള്‍ അണിനിരന്നതുമെല്ലാം ഭീതിയോടെയല്ലാതെ ഓര്‍ക്കാനാവില്ലെന്ന് പറയുന്നു പ്രദേശ വാസികള്‍. ഒരാഴ്ചയോളം നീണ്ട് നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ അന്വേഷണങ്ങളും പോലീസ് സാന്നിധ്യവും അവരുടെ ഭയപ്പാട് കൂട്ടി. രണ്ട് മാസം വരെ രണ്ട് മൂന്ന് പോലീസുകാര്‍ കാവല്‍ നിന്നിരുന്നുവെന്നാണ് ഖാദര്‍ക്ക പറഞ്ഞത്. സന്ധ്യക്ക് ഇരുള്‍ പരക്കുന്നതിന് മുമ്പ് വീടണയം. ഇത്തിരി വൈകിയാല്‍ “എവിടെയാണെന്ന്’ അന്വേഷിച്ചുള്ള ഉമ്മയുടെ നിരന്തരമായ ഫോണ്‍ കോള്‍. മുണ്ടത്തോട് ഭാഗത്തേക്കൊന്നും രാത്രി നേരത്ത് പോവരുതെന്നുള്ള താക്കീത്.. ഇരുപതുകാരനായ ഹസീബ് പറയുന്നു. മുണ്ടത്തോടാണ് ഔഫ് കൊല്ലപ്പെടുന്നത്. രാത്രി കാലങ്ങളില്‍ ആ ഗ്രാമത്തിലൂടെ സഞ്ചരിക്കാന്‍ ഇപ്പോഴും പേടി തോന്നുന്നുണ്ടെന്നും ഹസീബ് പറയുന്നു. സ്ഥിരമായി നാട്ടില്‍ കാവല്‍ നില്‍ക്കാറില്ലെങ്കിലും ഇടക്കിടെ ഇപ്പോഴും സൈറണ്‍ മുഴക്കി പോലീസ് ജീപ്പ് അധിക ദിവസങ്ങളിലും പാഞ്ഞെത്താറുണ്ടെന്ന് അനുഭവസ്ഥര്‍.
ഇത് പഴയ കടപ്പുറത്തിൻ്റെ മാത്രം കഥയല്ല. കൊല്ലപ്പെട്ടവരുടെ ഓരോ ഗ്രാമത്തിനും ഇതേ നിറമാണ്‌, ഇതേ ഗന്ധമാണ് ■

Share this article

About മുഹമ്മദ് അനസ് ആലങ്കോള്‍

anasalangol@gmail.com

View all posts by മുഹമ്മദ് അനസ് ആലങ്കോള്‍ →

Leave a Reply

Your email address will not be published. Required fields are marked *