അസ്സലാമു അലൈകും

Reading Time: 2 minutes

വിശ്വാസികള്‍ പരസ്പരം നേരുന്ന അഭിവാദ്യമാണ് അസ്സലാമു അലൈകും. “നിങ്ങള്‍ക്ക് ഇലാഹീ രക്ഷയുണ്ടാവട്ടെ’ എന്നാണതിന്റെ താത്പര്യം. മലയാളം പോലെ നമ്മുടെ പൊതുയിടത്തിന് പരിചയമുള്ള ഒരു അറബി സംജ്ഞയമാണ് അസ്സലാമു അലൈകും. മുസ്‌ലിംകള്‍ക്കെന്നപോലെ അമുസ്‌ലിംകള്‍ക്കും ഈ പ്രയോഗം നല്ല പരിചയമുണ്ട്. സലാം പറയുക എന്നാണ് നാട്ടില്‍ ഇതിനു പറയുക. ചില മുസ്‌ലിമിതരര്‍ പോലും പരിചയമുള്ള മുസ്‌ലിംകളോട് സലാം പറയാറുണ്ട്. പ്രവാസലോകത്താണിത് കൂടുതല്‍ കാണുക.
സലാം എന്ന വാക്കിന്റെ അര്‍ഥം രക്ഷ എന്നാണ്. ഒരു പ്രാര്‍ഥനാ വചനമാണിത്. വ അലൈകുമുസ്സലാം (നിങ്ങള്‍ക്കും രക്ഷയുണ്ടാകട്ടെ) ഇങ്ങനെയാണ് തിരിച്ചഭിവാദ്യം ചെയ്യേണ്ടത്. സാധാരണ ഗതിയില്‍ “സലാം മടക്കുക’ എന്ന് പറയും. സലാം കൊണ്ട് സംസാരം തുടങ്ങുന്നത് പുണ്യമാണെന്ന് വിശ്വാസികള്‍ കരുതുന്നു. സുന്നത്തിന്റെ പ്രതിഫലം ലഭിക്കും. സലാം മടക്കലും പ്രതിഫലാര്‍ഹമാണ്. വിശ്വാസികള്‍ക്കിടയില്‍ സ്‌നേഹം വര്‍ധിക്കാന്‍ സലാം കാരണമാകുമെന്ന് മുഹമ്മദ് നബി (സ്വ) പറഞ്ഞിട്ടുണ്ട്. “നിങ്ങള്‍ക്കിടയില്‍ സ്‌നേഹം കൂടുന്ന ഒരു കാര്യം അറിയിച്ചു തരട്ടെയോ’ എന്ന് ചോദിച്ചതിന് ശേഷം പ്രവാചകന്‍ പറഞ്ഞത്, നിങ്ങള്‍ സലാം വ്യാപിപ്പിക്കുക എന്നാണ്.
രക്ഷ, സമാധാനം എന്നര്‍ഥം വരുന്ന ഇസ് ലാം, സലാം എന്നീ രണ്ടു ശബ്ദങ്ങളും ഒരേ ധാതുവില്‍ നിന്നാണ്. മറ്റെല്ലാം പോലെ അല്ലാഹുവാണ് പരമമായ രക്ഷാസ്രോതസെന്ന് മുസ്‌ലിംകള്‍ കരുതുന്നു. ഇസ്‌ലാമിന്റെ ആകെപ്പൊരുളാണ് സലാം പറച്ചിലിന്റെ ഉള്ളടക്കം. പരിചിതര്‍ക്കും അപരിചിതക്കര്‍ക്കും ഗുണം കാംക്ഷിക്കുകയാണ് ഇസ്‌ലാം. അതുതന്നെയാണ് സലാം പ്രകാശനം ചെയ്യുന്നത്. സലാം പറയുന്നതിന് പ്രത്യേക സമയമോ സ്ഥലമോ ഇല്ല. ആര്‍ക്കും ആരോടും ഓരോ തവണ കാണുന്ന മാത്രയും സലാം പറയാം. വര്‍ണബോധമോ വംശബോധമോ സലാമിന് തടസമല്ല. ആവരുതെന്നാണ് സലാം ഉള്‍വഹിക്കുന്ന സമീപനം. അസ്സലാമു അലൈകും എന്നതിന്റെ കൂടെ “വറഹ്മതുല്ലാഹി വ ബറകാതുഹു’ എന്ന് കൂടി ചേര്‍ത്ത് പറയുന്ന പതിവുണ്ട്. തിരിച്ചു മടക്കുമ്പോഴും ഈ പദങ്ങള്‍ കൂട്ടിച്ചേര്‍ക്കാറുണ്ട്. അതിന് പ്രതിഫലം കൂടും.
ഇസ്‌ലാമിക സംസ്‌കാരത്തിന്റെ അടയാളമാണ് സലാം. വിശ്വാസികള്‍ മതിലിലെ ഇഷ്ടികകള്‍ പോലെ തമ്മില്‍ ബലപ്പെടുത്തിയും ദൃഢപ്പെടുത്തിയും കഴിയേണ്ടവരാണ്. പരസ്പരം ഗുണം കാംക്ഷിക്കണം. ഇതാണ് സലാമിന്റെ ആന്തരിക ഭാവം. ദേശ ഭേദ്യമന്യേ എല്ലാ മുസ്‌ലിംകളിലും ഈ സ്ഥായീബോധമുണ്ട്. ആര് ആരോട് സലാം പറഞ്ഞു തുടങ്ങണം എന്ന് ചെറുപ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളെ പഠിപ്പിക്കാറുണ്ട്. ചെറിയവര്‍ വലിയവരോട് ചൊല്ലിത്തുടങ്ങണം എന്നാണൊരു പാഠം.
സലാം പറയുന്നതിന്റെ ഭാഗമാണ് മുസ്വാഫഹത്. അഥവാ ഹസ്തദാനം. അഭിവാദ്യക്കാര്‍ തമ്മില്‍ വലതുകൈവെള്ളകള്‍ പരസ്പരം പിടിക്കുക. ഇതു പ്രതിഫലാര്‍ഹമാണ്. വ്യാപകമായി കണ്ടുവരുന്നു.
ഇസ്‌ലാമിതര മതങ്ങളില്‍ ഈ അഭിവാദ്യ പ്രത്യഭിവാദ്യ രീതിയുണ്ട്. “നമസ്‌കാരം’ എന്ന പദത്തില്‍ ചിലപ്പോഴത് പ്രകടമാകുന്നു. ഗുഡ്‌മോർണിങ്, ഗുഡാഫ്റ്റര്‍നൂണ്‍, ഗുഡ് ഇവനിങ് എന്നിങ്ങനെ ആംഗലേയ സംസ്‌കാരത്തില്‍ അഭിവാദ്യമായി ചൊല്ലാറുണ്ട്. പ്രഭാതത്തിനൊന്ന്, മധ്യാഹ്നശേഷം വേറൊന്ന്, വൈകുന്നേരം തമ്മില്‍ കണ്ടുപിരിയുമ്പോള്‍ മറ്റൊന്ന്. ഇതിനൊക്കെയും വേണ്ടി വലതുകൈപത്തി ഉയര്‍ത്തിക്കാണിക്കുകയോ മറ്റോ ചെയ്യുന്നു. ഹിന്ദി സംസ്‌കാരത്തില്‍ “നമസ്‌തേ’ എന്നൊരു അഭിവാദനമുണ്ട്. അപൂര്‍വമായോ ഔപചാരിക സന്ദര്‍ഭങ്ങളിലോ മാത്രം ചെയ്യുന്ന ഈ അഭിവാദ്യത്തില്‍ കൂപ്പുകൈയാണ് കാണിക്കുക. കൂപ്പുകൈയില്‍ മാത്രം ചുരുക്കാറാണ് പതിവ്.
മുസ്‌ലിംകള്‍ തമ്മിലുള്ള സംസാരത്തിനിടയിലും മറ്റും കടന്നുവരുന്ന മറ്റനേകം പദങ്ങളുണ്ട്. മാഷാ അല്ലാഹ്, ഇന്‍ഷാ അല്ലാഹ്, ജസാക്കല്ലാഹ്, ബാറക്കല്ലാഹ്(മബ്‌റൂക്), ശുക്‌റന്‍ എന്നിത്യാദി അറബിക് പ്രയോഗങ്ങള്‍. അറബ് ദേശങ്ങളിലെത്തുമ്പോള്‍ ഇതിന്റെ എണ്ണം കൂടുന്നു.
അല്ലാഹുവുമായി കൂടുതല്‍ ചേര്‍ന്നു നിന്ന് ജീവിതവ്യവഹാരം നിശ്ചയിക്കുക എന്നതാണിതിന്റെ ഒരു താത്പര്യം. എല്ലാം അവന്റെ ഉദ്ദേശ്യമനുസരിച്ചേ നടക്കുകയുള്ളൂ. ഉണ്മയും നാശവും അവനില്‍ നിന്ന്. എന്നിത്യാദി ആശയങ്ങളാണ് മാഷാ അല്ലാഹ്, ഇന്‍ഷാ അല്ലാഹ് തുടങ്ങിയവയുടെ താത്പര്യം.
ഉപകാരസ്മരണയായിട്ടാണല്ലോ, നിങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കട്ടെ, നന്ദി എന്നിങ്ങനെ പൊതുവേ പറയാറുള്ളത്. ഈ അര്‍ഥത്തിലുളള ശബ്ദങ്ങളാണ് യഥാക്രമം ജസാക്കല്ലാഹ്, ശുക്‌റന്‍ എന്നിവ. ബാറക്കല്ലാഹ് എന്നും ഇതേ സന്ദര്‍ഭത്തില്‍ പറയാറുണ്ട് ■

Share this article

About എന്‍.ബി സിദ്ദീഖ് ബുഖാരി

nbsbukhari@gmail.com

View all posts by എന്‍.ബി സിദ്ദീഖ് ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *