എളുപ്പം അഴിക്കാം ഈ ഗതാഗതക്കുരുക്ക്‌

Reading Time: 2 minutes

പുതിയ സര്‍ക്കാര്‍ ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറുകയാണ്. ഭരണ തുടര്‍ച്ച വികസന തുടര്‍ച്ചക്ക് വഴിവെക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. വിവിധ മേഖലകളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയാണല്ലോ ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടതും.
വികസന കാര്യത്തില്‍ കേരളം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന് മൂലധനത്തിന്റെ കുറവാണ്. ഇപ്പോള്‍ തന്നെ ഭീമമായ കടക്കെണിയിലാണ് കേരളം. പുതിയ വഴികള്‍ കണ്ടെത്തി, വികസന തുടര്‍ച്ചയെ വെല്ലുവിളിയായി ഏറ്റെടുത്ത് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാരിന് ആകണം.
അതേസമയം കാര്യമായ സാമ്പത്തിക ചെലവുകള്‍ ഇല്ലാതെ തന്നെ പല മേഖലകളിലും, നയപരമായ തീരുമാനങ്ങളിലൂടെ “ഈസി ഓഫ് ലിവിങ്’ കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിക്കും.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായി വേണ്ടതാണല്ലോ അടിസ്ഥാനസൗകര്യ വികസനം. അതില്‍ ഏറ്റവും പ്രധാനമാണ് ഗതാഗത മേഖല. ഗതാഗത മേഖലയില്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നത് റോഡ് ഗതാഗതമാണ്. റോഡ് ഗതാഗത മേഖലയില്‍ നടപ്പാക്കാവുന്ന, തീര്‍ത്തും ലളിതവും സാമ്പത്തിക ബാധ്യതകള്‍ അധികം വരുത്താത്തതുമായ, എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഗൗരവതരമായി പരിഗണനയിലെടുത്തിട്ടില്ലാത്ത ഏതാനും മേഖലകളെയാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.

ഗതാഗതത്തിരക്ക്
ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. റോഡിലെ തിരക്കും അങ്ങനെ തന്നെ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റിയിലെ ഗതാഗത സുരക്ഷാ വിദഗ്ധന്‍ ഉപേന്ദ്ര നാരായണ്‍ 2020ലെ കണക്കുകള്‍ വെച്ച് പറയുന്നത് ഇങ്ങനെയാണ്, “രണ്ടുവരി ഹൈവേ റോഡിന് പ്രതിദിനം ഉള്‍ക്കൊള്ളാവുന്ന വാഹന പരിധി 25,000 പാസഞ്ചര്‍ കാറുകളാണ്. കേരളത്തിലെ ഇരട്ടവരി ഹൈവേകളില്‍ 60000 പാസഞ്ചര്‍ കാറുകള്‍ക്ക് സമാനമായതില്‍ കൂടുതല്‍ വാഹനം ഓടുന്നുണ്ട്.’ അഥവാ സുരക്ഷിത യാത്ര സാധ്യമാക്കുന്ന വാഹനപരിധിയുടെ മൂന്നിരട്ടിയോളം വാഹനങ്ങളാണ് നമ്മുടെ റോഡില്‍ ദിനംപ്രതി ഓടുന്നത്. ഇത് വരുത്തിവെക്കുന്ന അപകടസാധ്യതയെക്കുറിച്ചും ഗതാഗതക്കുരുക്കിനെ പറ്റിയും വിശദീകരിക്കേണ്ട കാര്യമില്ലല്ലോ.
ഇതിനുള്ള ശരിയായ പരിഹാരം റോഡിന്റെ വീതി വര്‍ധിപ്പിക്കുകയാണ്. എന്നാല്‍ കേരളത്തിലെ ദേശീയ പാതകള്‍ പോലും തീരെ വിസ്താരം കുറഞ്ഞവയാണ്. ഉയര്‍ന്ന ജനസാന്ദ്രത ഉള്‍പ്പെടെയുള്ള വ്യത്യസ്ത കാരണങ്ങളാല്‍ റോഡിന് വീതി വര്‍ധിപ്പിക്കുന്നത് കേരളത്തില്‍ പലപ്പോഴും ശ്രമകരമായ കാര്യമാണ്.
എന്നാല്‍ നയപരമായ ചില തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ കേരളത്തിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് വലിയതോതില്‍ കുറക്കാന്‍ കഴിയും.

  1. ബസ് ബേ
    തിരക്കേറിയ ദേശീയ -സംസ്ഥാന പാതകളില്‍ പോലും ബസുകള്‍ക്ക് ആളുകളെ ഇറക്കുന്നതിനും കയറ്റുന്നതിനും റോഡില്‍ തന്നെ നിര്‍ത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കപ്പാസിറ്റിയുടെ മൂന്നിരട്ടി വാഹനങ്ങളുള്ള നമ്മുടെ റോഡില്‍ ഇത് തീര്‍ക്കുന്ന ഗതാഗതക്കുരുക്കും വരുത്തിവെക്കാനിടയുള്ള അപകടങ്ങളും വലുതാണ്. കേരളത്തിലെ മുഴുവന്‍ ബസ് സ്റ്റോപ്പുകളും ബസ് ബേ (ആളുകളെ കയറ്റാനും ഇറക്കാനും വേണ്ടിയുള്ള റോഡിനോട് ചേര്‍ന്ന ചെരുവുകള്‍) ആക്കി മാറ്റിയാല്‍ റോഡിലെ തിരക്കും അപകടസാധ്യതയും വലിയൊരളവോളം കുറക്കാനാകും. നാമമാത്രമായ സ്ഥലമേറ്റെടുപ്പേ ഇതിന് ആവശ്യമായി വരൂ. ഇനി സംസ്ഥാനത്ത് നടത്തുന്ന മുഴുവന്‍ റോഡ് നവീകരണങ്ങളിലും ബസ് ബേ നിര്‍മാണം നിര്‍ബന്ധപൂര്‍വം കൊണ്ടുവരാന്‍ സര്‍ക്കാരിനാ കണം.
  2. നഗരത്തിരക്ക്
    കേരളത്തിലെ ചെറുപട്ടണങ്ങളില്‍ പോലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. മികച്ച ടൗണ്‍പ്ലാനിങിന്റെ അഭാവം മുതല്‍ റോഡിന്റെ വിസ്താരക്കുറവ് വരെ പലതും അതിന് കാരണമാണ്.

(2. A) പാർക്കിങ് പ്ലോട്ടുകള്‍:
ചെറു പട്ടണങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ നഗരങ്ങളിലും മള്‍ട്ടി സ്റ്റോറീഡ് ഹൈടെക് പാർക്കിങ് സംവിധാനങ്ങള്‍ കൊണ്ടുവരണം. സര്‍ക്കാര്‍ നേരിട്ടോ സ്വകാര്യ പങ്കാളിത്തത്തോടെയോ സ്വകാര്യമേഖലയിലോ ഇത് കൊണ്ടുവരാവുന്നതാണ്. നഗരപരിധിയില്‍ പാര്‍ക്ക് ചെയ്യേണ്ടി വരുന്ന മുഴുവന്‍ വാഹനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാകണം ഈ കേന്ദ്രങ്ങള്‍. പാർക്കിങ് ഫീ സാധാരണക്കാരന് പ്രാപ്യമാകുന്ന വിധത്തിലാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇതോടെ റോഡിന്റെ വശങ്ങളിലുള്ള പാർക്കിങ് ഇല്ലാതാക്കാനാകും. നഗരപരിധിയിലെ ഗതാഗതക്കുരുക്കും അപകടങ്ങളും വലിയൊരളവോളം കുറയുകയും ചെയ്യും. ബസ് സ്റ്റാന്റിനോടോ മെട്രോ സ്റ്റേഷനോടോ ചേര്‍ന്നാണ് ഇവ സ്ഥാപിക്കേണ്ടത്. വലിയ നഗരങ്ങളില്‍ വിവിധ ഭാഗങ്ങളിലായി ഒന്നിലധികം പാർക്കിങ് സെന്ററുകള്‍ ആകാവുന്നതാണ്.

(2. B) ഇന്റ്രാടൗണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍: നഗരപരിധിയിലെ യാത്രകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കേണ്ടാത്തവിധം പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താന്‍ കഴിയണം. നഗരപരിധിയിലേക്ക് കടക്കുന്ന മെട്രോ സ്റ്റേഷനോടോ ബസ് സ്റ്റാന്റിനോടോ ചേര്‍ന്നുനില്‍ക്കുന്ന ഹൈടെക് പാർക്കിങ് കേന്ദ്രത്തില്‍ വാഹനം നിര്‍ത്തി, മെട്രോയോ ഇന്റ്രാടൗണ്‍ ബസ് സര്‍വീസുകളോ ഉപയോഗിച്ച് നഗരപരിധിയില്‍ യാത്ര ചെയ്യാനാകുംവിധം ഇന്റ്രാടൗണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനങ്ങള്‍ രൂപപ്പെടുത്തണം. കുറഞ്ഞ ചെലവില്‍ വേഗത്തില്‍ എത്തിപ്പെടാനാകുന്ന വിധത്തിലാകണം ഈ സംവിധാനം ക്രമപ്പെടുത്തേണ്ടത്. 5000ന് മുകളില്‍ ജനസാന്ദ്രതയുള്ള മുഴുവന്‍ നഗരങ്ങളിലും ഇതിന്റെ ഭാഗമായി മെട്രോ റെയില്‍ കൊണ്ടുവരണം. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കുകളും അപകടസാധ്യതയും അന്തരീക്ഷ – ശബ്ദമലിനീകരണവും ഗണ്യമായി കുറയും.

  1. ഹെല്‍മെറ്റ് വേട്ട ക്യാമറകള്‍ ചെയ്യട്ടെ
    വളവുകളിലും മറ്റും പതുങ്ങി നിന്നുള്ള പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വാഹന പരിശോധന പലപ്പോഴും പഴി കേള്‍ക്കാറുള്ളതാണ്. ചിലപ്പോഴെങ്കിലും ഈ “കൈ കാണിക്കല്‍’ അപകടം വരുത്തി വെക്കാറുമുണ്ട്.
    അമിതവേഗത, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് തുടങ്ങിയവ പരിശോധിക്കാന്‍ പോലീസുകാരോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ നില്‍ക്കുന്ന സാഹചര്യം ഇല്ലാതാക്കേണ്ടതുണ്ട്. പകരം സംസ്ഥാനത്തെ മുഴുവന്‍ ദേശീയ-സംസ്ഥാന പാതകളിലും നിശ്ചിത കിലോമീറ്റര്‍ ഇടവിട്ട് ക്യാമറകള്‍ സ്ഥാപിക്കണം. ഇതോടെ പരിശോധന 24 മണിക്കൂറും സാധ്യമാകും. ഇതോടെ നിയമലംഘനങ്ങള്‍, റോഡിലെ അമിതവേഗത, തന്മൂലമുള്ള അപകടങ്ങള്‍ എന്നിവയില്‍ ഗണ്യമായ കുറവ് വരും. ഇത്തരം പരിശോധനകള്‍ നടത്തുന്ന ഉദ്യോഗസ്ഥരെ മറ്റു മേഖലകളില്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യാം.
  2. ആനവണ്ടിയിലെ ബോര്‍ഡ് മനുഷ്യര്‍ക്ക് കാണണം
    ദീര്‍ഘദൂര യാത്രക്ക് കെഎസ്ആര്‍ടിസിയെ ഇഷ്ടപ്പെടുന്നവരാണ് മലയാളികളില്‍ അധികവും. യാത്ര പോകുന്ന സ്ഥലം അടയാളപ്പെടുത്തിയുള്ള ബോര്‍ഡ്, കെഎസ്ആര്‍ടിസിയില്‍ മാത്രം ബസിന്റെ ഏറ്റവും മുകള്‍ ഭാഗത്താണ് ഉണ്ടാകാറുള്ളത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കാഴ്ചക്കുറവ് അനുഭവപ്പെടുന്നവര്‍ക്കുമെല്ലാം അധികം ഉയരത്തിലുള്ള ഈ ബോര്‍ഡ് വായിക്കാന്‍ പ്രയാസമാണ്. യാത്രക്കാരുടെ വിവിധ കൂട്ടായ്മകള്‍ പലപ്പോഴായി ഈ പ്രശ്‌നം ഉന്നയിക്കാറുള്ളതുമാണ്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ബോര്‍ഡുകള്‍ സ്വകാര്യ ബസുകളിലേതിന് സമാനമായി ബസ്സിന്റെ മധ്യഭാഗത്തേക്ക് കൊണ്ടുവരാന്‍ നടപടിയുണ്ടാകണം.
    റോഡ് ഗതാഗതത്തിന് സമാനമായി വിവിധ മേഖലകളില്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ സാധ്യമാണ്. പലതും സാമ്പത്തിക ചെലവ് ഒട്ടും തന്നെ ഇല്ലാതെ നടപ്പിലാക്കാവുന്നവയാണ്. ഇത്തരം വിഷയങ്ങളില്‍ പ്രായോഗികമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ വെക്കുന്ന വിദഗ്ധസമിതികളേക്കാള്‍ നന്നായി സംഭാവന ചെയ്യാൻ കഴിയുക പലപ്പോഴും പൊതുജനങ്ങള്‍ക്കാകും. അത്തരം ആശയങ്ങള്‍ സ്വീകരിച്ച് വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ അവയെ ഏകോപിപ്പിക്കാനും നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവണം. അങ്ങനെ നവകേരള നിര്‍മിതിയുടെ പുതിയ മാതൃകകള്‍ പണിയാന്‍ സര്‍ക്കാരിന് സാധിക്കട്ടെ ■
Share this article

About മുഹമ്മദ് ബഷീർ ഓമാനൂര്‍

basheeromanur@gmail.com

View all posts by മുഹമ്മദ് ബഷീർ ഓമാനൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *