ജീവനോളം വരില്ല പാര്‍ലമെന്റ് മന്ദിരങ്ങള്‍

Reading Time: 4 minutes

ഗണിതജ്ഞന്മാര്‍ക്ക് ഉത്തരം പറയാം. 1.4 ബില്യൻ ജനങ്ങള്‍ ജീവിക്കുന്ന ഒരു രാജ്യം. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ 400 മില്യൻ. കോവിഡ് പ്രതിരോധത്തിന് വേണ്ടി ഇവരെല്ലാം വാക്‌സിന്‍ എടുക്കണം. രണ്ട് ഡോസുകളാണ് എടുക്കേണ്ടത്. അപ്പോള്‍ 800 മില്യൻ ഡോസുകള്‍. നിലവില്‍ രണ്ട് സ്ഥാപനങ്ങളാണ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്. Serum institute of indiaയും Bharat biotechഉം. പ്രതിമാസം 60 മുതല്‍ 70 മില്യൻ ഡോസുകള്‍ വരെ ഉത്പാദിപ്പിക്കാന്‍ ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും കൂടി ശേഷിയുണ്ട്. അതില്‍ 60 മുതല്‍ 65 വരെ Serum institute of indiaയാണ് ഉത്പാദിപ്പിക്കുന്നത്. അങ്ങനെ വരുമ്പോള്‍ 45 വയസിന് മുകളിലുള്ളവരെ വാക്‌സിന്‍ ചെയ്യാനുള്ള ഡോസുകള്‍ നിര്‍മിക്കാന്‍ ചുരുങ്ങിയത് എത്ര വര്‍ഷം വേണ്ടി വരും? ഉത്തരം ലളിതമാണ്. ഒരു വര്‍ഷം. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ക്കു ശേഷം 45 വയസില്‍ താഴെയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനമാകുന്നു. അങ്ങനെയെങ്കില്‍ എത്ര ഡോസുകള്‍ നിര്‍മിക്കേണ്ടിവരും? ചുരുങ്ങിയത് 2 ബില്യൻ. അത് ഉത്പാദിപ്പിക്കാന്‍ എത്ര വര്‍ഷം വേണ്ടി വരും? 25 വര്‍ഷം. ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ ലഭ്യതയെക്കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന കണക്കുകളാണിത്.
റഷ്യന്‍ സ്പുട്‌നിക് വാക്‌സിന്‍ കൂടി ഇറക്കുമതി ചെയ്യാന്‍ നിലവില്‍ തീരുമാനമുണ്ടെങ്കിലും വാക്‌സിന്‍ ആവശ്യത്തിന്റെ 10 ശതമാനം തികക്കാന്‍ പോലും നിലവിലെ വാക്‌സിന്‍ ഉത്പാദന നിരക്കിന് സാധിക്കില്ല. ഈ ഗണിതശാസ്ത്രത്തില്‍ നമുക്കെവിടെയാണ് പിഴച്ചത്? കോവിഡ് രണ്ടാം തരംഗത്തെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്‍കരുതലുകളില്ലാതെ പോയത് എന്തുകൊണ്ടാണ്? ലോകത്ത് തന്നെ വാക്‌സിന്‍ ഉത്പാദനത്തില്‍ മുന്നിട്ട് നിന്ന ഇന്ത്യക്ക് വാക്‌സിനേഷനില്‍ സ്വയം പര്യാപ്തത നേടാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്? ഉത്തരം ലളിതമാണ്. നമുക്ക് മനുഷ്യപ്പറ്റുള്ള, ജനക്ഷേമം ആഗ്രഹിക്കുന്ന ഒരു ഭരണകൂടം ഇല്ലാതെ പോയി. ഗംഗ നദിയിലൂടെ ശവങ്ങള്‍ ഒലിച്ചു വരുമ്പോഴും ഭരണസിരാ കേന്ദ്രങ്ങള്‍ പണിയുന്ന സ്വേച്ഛാധിപതികളുടെ നാടായി നമ്മുടെ രാജ്യം മാറിപ്പോയി.
ആരോഗ്യ രംഗത്ത് ഒരുപാട് നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. ലോകതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരായ നഴ്‌സുമാരെ സംഭാവന ചെയ്തിട്ടുള്ളത് ഇന്ത്യയാണ്. വാക്‌സിന്‍ ഉത്പാദനത്തിലും മുന്‍പന്തിയില്‍ ഇന്ത്യ തന്നെ. ഓരോ ഗ്രാമങ്ങളിലും ഹെല്‍ത്ത് കെയര്‍ യൂനിറ്റുള്ള ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനവും ലോകതലത്തില്‍ തന്നെ പ്രശംസയര്‍ഹിക്കുന്നതായിരുന്നു. എന്നാല്‍ കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് കണക്കുകള്‍ പിഴച്ചു. പിഴച്ചുവെന്നല്ല, ബോധപൂര്‍വം പിഴവിലേക്ക് കൊണ്ടെത്തിച്ചു എന്ന് പറയുന്നതാകും ശരി.
കോവിഡ് ഒന്നാം തരംഗത്തിന്റെ പ്രാരംഭ സമയത്തു തന്നെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഇന്ത്യക്ക് ലഭിച്ചിരുന്നു. കോവിഡിന് മുന്‍പ്, ദിനേന 700 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനായിരുന്നു ഇന്ത്യ ഉത്പാദിപ്പിച്ചിരുന്നത്. കോവിഡ് കാരണം അത് 4800 ആക്കേണ്ട ആവശ്യകതയുണ്ടായിരുന്നു. ഇതിനു വേണ്ടി ഇരുമ്പ്, എണ്ണ വ്യവസായങ്ങള്‍ക്ക് നല്‍കിയിരുന്ന ഓക്‌സിജന്‍ കൂടി ആരോഗ്യ രംഗത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍, 2020 മെയ് മാസത്തില്‍ തന്നെ പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉണ്ടാവേണ്ട ആവശ്യകതയെക്കുറിച്ച് വിവിധ പഠനങ്ങള്‍ വന്നിരുന്നു. 8 മാസത്തോളം കൃത്യമായ ഒരു തീരുമാനവും മോഡി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഒക്ടോബര്‍ പകുതിയോടടുക്കുമ്പോഴാണ് 162 PSA ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ Central Medical Service Authority തീരുമാനിക്കുന്നത്. വിവിധ സംസ്ഥാനങ്ങള്‍ ഇതിനോട് നല്ല രീതിയില്‍ പ്രതികരിച്ചിരുന്നു. പ്ലാന്റുകള്‍ നിര്‍മിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാനം ഒരുക്കുകയും ജില്ലാ ആശുപത്രികള്‍ Site Readiness Certificate എടുത്തുവെക്കുകയും ചെയ്തു. എന്നാല്‍, കൃത്യമായ ഒരു പിന്തുടര്‍ച്ച കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. കഴിഞ്ഞ മാസത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റ് പ്രകാരം 33 PSG പ്ലാന്റുകള്‍ മാത്രമാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. കേവലം 200 കോടി മതിയാകുന്ന പദ്ധതിയാണിത്. പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് വേണ്ടി തയാറാക്കിയ ആത്മനിര്‍ഭര്‍ പദ്ധതിക്ക് രാജ്യം അനുവദിച്ച തുക 29.87 ലക്ഷം കോടി രൂപയാണെന്ന് ഓര്‍ക്കണം. ഈ ഇരട്ടത്താപ്പില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മോഡി സര്‍ക്കാരിന് എളുപ്പത്തില്‍ സാധിക്കില്ല. ഓക്‌സിജന്‍ ഉത്പാദനത്തില്‍ മാത്രമല്ല, അതിനെ സൂക്ഷിച്ചുവെക്കാനുള്ള ടാങ്കറുകളുടെ വിഷയത്തിലും കൃത്യമായി സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള യാത്ര സൗകര്യങ്ങളുടെ കാര്യത്തിലുമെല്ലാം ഭരണകൂടത്തിന്റെ ഈ അലംഭാവം നമുക്ക് കാണാന്‍ സാധിക്കും.
ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ലോകതലത്തില്‍ തന്നെ ഏറ്റവും കുറവ് ബജറ്റ് തുക മാറ്റി വെക്കുന്ന 4 രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. Oxfam International 2020ന്റെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ പകുതി ജനങ്ങള്‍ക്കും അടിസ്ഥാനപരമായ മെഡിക്കല്‍ സേവനങ്ങള്‍ ലഭിക്കുന്നില്ല. ആരോഗ്യ രംഗത്തെ സുസ്ഥിര വികസനത്തിന് വേണ്ടി 2030 ആകുമ്പോഴേക്കും ഓരോ രാജ്യവും കൈവരിക്കേണ്ട, UN മുന്നോട്ട് വെച്ച 14 ഗോളുകളില്‍ 5 എണ്ണത്തില്‍ മാത്രമേ ഇന്ത്യ ഇതുവരെ ശ്രദ്ധ കൊടുത്തിട്ടുള്ളു. National Commission on Macroeconomics and Health 2005ലെ കണക്കുകള്‍ പ്രകാരം ബജറ്റിന്റെ 3 ശതമാനം പോലും ആരോഗ്യ രംഗത്തേക്ക് ചെലവഴിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇതിന്റെയൊക്കെ പരിണതഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്.
കോവിഡ് കാലത്തെ ഇന്ത്യയുടെ സാമ്പത്തിക നയങ്ങളും വലിയ പരാജയമായിരുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പോലും പാരമ്പര്യ രീതിയായ trickle down തിയറിയില്‍ നിന്നും മാറി ചിന്തിച്ചപ്പോള്‍ ഇന്ത്യ അതില്‍ തന്നെ ഉറച്ചു നിന്നു. നികുതി വെട്ടിക്കുറച്ചും മറ്റു സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിയും സമ്പന്നരായ ആളുകളെ/കോര്‍പറേറ്റുകളെ സഹായിക്കുന്നതിലൂടെ, മറ്റുള്ളവരിലേക്കും സഹായമെത്തുമെന്നാണ് ഈ തിയറി പറയുന്നത്. എന്നാല്‍ മഹാമാരിക്കാലത്ത് ഇത് എത്രത്തോളം പ്രയോഗികമാണ്? എന്നല്ല, മാന്ദ്യമുണ്ടാകുന്ന സമയത്ത് തന്നെ ഇത്തരം നയങ്ങള്‍ ഗുണകരമല്ലെന്നതിന്റെ തെളിവാണ് 1929ലെ ആഗോള സാമ്പത്തിക തകര്‍ച്ച. അന്ന് യു.എസിനെ കരകയറാന്‍ സഹായിച്ചത് ഫ്രാങ്ക്‌ലിന്‍ ഡി റൂസ്‌വെല്‍ട്ടിന്റെ ന്യൂ ഡീല്‍ പ്രോഗ്രാമുകളാണ്. ജനങ്ങളുടെ കൈയില്‍ നേരിട്ട് പണമെത്തിച്ചും, ജോലികള്‍ ഉറപ്പുവരുത്തിയുമാണ് ഈ ഡീലിലൂടെ യു.എസ് അന്നത്തെ സാമ്പത്തിക മാന്ദ്യത്തെ നേരിട്ടത്. അത് വിജയം കാണുകയും ചെയ്തു.
കോവിഡ് കാലത്തും യു.എസ് പിന്തുടരുന്ന നയം ഇത് തന്നെയാണ്. യു.എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെന്റെ നിര്‍ദേശ പ്രകാരം കോര്‍പറേറ്റ് ടാക്‌സ് വര്‍ധിപ്പിക്കാനും പൊതു ഉത്പന്നങ്ങളില്‍ നിക്ഷേപം കൂട്ടാനും യു.എസ് പ്രസിഡന്റ് ബൈഡന്‍ നിര്‍ദേശിച്ചു കഴിഞ്ഞു. കോവിഡ് കാരണം യു.എസില്‍ ഇതിനകം 20 മില്യൻ ഇടത്തര വിഭാഗം ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നും 650 ഓളം കോടീശ്വരന്മാര്‍ 1 ട്രില്യൻ ഡോളര്‍ സമ്പാധിച്ചെന്നും, പ്രസ്തുത സാമ്പത്തിക നയം സ്വീകരിക്കാനുള്ള കാരണമായി ബൈഡന്‍ പറയുന്നുണ്ട്. യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഈ നയത്തെ സ്വാഗതം ചെയ്യുകയുമുണ്ടായി. മൂന്ന് പ്ലാനുകളായി തയാറാക്കിയ യു.എസ് പദ്ധതിയില്‍ ഓരോ കുടുംബത്തിനും 1400 ഡോളര്‍ സാമ്പത്തിക സഹായം, കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, 16 വയസ് വരെയുള്ള സൗജന്യ വിദ്യാഭ്യാസം എന്നിവയൊക്കെ ഉള്‍പ്പെടുന്നു. സമ്പദ് വ്യവസ്ഥയുടെ അടിത്തട്ടില്‍ നിന്ന് മാത്രമേ, ഈ ഘട്ടത്തില്‍ പ്രതിരോധം സാധ്യമാവുകയുള്ളൂ എന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരം സാമ്പത്തിക നയങ്ങളുണ്ടാകുന്നത്.
എന്നാല്‍ ഇന്ത്യ ഇപ്പോഴും സ്വകാര്യവത്കരണത്തിനും കോര്‍പറേറ്റ് പ്രീണനത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ പ്രാചീന കാലത്തുള്ള ഗുപ്തയുടെയും മറ്റും സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ച. കോര്‍പറേറ്റുകളും അധികാരികളും ഒരുമിക്കുന്ന മുസോളിനിയന്‍ ഫാഷിസ്റ്റ് നയം. ആരോഗ്യ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട കാലമായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം. അതിനു പകരം സ്വകാര്യവത്കരണത്തിന് പ്രാധാന്യം കൊടുത്തതിനാല്‍, ഇന്നും ആരോഗ്യരംഗം അപൂര്‍ണമായി കിടക്കുന്നു.
കോവിഡ് ഒന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നു, സ്വയം പര്യാപ്തതയിലൂന്നിയ ആത്മനിര്‍ഭര്‍ പദ്ധതി പ്രഖ്യാപിക്കപ്പെടുന്നത്. പ്രഖ്യാപനത്തിന്റെ ഒന്നാം ദിനം ഓഹരി വിപണികള്‍ കുത്തനെ മേലോട്ട് ഉയര്‍ന്നു. എന്നാല്‍, പിന്നീടുള്ള ദിവസങ്ങളില്‍, കൂടുതല്‍ വിശദീകരണങ്ങള്‍ വന്നപ്പോള്‍ ഓഹരിവിപണി മുന്‍പുള്ളതിനേക്കാള്‍ താഴോട്ട് പോയി. ഇതേക്കുറിച്ച് അന്നു തന്നെ മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ള സാമ്പത്തിക വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആത്മനിര്‍ഭര്‍ പദ്ധതി കൂടുതലായും പ്രാധാന്യം നല്‍കിയിരുന്നത് ബാങ്കുകള്‍ മുഖേനെയുള്ള വായ്പ സംവിധാനങ്ങള്‍ക്കായിരുന്നു. ബാങ്കുകളിലൂടെ നടത്തിവരുന്ന ഇത്തരം മോണിറ്ററി പോളിസികള്‍, നിലവില്‍ ഇന്ത്യയില്‍ വിജയിക്കില്ലെന്നായിരുന്നു സാമ്പത്തിക രംഗത്തെ വിലയിരുത്തല്‍. ഇതിനുവേണ്ടി നിരന്തരമായി റിപ്പോ, റിവേഴ്‌സ് റിപ്പോ റേറ്റുകള്‍ ആര്‍ബിഐ ഇതിനകം കുറച്ചു കഴിഞ്ഞിട്ടുണ്ട്. ഇനിയും കുറക്കുന്ന പക്ഷം വലിയ സാമ്പത്തിക പ്രതിസന്ധികള്‍ ബാങ്കുകള്‍ നേരിടേണ്ടി വരും. അത് കൂടുതല്‍ വിപത്തിലേക്ക് വഴി വെക്കുകയും ചെയ്യും. ആര്‍ബിഐയുടെ 2021 Financial Stability Report പ്രകാരം ഇന്ത്യയിലെ ബാങ്കുകളില്‍ നോണ്‍ പെര്‍ഫോമിങ് അസറ്റുകള്‍ കൂടുതലാണ്. തിരിച്ചടക്കാന്‍ കഴിയാതെ വന്ന വായ്പകളെയാണ് ഇതുദ്ദേശിക്കുന്നത്. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെ വീണ്ടും മോണിറ്ററി പോളിസി പിന്തുടരുന്നതില്‍ എന്ത് ഗുണമാണ് രാജ്യത്തിനുള്ളത്. മാത്രവുമല്ല, 2021ലെ International Monetary Fund (IMF) ന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ ഉത്പാദനം കുറയാനുള്ള കാരണം ഫിസ്‌കല്‍ (Fiscal) പോളിസിയുടെ അഭാവമാണ്. അഥവാ സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന സഹായങ്ങളുടെ കുറവ്. ഇതിനു വേണ്ടി ആര്‍ബിഐ വായ്പ നല്‍കാമെന്ന് പറഞ്ഞിട്ടും ഇതുവരെയും സര്‍ക്കാര്‍ അതിന് മുന്‍കൈ എടുത്തിട്ടില്ല.
International Monetary Fund (IMF) ന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പണപ്പെരുപ്പം 5ന് മുകളിലാണ്. ആത്മനിര്‍ഭര്‍ പദ്ധതി കാരണമായും ലോക്ഡൗണിലൂടെയും ഉണ്ടായ സപ്ലൈ ചെയിന്‍ വിച്ഛേദനം കാരണവും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുറഞ്ഞു. സ്വകാര്യ നിക്ഷേപങ്ങളിലും വലിയ ഇടിവ് വന്നിരിക്കുന്നു. നിക്ഷേപം നടത്താനുള്ള അന്തരീക്ഷം ഇന്ത്യയില്‍ നഷ്ടപ്പെട്ടതാണ് കാരണം. 6 മാസം തുടര്‍ന്ന് നില്‍ക്കുന്ന കര്‍ഷക സമരവും നിക്ഷേപകരെ പിന്നോട്ട് വലിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കേണ്ട സമയത്താണ് വീണ്ടും മോണിറ്ററി പോളിസികളുമായി സര്‍ക്കാര്‍ അവതരിക്കുന്നത്. തികഞ്ഞ ബുദ്ധി ശൂന്യതയായി മാത്രമേ ഇതിനെ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ.
ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നാണ് PM-CARE ഫണ്ട് സമാഹരണം. CSR ഫണ്ടിലേക്ക് കോര്‍പറേറ്റുകള്‍ നല്‍കേണ്ടിയിരുന്ന പകുതി പണം നിലവില്‍ PM-CAREലേക്ക് ഒഴുകിക്കഴിഞ്ഞു. ഓരോ വര്‍ഷവും 15000 കോടി രൂപ ലഭിക്കുന്ന CSR ഫണ്ടില്‍ വലിയ കുറവ് അനുഭവപ്പെട്ടേക്കാം. എങ്കിലും ഈ സമയത്ത് ആരോഗ്യ മേഖലയിലേക്ക് പണം വകയിരുത്തല്‍ അത്യാവശ്യമായത് കൊണ്ട് തന്നെ ആ കുറവ് നമുക്ക് മറക്കാം. എന്നാല്‍ PM-CARE ഫണ്ടുകള്‍ എവിടെയൊക്കെ, എങ്ങനെയൊക്കെ ചെലവഴിച്ചു എന്നതിന് ഉത്തരമുണ്ടോ? അതിന്റെ കണക്കുകള്‍ ലഭിക്കാന്‍ RTI വഴി അന്വേഷണം നടത്തിയ ബാംഗളൂര്‍ നിയമ വിദ്യാര്‍ഥിക്ക് കിട്ടിയ മറുപടി അതിശയോക്തി നിറഞ്ഞതാണ്. PM-CARE പൊതുവകുപ്പില്‍ വരുന്നതെല്ലെന്നും RTI പരിധിയില്‍ പെടില്ലെന്നുമാണ് മറുപടി. ഇനിയെന്തുറപ്പിലാണ് PM-CARE ലേക്ക് നാം ഫണ്ടുകള്‍ നല്‍കുക?
ജീവനാണ് ഏറ്റവും പ്രധാനം. അത് കഴിഞ്ഞേ മറ്റെന്തു വികസനകള്‍ക്കും പ്രസക്തിയുള്ളൂ. ഈ ഘട്ടത്തിലെങ്കിലും കോര്‍പറേറ്റ് സേവ മതിയാക്കി ജനപക്ഷത്ത് നില്‍ക്കാന്‍ മോഡി സര്‍ക്കാരിന് സാധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഗംഗ നദിയില്‍ ഇനിയും ശവങ്ങള്‍ കുന്നുകൂടും. പുതുതായി നിര്‍മിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തെ നോക്കി അവ കൂട്ടത്തോടെ വിളിച്ചു പറയും, ഇന്ത്യ നമ്മുടേതല്ലെന്ന് ■

Share this article

About സി എം ശഫീഖ് നൂറാനി അസ്സഖാഫി

shafeeq2cm@gmail.com

View all posts by സി എം ശഫീഖ് നൂറാനി അസ്സഖാഫി →

Leave a Reply

Your email address will not be published. Required fields are marked *