സംവരണം ഇല്ലെങ്കില്‍ സാമൂഹിക നീതി മറക്കുമോ?

Reading Time: 3 minutes

കേരളത്തിലെ സാമൂഹിക പ്രതിബദ്ധതയുള്ള ഏറ്റവും മികച്ച വിദ്യാലയത്തെ കണ്ടെത്താനുള്ള ഒരു റിയാലിറ്റി ഷോ നടക്കുന്നു. മത്സരിക്കുന്ന സ്‌കൂളുകളിലൊന്നിനെ പ്രതിനിധീകരിക്കുന്ന അധ്യാപകന്‍ ആ സ്‌കൂളിന്റെ പ്രധാന മേന്മയായി ദലിത് വിദ്യാർഥികളുടെ ഉയര്‍ന്ന എണ്ണവും അവരുടെ ഉന്നമനത്തിനായി നടത്തിപ്പോരുന്ന സവിശേഷമായ പദ്ധതികളെകുറിച്ചും വിശദീകരിക്കുന്നു. ഈ അവസരത്തിലാണ് വിധികര്‍ത്താക്കളില്‍ ഒരാളായ ഡോ. പീയുഷ് ആന്റണി ഒരു ചോദ്യം ചോദിക്കുന്നത്: “നിങ്ങള്‍ ഇപ്പോള്‍ ഇവിടേയ്ക്ക് വിദ്യാലയത്തെ പ്രതിനിധീകരിക്കുവാന്‍ കൊണ്ടുവന്ന കുട്ടികളില്‍ ദലിത് വിഭാഗത്തിലെ എത്ര കുട്ടികളുണ്ട്?’ അധ്യാപകരും വിദ്യാര്‍ഥികളും പരസ്പരം നോക്കി ഒരാളുമില്ലെന്ന് പറഞ്ഞു. ഒന്‍പതു കുട്ടികളെ മാത്രമേ കൊണ്ടുവരാന്‍ പറ്റുകയുള്ളൂ എന്ന നിബന്ധന ചാനല്‍ മുന്നോട്ടുവെച്ചപ്പോള്‍, തിരഞ്ഞെടുത്ത കുട്ടികളില്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ ഉൾപ്പെട്ടിട്ടില്ലെന്നു ന്യായീകരണമായി പറഞ്ഞു. പ്രാഥമികമായി ഇത്തരം തിരഞ്ഞെടുപ്പുകളില്‍, ആര് പ്രതിനിധിയായി വരണമെന്ന തീരുമാനങ്ങളില്‍ പാര്‍ശ്വവത്കൃത സമൂഹങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം ഉറപ്പു വരുത്തുക എന്നതാണ് നിങ്ങള്‍ മുന്‍പ് സൂചിപ്പിച്ച ഉന്നമനത്തിനായുള്ള ആദ്യ വഴി എന്ന് യൂനിസെഫിന്റെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഓഫീസറായി കൂടി പ്രവര്‍ത്തിച്ച ഡോ. പീയുഷ് അഭിപ്രായപ്പെട്ടു.
മുകളില്‍ സൂചിപ്പിച്ച വിദ്യാലയത്തെ കേരളമെന്നും നിലവിലെ മന്ത്രിസഭയെ ഒരു ക്ലാസ് മുറിയായും സങ്കല്പിക്കുക. ഇപ്രകാരം ഭാവന ചെയ്താല്‍ ഇരുപത്തിയൊന്ന് പേരുള്ള ആ ക്ലാസ് മുറിയില്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ള ഒരൊറ്റ വിദ്യാര്‍ഥിയാണുള്ളത്. അതായത് പതിനാറോളം സംവരണ മണ്ഡലങ്ങളിലൂടെ ജയിച്ചു വന്ന പ്രതിനിധികളില്‍ ഒരൊറ്റ ആളെ മാത്രമേ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ സാധിച്ചിട്ടുള്ളു. എന്നാല്‍ ഈ മന്ത്രിസഭയുടെ സാമുദായിക പ്രാതിനിധ്യം പരിശോധിക്കുക: നായര്‍ വിഭാഗങ്ങളില്‍ നിന്ന് എട്ടു പേര്‍, ഈഴവര്‍ അഞ്ചു പേര്‍, മുന്നോക്ക ക്രൈസ്തവര്‍ മൂന്ന്, മറ്റു പിന്നാക്ക ഹിന്ദു ഒന്ന്, പിന്നാക്ക ക്രൈസ്തവര്‍ ഒന്ന്, മുസ്‌ലിം മൂന്ന്. ഇവയില്‍ നായര്‍ സമുദായത്തിന് ജനസംഖ്യ അനുപാതത്തെക്കാള്‍ 205.58% അധികമാണ് പ്രാതിനിധ്യം ലഭിച്ചിരിക്കുന്നത്. ഈ അധിക പ്രാതിനിധ്യം മുസ്‌ലിം സമുദായത്തിനോ ദലിതര്‍ക്കോ ഈഴവര്‍ക്കോ ആയിരുന്നെങ്കില്‍ കേരളത്തിന്റെ പൊതുബോധം അതിനെ പ്രശ്‌നവത്കരിക്കുകയും പൊതു മണ്ഡലത്തില്‍ ഒരു വലിയ ചര്‍ച്ചാ വിഷയമാക്കി ഉയര്‍ത്തി കൊണ്ടുവരികയും ചെയ്‌തേനെ. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തു മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ഒരാളെ കൂടി മന്ത്രിയാക്കിയപ്പോള്‍ കേരളത്തിന്റെ മതേതര സ്വഭാവം തകര്‍ന്നു പോണേ എന്ന് നിലവിളിച്ച മിക്ക രാഷ്ട്രീയ പ്രതിനിധികളും സാമുദായിക സംഘടനകളും ഇപ്പോള്‍ എന്തൊരു ശാന്തരാണ്. ദലിത് സമുദായത്തിന്റെ പ്രാതിനിധ്യക്കുറവ് സാമൂഹിക ജനാധിപത്യ സങ്കല്‍പങ്ങള്‍ക്ക് നിരക്കാത്ത ഒന്നാണെന്നു മനസിലാക്കാന്‍ സാമാന്യ ബോധം തന്നെ ധാരാളമാണ്. അവസര സമത്വമില്ലാത്തവര്‍ക്കു അതുണ്ടായിരുന്നവരേക്കാള്‍ മുന്‍ഗണന ലഭിക്കണമെന്ന ഉപാധി അവസര സമത്വം ഉറപ്പിക്കുന്നതിനാണ്. മേല്പറഞ്ഞ സാമൂഹിക ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയങ്ങളില്‍ ഊന്നിക്കൊണ്ടു നിലവിലെ മന്ത്രിസഭാ തിരഞ്ഞെടുപ്പിനെ വിമര്‍ശനാത്മകമായി വിലയിരുത്തിയാല്‍ ചില ചോദ്യങ്ങള്‍ തീര്‍ച്ചയായും കടന്നുവരും.
ഒരു മന്ത്രിസഭയെ തിരഞ്ഞെടുക്കാന്‍ ഉള്ള പൂര്‍ണമായ അവകാശം ഭൂരിപക്ഷ വിജയം നേടിയ പാര്‍ട്ടികളുടെ സംസ്ഥാന കമ്മറ്റികള്‍ക്കാണ്. പ്രസ്തുത വാദത്തിന് അടിസ്ഥാനമായ രാഷ്രീയ പാര്‍ട്ടികളുടെ സ്വയം നിര്‍ണയാവകാശത്തെ മാനിക്കുന്നു. ഒരു കമ്മിറ്റി, തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ നിന്നും മ്രന്തിമാരെ നിര്‍ണയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അതിനായി സ്വീകരിക്കുന്ന മാനദണ്ഡങ്ങളില്‍ ഒരു സവിശേഷ മാനദണ്ഡമായി സാമൂഹിക നീതി ഉറപ്പിക്കുന്നതിനായി പാര്‍ശ്വവത്കരിക്കപ്പെടുന്ന സമൂഹങ്ങളുടെ പ്രാതിനിധ്യം എന്നത് പ്രസ്തുത രാഷ്ട്രീയ പ്രസ്ഥാനം കൈക്കൊള്ളുന്നുണ്ടോ?
കഴിവ് മാത്രം അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പുകളാണ് നടക്കുന്നതെങ്കില്‍ കേരളത്തില്‍ ഇക്കാലമത്രയുമായി ഒരു ദലിത് മുഖ്യമന്ത്രിയോ ഒരു സ്ത്രീ മുഖ്യമ്രന്തിയോ ഇല്ലാതായത് എന്തുകൊണ്ട്? ഒരു കാറ്റഗറി എന്ന നിലയില്‍ ദലിതര്‍, സ്ത്രീകള്‍ എന്നിവര്‍ താരതമ്യേനെ കഴിവ് കുറഞ്ഞവരാണെന്നു അംഗീകരിക്കേണ്ടി വരും. അത് മനുവാദമാണ്. സംവരണം നിലവിലുണ്ടായിരുന്നെങ്കില്‍ നിശ്ചയമായും ഇതിനേക്കാളേറെ ദലിതര്‍ മന്ത്രിസഭയില്‍ ഉണ്ടായേനെ. വിശേഷിച്ചും ആദിവാസി സമുദായത്തില്‍ നിന്നൊരാള്‍ മ്രന്തിസഭയില്‍ ഉറപ്പായും ഉണ്ടായേനെ. കൂടുതല്‍ മുസ്‌ലിംകളും മറ്റു പിന്നാക്ക വിഭാഗക്കാരും ഉണ്ടായേനെ. എന്നാല്‍ സംവരണമെന്ന സാമൂഹിക നീതി അടിസ്ഥാനമാക്കിയുള്ള ഒരു ഭരണഘടനാ സംവിധാനത്തിന്റെ അഭാവത്തിലും സാമൂഹിക നീതിയെക്കുറിച്ച് ഓര്‍ക്കുവാനുള്ള കഴിവും അതിനോട് നീതി പുലര്‍ത്താനുള്ള ധാര്‍മികമായ ആര്‍ജവവും പ്രസ്തുത രാഷ്ട്രീയ പ്രസ്ഥാനത്തിനുണ്ടോ?
പാര്‍ട്ടിയുടെ നയപരമായ തീരുമാനങ്ങളില്‍ ജാതി ഒരു സവിശേഷ ഘടകമായേ വരുന്നില്ല എന്നതാണ് പ്രാതിനിധ്യം ആവശ്യപ്പെടുന്ന വാദങ്ങള്‍ക്കുള്ള മറുപടിയായി ഇടതുപക്ഷ പ്രവര്‍ത്തകരില്‍ ചിലരെങ്കിലും ഉന്നയിക്കുന്നത്. ജാതി, പാര്‍ട്ടിക്ക് സവിശേഷമായ മാനദണ്ഡമല്ലെങ്കില്‍ ഇലക്ഷന് എന്നെ സ്ഥാനാര്‍ഥിയായി നിര്‍ണയിച്ചത് ഞാന്‍ ഒരു യാക്കോബായക്കാരിയായത് കൊണ്ട് കൂടിയാണ് എന്ന് ഒരു പൊതു മാധ്യമത്തില്‍ വന്നു ഇടതുപക്ഷത്തിന്റെ ഒരു എംഎല്‍എക്കു പറയാനാവുന്നതെങ്ങനെ? നയപരമായ തീരുമാനങ്ങളില്‍ ജാതി ഒരു പ്രയോറിറ്റി അല്ലെങ്കില്‍ സവര്‍ണ സമുദായങ്ങളിലെ മാത്രം സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നവര്‍ക്ക് വേണ്ടി കമ്യൂണിസ്റ്റ് പ്രസ്ഥാനം സംസാരിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? വര്‍ഗമാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാന ശിലയെങ്കില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ സമുദായങ്ങളിലെയും മനുഷ്യര്‍ക്കും സംവരണം ലഭിക്കേണ്ടേ? എങ്ങനെയാണു മുന്നാക്ക ജാതികളിലെ മാത്രം പാവപെട്ട മനുഷ്യരെ പരിഗണിക്കുവാനുള്ള തീരുമാനം പാര്‍ട്ടിയും കഴിഞ്ഞ കാലയളവിലെ മന്ത്രിസഭയും കൈകൊണ്ടത്? ഇലക്ഷന് ശേഷവും സമുദായ പ്രതിനിധികളെ എന്തിനാണ് സത്യ പ്രതിജ്ഞാചടങ്ങിന് സവിശേഷ അതിഥികളായി വിളിച്ചത്?
വര്‍ഗമാണ് മാനദണ്ഡമെങ്കില്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍, മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുടെ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളെ ക്ഷണിച്ചാല്‍ മതിയായിരുന്നല്ലോ? ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു ഇടതുപക്ഷ സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോള്‍ രൂപീകരിച്ച നവോത്ഥാന മുന്നണിയില്‍ ഒട്ടനവധി സാമുദായിക സംഘടനകള്‍ ഉണ്ടായിരുന്നെങ്കിലും കെപിഎംഎസ് നേതാവായ പുന്നല ശ്രീകുമാറിനെ തന്നെ സമിതിയുടെ കണ്‍വീനര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തല്ലോ. അധികാര പ്രാതിനിധ്യം വരുമ്പോള്‍ മാത്രം സെലെക്ടീവ് അംനേഷ്യ, തങ്ങള്‍ക്കു സൗകര്യപ്രദമായതും ആവശ്യമുള്ളതുമായ തുറകളില്‍ ജാതിയെ ഒരു മാനദണ്ഡമാക്കാനും അല്ലാത്ത പക്ഷം കേവലം മനുഷ്യവാദം ഉയര്‍ത്താന്‍ സാധിക്കുന്നു എന്നത് ധാര്‍മികത ഇല്ലായ്മ കൂടിയാണ്.
1945ല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുവാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമത്തില്‍ ദലിത് വിഭാഗത്തിലുള്ളവരുടെ പ്രാതിനിധ്യം കുറഞ്ഞപ്പോള്‍, ഭാവിഭരണകൂടത്തില്‍ നിന്നും ഞാനോ പട്ടിക ജാതികളോ അപ്രത്യക്ഷമാകുന്നത് ബ്രിട്ടീഷ് ഗവണ്‍മെന്റിനു ഒരു പ്രശ്നവുമില്ലായിരിക്കും എന്ന് ഡോ. ബി ആര്‍ അംബേദ്കര്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ പ്രബല സവര്‍ണ ജാതി സമുദായങ്ങള്‍ എക്കാലത്തും അധികാരം കൈമുതലാക്കി വെക്കുന്നത് അധികാരത്തില്‍ അവരുടെ സമുദായത്തില്‍പെട്ടവര്‍ ഉണ്ടെന്ന് ഉറപ്പു വരുത്തിക്കൊണ്ട് കൂടിയാണ്. രാഷ്ട്രീയപരമായി എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍ ആണെങ്കില്‍ പോലും, യാതൊരു വിധത്തിലും സമുദായ സങ്കല്പങ്ങളോട് യോജിക്കുന്നില്ലെങ്കില്‍ പോലും ആ വൃക്തിയുടെ അധികാര സ്ഥലത്തിലെ പ്രാതിനിധ്യം നല്‍കാവുന്ന സാമൂഹിക മൂലധനത്തെക്കുറിച്ച് നല്ല ബോധ്യം മുന്നോക്ക സമുദായങ്ങള്‍ക്കുണ്ട്. ഉദാഹരണത്തിന് എന്‍എസ്എസ് എന്ന സാമുദായിക സംഘടനയുമായി ഏറ്റവും രൂക്ഷമായ രാഷ്ട്രീയ സംവാദം ഇടതു മുന്നണി നടത്തുമ്പോഴും എന്‍എസ്എസ് കരയോഗം ആര്യ രാജേന്ദ്രന്‍ എന്ന തിരുവനന്തപുരം മേയര്‍ക്ക് സ്വീകരണം ഒരുക്കുകയും അവരതു ഏറ്റുവാങ്ങുകയും ചെയ്യും. വ്യക്തിയല്ല, പാര്‍ട്ടിയല്ല, സമുദായമാണ് പ്രധാനം എന്നാണ് അധികാരം രാഷ്ട്രീയവും സാമൂഹികവുമായ മൂലധനമാണെന്നു രുചിച്ചവരുടെ പൊതു മുദ്രാവാക്യം.
കേരളത്തില്‍ കാലാകാലങ്ങളില്‍ മാറിവന്ന എല്‍ഡിഎഫും യുഡിഫും സവര്‍ണ സമുദായങ്ങളെ പ്രീണിപ്പിക്കുവാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്നത് ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. അധികാരത്തില്‍ പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്ക് പ്രാതിനിധ്യം കൊടുക്കുക എന്നത് സാമൂഹിക വിപ്ലവത്തിന്റെ ആദ്യത്തെ പടിയാണ്. കേരളത്തിലെ എല്‍ഡിഎഫിനോടും യുഡിഎഫിനോടും താഴേ പറയുന്ന ആവശ്യങ്ങള്‍ ഒരു ദലിത് വിദ്യാര്‍ഥി എന്ന നിലയില്‍ ആവശ്യപ്പെടുകയാണ്. ചരിത്രബോധവും ഭരണഘടനാ ധാര്‍മികതയുമുണ്ടെങ്കില്‍ വരുംതിരഞ്ഞെടുപ്പുകളിലെങ്കിലും സാമൂഹിക നീതി ഒരു മാനദണ്ഡമാക്കിയെടുക്കാന്‍ അഭ്യർഥിക്കുന്നു.

  1. മന്ത്രിസഭാ രൂപീകരണത്തില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കുക. ആദിവാസി വിഭാഗങ്ങളില്‍ നിന്ന് നിര്‍ബന്ധമായും ഒരാളെ മന്ത്രിയായി തിരഞ്ഞെടുക്കുക.
  2. കേവലം ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലോ മറ്റു ചെറു വകുപ്പുകളുടെയോ തലപ്പത്ത് ദലിതരെ വെച്ചുകൊണ്ട് വിപ്ലവമെന്നു പറയാതെ സുപ്രധാനമായ വകുപ്പുകള്‍ ഈ ജനതക്ക് നല്കുക.
  3. പാര്‍ട്ടികളുടെ സംസ്ഥാന കമ്മറ്റികള്‍, ക്രേന്ദ്ര കമ്മറ്റികള്‍ എന്നിവയില്‍ ദലിത് പ്രാതിനിധ്യം ഉറപ്പു വരുത്തുക.
  4. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് ജയസാധ്യത ഉള്ള മണ്ഡലങ്ങളില്‍ തന്നെ ഇലക്ഷനില്‍ സ്ഥാനാർഥികളെ നിര്‍ത്തുകയും അതുവഴി അധികാരത്തില്‍ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക.
  5. ദലിത് ക്രിസ്ത്യാനികള്‍ക്ക് ആവശ്യമായ പ്രാതിനിധ്യം നല്‍കുക ■
Share this article

About ദിനു വെയിൽ

dinug.g.v.h.s.s@gmail.com

View all posts by ദിനു വെയിൽ →

Leave a Reply

Your email address will not be published. Required fields are marked *