സര്‍വകലാശാലകള്‍ എന്തായിരിക്കണം

Reading Time: 3 minutes

സര്‍വകലാശാലകള്‍ ആധുനികകാലത്തെ ജ്ഞാനോത്പാദന കേന്ദ്രങ്ങളാണ്. ജനിച്ചു വളരുന്ന കുട്ടികള്‍ക്കെല്ലാം സര്‍വകലാശാലകളില്‍ പ്രവേശനമോ വിദ്യാഭ്യാസമോ നല്‍കാറില്ല. കാരണം സര്‍വകലാശാലകള്‍ മറ്റു വിദ്യാലയങ്ങളില്‍ നിന്ന് വിഭിന്നമായി ഉന്നത പഠന-ഗവേഷണത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ആധുനിക പൂര്‍വ സമൂഹങ്ങളില്‍ പരമ്പരാഗതമായി ലഭിക്കുന്ന അറിവും അപഗ്രഥന രീതിയുമായിരുന്നു പ്രബലമായി നിലനിന്നത്. എന്നാല്‍ ആധുനിക വ്യവസായ വിപ്ലവങ്ങളും അനുബന്ധ വികസനങ്ങളും നടന്ന ശേഷം ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും സ്വഭാവം ലോകവ്യാപകമായി മാറുകയായിരുന്നു. ഇന്ത്യയിലും കേരളത്തിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമാനമായ ലക്ഷ്യം സാങ്കേതിക വിദ്യാഭ്യാസരംഗത്തുണ്ടാക്കാനാണ് ഇന്ത്യയില്‍ ഐഐടികള്‍ (Indian Institute of Technology) സ്ഥാപിതമായത്. ഇന്ത്യന്‍ സാഹചര്യം പരിഗണിച്ചു കൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ബഹുസ്വര പങ്കാളിത്തമുള്ള ഉന്നത വിദ്യാഭ്യാസമാണ് വിഭാവനം ചെയ്തത്. അതായത് ഇന്ത്യ പോലെ വിവിധ ജാതി-മത-ദേശീയ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്ത് എല്ലാ വിഭാഗങ്ങളെയും അധ്യാപനത്തിലും പഠന-ഗവേഷണത്തിലും പങ്കാളികളാക്കുക എന്ന ഭരണഘടനാപരമായ തത്വം ഇന്ത്യയില്‍ നടപ്പിലാക്കേണ്ടതുണ്ട്.
അടുത്ത കാലത്ത് ഇന്ത്യയിലെ സര്‍വകലാശാലകളും ഐഐടി പോലുള്ള ഉന്നത വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങലും നല്‍കുന്ന ചില സൂചനകളുണ്ട്. മദ്രാസ് ഐഐടിയില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ഥിനി ഫാത്തിമാ ലത്തീഫയുടെ ദുരൂഹമായ ആത്മഹത്യയും ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ നജീബിന്റെ തിരോധാനവും വളരെ ഗൗരവമുള്ള ചില ഉദാഹരണങ്ങളാണ്. വാസ്തവത്തില്‍ രാജ്യത്തെ ഏറ്റവും വിദ്യാസമ്പന്നരായ അധ്യാപകരുള്ള ധിഷണാശാലികളായ വിദ്യാര്‍ഥികൾ പഠിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിവേചനം അനുഭവിക്കുന്നതായും അതിന്റെ തിക്തഫലം രാജ്യത്തൊട്ടുക്കും പടരാനും കാരണമാകുമ്പോള്‍ നമ്മള്‍ ചില ആഴത്തിലുള്ള അപഗ്രഥനങ്ങളിലേക്ക് പോകേണ്ടിവരുന്നു.
വാസ്തവത്തില്‍ രജീന്ദ്രര്‍ സച്ചാര്‍ കമ്മീഷനും ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മണ്ടല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമെല്ലാം നമ്മുടെ മുന്നിലുണ്ട്. അവയൊന്നും ഏതെങ്കിലും സ്വകാര്യ താത്പര്യത്തില്‍ ഉയര്‍ന്നുവന്ന പഠനങ്ങളല്ല. കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും നിയമിച്ച കമ്മീഷനുകളാണ്. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യയിലെ കീഴാള ജനവിഭാഗങ്ങള്‍ക്ക് അര്‍ഹിക്കുന്ന പങ്കാളിത്തമുണ്ടായിട്ടില്ല എന്നാണ് മേല്‍പറഞ്ഞ കമ്മീഷനുകളെല്ലാം വിശദമായ പഠനങ്ങള്‍ക്ക് ശേഷം മുന്നോട്ടുവെക്കുന്നത്. അപൂര്‍വമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ച് ഐഐടികളിലും സര്‍വകലാശാലകളിലും എത്തപ്പെടുന്നു കീഴാള/ദലിത്/ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ മാനസികമായ “അന്യവത്കരണങ്ങള്‍’ വിവേചനത്തെത്തുടര്‍ന്ന് അനുഭവിക്കേണ്ടിവരുന്നു. ഇത്തരത്തില്‍ വിവേചനം അനുഭവിക്കുന്നതിന്റെ ഒരു പ്രധാന കാരണം അധികാര വ്യവസ്ഥയിലെ ആധിപത്യവും അധീശത്വവുമാണ്. ഒരു വിഭാഗം വരേണ്യരുടെ സ്ഥായിയായ സാന്നിധ്യവും പ്രാമുഖ്യവും ഇതര വിഭാഗങ്ങളെ അവഗണിക്കാനും ഇകഴ് ത്താനും കാരണമാകുന്നു. പ്രശസ്ത ഹിന്ദി സാഹിത്യകാരനായ ഉദയപ്രകാശിന്റെ The Girl With the Golden Parasol ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചത്. സര്‍വകലാശാലയില്‍ പീഡനം സഹിക്കാതെ ദലിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നതാണ് ഈ നോവലിലെ പ്രമേയം. ഏത് സര്‍വകലാശാലയാണ് മനസിലുണ്ടായിരുന്നതെന്ന് ഒരിക്കല്‍ ഞാന്‍ ഉദയപ്രകാശിനോട് നേരിട്ട് ചോദിച്ചപ്പോള്‍ “ഉത്തരേന്ത്യയിലെ ഏത് സര്‍വകലാശാലയും ആകാം’ എന്നാണ് അന്ന് അദ്ദേഹം മറുപടി നല്‍കിയത്. എന്നാല്‍ അതിന് ശേഷം തെക്കേ ഇന്ത്യയിലെ ഹൈദരാബാദിലാണ് ഒരു ധിഷണാശാലിയായ വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തത്. ഇതെല്ലാം കാണിക്കുന്നത് ഇന്ത്യനവസ്ഥയുടെ ദയനീയതയാണ്. ആയിരക്കണക്കിന് വര്‍ഷമായി ആഴത്തില്‍ വേരോടിയ ജാതിവ്യവസ്ഥക്കു മുകളിലാണ് നമ്മുടെ “ഭൗതിക വികാസങ്ങള്‍’ പ്രതിഷ്ഠിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉണ്ടാക്കിയാല്‍ മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധീശാധികാര പ്രവണതയും അനുബന്ധ വിവേചനങ്ങളും അവസാനിക്കുകയുള്ളൂ.
ഇന്ന് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് പറയുമ്പോള്‍ അവഗണിക്കാന്‍ പറ്റാത്ത ഒരു കാര്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പുതിയ വിദ്യാഭ്യാസനയമാണ് (National Education Policy). മറ്റൊന്ന് നിലവിലുള്ള സംവിധാനത്തില്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം. ആദ്യത്തേത് വിശദമായി പ്രതിപാദിക്കേണ്ട വിഷയമായതിനാല്‍ അതിലേക്ക് ഇവിടെ കടക്കുന്നില്ല. എങ്കിലും ഒരു കാര്യം മാത്രം സൂചിപ്പിക്കാം. പുതിയ പ്രഖ്യാപിത രേഖ പിന്തുടര്‍ന്നുകൊണ്ട് സര്‍ക്കാര്‍ നയങ്ങള്‍ മാറ്റേണ്ടി വരികയാണെങ്കില്‍ ഇന്ത്യന്‍ വരേണ്യ വര്‍ണ വ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനുള്ള ധൈഷണികാന്തരീക്ഷമായിരിക്കും അതിലൂടെ ഉയര്‍ന്നുവരിക. മാത്രമല്ല ഇന്ത്യയിലെ കീഴാളരും ന്യൂനപക്ഷങ്ങളും സ്ത്രീകളും നേടിയ പരിമിതമായ സ്ഥാനങ്ങള്‍ പോലും അവര്‍ക്ക് നഷ്ടപ്പെടാനും വഴിയൊരുക്കും.
നിലവിലുള്ള വ്യവസ്ഥയില്‍ നമ്മുടെ സര്‍വകലാശാലകളില്‍ നടക്കുന്ന നിയമനങ്ങള്‍ പ്രത്യേകിച്ച് അധ്യാപക നിയമനങ്ങളെ മറ്റു തൊഴില്‍ രംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമീപിക്കേണ്ടതുണ്ട്. ഒരേ സമയം സംവരണങ്ങള്‍ പാലിച്ചുകൊണ്ട് ബഹുസ്വരത ഉറപ്പുവരുത്തുകയും, കഴിവുള്ളവരും താത്പര്യമുള്ളവരുമായ, പഠന-ഗവേഷണ ത്വര പ്രകാശിപ്പിക്കുന്നവരുമായ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടതുണ്ട്. പല സര്‍വകലാശാലകളിലും ഗവര്‍ണറുടെ പ്രതിനിധി എന്ന നിലയിലോ വിഷയ വിദഗ്ധനെന്ന നിലയിലോ നിയമനപ്രക്രിയയില്‍(അഭിമുഖത്തില്‍) പങ്കെടുത്ത ഒരാളെന്ന നിലയില്‍ ഈ ദൗത്യം ആവശ്യപ്പെടുന്ന ഉത്തരവാദിത്തം ചെറുതല്ലെന്ന് എനിക്കറിയാം. സ്വകാര്യ, എയിഡഡ് കോളേജുകളില്‍ നടത്തുന്ന പ്രഹസന അഭിമുഖങ്ങളല്ല സര്‍വകലാശാലകളില്‍ നടക്കേണ്ടത്. ഓരോ ഉദ്യോഗാര്‍ഥിയുടെയും അക്കാദമിക സംഭാവനകള്‍/മികവുകള്‍ രേഖാപരമായി സമര്‍പ്പിച്ച ശേഷമാണ് അഭിമുഖങ്ങള്‍ നടക്കുന്നത്. അര്‍ഹതയില്ലാത്തവരെ അഭിമുഖത്തിന് വിളിക്കേണ്ട ആവശ്യമില്ല. വിവരാവകാശ നിയമം പ്രാബല്യത്തിലുള്ള രാജ്യത്താണ് ഇതെല്ലാം നടക്കുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം സുതാര്യമായിരിക്കണമെന്ന ജനാധിപത്യ ബോധ്യമാണ് ആദ്യമായി വേണ്ടത്. ഒരു ഉദ്യോഗാര്‍ഥിയെ അഭിമുഖത്തില്‍ നിന്ന് ഒഴിവാക്കാനുള്ള മതിയായ കാരണമുണ്ടെങ്കില്‍ ആ വ്യക്തിയെ ഒഴിവാക്കുകയും ആ വിവരം അറിയിക്കുകയും ചെയ്യാവുന്നതാണ്. ഒരു ഇ മെയില്‍ സന്ദേശമയക്കാന്‍ സാമ്പത്തിക ബാധ്യതകളൊന്നുമില്ലതാനും. അഥവാ ഉണ്ടെങ്കിലും ഉദ്യോഗാര്‍ഥികള്‍ “ഫീസ്’ നല്‍കിയാണല്ലോ അപേക്ഷിക്കുന്നത്.
നിയമനങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം, സര്‍വകലാശാലകളും മറ്റ് ഐഐടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും നിലവിലുള്ള തസ്തികകളും സംവരണ തസ്തികകളും സൂക്ഷിക്കുക മാത്രമല്ല, വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുകയും വേണമെന്നതാണ്. അടുത്ത കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവരണ പോസ്റ്റര്‍ രഹസ്യമാക്കിവെച്ചതായി വാര്‍ത്തകളും ദേശീയ ഷെഡ്യൂള്‍ കാസ്റ്റ് കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ കാര്യത്തില്‍ ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. മദ്രാസ് ഐഐടിയില്‍ പോസ്റ്റ് ഡോക് ട്രല്‍ ഫെലോ ആയ പ്രമോദിന്റെ പരാതിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് കൂടുതല്‍ ചര്‍ച്ചകളിലേക്ക് നീങ്ങിയത്. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള നിഗൂഢതകളും സ്ഥാപനങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ലാത്തതാണ്. വാസ്തവത്തില്‍ നിഗൂഢതകള്‍ രണ്ട് തരത്തില്‍ സര്‍വകലാശാലകളെ ബാധിക്കും. ഒന്നാമതായി വിശ്വാസ്യത തകര്‍ക്കുകയും അതിലൂടെ കിംവദന്തികള്‍ക്കും അസത്യപ്രചാരണങ്ങള്‍ക്കും അതിലൂടെ സ്ഥാപനങ്ങളുടെ യശസിനും കോട്ടം തട്ടും. കാരണം ഒരു തസ്തികയിലേക്ക് മുപ്പത് അപേക്ഷകരുണ്ടെങ്കില്‍ ജോലി ലഭിക്കാത്ത ഇരുപത്തൊമ്പത് പേര്‍ക്കും എന്തും പറയാനുള്ള അവസരമാണ് “രഹസ്യാത്മകത’ കൊണ്ട് ലഭിക്കുക. അതിനാല്‍ എല്ലാ വസ്തുക്കളും പര്യസമായും സുതാര്യമായും കൈകാര്യം ചെയ്യാനാണ് ഭാവിയില്‍ സംവിധാനങ്ങള്‍ സജ്ജമാക്കേണ്ടത്.
രണ്ടാമതായി, നിലവിലുള്ള വ്യവസ്ഥക്കകത്ത് അനിവാര്യമായ “ഉള്‍ക്കൊള്ളല്‍’ (Inclusion) നയത്തിന് വിരുദ്ധമായി “പുറംതള്ളല്‍’ (Exclusion) സമീപനങ്ങൾ പിന്തുടരുന്ന പരമ്പരാഗത അക്കാദമിക്കുകളുടെ അമിതാധികാര പ്രവണതയും ആധിപത്യ സ്വഭാവവും നിയമന പ്രക്രിയയില്‍ പ്രതിഫലിക്കാനിടയുണ്ട്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ നിന്ന് ഉയര്‍ന്നുവരുന്ന സര്‍ഗധനരും ധൈഷണികരുമായ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും പൂര്‍ണമായ അര്‍ഥത്തില്‍ നീതി ലഭിക്കണമെങ്കില്‍ സുതാര്യത അനിവാര്യമാണ്. സാങ്കേതികമായി “എണ്ണം'(കോട്ട) തികക്കുക എന്നതില്‍ കവിഞ്ഞ് അര്‍ഹതയുള്ളവര്‍ക്ക് പഠന-ഗവേഷണങ്ങളില്‍ പങ്കാളികളാവാനുള്ള അവസരമാണ് നമ്മുടെ ജ്ഞാനവ്യവസ്ഥയിലെ ബഹുസ്വരതക്കും സര്‍ഗാത്മകമായ പുരോഗതിക്കും അനിവാര്യമായിട്ടുള്ളത്. തീര്‍ച്ചയായും വരുംകാലം അക്കാദമിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുറന്ന മനസോടെ സംവാദാത്മകമായി ഈ രംഗത്ത് ഇടപെടുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ ■

Share this article

About ഡോ. പി.കെ പോക്കര്‍

pokker.pk@gmail.com

View all posts by ഡോ. പി.കെ പോക്കര്‍ →

Leave a Reply

Your email address will not be published. Required fields are marked *