വാതിൽ തുറന്ന് രിസാല

Reading Time: < 1 minutes

പ്രവാസി രിസാലയുടെ ഒരു പ്രചാരണ കാലംകൂടി ലക്ഷ്യം കൈവരിക്കുന്നു. വ്യാധിയുടെ കാലത്ത് ആശങ്കയോ ആധിയോ ഇല്ലാതെ ഓരോ അംഗങ്ങളും ഘടകങ്ങളും രിസാലയെ ഏറ്റെടുത്തതാണ് പ്രചാരണ കാലത്തിന്റെ വിജയത്തിനു നിദാനമായത്. രിസാലയുമായുള്ള ആത്മബന്ധത്തിന്റെ നൂല്‍കെട്ടുകൊണ്ട് പ്രതിസന്ധികളെ വകഞ്ഞുമാറ്റിയായിരുന്നു ലക്ഷ്യങ്ങള്‍ കൈവരിച്ചത്. ഏതൊരു സാഹചര്യത്തിലും ഒരുങ്ങിയിറങ്ങിയാല്‍ പ്രതിസന്ധികളെ അതിജയിക്കാന്‍ കഴിയുമെന്ന പാഠമാണ് ഇക്കാലം പകര്‍ന്നുതന്നത്.
രിസാലക്കാലം കേവല വരിചേര്‍ക്കലിന്റെ രസം മാത്രമല്ല അംഗങ്ങള്‍ക്ക് സമ്മാനിച്ചത്. സാംസ്‌കാരികവും സര്‍ഗപരവും മാനവികവുമായ ആശയപ്രകാശവും പ്രയോഗാവസരവും കൂടിയാണ് സാധ്യമാക്കിയത്. മുകള്‍ത്തട്ട് മുതല്‍ അടിത്തട്ട് വരെയുള്ള ശ്രംഖലാബന്ധവും നിരന്തരവും തുടര്‍ച്ചയുള്ളതുമായ കൃത്യനിര്‍വഹണവുമാണ് രിസാലക്കാലത്ത് ദര്‍ശിക്കാനായത്. അംഗങ്ങളുടെ കാര്യക്ഷമതയെ ഉത്തേജിപ്പിക്കാന്‍ ഓരോ ഘടകങ്ങളും രൂപവത്കരിച്ച ടാസ്‌കുകളും അവാര്‍ഡുകളും പുലര്‍ത്തിയ പുതുമയും വ്യത്യസ്തതയും അംഗങ്ങള്‍ കൈവരിച്ച മികവിന്റെ നേര്‍സാക്ഷ്യമാണ്. ലക്ഷ്യം കൈവരിക്കണമെന്ന അചഞ്ചലമായ ആഗ്രഹത്തിന്റെ നിറവില്‍ ഒത്തുചേര്‍ന്ന നട്ട് “ന’ ബോള്‍ട്ട് സംഗമങ്ങളാണ് ഉരുപ്പടികള്‍ തയാറാക്കിയും ആയുധങ്ങള്‍ സജ്ജീകരിച്ചും ചിന്തോദ്ദീപകമായി വര്‍ത്തിച്ചത്. ലക്ഷ്യപ്രാപ്തിയെയും കര്‍മവേഗത്തെയും കൃത്യമായി വരച്ചുകാണിക്കുന്ന ഇന്‍ഫോഗ്രാഫിക് പ്രദര്‍ശനങ്ങള്‍ രിസാലക്കാലത്തിന്റെ വേഗത്തെയും മാറ്റിനെയും നിര്‍ണയിച്ചിട്ടുണ്ട്. ആദ്യമാദ്യം ലക്ഷ്യം കൈവരിക്കണമെന്ന മാത്സര്യബുദ്ധി, ബന്ധങ്ങളും പരിചയങ്ങളും പരിസരങ്ങളുമെല്ലാം രിസാലയാക്കി മാറ്റിയ ഉദ്‌ഘോഷമായി.
ഊഷരഭൂവിലെ പൊള്ളുന്ന ചൂടില്‍ നെറ്റിയില്‍നിന്നുതിര്‍ന്നു വീണ കണികകള്‍ പിറകോട്ടടിപ്പിക്കുകയല്ല മുന്നോട്ടുകുതിക്കാന്‍ ഇന്ധനമായി വര്‍ത്തിക്കുകയായിരുന്നു. ആശയത്തിനും വിശ്വാസത്തിനും ഭാഷക്കും രാജ്യത്തിനും അതീതമായി എത്രയെത്ര മിടിക്കുന്ന ജീവനുകളെയാണ് ഇക്കാലയളവില്‍ കണ്ടുമുട്ടിയത്. ഒരാളെ കിട്ടിയാല്‍ സംസാരിച്ചുതീര്‍ക്കാന്‍ കാത്തുവെച്ച എത്രയെത്ര കഥകളാണ് അവരുടെ വായിലൂടെ ഉടുത്തൊരുങ്ങി വന്നത്. കൂടെനില്‍ക്കാനും തുണയേകാനും മാത്രമറിയുന്ന പ്രവാസിയുടെ ആന്തരിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസമായിരുന്നു ഓരോ സന്ദര്‍ശനവും. മനുഷ്യാവസ്ഥകളുടെ പകര്‍ന്നാട്ടങ്ങളില്‍ ജീവിക്കുന്ന അനേകായിരം പച്ച മനുഷ്യരുടെ മനസകങ്ങളെ വായിക്കുന്ന സാംസ്‌കാരിക സഞ്ചാരമായിരുന്നു രിസാലക്കാലത്ത് അംഗങ്ങള്‍ നിര്‍വഹിച്ചത്.
കേട്ടിരിക്കാന്‍ സങ്കോചമില്ലാത്തവരുടെ സാന്നിധ്യത്തിനുവേണ്ടി കൊതിക്കുന്ന സ്‌നേഹ സ്വരൂപങ്ങള്‍ ഇനിയുമുണ്ടെന്ന ബോധ്യമാണ് ഒരോ പ്രദേശത്തിന്റെയും മുക്കുമൂലയിലേക്ക് കടന്നുചെല്ലാന്‍ കാരണമാക്കിയത്. ഒരു കൊട്ട് കേട്ട് വാതില്‍ തുറക്കാന്‍ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും അടച്ചിരിക്കുന്ന കുട്ടികളുടെയും പ്രതീക്ഷകളിലേക്കും നിസഹായാവസ്ഥയിലേക്കും ചേര്‍ന്നുനില്‍ക്കാന്‍ സാധിച്ചു. മാനവിക പ്രവര്‍ത്തനങ്ങളെ ജീവിത സപര്യയാക്കി മാറ്റിയ അംഗങ്ങള്‍ക്ക് ഈ ജീവിതാനുഭവങ്ങളാണ് ഇനിയുള്ള കാലത്ത് ഗതികോർജമായി മാറുന്നത്. മനസിലേക്കും മൊബൈലിലേക്കും ചേര്‍ക്കപ്പെട്ട കോണ്ടാക്ടുകള്‍ക്കു കൂടി ഇടം നല്‍കിയും അര്‍ഥം പകര്‍ന്നുമുള്ളതായിരിക്കും ഇനിയുള്ള കാല പ്രവര്‍ത്തനം.
വായിക്കാന്‍ സമയമില്ലെന്ന സ്ഥിരം പല്ലവി നിരത്തി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചവര്‍ക്കു മുമ്പില്‍ വായനയുടെ മാസ്മരിക സംവേദനങ്ങള്‍ നടന്നപ്പോള്‍ രൂപപ്പെട്ട തിരിച്ചറിവുകള്‍ ഇനി മുതല്‍ വായിച്ചേ മതിയാകൂ എന്ന തീര്‍ച്ചയിലേക്ക് എത്തിച്ചിട്ടുണ്ട്. അപരിചതരുടെയും അഭ്യുദയകാംക്ഷികളുടെയും അനുവാചകരുടെയും ചോദ്യങ്ങളും മറുചോദ്യങ്ങളും സൃഷ്ടിക്കുന്ന ആരോഗ്യകരമായ സംവാദതലങ്ങളെ സാംസ്‌കാരിക ഉണര്‍വിന്റെ കളരിയായി അംഗങ്ങളില്‍ ഭവിക്കുകയായിരുന്നു.
നാഷനല്‍ തലത്തില്‍ നടന്ന ഡയലോഗും സെന്‍ട്രല്‍ തലത്തില്‍ നടന്ന വിചാര സദസുമൊക്കെ സാമൂഹിക പ്രബുദ്ധതയെ മുന്‍നിര്‍ത്തിയുള്ള സര്‍ഗാത്മക ഇടപെടലുകളുടെ വേദിയായി മാറി. രിസാലയുടെ ഇടപെടലുകളും ഉള്ളടക്കവും രാഷ്ട്രീയവുമൊക്കെ സംവാദാത്മകവും വിമര്‍ശനാത്മകവുമായി ഇഴകീറി പരിശോധിക്കുകയായിരുന്നു അത്തരം വേദി കള്‍ ■

Share this article

About ഫൈസൽ സി എ

faisalca313@gmail.com

View all posts by ഫൈസൽ സി എ →

Leave a Reply

Your email address will not be published. Required fields are marked *