ഇമാമിൻ്റെ ഇരിപ്പിടം

Reading Time: 2 minutes

“അല്ലാഹുവേ.. സത്യം പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മാത്രമാണ് എന്റെ പരിമിതമായ ജ്ഞാനങ്ങള്‍ സ്വരുക്കൂട്ടി ഞാന്‍ നടത്തിയ ഗ്രന്ഥരചനകളത്രയും. നാഥാ.. സത്യത്തെ സത്യമായും അസത്യത്തെ അസത്യമായും എന്റെ അറിവുകള്‍ക്കനുസൃതമായി ഞാന്‍ സമര്‍ഥിച്ചു. ശരിയായ ആശയങ്ങളെ തെറ്റായും തെറ്റായ ആശയങ്ങളെ ശരിയായും ഞാന്‍ മനഃപൂര്‍വം സമര്‍ഥിച്ചിട്ടില്ല. തെറ്റായവല്ലതും ഞാന്‍ സത്യമായി സമര്‍ഥിച്ച് എഴുതിയെങ്കില്‍ നീ ഉദ്ദേശിക്കുന്ന രൂപത്തില്‍ റാസിയെ ശിക്ഷിക്കുക. എന്റെ വിവരക്കുറവ്, അശ്രദ്ധ, മറവി ഇവ കാരണം തെറ്റായ വല്ലതും ശരിയായി സമര്‍പ്പിച്ചു എങ്കില്‍ നീ ഈ റാസിയെ ഒരിക്കലും ശിക്ഷിക്കരുതേ. കാരുണ്യം ചൊരിയണേ. നാഥാ, നിന്റെ കാരുണ്യം മാത്രമാണ് എനിക്കഭയം.’ ഇങ്ങനെ ജീവിത സായാഹ്നത്തില്‍ പ്രാര്‍ഥന നടത്തിയ ജ്ഞാനലോകത്തെ മഹാപ്രതിഭയിരുന്നു ഇമാം റാസി.
ധൈഷണികവും ബൗദ്ധികവുമായ വ്യവഹാരങ്ങളിലൂടെയായിരുന്നു ഇമാമിന്റെ ജീവിതം. അദ്ദേഹം കൈവെക്കാത്ത ജ്ഞാനശാഖകള്‍ അന്നുണ്ടായിരുന്നില്ല. മത ഭൗതിക സാമന്വയത്തിന്റെ പുതിയ വാതായനങ്ങളായിരുന്നു അദ്ദേഹം തുറന്നുതന്നത്. അറിവുകളെ എങ്ങനെ കോര്‍ത്തിണക്കണമെന്ന് തന്റെ രചനകളിലൂടെ പറഞ്ഞുവെച്ചു.
ഹിജ്‌റ 544 റമളാന്‍ 25ന് ഇന്നത്തെ ഇറാനിലെ ടെഹ്‌റാന്‍ നഗരത്തില്‍ റയ്യ് എന്ന പട്ടണത്തില്‍ അദ്ദേഹം ജനിച്ചു. റയ്യിന്റെ പേർഷ്യന്‍ മൊഴിയാണ് റാസി. അബൂ അസദില്ലാ ഉമര്‍ ബിന്‍ ഹുസൈന്‍ അല്‍ ഖുറശി എന്നാണ് പുര്‍ണനാമം. ഫഖ്‌റുദ്ദീന്‍ റാസി എന്ന പേരിലാണദേഹം വൈജഞാനിക ലോകത്ത് പ്രസിദ്ധിയാര്‍ജിച്ചത്. ഇമാം റാസിയെ അറിവിന്റെ വിശാല ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് ആദ്യ ഗുരുവായ പിതാവ് ളിയാഉദ്ദീന്‍ ഉമര്‍ ആയിരുന്നു. മരണംവരെ പിതാവില്‍ നിന്ന് ജഞാനം നുകര്‍ന്നു. തുടര്‍ന്ന് അബൂ മുഹമ്മദ് അല്‍ ബഗവി, മജദുല്‍ ജീവ തുടങ്ങിയവരില്‍ നിന്ന് വിദ്യ അഭ്യസിച്ചു. ഇവര്‍ രണ്ടുപേരുമാണ് അദ്ദേഹത്തിന്റെ ഗുരുക്കളില്‍ പ്രധാനികള്‍.
കര്‍മശാസ്ത്രത്തില്‍ ആഗ്രഗണ്യനായ അദ്ദേഹം ഖുര്‍ആന്‍, ഹദീസ്, ശാസ്ത്രം, തത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, വൈദ്യശാസ്ത്രം, വിശ്വാസശാസ്ത്രം, ഭാഷാശാസ്ത്രം, കവിത, സാഹിത്യം, തസ്വവ്വുഫ്, ഭൂമിശാസ്ത്രം, ഗോളശാസ്ത്രം, പ്രകൃതിശാസ്ത്രം തുടങ്ങിയവയിലും അവഗാഹം നേടിയിരുന്നു. അദ്ദേഹത്തിന്റെ രചനകളില്‍ ഈ അറിവുകളെ മുത്തുപോലെ കോര്‍ത്തിണക്കിയതായി കാണാം. കാലത്തിന്റെ മിടിപ്പ് തൊട്ടറിഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ധൈഷണിക വ്യവഹാരങ്ങളത്രയും.
ഉല്‍പതിഷ്ണുക്കളും ഭൗതിക വാദികളും സജീവമായ, ബൈത്തുല്‍ മുഖദ്ദസ് ക്രിസ്ത്യന്‍ ആധിപത്യത്തിലുള്ള കാലത്തായിരുന്നു ഇമാം റാസി ജീവിച്ചത്. അഥവാ ആറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കറാമിയ്യാ, മുഅ്തസില, മുര്‍ജിയ, ബാത്വിനിയ്യ, ശിയാ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ചിറകു മുളക്കുന്ന കാലമായിരുന്നു അത്. ഇത്തരമൊരു സാഹചര്യത്തില്‍ വികലവാദങ്ങളെ പൊളിച്ചെഴുതി ധൈഷണികവും പ്രമാണികവുമായ ജ്ഞാനവ്യവഹാരത്തിന് ഇമാം നേതൃത്വം നല്‍കി.
ഗ്രീക്ക് തത്വചിന്തയെ ഇസ്‌ലാമിക തത്വചിന്ത കൊണ്ട് മറികടന്ന റാസി, ഇമാം ഗസാലിക്ക് (റ) ശേഷം ഇസലാമിക ചിന്താലോകത്ത് തിളങ്ങിനിന്നു. വൈജ്ഞാനിക ചലനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാരണത്താല്‍ രണ്ടാം ഹുജ്ജത്തുല്‍ ഇസ്‌ലാം എന്നറിയപ്പെട്ടു. “ഇമാം റാസിയുടെ രചനാവൈഭവം, നിര്‍ധാരണ പാടവം, വിഷയവൈവിധ്യം, ചിന്താപരത, യുക്തിഭദ്രതയുള്ള പ്രാമാണികത, മനനശേഷി എന്നിവ പ്രകാശിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ കൃതികളും. തഫ്‌സീര്‍ റാസി എന്ന പേരില്‍ വിശ്രുതമായ മാഫാതീഹുല്‍ ഗയ്ബ് ആണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ഗ്രന്ഥം. മത്വാലിബുല്‍ ആലിയ, കിതാബുല്‍ ബയാനി വല്‍ബുര്‍ഹാന്‍ ഫീ റദ്ദി അലാ അഹ്‌ലി സയ്ഗി വ തുഗ് യാന്‍, അല്‍മഹ്‌സൂല്‍, അല്‍ മുല്ഹസ്, ശറഹുല്‍ ഇശാറത്, ശറഹ് ഉയൂനില്‍ ഹിക്മ, അസ്സിർറുല്‍ മക്‌നൂന്‍ തുടങ്ങി ഇരുന്നൂറിലധികം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
ഇമാം റാസിക്ക് (റ) അസൂയാലുക്കളുടെ ഒരുപാട് ആരോപണങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഈ വിമര്‍ശനങ്ങള്‍ക്ക് ഇമാം സുബ്കിയെ പോലെയുള്ള പില്‍ക്കാല പണ്ഡിതര്‍ മറുപടികള്‍ എഴുതി. കറാമിയ്യത്ത് എന്ന അവാന്തര വിഭാഗവുമായി വിശ്വാസശാസ്ത്ര സംബന്ധിയായി സംവാദങ്ങള്‍ നടന്നിരുന്നു. അവര്‍ വിഷം കഴിപ്പിച്ചത് കാരണമാണ് ഇമാമിന്റെ മരണ കാരണമെന്ന് അത്തഫ്‌സീര്‍ വല്‍മുഫസ്സിറൂന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റ 606ല്‍ ദുല്‍ഹിജ്ജ മാസത്തിലാണ് വിയോഗം. ചെറിയ പെരുന്നാള്‍ ദിനത്തിലാണെന്ന അഭിപ്രായമുണ്ട്.
ഇമാം റാസി (റ) തന്റെ രചനകളിലൂടെ മുന്നോട്ടുവെക്കുന്ന ധൈഷണികവും പ്രമാണികവുമായ സമീപന രീതി ഇന്നും ശോഭമങ്ങാതെ തന്നെ കിടപ്പുണ്ട്. അദ്ദേഹത്തിന്റെ വൈജ്ഞാനിക സമീപനങ്ങള്‍ പുതിയ കാലരീതികളോട് കിടപിടിക്കുന്നവയാണ് ■

Share this article

About സിനാന്‍ പടിഞ്ഞാറത്തറ

muktharrazy786@gmail.com

View all posts by സിനാന്‍ പടിഞ്ഞാറത്തറ →

Leave a Reply

Your email address will not be published. Required fields are marked *