ആസ്ട്രിയയിലെ മുസ്‌ലിം ഭൂപടം എന്തിനാണ്?

Reading Time: 1 minute

മുസ്‌ലിം ഭൂപടം ഉണ്ടാക്കാനുള്ള ആസ്ട്രിയയുടെ നീക്കം വിവാദമാകാതിരിക്കില്ലല്ലോ. ആ രാജ്യത്തെ മുസ്‌ലിം യുവാക്കള്‍ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ നിയമയുദ്ധത്തിലാണ്. രാജ്യത്തെ മസ്ജിദുകളും മുസ്‌ലിം സംഘടനകളും മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശങ്ങളുമൊക്കെ രേഖപ്പെടുത്തിയ വെബ്‌സൈറ്റ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ തയാറായത്. ഇതാണ് മുസ്‌ലിംഭൂപടം എന്ന പേരില്‍ വിവാദമായത്. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയായി.
മേപ്പിന്റെ ഉദ്ദേശ്യം രാഷ്ട്രീയമാണെന്നും മതപരമല്ലെന്നും ഇന്റഗ്രേഷന്‍ മിനിസ്റ്റര്‍ സൂസന്‍ റാബ് വിശദീകരിച്ചു. എന്നാല്‍ ഇത് മുസ്‌ലിംകള്‍ക്കെതിരായി വെറുപ്പു പടര്‍ത്തുന്നതിനും ഒറ്റപ്പെടുത്തുന്നതിനും ഉപയോഗിക്കുമെന്ന് ഭയപ്പെടണമെന്നാണ് വിമര്‍ശകരുടെ വാദം. ആസ്ട്രിയയില്‍ ജൂതന്‍മാരുടെയോ കൃസ്ത്യാനികളുടെയോ വിവരങ്ങള്‍ ചേര്‍ത്ത് ഇതുപോലൊരു മേപ്പ് സങ്കല്പിക്കാനാകുമോ എന്ന് മുസ്‌ലിം ആസ്ട്രിയന്‍സ് ഇനീഷ്യേറ്റീവ് ചെയര്‍മാന്‍ തറാഫ ബഗൈതി ചോദിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൻ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ ചെറുക്കുന്നതിനു വേണ്ടിയാണ് മേപ്പ് തയാറാക്കിയതെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ വിശദീകരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ കാഴ്ചപ്പാടുകളോട് ചേരാത്ത മതപരായ കാഴ്ചപ്പാടുകളെയും സാമൂഹികാവസ്ഥകളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഏതുതരം ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെയും നിരുത്സാഹപ്പെടുത്തുന്നതിനും നേരിടുന്നതിനുമായി നയം സ്വീകരിച്ചു വരുന്ന ആസ്ട്രിയയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ലിസ്റ്റ് ചെയ്യുകയാണ് മേപ്പിന്റെ ലക്ഷ്യമെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ തീവ്രവാദവുമായി ബന്ധപ്പെടുത്താന്‍ ഒരു തെളിവുമില്ലാത്ത സന്നദ്ധ സംഘടനകളെയും ക്ലബുകളെയും പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പരാതി ഉയര്‍ന്നത്. ബോസ്‌നിയന്‍, അല്‍ബേനിയന്‍ കുടിയേറ്റക്കാരുടെ സംഘടന, സ്‌പോര്‍ട്‌സ് ക്ലബുകള്‍ ഉൾപ്പെടെയുള്ള യുവജനസംഘടനകള്‍ എന്നിവയും പട്ടികയില്‍ ചേര്‍ക്കപ്പെട്ടതായും പരാതിയില്‍ പറയുന്നു.
സുതാര്യത ഉണ്ടാക്കുന്നതിനും ആരും നിയമം ലംഘിക്കുന്നില്ല എന്നുറപ്പു വരുത്താനുമാണ് ഇങ്ങനെയൊരു മേപ്പ് തയാറാക്കിയതെന്ന് മന്ത്രി സൂസന്‍ റാബ് പറഞ്ഞു. മുസ്‌ലിം സംഘടനകളെ പൊതുവായി സംശയിക്കുന്ന സാഹചര്യം ഇല്ലെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഇങ്ങനെയൊരു മേപ്പ് പ്രസിദ്ധീകരിക്കുന്നതോടെ രാജ്യത്തെ ജനങ്ങള്‍ മുസ്‌ലിംകളെ സംശയത്തോടെ കാണുന്ന സ്ഥിതിയുണ്ടാകും. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഒട്ടുമിക്ക സ്ഥാപനങ്ങളും സംഘടനകളും സംബന്ധിച്ച് വളരെയെളുപ്പം വിവരം ലഭിക്കാന്‍ സാധ്യതയുള്ളപ്പോഴാണ് ഇത്തരം നീക്കങ്ങളെന്ന് മുസ്‌ലിം യൂത്ത് ആസ്ട്രിയ ചെയര്‍മാന്‍ ആദിസ് ശരീഫോവിക് പറഞ്ഞു. യുവജനസംഘടനകളുടെ സ്വകാര്യ വിലാസവും സാന്നിധ്യവും രേഖപ്പെടുത്തുന്നത് വലിയ തോതില്‍ സുരക്ഷാപ്രശ്‌നമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആസ്ട്രിയന്‍ യുവജനസംഘം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാക്കി ചിത്രീകരിച്ച് ഇതിനെ മറികടക്കാനുള്ള ശ്രമങ്ങളിലാണ്.
അതേസമയം ആസ്ട്രിയയില്‍ നിരവധി മുസ്‌ലിംകള്‍ തുര്‍ക്കി മനോഭാവം പുലര്‍ത്തിയാണ് രാജ്യത്തു ജീവിക്കുന്നതെന്നും രാജ്യത്തു നടപ്പിലാക്കുന്ന മുസ്‌ലിം ഭൂപടം വംശീതയില്‍നിന്നും ഇസ്‌ലാം വിരുദ്ധ റേസിസ്റ്റ് മനോഭാവങ്ങളില്‍നിന്നും ഉണ്ടാകുന്നതാണെന്ന് ആസ്ട്രിയന്‍ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയതും ഔദ്യോഗികവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ആസ്ട്രിയന്‍ ഗവണ്‍മെന്റ് ഡോക്യുമെന്റേഷന്‍ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമും വിയന്ന യൂനിവേഴ്‌സിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ സംഗതി വിവാദമായപ്പോള്‍ പരമാവധി ഇതില്‍നിന്നും അകന്നു നില്‍ക്കാനാണ് യൂനിവേഴ്‌സിറ്റി ശ്രദ്ധിച്ചത്. വെബ്‌സൈറ്റില്‍നിന്നും സ്‌കൂള്‍ ലോഗോ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ആസ്ട്രിയയില്‍ അടുത്തിടെയായി മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. നവംബറില്‍ വിയന്നയില്‍ നടന്ന വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്നാണിത്. ഐഎസിനോട് അനുഭാവം പുലര്‍ത്തിയിരുന്ന യുവാവാണ് വെടിവെപ്പു നടത്തിയത്. ഈ ഘട്ടത്തില്‍ വിവാദ മേപ്പ് രാജ്യത്തെ മുസ്‌ലിംകള്‍ക്ക് കൂടുതല്‍ ഭീഷണി സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നു. മുസ്‌ലിം മേപ്പ് ആസ്ട്രിന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും സഖ്യകക്ഷിയായ ഗ്രീന്‍ പാര്‍ട്ടിക്കുമിടയല്‍ അസ്വസ്ഥത രൂപപ്പെടുത്തിയിട്ടുണ്ട്. പീപ്പിള്‍സ് പാര്‍ട്ടി മേപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചു ■

Share this article

About അലി അക്ബർ

taaliakbar@gmail.com

View all posts by അലി അക്ബർ →

Leave a Reply

Your email address will not be published. Required fields are marked *