മദ്റസ

Reading Time: < 1 minutes

ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കുന്ന കേന്ദ്രമാണ് മദ്‌റസ. ഇത് ഒരു അറബിക് ശബ്ദമാണ്. പ്രാഥമിക മതവിജ്ഞാനം നല്‍കുന്ന കേന്ദ്രങ്ങളെയാണ് കേരളത്തില്‍ പൊതുവേ മദ്‌റസ എന്നു വ്യവഹരിക്കുന്നത്. അഞ്ചോ ആറോ പ്രായം മുതല്‍ പതിനാറോ പതിനെട്ടോ വയസ് വരെയുള്ള കുട്ടികളാണ് പൊതുവേ മദ്‌റസാ പഠിതാക്കള്‍. അഥവാ ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ. പള്ളികള്‍ കേന്ദ്രീകരിച്ചാണ് ധാരാളം മദ്‌റസകളും പ്രവര്‍ത്തിക്കുന്നത്. ടെന്റുകളില്‍ തുടങ്ങി ഹൈടെക് ക്ലാസ്‌റൂമുകളില്‍ വരെ നടന്നുവരുന്ന മദ്‌റസകളുണ്ട്. വ്യവസ്ഥാപിതമായ ക്ലാസ് സംവിധാനങ്ങളും സിലബസ് രൂപങ്ങളും ഇപ്പോള്‍ മദ്‌റസകള്‍ക്കുണ്ട്. ഇത്തരത്തില്‍ പതിനായിരത്തിലധികം മദ്‌റസകൾ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തില്‍ പൂര്‍വകാലത്ത് നിലനിന്നിരുന്ന ഓത്തുപള്ളികളുടെ ആധുനിക രൂപമാറ്റമാണ് ഒരുതരത്തില്‍ മദ്‌റസകള്‍. ബെഞ്ചും ഡെസ്‌കും ചോക്കും ബ്ലാക്‌ബോര്‍ഡും മതവിദ്യാഭ്യാസത്തില്‍ കൂടുതല്‍ വ്യാപകമായത് മദ്‌റസ സമ്പ്രദായത്തോടെയാണ്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് ആധുനിക മദ്‌റസകളുടെ ആദ്യരൂപങ്ങളുടെ ആശയദാതാവെന്ന് കരുതുന്നു.
മദ്‌റസകളിലെ അധ്യാപകരെ വിവിധ പേരുകളില്‍ വ്യവഹരിക്കുന്നുണ്ട്. ഉസ്താദ്, മുഅല്ലിം, മൊല്ലാക്ക എന്നിങ്ങനെ. മുഅല്ലിം എന്ന പേരാണ് ഔപചാരികമായി വിനിയോഗിക്കപ്പെടുന്നത്. മുഅല്ലിം ക്ഷേമനിധി (മദ്‌റസാധ്യപകര്‍ക്കുള്ള കേരള ഗവണ്‍മെന്റ് പദ്ധതി), മുഅല്ലിം മാസിക( സമസ്ത ഇ.കെ വിഭാഗം പ്രസിദ്ധീകരണം) തുടങ്ങിയ ഔദ്യോഗിക പദ്ധതികളില്‍ ഇപ്പേരാണ്. “പഠിപ്പിക്കുന്നയാള്‍’ എന്നാണ് ഇതിന്റെ ഒരര്‍ഥം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി കേരളത്തിലെ മുസ്‌ലിം കമ്യൂണിറ്റിയുടെ അടിസ്ഥാന മതവിജ്ഞാന സാക്ഷരതക്ക് കാരണം മദ്‌റസകളാണ്. പ്രാഥമിക മതവിദ്യ നേടാത്ത കുട്ടികള്‍ കേരളത്തില്‍ അത്യപൂര്‍വം മാത്രമാണ്. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ഉണ്ടാകുന്നതാണത്. ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ വളര്‍ന്നതോടെ അവയെക്കൂടി ഭാഗഭാക്കാകുന്ന രൂപത്തില്‍ മദ്‌റസ സമ്പ്രദായത്തിന്റെ പലരൂപങ്ങള്‍ കേരളത്തില്‍ വികസിച്ചുവന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ മുസ്‌ലിം പ്രസ്ഥാനങ്ങളും വ്യത്യസ്ത മദ്‌റസാ പാഠ്യപദ്ധതികള്‍ നടപ്പിലാക്കിവരുന്നു. അറബിക് അക്ഷരമാല മുതല്‍ വലിയ പഠനലോകത്തേക്ക് പ്രാപ്തമാക്കുന്ന രൂപത്തിലാണവയുടെ പാഠ്യപദ്ധതികള്‍.
ഫിഖ്ഹ് (കര്‍മശാസ്ത്രം), താരീഖുല്‍ ഇസ്‌ലാം(ഇസ്‌ലാമിക ചരിത്രം), തസ്‌കിയ(ആത്മസംസ്‌കരണം), തജ് വീദ് (ഖുര്‍ആന്‍ പാരായണരീതി), തസ്വവ്വുഫ് (സൂഫിസം) തുടങ്ങിയ ഇനങ്ങളിലായി ഒരോ വര്‍ഷവും നിശ്ചിത തോതില്‍ പഠിച്ചെടുക്കുന്ന രൂപത്തിലാണ് മദ്‌റസ ക്ലാസുകള്‍ സംവിധാനിക്കുന്നത്. വ്യവസ്ഥാപിതമായി തന്നെ പരീക്ഷകളും പബ്ലിക് എക്‌സാമുകളും നടക്കാറുണ്ട്. സംസ്ഥാന ആസ്ഥാന കേന്ദ്രം, ജില്ലാ കേന്ദ്രങ്ങള്‍, റെയ്ഞ്ച് തുടങ്ങിയ ഘടകങ്ങളില്‍ നിന്നാണ് പാഠപുസ്തകങ്ങളും പരിശീലന പദ്ധതികളും വിതരണം ചെയ്യുന്നത്. മുഅല്ലിമുകള്‍ക്ക് മാസാന്ത പരിശീലനങ്ങളും നല്‍കുന്നു. അറബി, അറബി മലയാളം ഭാഷകളിലാണ് പുസ്തകങ്ങള്‍ രൂപകല്‍പന നിര്‍വഹിക്കുന്നത്.
ഖുര്‍ആന്‍ പാരായണവും ഭാഗികമായ മനഃപാഠനവും മദ്‌റസയില്‍ നിന്ന് വിദ്യാര്‍ഥികള്‍ അഭ്യസിക്കുന്നു. കര്‍മം, വിശ്വാസം, മറ്റു അനുഷ്ഠാനങ്ങള്‍ തുടങ്ങിയവ പരിശീലിക്കാനും പ്രയോഗിക്കാനും മദ്‌റസ തൊട്ട് വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നു.
കേരളത്തിനു പുറമെ ചില അറബ് രാഷ്ട്രങ്ങളിലും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതേ മദ്‌റസ സംവിധാനം വ്യാപകമായി നടപ്പാക്കുന്ന രീതിയും നിലവിലുണ്ട്. സിലബസുകളിലും പാഠ്യരീതികളിലും കാലാനുസൃത പരിഷ്‌കരണങ്ങള്‍ വരുത്തുന്നു എന്നത് മദ്‌റസകളുടെ നിലവാരം ഉയര്‍ത്തുന്നു.
കേരളത്തിന് പുറത്ത് വിശേഷിച്ചും ഉത്തരേന്ത്യന്‍ സാഹചര്യങ്ങളില്‍ “മദ്‌റസ’ക്ക് മറ്റു രൂപങ്ങളും അര്‍ഥങ്ങളുമുണ്ട്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് പൊതുവേ മദ്‌റസ എന്ന വ്യവഹാരത്തില്‍ വരുന്നത്. കേരളത്തില്‍ ദര്‍സ്, ശരീഅത്ത് കോളേജ് എന്നീ പേരുകളിലാണ് ഉന്നത പഠനകേന്ദ്രങ്ങള്‍ അറിയപ്പെടുന്നത്. പിന്നീട് ദഅ്‌വ കേളേജുകള്‍ കൂടി അതിനോട് ചേര്‍ക്കപ്പെട്ടു ■

Share this article

About എന്‍ ബി സിദ്ദീഖ് ബുഖാരി

nbsbukhari@gmail.com

View all posts by എന്‍ ബി സിദ്ദീഖ് ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *